മ്യൂസിക് കമ്പനിയുമായി ഗോപിസുന്ദർ
മ്യൂസിക് കമ്പനിയുമായി ഗോപിസുന്ദർ
Thursday, September 22, 2016 4:34 AM IST
സിനിമാ സംഗീതത്തെ ഏറെ പ്രേമിക്കുന്ന മലയാളി പ്രേക്ഷകരുടെ ആസ്വാദന തലത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച സംഗീത പ്രതിഭയാണ് ഗോപിസുന്ദർ. കേട്ടു തഴമ്പിച്ച സംഗീതത്തിന്റെ വേലിക്കെട്ടിനെ തകർത്തെറിഞ്ഞ് പുതുമയും വ്യത്യസ്തവുമായ സംഗീതാനുഭവം പകരാൻ ഗോപിസുന്ദറിനായി. മലയാളികളുടെ ഹൃദയം കീറിമുറിച്ച മുക്കത്തെ പെണ്ണും, ഏതു കരിരാവിലും, കിഴക്കു പൂക്കും, ഓലഞ്ഞാലി കുരുവിയും തുടങ്ങി ഏറെയാണ് ഗോപിസുന്ദറിന്റെ ഹിറ്റ് ഗാനങ്ങൾ. 2014–ൽ 22 സിനിമകൾക്കാണ് ഈ പ്രതിഭ സംഗീതം ചെയ്തത്. കഴിഞ്ഞ വർഷം 18 സിനിമകൾക്കും. ഈ റെക്കോർഡു നേട്ടവുമായി ഇന്നു മലയാളവും കടന്ന് ഇതര ഭാഷകളിലും തന്റെ കയ്യൊപ്പു ചാർത്താൻ ഗോപിസുന്ദറിനു കഴിഞ്ഞിരിക്കുന്നു. സംഗീതത്തിന്റെ പുതിയ ഭാവതലങ്ങളെ സമ്മാനിച്ച ഗോപിസുന്ദറിന്റെ വിശേഷങ്ങളിലൂടെ...

സിനിമ സംഗീതത്തിലേക്കെത്തുന്ന സംഗീത പശ്ചാത്തലം എങ്ങനെയായിരുന്നു?

ചെറുപ്പം മുതൽ സംഗീതത്തോടു വലിയ താൽപര്യമായിരുന്നു. തബല വായിക്കുമായിരുന്നു. അത് പഠിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോഴാണ് അഡയാർ മ്യൂസിക് കോളജിൽ പഠിക്കാനായി പോകുന്നത്. അതിനു ശേഷമാണ് ഔസേപ്പച്ചൻ സാറിനൊപ്പം ചേരുന്നത്. പതിനാലു വർഷം സാറിനൊപ്പം നിന്നു പകർന്നു കിട്ടിയ അനുഭവ പശ്ചാത്തലത്തിലാണ് സ്വന്തമായി സിനിമയിൽ സംഗീതം ചെയ്തു തുടങ്ങുന്നത്. നോട്ട്ബുക്ക് സിനിമയിൽ പശ്ചാത്തലസംഗീതമാണ് ആദ്യമായി ചെയ്യുന്നത്. അതിനോടൊപ്പം ഓം ശാന്തി ഓം അടക്കമുള്ള നിരവധി ഹിന്ദി ചിത്രങ്ങളിൽ മ്യൂസിക് പ്രോഗ്രാമറായും വർക്കു ചെയ്തിരുന്നു. അങ്ങനെയാണ് ഷാരൂഖ് ഖാനു വേണ്ടി ചെന്നൈ എക്സ്പ്രസിൽ ഞാൻ പാടുന്നതും. എനിക്കു തോന്നുന്നു, ഗുരുകുല വിദ്യാഭ്യാസത്തിന്റെ അവസാന കണ്ണിയാണ് ഞാൻ. കാരണം ഔസേപ്പച്ചൻ സാറിനൊപ്പം എന്റെ ജീവിതം അങ്ങനെയുള്ളതായിരുന്നു. ആ പതിനാലു വർഷത്തിനിടയ്ക്ക് എനിക്കു സിനിമ ചെയ്യാനുള്ള അവസരങ്ങൾ നിരവധി ലഭിച്ചിരുന്നു. പക്ഷെ, അതൊന്നും ഞാൻ സ്വീകരിച്ചിരുന്നില്ല. കാരണം അന്നു അങ്ങനെ സിനിമ ചെയ്തിരുന്നേൽ നാലഞ്ചു സിനിമയ്ക്കപ്പുറം ഞാൻ ഫീൽഡ് ഔട്ട് ആയിപ്പോയെനെ. ഇരുപത്തിരണ്ടു വർഷത്തോളമായി സിനിമ ഫീൽഡിൽ ഉള്ള വ്യക്തിയാണ് ഞാൻ. എങ്കിലും പലരുടെയും വിചാരം ഞാൻ പുതിയ ആളാണെന്നാണ്. കാരണം മലയാളികൾ എന്നെ അറിഞ്ഞു തുടങ്ങിയിട്ടു കുറച്ചുകാലം മാത്രമേ ആയിട്ടുള്ളല്ലൊ.

