സ്മാർട്ടാണോ? വൈറസുമതേ!
സ്മാർട്ടാണോ? വൈറസുമതേ!
Tuesday, September 6, 2016 4:10 AM IST
സ്മാർട്ട്ഫോൺ ഉപയോക്‌താക്കൾക്കിട്ട് എട്ടിന്റെ പണിയാണ് ഭാവിയിൽ കിട്ടാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ. കംപ്യൂട്ടറുകളെ മാത്രമേ പിടികൂടൂവെന്ന് കരുതിയിരുന്ന വൈറസ് സ്മാർട്ട് ഫോണുകളെ ആക്രമിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാൽ ഈ ആക്രമണം ശക്‌തിയായെന്നാണ് പുതിയ സൂചനകൾ.

സ്മാർട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും മാൽവെയറുകൾ (ഫോണുകളുടെ പ്രവർത്തനം തകരാറിലാക്കുന്ന വിവിധ വൈറസുകൾ) ബാധിക്കുന്നത് ആറുമാസത്തിനിടെ 96 ശതമാനം വർധിച്ചതായി പഠന റിപ്പോർട്ട്. നോക്കിയയാണ് പഠനം നടത്തിയത്. മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയൂം ഗെയിമുകളിലൂടെയുമാണ് മാൽവെയറുകൾ മൊബൈലുകളിൽ എത്തുന്നത്. മാൽവെയറുകൾ ഡിവൈസുകളിലുള്ള വിവരങ്ങൾ ചോർത്തുകയും പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഉപയോക്‌താവിന്റെ ഒരുവിധ സമ്മതവും കൂടാതെ ഇ–മെയിൽ ഉൾപ്പെടെയുള്ളവയിലേക്ക് കടന്നുകയറാൻ ഈ മാൽവെയറിനു കഴിയും.

100 മില്യൺ സ്മാർട്ട് ഫോണുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 78 ശതമാനം ഫോണുകളെയും മാൽവെയറുകൾ ബാധിച്ചിരുന്നു. മാൽവെയർ ബാധിച്ചതിൽ കൂടുതലും ആൻഡ്രോയിഡ് ഫോണുകളാണെന്നാണ് നോക്കിയ നടത്തിയ പഠനത്തിൽ പറയുന്നത്. 74 ശതമാനം ആൻഡ്രോയിഡ് ഫോണുകളെയും നാലു ശതമാനം ഐഫോണുകളെയും മാൽവെയർ ബാധിച്ചെന്നാണ് കണ്ടെത്തൽ.

വാട്സ്ആപ്പ് അടുത്തയിടെ അവതരിപ്പിച്ചതും വ്യാപകമാക്കുന്നതുമായ വോയ്സ്കോളിംഗ് സംവിധാനത്തിന്റെ മറവിൽ മാൽവെയറുകൾ പ്രചരിച്ചിരുന്നു. വ്യാജ ആപ്ലിക്കേഷനുകളിലൂടെയാണ് മാൽവെയറുകൾ കൂടുതലും ഫോണുകളിൽ കയറുന്നത്.

സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കേ ഇടയ്ക്കു കയറിവരുന്ന ഡയലോഗ് ബോക്സുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, തേഡ്പാർട്ടി ആപ്പ് സ്റ്റോറുകൾ ഉപയോഗിക്കാതിരിക്കുക, ആപ്പ് പെർമിഷനുകൾ വെരിഫൈ ചെയ്യുക എന്നിവയാണ് ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനുള്ളതെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല പബ്ലിക് വൈ–ഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുകയും വേണം. വ്യക്‌തിപരമായ വിവരങ്ങൾ മുതൽ ബാങ്കുകളുടെ പാസ്വേർഡുകൾ അടക്കം എല്ലാ വിവരങ്ങളും സ്മാർട്ട് ഫോണിൽ സൂക്ഷിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്‌ടിച്ചേക്കാമെന്നാണ് നോക്കിയ നടത്തിയ പഠനം പറയുന്നത്. ഡിവൈസുകൾ സ്മാർട്ട് ആകുമ്പോൾ അതുപോലെതന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്ന് സാരം.

<യ> –സോനു തോമസ്