ഗൗരി: ചായില്യം പടർന്നിറങ്ങിയവൾ
ഗൗരി: ചായില്യം പടർന്നിറങ്ങിയവൾ
Thursday, August 25, 2016 4:55 AM IST
<യ> സൂപ്പർ ക്യാരക്ടർ

തെയ്യത്തിനു നൽ കുന്ന മുഖമെഴുത്താണ് ചായില്യം. ആ ചുവന്ന മഷിക്കൂട്ട് പടർന്നത് ഗൗരിയുടെ മുഖത്തായിരുന്നില്ല, ജീവിതത്തിലായിരുന്നു. അവളുടെ ജീവിതവും പ്രതീക്ഷകളും സ്വപ്നങ്ങളും ആ ചുവപ്പിൽ ചോരപോൽ പറ്റിപ്പിടിച്ചിരുന്നു. ജീവിതം തീർത്ത കളിക്കളത്തിൽ ഒരു ആട്ടക്കാരിയുടെ വേഷത്തിൽ മാത്രം പകച്ചു നിൽക്കുകയാണ് ഗൗരി. അനാഥമാക്കി മരണത്തിൽ ഒളിച്ച ഭർത്താവിനെയും നിഷ്കളങ്ക ബാല്യത്തിനെ നെഞ്ചോടു ചേർക്കേണ്ട മകനെയും മാറ്റി നിർത്തി മറ്റാരാലോ ഹോമിച്ച തീക്കളത്തിൽ തെയ്യം കെട്ടി ആടാൻ വിധിക്കപ്പെട്ടവൾ. ഒടുവിൽ ചായില്യത്തിന്റെ ചുവപ്പിൽ ജീവിതത്തെ ധൈര്യത്തോടെ നേരിട്ടവൾ, ഗൗരി.

പ്രാകൃതമായ ആചാരത്തിന്റെയും നിയതിയുടേയും മുന്നിൽ ജീവിതത്തിൽ വേഷം ആടേണ്ടി വന്നിരിക്കുന്നു ഗൗരിക്ക്. തെയ്യം കളിക്കാരനെ പ്രണയിച്ചതും സുന്ദര ജീവിതം പ്രതീക്ഷിച്ച് അവനോടൊപ്പം ഇറങ്ങിത്തിരിച്ചതും തെറ്റായിരുന്നോ? ഭർത്താവിന്റെ അകാല നിര്യാണത്തിൽ ജീവിതം തീർന്നെന്നു വിധിയെഴുതിയപ്പോഴും പ്രതീ ക്ഷ മകനിലായിരുന്നു. ജാതി– സമുദായ മേൽക്കോയ്മയുടെ പടിവാതിൽ കടന്നു സ്വജനങ്ങളാരും സഹായത്തിനെത്തിയില്ല. അവിടെ നിന്നുമാണു ഗൗരിയെ ഭർതൃപിതാവ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. ആഘാതം പോൽ സ്വശരീരവും അവളെ പരീക്ഷിച്ചപ്പോൾ വീണുപോയി. മനസിന്റെ താളം തെന്നിമാറിയ നിമിഷത്തിലെ കർമങ്ങൾ അവളെ ദേവതയാക്കി മാറ്റി. ദൈവത്തിന്റെ പ്രതിരൂപമായി ലോകം അവളെ ചിത്രീകരിച്ചു. ആർത്തവ രക്‌തവും വറ്റിയുണങ്ങിയ ആ ശരീരത്തിൽ തെയ്യം കെട്ടുകയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലായിരുന്നു. അപ്പോഴും അവൾ ലോകത്തോടു ചോദിച്ചു, എന്റെ ജീവിതം തീരുമാനിക്കുവാൻ എനിക്കവകാശമില്ലേ?

മനോജ് കാന സംവിധാനം ചെയ്തു 2014ൽ പുറത്തിറങ്ങിയ ചായില്യം സിനിമയിലെ കേന്ദ്രകഥാപാത്രമായിരുന്നു ഗൗരി. അനുമോൾ എന്ന പ്രതിഭയിൽ ഗൗരി നാട്യമികവോടെ പകർന്നാടിയപ്പോൾ ചിത്രം സംസ്‌ഥാന– ദേശീയ ശ്രദ്ധ നേടി രാജ്യാന്തര മേളകൾ കീഴടക്കിയിരുന്നു.