കുറഞ്ഞ കാലയളവിൽ തന്നെ ഗോപിസുന്ദർ എന്ന പേര് സംഗീത സംവിധാനത്തിൽ ഒരു ബ്രാൻഡ് നെയിം പോലെ വളർത്തിയെടുക്കാനായല്ലോ?

ഞാൻ സ്വന്തമായി സംഗീതം ചെയ്തു തുടങ്ങിയ സമയത്ത് ഔസേപ്പച്ചൻ സാറ് എനിക്കു നൽകിയൊരു ഉപദേശം ഇതായിരുന്നു. ‘എപ്പോഴും ഗുരുവിനെ പിന്തുടർന്നു വരുന്ന ശിഷ്യന്മാർ ഒരുപാടുപേരുണ്ടാകാം. നീ എന്നിൽ നിന്നും തൊഴിൽ മാത്രമാണ് പഠിച്ചത്. നീ നിന്റേതായ വഴി കണ്ടെത്തുകയാണ് വേണ്ടത്’. അതു ജീവിതത്തിൽ വലിയൊരു കാഴ്ചപ്പാടാണ് തന്നത്. വെട്ടിത്തെളിച്ച പാതയിലുടെ കടന്നു വരിക എന്നത് വളരെ എളുപ്പമാർന്ന കാര്യമാണ്. അവിടെ പുതുവഴി വെട്ടിത്തെളിക്കാനാണ് പ്രയാസം. ഒരു പുതിയ പാത ഒരുക്കാനായി എന്നതാണ് എന്റെ വിശ്വാസം. അങ്ങനെയുള്ള പ്രോജക്ടുകൾ ലഭിച്ചു. അതിലൂടെ ഇന്നു പലരും കടന്നു വരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. വ്യത്യസ്തത വരുത്താൻ കഴിവതും ശ്രമിക്കാറുണ്ട്. സംഗീതത്തിലെ പുതുമ കൊണ്ടു മാത്രം ഇൻഡസ്ട്രിയിൽ ഒന്നും സംഭവിക്കില്ല. ആ സംഗീതം ഉൾക്കൊള്ളുന്ന സിനിമയുടെയും മാറ്റമാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.



