മാലാഖപോലൊരു ആൻമരിയ
മാലാഖപോലൊരു ആൻമരിയ
Monday, September 12, 2016 5:07 AM IST
<യ> ലിജിൻ കെ. ഈപ്പൻ

ബാല്യത്തിന്റെ നിഷ്കളങ്കതയും സ്വപ്നങ്ങളും ആകാംക്ഷയും നിറഞ്ഞ ജീവിതത്തിൽ നിന്ന് ആൻമരിയ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചു. ഒപ്പം പൂമ്പാറ്റ ഗിരീഷ് എന്ന വാടക ഗുണ്ടയുമുണ്ട്. അവരുടെ രസകരമായ കഥ പറയുന്ന ചിത്രമാണ് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആൻമരിയ കലിപ്പിലാണ്.

ആൻമരിയ നാലാം ക്ലാസിലാണ് പഠിക്കുന്നത്. പി.ടി മാസ്റ്ററുമായി ഉണ്ടാകുന്ന പ്രശ്നത്തിൽ നിന്നുമാണ് ഒരു വാടകഗുണ്ടയുടെ ആവശ്യം തേടുന്നത്. അതിനായി അവൾ കണ്ടെത്തുന്ന വാടകഗുണ്ടയാണ് പൂമ്പാറ്റ ഗിരീഷ്. എന്നാൽ അയാൾ ഒരു ഗുണ്ട അല്ല എന്നതാണ് സത്യം. മറ്റുള്ളവരെ പറ്റിച്ചും വെട്ടിച്ചും ജീവിക്കുന്ന ഒരുവൻ. ഇവർക്കിടയിലേക്കൊരു ഐഫോണും പ്രശ്നക്കാരനായി എത്തുന്നു. ഇനി എങ്ങനെ പ്രതികാരം തീർക്കും? പിന്നീട് പൂമ്പാറ്റ ആനിന്റെ നല്ല സുഹൃത്തായി മാറി. ആൻ മരിയയുടെ അച്ഛനും അമ്മയും ഡോക്ടർമാരാണ്. പതിവു പോലെ അവർ ഡിവോഴ്സിന്റെ വക്കിലും. ആ അവസരത്തിലാണ് ഒരു മാലാഖയുടെ കടന്നുവരവ് ആനിന്റെ ജീവിതത്തിലുണ്ടാകുന്നത്. അവിടെ നിന്നും ആൻമരിയയുടെയും പൂമ്പാറ്റയുടെയും രസകരമായ ജീവിതത്തിലേക്കു മാലാഖ പറന്നടുക്കുകയായിരുന്നു.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു തിയറ്റർ വിജയം സൃഷ്ടിക്കുന്ന ചിത്രമാണ് ആൻമരിയ കലിപ്പിലാണ്. രസച്ചേരുവകകളുടെ അകമ്പടിയോടെ സുന്ദരമായൊരു കഥയാണ് ചിത്രം പറയുന്നത്. ബേബി സാറാ അർജുനാണ് ആൻമരിയയായി എത്തുന്നത്. തമിഴ് ചിത്രം ദൈവത്തിരുമകൾ, സെയ്വം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ് കവർന്ന ഈ പ്രതിഭ മലയാളത്തിലും തന്റെ അഭിനയ വൈഭവം കൊണ്ട് വിസ്മയിപ്പിക്കുന്നു. കൂടെ പൂമ്പാറ്റ ഗിരീഷായി എത്തി സണ്ണി വെയ്നും പ്രേക്ഷക പ്രീതി നേടുന്നുണ്ട്. പൂമ്പാറ്റയുടെ സന്തതസഹചാരി അംബ്രോസാകുന്നത് അജു വർഗീസാണ്. പണിയെടുക്കാതെ എങ്ങനെ ജീവിക്കാം എന്നതാണ് രണ്ടുപേരുടെയും ലക്ഷ്യം. ഇവരെ കൂടാതെ ലിയോണ ലിഷോയിയും സൈജു കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പി.ടി. മാസ്റ്റർ ഡേവിഡായി ജോൺ കൈപ്പള്ളിലാണ് എത്തുന്നത്. തട്ടത്തിൻ മറയത്തിലെ ഇംതിയാസായി പരിചിതനായ ജോൺ കൈപ്പള്ളിൽ നെഗറ്റീവ് കഥാപാത്രത്തെ മികവുറ്റതാക്കിയിരിക്കുന്നു. കൂടെ ബാലതാരങ്ങളായ വിശാൽ, അൽത്താഫ് എന്നിവരും കയ്യടി നേടുന്നു. കോട്ടയം ഭാഷ പറയുന്ന ബേബിച്ചായനായി സിദ്ധിഖും ഒപ്പം ചെരുന്നുണ്ട്. ഇടക്കാലത്തെ സിദ്ധിഖിന്റെ ഏറ്റവും ജനശ്രദ്ധ നേടുന്ന കഥാപാത്രമായിരിക്കും ബബിച്ചായൻ. ഇവർക്കെല്ലാമൊപ്പം ഒരു ബംഗാളി കഥാപാത്രവും കഥയിലൊപ്പം ചേരുന്നു.