ഉപാസിക്കുന്ന ദേവിയുടെ ശക്‌തി ശരീരത്തിൽ ആവാഹിക്കുന്നത് അതിജീവനത്തിന്റെ നാളുകളിലാണ്. കിടപ്പാടം പോലും അന്യമാകുന്നിടത്തു പ്രതികരിച്ചപ്പോൾ ലോകത്തിനു മുന്നിലതു ദേവിയുടെ കോലം തുള്ളലായിത്തീർന്നു. ആരാണിവിടെ തെറ്റുകാർ, കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ? തച്ചുടയ്ക്കാനാവാത്തവിധം മൂല്യച്യുതി സംഭവിച്ച മാനവ സംസ്കാരമോ? അതോ ആർത്തവ രക്‌തം പോലും പിൻവാങ്ങിയ അവളുടെ ശരീരമോ? വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേത്രത്തിലെ തെയ്യം കളി ഗൗരിയിലൂടെ പുനർജനിക്കണം. ആ നിയോഗം അവൾക്കതിന്നു പ്രാർത്ഥനയാണ്, ജീവിതം തിരിച്ചു പിടിക്കാനായുള്ള സമർപ്പണം.


വൈദ്യനായ ഭർതൃപിതാവിന്റെ ചികിത്സയും തെയ്യം കളിക്കായി ലോകത്തിനു മുന്നിൽ മറകെട്ടിത്തീർത്ത നാലു ചുരുകൾക്കുള്ളിലെ വ്രതശുദ്ധിയുടെ നാളുകളും ഗൗരിയുടെ സ്ത്രീത്വത്തെ തിരിച്ചറിയാനുള്ള അവസരമായിരുന്നു. ഭീരുത്വത്തിനെ ഊട്ടി ഉറപ്പിക്കുവാനായി അവൾക്കു മുന്നിൽ അപ്പോഴും ആൾദൈവങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. കടിഞ്ഞൂൽ പുത്രനെപോലും കാണാനാവാത്തവിധം ലോ കം തീർത്ത വേലിക്കുള്ളിൽ ഹൃദയം തേങ്ങിയപ്പോൾ ഓർമകൾ മാത്രമായിരുന്നു കൂട്ടിന്. അപ്പോഴേക്കും തെയ്യത്തിനുള്ള പാഠങ്ങൾ സ്വായത്തമാക്കിയിരുന്നു. ഇനി എണ്ണപ്പെട്ട നാളുകളാണ്. തെയ്യത്തിന്റെ ചായില്യം അണിഞ്ഞേതീരു. അനുഭവങ്ങളും ആർജവങ്ങളും തീർത്ത മനോധൈര്യവും ഋതുമതിപോൽ ആർത്തവരക്‌തം തീർത്ത രക്‌തക്കളങ്ങളും അവിടെ നിന്നും വീണ്ടും അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചു. ജീവിതം തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചു.

ആ രക്‌തക്കറ പടർന്നിറങ്ങിയത് അവളുടെ ഉൾത്തടങ്ങളിലേക്കായിരുന്നു. സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ നിമിഷത്തിൽ ആയുധത്തെ അവൾ കയ്യിലെടുക്കാനും തുനിയുന്നു. വിധിക്കപ്പെട്ട കർത്തവ്യത്തിനിടയിൽ ചികിത്സയുടെ ഫലം മകളുടെ ശരീരത്തിൽ കടാക്ഷിക്കുമ്പോൾ പിതാവിനു മൗനമാകേണ്ടി വരുന്നതും അവൾ കണ്ടു. തളം കെട്ടിയ രക്‌തത്തിന്റെ കറുപ്പുപോൽ രാത്രി പടർന്നിറങ്ങിയ ഒരു നിമിഷത്തിൽ മകനെയും നെഞ്ചോടു ചേർത്തു തോണിതുഴഞ്ഞു ഗൗരി പോകുന്നത് പുതിയ ജീവിതത്തിലേക്കാണ്. ജീവിതം പടവെട്ടിപ്പിടിച്ചെടുക്കുന്ന പെണ്മയുടെ ഭാവങ്ങൾക്കു ചായില്യത്തിന്റെ ചുവപ്പു നിറമാണ് യോജിക്കുന്നത്. നിസഹായതയിൽ നിന്നും ജീവിതം നേടിയെടുക്കുന്ന ഗൗരിയിൽ ചായില്യം വ്യത്യസ്തങ്ങളായ പരിണാമങ്ങളെയാണ് സൃഷ്ടിച്ചത്. രക്‌തത്തിന്റെയും ജീവിതത്തിന്റെയും വിപ്ലവത്തിന്റെയും ചുവപ്പു പാതയിൽ ചവുട്ടി ഗൗരിയും മകനും പുതുജീവിതത്തിലേക്ക് യാത്രയാവുകയാണ്. ചായില്യക്കൂട്ട് നിറവർണങ്ങൾ ചാർത്തിയ മനസുമായി...

തയാറാക്കിയത്: <യ> അനൂപ് ശങ്കർ