എന്റെ ഭാഗ്യമായി കരുതുന്നതു മലയാള സിനിമയിൽ മാറ്റം സംഭവിച്ച സമയത്തു എനിക്കു സിനിമയിൽ സജീവമാകാൻ കഴിഞ്ഞു എന്നതാണ്. ഒരുകാലത്തു സിനിമ കാണാൻ തിയറ്ററിൽ ആളില്ലാതിരുന്ന സമയത്തു നിന്നും സിനിമയുടെ പ്രതിസന്ധി കാലഘട്ടം അവസാനിച്ച് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചപ്പോൾ അതിനൊപ്പം എനിക്കു വളരാൻ സാധിച്ചു. ആഷിഖ് അബുവും അൻവർ റഷീദും അമൽ നീരദും തുടങ്ങി കഴിവുറ്റ പുതുനിരയോടൊപ്പം എനിക്കും സിനിമയിൽ മാറ്റത്തിനൊപ്പം സഞ്ചരിക്കാനായി. സിനിമയിൽ പുതുമയും പരീക്ഷണവും സൃഷ്ടിച്ചതിനൊപ്പം സംഗീതപരമായി എനിക്കും പരീക്ഷണങ്ങളെ ഉൾക്കൊള്ളിക്കാനായി. അതിനെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തതാണ് ഏറ്റവും വലിയ കാര്യം. സാഗർ എലിയാസ് ജാക്കിയിലും അൻവറിലും ഉസ്താദ് ഹോട്ടലിലും നൽകിയ പരീക്ഷണങ്ങളെ പ്രേക്ഷകർ സ്വീകരിച്ചു.

അതോടൊപ്പം 1983 ലെ ഓലഞ്ഞാലിക്കുരുവി.. ബാംഗ്ലൂർ ഡെയ്സിലെ ഏതുകരിരാവിലും... ഹൗ ഓൾഡ് ആർ യു വിലെ വിജനതയിൽ.. തുടങ്ങി മെലഡികളെ സൃഷ്ടിക്കാനുമായി. ഇവയൊക്കെ പ്രേക്ഷകർ സ്വീകരിച്ചപ്പോൾ നമ്മുടേതായ ഇടം കണ്ടെത്താനായി. ആ ഒരു ഇടം ഒരുക്കാൻ ദൈവം അനുഗ്രഹിച്ചു.

സിനിമാസംഗീതത്തിലെ പുതിയ ചിന്താരീതിയാണ് മ്യൂസിക് കമ്പനി എന്നത്. എന്താണ് മ്യൂസിക് കമ്പനി?

സംഗീതജ്‌ഞരായ നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുള്ളതാണ്. അവർ മൺമറഞ്ഞുപോയതിനു ശേഷം പിൻതലമുറയ്ക്കായി എന്തുണ്ടാക്കിയെന്നു ചോദിച്ചാൽ, അവിടെ സംഗീതത്തിനപ്പുറം ഒന്നും കാണില്ല. ആ ചിന്തയിൽ നിന്നുമാണ് ഒരു കമ്പനി എന്നത് ഉടലെടുക്കുന്നത്. ‘ഗോപിസുന്ദർ മ്യൂസിക് കമ്പനി’ ഇന്നെനിക്കുണ്ട്. അതിനോടൊപ്പം ബാൻഡും പ്രവർത്തിക്കുന്നു. ആ കമ്പനിയിലൂടെ നിരവധി യുവ പ്രതിഭകൾക്ക് അവസരം നൽകാൻ ശ്രമിക്കുന്നുണ്ട്. കമ്പനി എന്നുദ്ദേശിക്കുന്നത് സിനിമയിൽ രണ്ടു പതിറ്റാണ്ടായി ഞാൻ കണ്ട ചില കാര്യങ്ങളുണ്ട്. ഇപ്പോൾ കുറച്ചേറെ സംവിധായകരോടൊപ്പം നമ്മൾ പ്രവർത്തിക്കുന്നു. പിന്നീടു ആ സംവിധായകർ വലിയ ആൾക്കാരാകുമ്പോൾ നമ്മളും ആ ഒരു തലത്തിലേക്കു ഉയരും. ആ സമയത്തു പുതിയ ആൾക്കാരെത്തുമ്പോൾ അവരുടെ ചിന്ത, നമ്മൾ ചെറിയ സിനിമ ചെയ്യില്ല, സാമ്പത്തികം വളരെ കൂടുതലായിരിക്കും എന്നൊക്കെ യാകാം. അവിടെ നഷ്ടം എനിക്കായിരിക്കും സംഭവിക്കുന്നത്. അതു ഞാൻ മാത്രമാകണമെന്നില്ല. ഏതൊരു സംഗീതജ്‌ഞനുമാകാം. സിനിമയിൽ ആരംഭിക്കുന്ന സമയത്തു നിന്നു കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ പുതുതായി എത്തുന്ന ആൾക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത ദൂരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനൊരു മാറ്റം എന്ന രീതിയിലാണ് മ്യൂസിക് കമ്പനി തുടങ്ങുന്നത്.

