ശ്വേത മോഹന സംഗീതം
ശ്വേത മോഹന സംഗീതം
Thursday, September 22, 2016 4:35 AM IST
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് രണ്ടാം തലമുറക്കാരിയായി എത്തി ഇന്ന് ഇന്ത്യൻ സിനിമ സംഗീതത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന ഗായികയാണ് ശ്വേതാ മോഹൻ. മലയാളത്തിന്റെ കിളിമൊഴി സുജാത മോഹന്റെ മകളെന്ന മേൽവിലാസവുമായാണു സിനിമാ സംഗീതത്തിലേക്ക് ശ്വേത എത്തുന്നത്. എന്നാൽ ഇന്നു മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷയിൽ വരെ എത്തി നിൽക്കുന്നതാണു ശ്വേതയുടെ സ്വരമാധുര്യം.

സംഗീത വിസ്മയം എ.ആർ.റഹ്മാന്റെ സംഗീതത്തിൽ പത്താം വയസിൽ ബോംബെ, ഇന്ദിര എന്ന ചിത്രങ്ങളിലൂടെ കോറസ് പാടിയാണ് ശ്വേത പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് 2001–ൽ ത്രീ റോസസ് എന്ന തമിഴ് ചിത്രത്തിലൂടെയാണു ശ്വേതയുടെ ശബ്ദം പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. എങ്കിലും 2005–ൽ മലയാളത്തിൽ ദീപക് ദേവിന്റെ സംഗീതത്തിൽ ലയൺ എന്ന ചിത്രത്തിലെ സുന്ദരീ ഒന്നു പറയൂ എന്ന ഗാനമാണു സിനിമാ ലോകത്ത് ശ്വേതയ്ക്കു മികച്ച ഒരു തുടക്കമായത്. പിന്നീട് എല്ലാ ഭാഷയിലും തന്റെ കൈയൊപ്പു ചാർത്താൻ ശ്വേതയ്ക്കു കഴിഞ്ഞു. പ്രശസ്തരായ എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകൾ പാടാൻ ഇതിനോടകം ശ്വേതയ്ക്കു സാധിച്ചു. ഇളയരാജ, എ.ആർ. റഹ്മാൻ, വിദ്യാ സാഗർ, ഹാരിസ് ജയരാജ്, ഔസേപ്പച്ചൻ, ജോൺസൺ തുടങ്ങി പുതിയ പ്രതിഭകളുടെ പാട്ടുകൾ വരെ ഇതിനോടകം ശ്വേതയെ തേടിയെത്തിയിരുന്നു.

സംഗീത ജീവിതത്തിൽ അമ്മ സുജാതയുടെ പൈതൃകത്തെ നെഞ്ചോട് ചേർത്തു മുന്നേറിയ ശ്വേത 2007–ൽ നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്‌ഥാന പുരസ്കാരവും സ്വന്തമാക്കി. പിന്നീടു ഫിലിം ഫെയർ അവാർഡ്, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, വിവിധ ഭാഷകളിലായി നിരവധി ചാനലുകളുടെ പുരസ്കാരങ്ങൾ തുടങ്ങി ഒരു പതിറ്റാണ്ടിനിടയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ഒരു നാൾ വരും എന്ന ചിത്രത്തിലെ മാവിൻ ചോട്ടിലെ, ഒരേ കടലിലെ യമുന വെറുതെ, കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ രക്ഷകാ നീ എന്നിവ ശ്വേതയുടെ മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ പാട്ടുകളാണ്.




രജനികാന്ത് ചിത്രം കബാലിയിൽ സന്തോഷ് നാരായണന്റെ സംഗീതത്തിൽ മായ നദി എന്ന ഗാനവുമായി ശ്വേത വീണ്ടും മറ്റൊരു ഹിറ്റ് നേടിക്കഴിഞ്ഞു. കർണാട്ടിക് സംഗീതത്തിലും ഹിന്ദുസ്‌ഥാനി സംഗീതത്തിലും മികവു നേടിയ ശ്വേത പോപ്പ് സംഗീതത്തിലും പരിചയ സമ്പന്നയാണ്. സംഗീതത്തിന്റെ വകഭേദങ്ങൾക്കനുസരിച്ച ശബ്ദം നിയന്ത്രിക്കാനും ശ്രോതാക്കളെ ഹരം കൊള്ളിക്കാനും അതുകൊണ്ടു തന്നെ ശ്വേതയ്ക്കു സാധിക്കുന്നു. മലയാളികളുടെ പ്രിയ ഗായികയായിരുന്ന സുജാതയ്ക്കു നൽകിയ സ്നേഹവും പിന്തുണയും ശ്വേതയിലേക്കു പകരുന്നതിൽ മലയാളികൾ മടി കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മറ്റു ഭാഷകളിൽ നിരവധി അവസരങ്ങൾ ലഭിക്കുമ്പോഴും ശ്വേത മലയാള സിനിമാ സംഗീതത്തെ മറന്നിരുന്നില്ല എന്നതാണ് സത്യം. അനാർക്കലിയിലെ ഈ തണുത്ത മൺചുരങ്ങൾ, ബാഹുബലിയിലെ പച്ചത്തീയാണു നീ, ഭാസ്കർ ദി റാസ്കലിലെ ഐ ലവ്യു മമ്മി സ്റ്റൈലിലെ ചെന്ദാമരച്ചുണ്ടിൽ, ആക്ഷൻ ഹീറോ ബിജുവിലെ വന്ദേ മാതരം എന്നിവ അടുത്ത കാലത്ത് മലയാളത്തിൽ നേടിയ ഹിറ്റുകളാണ്. കോലക്കുഴൽ നാദമായി എത്തുന്ന ശ്വേതയുടെ പുതിയ പാട്ടുകൾക്കായി മലയാളികൾ കാത്തിരിക്കുകയാണ്.

–സ്റ്റാഫ് പ്രതിനിധി