എങ്ങനെ നാം മറക്കും? ചലച്ചിത്ര സംഗീതത്തിന്റെ നാൾവഴികൾ (ഭാഗം–2)
എങ്ങനെ നാം മറക്കും? ചലച്ചിത്ര സംഗീതത്തിന്റെ നാൾവഴികൾ (ഭാഗം–2)
Monday, September 26, 2016 3:34 AM IST
<യ> ഡോ. എം.ഡി. മനോജ്

മനസ് മനസിന്റെ കാതിൽ

മങ്കൊമ്പിന്റെ നിരവധി ഗാനങ്ങൾ ഇക്കാലത്തു ജനകീയമായി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഏറ്റുമാനൂരമ്പലത്തിൽ (ജയചന്ദ്രൻ), രവീന്ദ്ര ജെയിനിന്റെ കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ, സ്വയംവര സുരഭില (ആശാ ബോസ്ലെ), എം.എസ്.വിയുടെ നാടൻ പാട്ടിന്റെ മടിശീല (ബാബുമോൻ), ആർ.കെ. ശേഖറിന്റെ ആഷാഢമാസം (യുദ്ധഭൂമി– വാണി ജയറാം) എന്നിവ ഇതിൽപ്പെടുന്നു.

ബിച്ചു തിരുമലയെഴുതിയ ഗാനങ്ങളിൽ എ.ടി. ഉമ്മർ സംഗീതം നൽകിയ വാകപ്പൂമരം (അനുഭവം), രാകേന്ദു കിരണങ്ങൾ (അവളുടെ രാവുകൾ), നക്ഷത്രദീപങ്ങൾ (നിറകുടം), നിഴലായ് ഒഴുകിവരും (കള്ളിയങ്കാട്ട് നീലി– എസ്. ജാനകി) എന്നിവയാണ് ഇതിൽ പ്രധാനം. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾ ആർ.കെ. ശേഖറിന്റെ ഈണത്തിൽ മനസു മനസിന്റെ കാതിൽ എന്ന ഗാനം പോപ്പുലർ ആയി. മുല്ലനേഴിയുടെ വരികൾക്ക് ശ്യാം സംഗീതം നിർവഹിച്ച കറുകറുത്തൊരു പെണ്ണാണ് (ഞാവൽപ്പഴങ്ങൾ) എന്ന പാട്ടിലെ ഈണങ്ങൽ അങ്ങേയറ്റം സാന്ദ്രമായിരുന്നു. സത്യൻ അന്തിക്കാട് എഴുതി എ.ടി. ഉമ്മർ ഈണം നൽകിയ ഒരു നിമിഷം തരൂ (സിന്ദൂരം), രവീന്ദ്രൻ സംഗീതം നൽകിയ താരകേ മിഴിയിതളിൽ (ചൂള) എന്നിവ വളരെ പ്രസിദ്ധമായി മാറി.

പൂവച്ചലും എം.ജി. രാധാകൃഷ്ണനും ചേർന്ന മൗനമേ (തകര– എസ്. ജാനകി) എന്ന ഗാനത്തിലെ ഈണത്തിൽ സവിശേഷമായ രാഗധ്വനികൾ സമ്മേളിച്ചിട്ടുണ്ട്. കാവാലത്തിന്റെ നാടോടിവഴക്കമുള്ള വരികളിൽ എം.ജി. രാധാകൃഷ്ണൻ നൽകിയ ഈണം എടുത്തുപറയേണ്ടതാണ്. ആരവത്തിലെ മുക്കുറ്റി തിരുതാളി, കുമ്മാട്ടിയിലെ ആണ്ടിയമ്പലം, കറുകറക്കാർമുകിൽ എന്നിവയ്ക്ക് സിനിമഗാനങ്ങളിൽ അതുവരെ കാണാത്ത നാടോടി സ്പർശമുണ്ടായിരുന്നു.