പുതുതായി എത്തുന്ന ഒരു സംവിധായകനോ നിർമാതാവിനോ ഒരു മുൻ ധാരണയുമില്ലാതെ അവരുടെ സിനിമയുമായി എന്നെ സമീപിക്കാൻ കഴിയും. കാരണം അവിടെ എനിക്കു പ്രതിഫലമില്ല എന്നതാണ് വാസ്തവം. അവരുടെ സിനിമയ്ക്കായി ഞാൻ ഒരുക്കുന്ന സംഗീതത്തിന്റെ പകർപ്പവകാശം മാത്രമാണ് ഞാൻ വാങ്ങുന്നത്. ഇവിടെ ആ സിനിമയിൽ ഞാൻ സൗജന്യമായാണ് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതത്തിനായി അവർ ഒരു തുക മാറ്റിവെച്ചിട്ടുണ്ടാകും. ആ തുകയിൽ ചിത്രത്തിനു പൂർണമായും പശ്ചാത്തല സംഗീതം ഒരുക്കാനും കഴിയും. അല്ലെങ്കിൽ ആ തുകയിൽ മറ്റൊരിടത്തു നിന്നു സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കേണ്ടി വരുമ്പോൾ അത് സിനിമയുടെ ഗുണനിലവാരത്തെത്തന്നെ ബാധിക്കും. ഇവിടെ പശ്ചാത്തലസംഗീതത്തിനെ അവരുടെ പൈസയ്ക്കും സംഗീതത്തിനെ നമ്മുടെ പൈസയ്ക്കും ഒരുക്കുമ്പോൾ ഭാവിയിലേക്കു അതു നമുക്കൊരു നിക്ഷേപമാണ്. കുറഞ്ഞ ചെലവിൽ സംഗീതപരമായുള്ള കാര്യങ്ങളെ അവരുടെ സിനിമയിൽ ഉൾക്കൊള്ളിക്കാനാകും. ഇത് എന്റെയൊരു പുതിയ ചിന്തയാണ്. ഒരു സംഗീതജ്‌ഞനൊപ്പം ഞാനൊരു ബിസിനസ്മാൻ കൂടിയാണ്.

കമ്പനിയുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങൾ എങ്ങനെ പോകുന്നു?

അമൽ നീരദിന്റെ ദുൽഖർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ഗോപിസുന്ദർ മ്യൂസിക് കമ്പനിയാണ്. അതിന്റെ പകർപ്പ് നമുക്കുള്ളതാണ്. ഇവിടെ അവർ നൽകുന്ന പൈസയ്ക്കു മികച്ച രീതിയിലുള്ള പശ്ചാത്തല സംഗീതം ഒരുക്കാൻ സാധിക്കും. കാരണം ഒരു സിനിമയുടെ സ്വഭാവം നിർണയിക്കുന്നതിൽ പശ്ചാത്തല സംഗീതത്തിനു വലിയ പ്രാധാന്യമാണുള്ളത്. സിനിമയുടെ ഗുണമാണ് ഏറ്റവും പ്രധാനം. പാട്ടുകൾ നമ്മുടെ കയ്യിൽ നിന്നും പൈസയിറക്കി ചെയ്താലും അതിന്റെ ഗുണം നമുക്ക് പിന്നീടായാലും കിട്ടും. പാട്ടുകൾ കാലങ്ങൾ നിലനിൽക്കുന്നതാണ്. ഭാവിയിൽ ഗോപി സുന്ദർ സിനിമയിലെ പാട്ടിൽ നിന്നു മാറിയാലും അല്ലെങ്കിൽ ഗോപിസുന്ദർ കഴി ഞ്ഞുപോയാലും ഈ കമ്പനി എന്നും നിലനിൽക്കുന്നതാണ്. ഇതിന്റെ മറ്റൊരു ഗുണം പിന്നീടു പല കമ്പനികളുമായും വ്യക്‌തികളുമായും ഗോപി സുന്ദർ കമ്പനിക്കു സംയോജിച്ച് മികച്ച സംഗീത സംവിധായകരെ സിനിമയിലേക്കു നൽകാനാകുന്നു എന്നതാണ്. ആ ഒരു രീതിയിലേക്കു വളരുമ്പോൾ സിനിമ നിർമാണ കമ്പനികൾ പോലെ ഈ മ്യൂസിക് കമ്പനിക്കു മാറാനാകും.


