സോജി പറയുന്നു, പത്തു മിനിട്ടിൽ മീൻ കറി റെഡി
സോജി പറയുന്നു, പത്തു മിനിട്ടിൽ മീൻ കറി റെഡി
Wednesday, August 31, 2016 4:41 AM IST
മീൻ കറി കൂട്ടി ഒരു ഊണു കഴിക്കാൻ കഴിഞ്ഞാൽ അതിൽപരം സംതൃപ്തി മറ്റൊന്നിലും കിട്ടില്ല എന്നു പറയുന്നവരാണ് മലയാളികൾ. പക്ഷേ, എല്ലാവരും ജോലിക്കാരും തിരക്കുകാരുമായതോടെ മീൻ കറിവെച്ച് ചോറുണ്ണാനൊന്നും ആർക്കും സമയമില്ല. പക്ഷേ, അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എറണാകുളം വൈറ്റില സ്വദേശി സോജി മാനുവൽ.

<യ> മീനും വാങ്ങാം അരപ്പും വാങ്ങാം

ഇത്രയും കാലം മീൻ മാത്രം വാങ്ങുന്ന പതിവേ മലയാളിക്ക് ഉണ്ടായിരുന്നുള്ളു. ഇനി മീനിനൊപ്പം അരപ്പും വാങ്ങാം. അത് എങ്ങനെയാണെന്നല്ലെ, അതാണ് സോജിയുടെ ഉത്പന്നമായ ‘ഫിഷ് ഗ്രേവി പേസ്റ്റ്.’ പത്തു– പതിനഞ്ചു മിനിട്ടിനുള്ളിൽ ഈ ഗ്രേവി ഉപയോഗിച്ച് മീൻ കറി തയാറാക്കാം.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സോജി നടപ്പിലാക്കുന്നത്. ഒരു വർഷത്തോളമായി സിഫ്ടിനു കീഴിൽ അവരുടെ ഇൻകുബേഷൻ സംവിധാനങ്ങളുപയോഗിച്ച് സോജി പ്രവർത്തിക്കുന്നു. ആറുമാസത്തോളമായി ഗാഡിയൻ എന്ന പേരിലുള്ള തന്റെ ഉത്പന്നത്തെ വിപണിയിലിറക്കുന്നു. വൈറ്റിലയിലുള്ള ഫുഡെക്സ് വില്ലേജിൽ നിന്നുമാണ് ഉത്പാദനവും വിതരണവും.

കോട്ടയം തിരുവല്ല രീതിയിലുള്ള ചുവന്ന മീൻകറിക്കുള്ള അരപ്പ്, എറണാകുളം രീതിയിലുള്ള തേങ്ങയരച്ച അരപ്പ് എന്നിങ്ങനെ രണ്ടു രുചി ഭേദങ്ങളാണ് വിപണിയിലിറക്കുന്നത്. ഇഞ്ചി, മുളക്, കറിവേപ്പില, ഉള്ളി, കുടംപുളി, മുളകു പൊടി, മഞ്ഞൾ പൊടി, തേങ്ങ, ഉപ്പ്്, വെളിച്ചെണ്ണ എന്നിവയാണ് ചേരുവകൾ. അരകിലോ മീൻ കറിവെക്കാൻ 28 രൂപ വിലവരുന്ന 100 ഗ്രാമിന്റെ ഗ്രേവി പാക്കറ്റാണ് വാങ്ങേണ്ടത്. ഒരു കിലോക്ക് 200 ഗ്രാമിന്റെ 55 രൂപ വിലയുള്ള ഗ്രേവി പാക്കറ്റും ലഭ്യമാണ്. ഈ രണ്ടു അളവിലുള്ള പാക്കറ്റുകളാണ് നിലവിൽ വിപണിയിലിറക്കിയിരി ക്കുന്നത്.റഫ്രിജറേറ്റിൽ സൂക്ഷിച്ചാൽ ആറുമാസം വരെ കേടുകൂടാതെ ഈ ഉത്പന്നം ഉപയോഗിക്കാമെന്ന് സോജി പറയുന്നു.