കഥയുടെ നിർണായക നിമിഷത്തിൽ ഒരു മാലാഖയായി ദുൽഖർ സൽമാനും അഥിതിതാരമായി എത്തുന്നു. ഒരു ചെറിയ കഥയെ പ്രേക്ഷകർക്കു രസിക്കുന്ന വിധത്തിലൊരുക്കിയിരിക്കുന്ന സംവിധായകന്റെ ശ്രമം വിജയം കണ്ടിരിക്കുന്നു. ടൈറ്റിൽ കഥാപാത്രത്തിൽ മാത്രം സിനിമ ഒതുങ്ങിപ്പോകാതെ ഒരു കച്ചവട സിനിമയ്ക്ക് ആവശ്യമായ ചേരുവകളെ ഫലപ്രദമായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിച്ചലും ചേർന്നു തയാറാക്കിയ തിരക്കഥയും സ്വാഭാവിക സംഭാഷണവും ചിത്രത്തിനു മാറ്റുകൂട്ടുന്നു. ഒരു ചെറിയ കുട്ടിയുടെ ചിന്താഗതിയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നതിനു കഥയിൽ കാര്യകാരണവും സംവിധായകൻ ഒരുക്കുന്നുണ്ട്. ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾക്കൊപ്പം പശ്ചാത്തല സംഗീതവും ഏറെ മികച്ചു നിൽക്കുന്നു. ഛായാഗ്രഹണ ഭംഗിയും ഒപ്പം ചേരുന്നുണ്ട്.

ഒരു സന്ദേശത്തിലധിഷ്ഠിതമായി സിനിമയൊരുക്കാതെ കഥയിലൂടെ ചിന്താശകലങ്ങളെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്. പ്രതീക്ഷിതമായൊരു ശുഭാന്ത്യവും താന്തോന്നികളായി നടന്ന കഥാപാത്രങ്ങൾ നന്മയിലേക്കെത്തുന്നതും ക്ലീഷെ എന്നുപറഞ്ഞു മാറ്റി നിർത്താതെ കഥാഗതിയെ മുൻനിർത്തി നോക്കുമ്പോൾ അതൊരു പോരായ്മയാകുന്നില്ല. ഇനിയും ഒരുപിടി മികച്ച സിനിമകൾ മലയാളത്തിൽ നൽകാനാകുന്ന സംവിധായകനാണ് മിഥുനെ ന്നു ചിത്രം തെളിയിക്കുന്നു.

മലയാളിയല്ലെങ്കിലും പോരായ്മകളില്ലാതെ തന്റെ കഥാപാത്രത്തെ അഭ്രപാളിയിലെത്തിക്കുന്നതിൽ സാറാ അർജുൻ വിജയിച്ചെന്നു നിസംശയം പറയാം. ഒപ്പം പ്രേക്ഷക പിന്തുണ നേടിയ സണ്ണി വെയ്ന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള ശക്‌തമായൊരു തിരിച്ചുവരവുമാണ് ഈ ചിത്രം. കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും തുടങ്ങി എല്ലാത്തരം പ്രേക്ഷകരുടെയും മനസു നിറച്ചാണ് ആൻമരിയ മുന്നേറുന്നത്. നിഷ്കളങ്കതയുടെ ഒരു പാഠപുസ്തകമാണ് ആൻമരിയ, മാലാഖയുടെ കഥ പറഞ്ഞ് മനസു നിറയ്ക്കുന്ന ഒരു സുന്ദരസ്വപ്നം. കലിപ്പിലാണെങ്കിലും പ്രേക്ഷകമനസിലാണ് ഇന്നവളുടെ സ്‌ഥാനം. ഒരു മാലാഖയെപ്പോലെ...