സംഗീത സംവിധായകരുടെ പേരിനു പകരം കമ്പനിയുടെ പേരു വരുമ്പോൾ പുതിയ പ്രതിഭകൾക്കുള്ള അംഗീകാരം നഷ്ടമാകില്ലേ?

അതുണ്ടാകില്ല. കാരണം കമ്പനി ചെയ്യുന്നത് അതു നിർമിക്കുക മാത്രമാണ്. സംഗീതം ആരാണോ ചെയ്യുന്നത് അത് അവരുടെ പേരിൽ നിലനിൽക്കും. പുതിയ ആൾക്കാർക്കു അവസരം തുറന്നു കിട്ടുന്നു അവിടെ. അപ്പോഴും മ്യൂസിക് കമ്പനി അപ്രൂവ് ചെയ്യുന്നവർക്കാണ് ആ അവസരം ലഭിക്കുന്നത്. കാരണം ഈ ഒരു ബ്രാൻഡിനുള്ള ഒരു വിശ്വാസമുണ്ട്. അതു കാത്തു സൂക്ഷിക്കുന്ന തരത്തിലുള്ള സംഗീത സംവിധായകരായിരിക്കണമത്. അതിനുള്ള തലത്തിൽ അവരെ വളർത്തിയെടുക്കണം. അതൊക്കെയാണ് ഭാവിയിലേക്കുള്ള പദ്ധതികൾ. ഇതിനോടൊപ്പം മാർക്കറ്റിംഗും വളരണം. കാരണം കച്ചവട മനോഭാവമില്ലാതെ നമുക്ക് പിടിച്ചു നിൽക്കാനാകില്ല. അപ്പോഴും കച്ചവടത്തിനു മുകളിൽ സംഗീതത്തിന്റെ ആത്മാവിനെയും ഉൾക്കൊണ്ടിരിക്കണം.

ഇത്തരം പരീക്ഷണങ്ങൾ മലയാളത്തിൽ ആദ്യമായല്ലേ സംഭവിക്കുന്നത്?

ഓരോ ഗാനത്തിന്റെയും പകർപ്പല്ലാതെ ഒരു സിനിമയുടെ മൊത്തം ഗാനങ്ങളുടെ നിർമാണമെന്ന സങ്കൽപം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ചെയ്യുന്നത് ഞാനാണെന്നാണ് എന്റെയൊരു കണക്കു കൂട്ടൽ. കാരണം ഇതൊരു പുതിയ ചിന്തയാണ്. അമൽ നീരദിന്റെ ചിത്രമാണ് അങ്ങനെ ചെയ്യുന്ന ആദ്യസംരംഭം. അതിനു മുമ്പേ ചാർളിയിലെ ചുന്ദരിപ്പെണ്ണെ.. എന്ന പാട്ടിന്റെ പകർപ്പ് ഞാൻ നേടിയതാണ്. യു ടൂബിൽ നിന്നുമാത്രം ആ പാട്ടിൽ നിന്നും എനിക്കു രണ്ടു ലക്ഷത്തിലധികം രൂപ വരുമാനം നേടാനായിട്ടുണ്ട്. അതു ഇനിയും വരുമാനം നമുക്കു നേടിത്തരുന്നതാണ്. നമുക്കു മുന്നിലെ വിപണന സാധ്യതകളാണ് അതൊക്കെ.

വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും വിമർശനത്തിനു ഇടയാകും. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

അതൊക്കെ പോസിറ്റീവായി കാണാനാണ് ഞാൻ ശ്രമിക്കാറുള്ളത്. പുതുമ കൊണ്ടുവരാൻ എന്നും ശ്രമിക്കാറുള്ളതാണ്. വ്യത്യസ്തതയെ നൽകുമ്പോഴും അതിനു സാധിക്കുന്ന തരം സിനിമയായിരിക്കണം ഒപ്പമുള്ളത്. പ്രേക്ഷകർ സിനിമ കണ്ടില്ലെങ്കിൽ പിന്നെ നമ്മൾ എത്ര വ്യത്യസ്തത ചെയ്തിട്ടും കാര്യമില്ലല്ലൊ. ഇതിനോടൊപ്പം പഴമയെ ഉൾക്കൊണ്ടാണ് ഇപ്പോൾ ഞാൻ മുന്നോട്ടു പോകുന്നത്. പഴയ കാലത്തിന്റെ ഗാനങ്ങൾ ഹൃദ്യമാകാൻ പ്രധാന കാരണം അക്കാലത്തെ ഒത്തൊരുമ ആയിരുന്നു. ഇപ്പോൾ ഞാനൊരു പാട്ടു ചെയ്യുമ്പോൾ ആ സിനിമയുടെ നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ എല്ലാവരും എന്റെ കൂടെയുണ്ടാകും. ആ ഒരു സിനിമയുടെ മികവിനു എന്തു നല്കാം എന്നോലോചിക്കുന്ന ഒരു സംഘമായി പഴയ രീതിയിൽ ഞങ്ങൾ പാട്ടൊരുക്കുന്നു. അതിന്റെ ഗുണം ഓരോ പാട്ടിലും കാണാനാകുന്നു. അത്രയും പേരുടെ മുന്നിലിരുന്ന് പാട്ടൊരുക്കുക എന്നത് എനിക്കു വെല്ലുവിളിയല്ല എന്നതാണ് സത്യം. കാരണം എന്റെ ഗുരുനാഥൻ ഔസേപ്പച്ചൻസാറ് ഒരു ഡസനോളം വരുന്ന ആൾക്കാരുടെ മുന്നിലിരുന്ന് പാട്ട് കമ്പോസു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതാണ് എന്റെ അനുഭവം. അവിടെയും ഒരു വിഭാഗമായി മാത്രം ഒതുങ്ങി നിൽക്കാതെ എല്ലാത്തരം സിനിമകളുടെയും ഭാഗമാകാൻ ഞാൻ ശ്രമിക്കാറുണ്ട്.

