360 ഡിഗ്രി ഫോട്ടോയുമായി കാർഡ്ബോർഡ് കാമറ
360 ഡിഗ്രി ഫോട്ടോയുമായി കാർഡ്ബോർഡ് കാമറ
Saturday, September 24, 2016 4:54 AM IST
സോഷ്യൽമീഡിയയിലെ ഓരോ സൈറ്റുകളിലും വ്യത്യസ്തങ്ങളായ ഫോട്ടോകൾ ഇട്ടാലേ യൂത്തിന് തൃപ്തിയാവു. ഇതിനായി എന്തു സാഹസവും അവർ ചെയ്യും. അതുകൊണ്ട് തന്നെ സ്മാർട്ട് ഫോണുകളിൽ ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള ആപ്പുകൾക്ക് എന്നും ആവശ്യക്കാരേറെയാണ്. ഇപ്പോഴിതാ ഫോട്ടോ എഡിറ്റ് ചെയ്യാൻ പുതിയൊരു ആപ്പുമായി ഗൂഗിൾ എത്തിയിരിക്കുന്നു. ‘കാർഡ്ബോർഡ് കാമറ’ എന്ന പേരിലുള്ള പുതിയ ആപ്പിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ മാത്രമല്ല, 360 ഡിഗ്രി വെർച്വൽ റിയാലിറ്റി ഫോട്ടോകൾ എടുക്കാനും സാധിക്കും.

ഒരു വർഷം മുമ്പ് ഇറങ്ങിയിരുന്നെങ്കിലും പുതിയ ഫീച്ചറോടുകൂടിയാണ് ആപ്പിന്റെ രണ്ടാം വരവ്. ആപ്പ് തുറന്നശേഷം റെക്കോർഡ് ഓപ്ഷൻ സെലക്ട് ചെയ്ത് ഫോൺ ചുറ്റുംകറക്കിയാൽ മതി. ഫോട്ടോ റെഡി. ഫോട്ടോയ്ക്കൊപ്പം ശബ്ദവും ആപ്പും റെക്കോർഡ് ചെയ്യും. പനോരമ രീതിയിലാണ് ‘കാർഡ്ബോർഡ് കാമറ’ ചിത്രം പകർത്തുന്നത്. പകർത്തിയ ചിത്രം ഷെയർ ചെയ്യാനുള്ള ഓപ്ഷനും ആപ്പിലുണ്ട്. ഇതിനായി ഷെയർ ചെയ്യേണ്ട ഫോട്ടോ വെർച്വൽ ഫോട്ടോ ആൽബത്തിൽ ചേർക്കണം. അതിനുശേഷം ഷെയർ ബട്ടൺ ഉപയോഗിച്ച് ഫോട്ടോ ഷെയർ ചെയ്യാൻ സാധിക്കും. ആപ്പ് അയച്ചുതരുന്ന ഫോട്ടോയുടെ ലിങ്കാണ് സോഷ്യൽ മീഡിയസൈറ്റുകളിൽ ഷെയർ ചെയ്യുന്നത്.


പൂർണമായും ത്രീഡി ചിത്രമല്ലെങ്കിലും ഇതൊരു പുതിയ ചുവടുവയ്പ്പാണെന്നാണ് ‘കാർഡ്ബോർഡ് കാമറ’യുടെ അണിയറക്കാരുടെ വാദം. പുതിയ ആപ്പ് പ്ലേസ്റ്റേറിലും ഐടൂൺസിലും സൗജന്യമായി ലഭ്യമാണ്. ഇനി വെറും ഫോട്ടോയിട്ടുള്ള കളികൾ അവസാനിപ്പിച്ച് വെർച്വർ ഫോട്ടോയിട്ട് ഫ്രണ്ട്സിനെ ഞെട്ടിക്കാം.

–സോനു തോമസ്