<യ> വഴിത്തിരിവായത് സിഫ്ട്

എല്ലാത്തിനും വഴിത്തിരിവായത് സിഫ്ടാണെന്നാണ് സോജി പറയുന്നത്. ഇടക്കെപ്പോഴോ ഇന്റർ നെറ്റിൽ പരതിയപ്പോഴാണ് സിഫ്ടിന്റെ സംരംഭകത്വ പരിശീലന പരിപാടിയെക്കുറിച്ച് അറിയുന്നത്. മൂന്നു ദിവസത്തെ പരിശീലന പരിപാടിക്ക് പോകാൻ തന്നെ തീരുമാനിച്ചു. സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇത്തമൊരു പദ്ധതി സിഫ്ടിന്റെ കയ്യിലുണ്ടെന്ന് അറിയുന്നതും അത് ചെയ്താലോ എന്ന് ആലോചിക്കുന്നതും.


അങ്ങനെ 10000 രൂപ കൊടുത്ത് സിഫ്ട് ഗവേഷണം നടത്തി കണ്ടെത്തി വെച്ചിരുന്ന ഈ പദ്ധതിയുടെ പേറ്റന്റ് സോജി സ്വന്തമാക്കി. നിലവിൽ സിഫ്ടിൽ തന്നെയാണ് പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. ഒരു വർഷത്തോളമായി സിഫ്ടിന്റെ ഇൻകുബേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. മെഷീനറിയും ജോലിക്കാരുമെല്ലാം സിഫ്ടിന്റെതാണ് ഉപയോഗിക്കുന്നത്. കൂടാതെ മൂന്നു ജോലിക്കാർ കൂടിയുണ്ട്. മൂന്നു ലക്ഷം രൂപയോളം രൂപ മുതൽ മുടക്കായി വന്നിട്ടുണ്ട്. സിഫ്ടിൽ നിന്നും ഇറങ്ങി സ്വന്തമായ സംരംഭമാക്കി മാറ്റാനുള്ള കാര്യങ്ങളും സോജി ചിന്തിച്ചുവരികയാണ്. നാഷണൽ സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ കോർപറേഷനിലും സംരംഭത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ സംരംഭത്തെ പുതിയ വഴികളിലേക്കു നയിക്കാനുള്ള ശ്രമത്തിലാണ് സോജി.

<യ> പുതിയ മാർക്കറ്റുകൾ തേടി

കേരളത്തിലേതിനെക്കാളും ഈ ഉത്പന്നത്തിന് മാർക്കറ്റ് കേരളത്തിനു പുറത്താണെന്നു സോജി ഇതിനകം മനസിലാക്കി കഴിഞ്ഞു. പ്രധാനമായും മലയാളികൾ സ്‌ഥിരതാമസമാക്കിയിട്ടുള്ള ചെന്നൈ, ബോംബെ, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ. പക്ഷേ, ഇവിടെയുള്ള മാർക്കറ്റിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു വരുന്നതെയുള്ളു.

കേരളത്തിൽ വിതരണം നടത്തുന്നുണ്ടെങ്കിലും എറണാകുളത്തെ സൂപ്പർ മാർക്കറ്റുകൾ വഴിയാണ് പ്രധാനമായും വിതരണം.കാക്കനാടും മറ്റുമുള്ള സൂപ്പർമാർക്കറ്റുകളിലെല്ലാം നല്ല രീതിയിൽ തന്നെ ഇത് വിറ്റു പോകുന്നുണ്ടെന്നു സോജി പറയുന്നു. കൂടാതെ ഇവർ ചില ഫ്ളാറ്റുകളിലും മറ്റും ഇത് എത്തിച്ചു കൊടുക്കുന്നുമുണ്ട്. ഉപയോഗിക്കുന്നവർ പറഞ്ഞു കൊടുക്കുന്നതു വഴിയും ആവശ്യക്കാർ എത്തുന്നുമുണ്ട്. ഉത്പന്നത്തിന്റെ കയറ്റുമതി സാധ്യതയും സോജി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി പ്രധാനമായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്.