യൂത്ത്, സീരിയസ്, കോമഡി തുടങ്ങി എതുതരം സിനിമകൾക്കനുസരിച്ചും പാട്ടൊരുക്കാൻ കഴിയുന്നുണ്ട്. ഒരു സംവിധായകന്റെ മനസനുസരിച്ച് ഏതു തരം സംഗീതം ഒരുക്കാനും നമ്മൾ ശ്രമിക്കുന്നു. അവിടെ ക്ലാസിക്, കോമഡി, ആക്ഷൻ, കർണാടിക് അങ്ങനെയെന്തുമാകാം. അപ്പോഴും ഞാനൊരു കാര്യം ശ്രദ്ധിക്കാറുണ്ട്. നമുക്കറിയാവുന്ന സംഗീതജ്‌ഞാനം സിനിമയിൽ അടിച്ചേല്പിക്കാതിരിക്കാൻ ശ്രദ്ധിക്കും. പകരം സിനിമയ്ക്കെന്താണോ വേണ്ടത് അതിനെയാണ് സിനിമയ്ക്കു നൽകുന്നത്. നമുക്കുള്ള സംഗീത അറിവിനെ വ്യതിചലിപ്പിച്ച് ആ തിരക്കഥയ്ക്കനുസരിച്ച് അതിന്റെ ചട്ടക്കൂടിലേക്കു മാറ്റുന്നു. അതിനെയാണ് സംഗീത സംവിധാനം എന്നു പറയുന്നത്. നമ്മുടെ കഴിവിനെ പ്രതിഫലിപ്പിക്കാനുള്ള ഇടമായി കാണാതെ, കഴിവിനെ മാറ്റിനിർത്തി പ്രേക്ഷകരെ ഉൾക്കൊണ്ട് ആ സിനിമയ്ക്കു അതിന്റെ തിരക്കഥയിലെന്താണ് ആവശ്യം എന്നു മനസിലാക്കി പ്രവർത്തിക്കയാണു വേണ്ടത് എന്നാണ് എന്റെ വിശ്വാസം.

അന്യഭാഷയിലും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞല്ലോ?

തമിഴിലും തെലുങ്കിലും ചിത്രങ്ങൾക്കു സംഗീതം ചെയ്യുന്നുണ്ട്. നാഗർജുനയും കാർത്തിയും അഭിനയിച്ച തോഴ എന്ന ചിത്രം രണ്ടു ഭാഷയിലും സംഗീതം ചെയ്തിരുന്നു. കൂടാതെ തെലുങ്കിൽ ചെയ്ത ബലെ ബലെ മഗഡിവോയ് എന്ന ചിത്രം കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. ഈച്ച സിനിമയിലെ നായകൻ നാനിയായിരുന്നു ആ ചിത്രത്തിലെ നായകൻ. ഇപ്പോൾ മറ്റൊരു നാനി ചിത്രത്തിനും സംഗീതം ഒരുക്കുന്നുണ്ട്. അതു തെലുങ്കിലെ അഞ്ചാമത്തെ ചിത്രമാണ്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന്റെയും സംഗീതം ചെയ്യുന്നുണ്ട്. ഇതോടൊപ്പം തമിഴിലും നിരവധി അവസരങ്ങൾ ലഭിക്കുന്നു.

ഒരു സിനിമയുടെ സംഗീതം പൂർത്തിയാക്കാൻ എത്ര സമയം വേണ്ടി വരുന്നു?

ഒരു സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കാൻ പത്തുമുതൽ പതിനഞ്ചു ദിവസം വരെ വേണ്ടി വന്നേക്കും. പക്ഷേ ആറു ദിവസം കൊണ്ടു പൂർത്തിയാക്കിയ സിനിമകളും ഉണ്ട്. അതിനെ അപേക്ഷിച്ച് ഒരു പാട്ടുണ്ടാക്കാൻ ഒരു ദിവസത്തിൽ കൂടുതൽ സമയം വേണ്ടി വരുന്നില്ല. ഈണം മനസിലെത്താൻ പതിനഞ്ച് മിനിട്ടും ഓർക്കസ്ട്രേഷൻ ഒരുക്കാൻ നാലഞ്ച് മണിക്കൂറും. അങ്ങനെ ഒരു പാട്ടു തീരും. 2014ൽ അത്രയധികം സിനിമ ചെയ്യാനായതും അതുകൊണ്ടാണ്. എനിക്കു ദേശിയ അവാർഡ് ലഭിച്ച 1983 അടക്കം ഒരുപിടി ഹിറ്റു ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു ആ വർഷം. 2015 ലും അതിനു കഴിഞ്ഞു. ഈ വർഷം തെലുങ്കിൽ കുറച്ചു തിരക്കായപ്പോൾ മലയാളത്തിൽ കുറച്ചു ചിത്രങ്ങൽ ഉപേക്ഷിക്കേണ്ടതായി വന്നു. ഇനി മലയാളത്തിലെത്തുന്നത് മോഹൻലാൽ– വൈശാഖിന്റെ പുലിമുരുകനും അമൽ നീരദ് –ദുൽഖർ ചിത്രവുമാണ്. ഒപ്പം നാലു ചിത്രങ്ങളുടെ ചർച്ച പുരോഗമിക്കുന്നു.

