എം ആൻഡ് എം ഇലക്ട്രിക് മൊബിലിറ്റി ഇനി മഹീന്ദ്ര ഇലക്ട്രിക്
എം ആൻഡ് എം ഇലക്ട്രിക് മൊബിലിറ്റി ഇനി മഹീന്ദ്ര ഇലക്ട്രിക്
Thursday, September 8, 2016 4:28 AM IST
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുക, ഈ ശ്രേണിയിൽ കൂടുതൽ വാഹന ങ്ങൾ പുറത്തിറക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് മഹീന്ദ്ര ഇലക്ട്രിക് ആകുന്നു.

മഹീന്ദ്ര ഇലക്ട്രിക്കിന്റെ കീഴിൽ കൂടുതൽ സീറോ എമിഷൻ കാറുകൾ, ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയവ നിർമിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

മഹീന്ദ്ര ഇലക്ട്രിക് ബിസിനസുകൾ ശക്‌തിപ്പെടുത്തുന്നതിനൊപ്പം മറ്റ് കമ്പനികൾക്കും ഇലക്ട്രിക് ഉപകരണങ്ങൾ നല്കുമെന്നും മഹീന്ദ്ര റെവ ചീഫ് എക്സിക്യൂട്ടീവ് ചീഫ് അരവിന്ദ് മാത്യു പറഞ്ഞു.


ഇ20, വെറിറ്റോ എന്നീ ഇലക്ട്രിക് മോഡലുകളാണ് നിലവിൽ മഹീന്ദ്രയിൽനിന്നു പുറത്തിറങ്ങുന്നത്. ഇതിനുപുറമെ, മഹീന്ദ്രയുടെ മിനിവാൻ സുപ്രോയുടെ ഇലക്ട്രിക് മോഡൽ മൂന്ന് മാസത്തിനുള്ളിൽ നിരത്തിലെത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മഹീന്ദ്ര ഇലക്ട്രിക് വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ കമ്പനി തായാറെടുക്കുകയാണ്. ചൈനീസ് വിപണിയിൽ കടക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അരവിന്ദ് അറിയിച്ചു.

മഹീന്ദ്രയുടെ നിലവിൽ ഉള്ള കാറുകളുടെ ഇലക്ട്രിക് മോഡലുകളും കൂടുതൽ പുതിയ മോഡലുകളും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.