തുടർന്നുള്ള മലയാള ചലച്ചിത്ര സംഗീതത്തെ സ്വാധീനിച്ചത് കെ.വി. മഹാദേവൻ സംഗീതം നിർവഹിച്ച തെലുങ്കുചിത്രമായ ശങ്കരാഭരണത്തിന്റെ വിജയമായിരുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം, എസ്. ജാനകി എന്നിവർ പാടിയ ക്ലാസിക്കൽ ഗാനങ്ങൾ എല്ലാ മലയാളികളും ഏറ്റെടുത്തു. ശങ്കരാഭരണത്തിനുശേഷം ഉണ്ടായ സിനിമകളിലെ ക്ലാസിക്കൽ സംഗീതത്തിനു പിന്നീടു തൊണ്ണൂറുകളിൽ തുടർച്ചയുണ്ടായി. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനത്തിലെ ഗാനങ്ങൾ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ അത്യാകർഷകമായി മാറി. ആലാപനം (യേശുദാസ്), അദ്രിസുതാവര (ബാലമുരളീകൃഷ്ണ, യേശുദാസ്, സുശീല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണങ്ങളാണ്. അഷ്ടപദിയിൽ വിദ്യാധരൻ സംഗീതം നൽകിയ വിണ്ണിന്റെ വിരിമാറിൽ എന്ന ഗാനംതന്നെ ഇതിന്റെയെല്ലാം തുടർച്ചയാണ്. സാഗരസംഗമം എന്ന മൊഴിമാറ്റ ചിത്രംതന്നെ ശങ്കരാഭരണത്തിന്റെ കലാസങ്കൽപത്തെ വിസ്തൃതമാക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജയുടെ സംഗീതമാണ് സാഗരസംഗമത്തെ സാധ്യമാക്കിയത്.

കാർമേഘവർണന്റെ മാറിൽ, മൗനം പോലും മധുരം എന്നീ ഗാനങ്ങൾ ഏറെ ജനപ്രിയമായി. രംഗം എന്ന സിനിമയിൽ കെ.വി. മഹാദേവൻ ആയിരുന്നു സംഗീതം. രമേശൻ നായർ എഴുതിയ ഇതിലെ സ്വാതിഹൃദയ, വനശ്രീ മുഖം നോക്കി (കൃഷ്ണചന്ദ്രൻ) എന്നീ ഗാനങ്ങൾ ഏറെ പ്രശസ്തമായിരുന്നു. എം.ബി. ശ്രീനിവാസൻ സംഗീതം ചെയ്ത സ്വാതിതിരുനാൾ അതിന്റെ പ്രമേയ സ്വഭാവംകൊണ്ട് ക്ലാസിക്കൽ ഗാനങ്ങളുടെ സമാഹരമായി. ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര വാസുദേവൻ, യേശുദാസ്, ജാനകി, കെ.എസ്. ചിത്ര, അരുന്ധതി, അമ്പിളിക്കുട്ടൻ എന്നിവർ പാടിയ ഗാനങ്ങൾ ഏറെ ജനപ്രിയത നേടി. ശങ്കരാഭരണത്തിന്റെ തുടർച്ചകൾ മലയാളികളിൽ സ്വാധീനം ചെലുത്തുകയുണ്ടായി. രാഗങ്ങൾ വിവിധതരങ്ങളിൽ പുനരാവിഷ്കരിച്ച് ശാസ്ത്രീയ സംഗീതത്തെ ജനപ്രിയ രീതിയിൽ പിന്നീട് അവതരിപ്പിച്ചത് സംഗീത സംവിധായകൻ രവീന്ദ്രൻ ആയിരുന്നു. അവയ്ക്കു സ്വന്തമായി ഒരു ശൈലിയുണ്ടായിരുന്നു. മൃദംഗജനികൾ ചേർത്തു വായിക്കുവാൻ പാകത്തിലുള്ള ഈണ പദ്ധതികൾ ആയിരുന്നു രവീന്ദ്രൻ സ്വന്തമാക്കിയിരുന്നത്. ഭരണിക്കാവ് ശിവകുമാർ എഴുതിയ രാഗങ്ങളേ മോഹങ്ങളെ (താരാട്ട്), പൂവച്ചൽ എഴുതിയ ആട്ടക്കലാശത്തിലെ മലരും കിളിയും, ബിച്ചുവിന്റെ തേനും വയമ്പും എന്നീ ഗാനങ്ങളിൽ പലതും ഈ ക്ലാസിക്കൽ രാഗച്ഛായകൾ പങ്കിടുന്നുണ്ട്. പി. ഭാസ്കരൻ എഴുതിയ പുലർകാല സുന്ദര (ഒരു മെയ്മാസപ്പുലരിയിൽ), ഒ.എൻ.വിയുടെ പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക്), ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ വാനമ്പാടി ഏതോ, സുഖമോ ദേവിയിലെ ശ്രീലതികകൾ, ശ്രീകുമാരൻ തമ്പി രചിച്ച യുവജനോത്സവത്തിലെ ഇന്നുമെന്റെ കണ്ണുനീരിൽ, ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ മരിക്കുന്നില്ല ഞാൻ എന്ന സിനിമയിലെ ചന്ദനമണിവാതിൽ (വേണുഗോപാൽ) എന്നിവയൊക്കെയാണ് എൺപതുകളിലെ ശ്രദ്ധേയമായ രവീന്ദ്രഗീതങ്ങൾ.