മിക്ക ചിത്രങ്ങളിലും പുതിയ ശബ്ദങ്ങളെ ഉൾക്കൊള്ളിക്കാനുള്ള ശ്രമം കാണുന്നുണ്ട്. അതിനു പിന്നിലെന്താണ്?

അതു മനഃപൂർവമായി ചെയ്യുന്നതല്ല. ഒരു പാട്ടിന്റെ ട്യൂൺ ഉണ്ടാകുന്നതുപോലെ ശബ്ദവും അപ്പോഴുണ്ടാകുന്ന തോന്നലിൽ നിന്നുമാണ് സ്വീകരിക്കുന്നത്. സൂപ്പർ ഹിറ്റായ എന്നു നിന്റെ മൊയ്തീനിലെ മുക്കത്തെ പെണ്ണെ എന്ന പാട്ട് കേരളക്കരയാകെ പാടി നടന്നതാണ്. അതു സംഭവിക്കുന്നത് ആ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്ന സമയത്ത് അവസാന നിമിഷം സംവിധായകൻ പറഞ്ഞിട്ടാണ് ആ പാട്ട് ഒരുക്കുന്നത്. ആ സമയത്ത് എന്നോടൊപ്പം ഉണ്ടായിരുന്നത് മുഹമ്മദ് മക്ബൂൽ മൻസൂറായിരുന്നു. ഞാൻ വരിയെഴുതാൻ പറഞ്ഞിട്ട് അദ്ദേഹം അഞ്ചു മിനിറ്റുകൊണ്ട് വരി തയാറാക്കി, പത്തു മിനിറ്റുകൊണ്ട് കമ്പോസിംഗും കഴിഞ്ഞു. അതിനു മുമ്പ് അദ്ദേഹം ഒരു പാട്ടിനും വരികളെഴുതിയിട്ടില്ല. എന്റെ മുന്നിൽ അദ്ദേഹമപ്പോൾ ഉണ്ടായിരുന്നത് കൊണ്ട് ഞാനെഴുതാൻ പറഞ്ഞു. ആ പാട്ട് സംഭവിച്ചു. അതൊക്കെ ഒരു നിമിത്തമാണ്. എല്ലാം നമ്മൾ മുൻകരുതിയാൽ പലപ്പോഴും അതൊരു യാന്ത്രികതയായി മാറും. ഓരോ പാട്ടു ചെയ്യുമ്പോഴും എന്നോടൊപ്പമുള്ളവർക്ക് എന്താണ് ആ സംഗീതം, ഏതു സാഹചര്യമാണെന്നു മനസിലാക്കിക്കൊടുക്കാൻ ശ്രമിക്കാറുണ്ട്. അതു നമ്മുടെ വർക്കിനാണ് ഏറെ ഗുണകരമാകുന്നത്.

ഹിന്ദി?

ഹിന്ദിയിൽ നിരവധി ചിത്രങ്ങളിൽ പ്രോഗ്രാമറായിട്ട് വർക്കു ചെയ്തിരുന്നു. പക്ഷെ പാട്ടുപാടിയത് ചെന്നൈ എക്സ്പ്രസ്സിലാണ്. ഹിന്ദിയിൽ പ്രോഗ്രാമറായി വർക്കു ചെയ്യുമ്പോഴും പരസ്യ ചിത്രങ്ങൾക്കു വേണ്ടി സംഗീതം ചെയ്തിരുന്നു. അതു ഇപ്പോഴും തുടരുന്നുണ്ട്.

സ്റ്റാഫ് പ്രതിനിധി