ശ്രീകുമാരൻ തമ്പി എഴുതി കർണാടക സംഗീതജ്‌ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ഈണം നൽകിയ തൂവാനത്തുമ്പികളിലെ മേഘം പൂത്തുതുടങ്ങി, ഒന്നാംരാഗം പാടി (വേണുഗോപാൽ, ചിത്ര) എന്നീ ഗാനങ്ങളിലെല്ലാം ശാസ്ത്രീയ സംഗീതത്തിന്റെ സൂക്ഷ്മപ്രയോഗങ്ങൾ നിരീക്ഷിക്കാൻ കഴിയും. കർണാടക സംഗീതത്തെ ആധാരമാക്കിയാണ് എം.ജി. രാധാകൃഷ്ണൻ വിവിധ ഗാനങ്ങൾ ആവിഷ്കരിച്ചതെങ്കിലും അവയിൽ നാടോടിസംഗീതത്തിന്റെയും മലയാളിത്തത്തിന്റെയും എല്ലാം വഴികൾ അദ്ദേഹം ഉപയോഗിച്ചു. പൂവച്ചലിന്റെ ചാമരത്തിലെ നാഥാ നീ വരും, സത്യൻ അന്തിക്കാട് രചിച്ച ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ, രമേശൻ നായർ എഴുതിയ രാക്കുയിലിൻ രാഗസദസിൽ എന്ന ചിത്രത്തിലെ എത്ര പൂക്കാലം, ഒ.എൻ.വി എഴുതിയ ജാലകത്തിലെ ഒരു ദലം മാത്രം, കാവാലം എഴുതിയ പൂരത്തിലെ പ്രേമയമുന (കാവാലം ശ്രീകുമാർ) എന്നിങ്ങനെ നിരവധി ഗാനങ്ങൾ.

ബോംബെ രവിയുടെ സംഗീതശൈലിയിലും ശാസ്ത്രീയ സംഗീതത്തിന്റെ സ്വാധീനം കാണാം. ഒ.എൻ.വി എഴുതിയ നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, നീരാടുവാൻ, കേവലമർത്യഭാഷ, മഞ്ഞൾപ്രസാദം, പഞ്ചാഗ്നിയിലെ ആ രാത്രി മാഞ്ഞുപോയി, സാഗരങ്ങളെ, വൈശാലിയിലെ ഇന്ദ്രനീലമയോലും, ഇന്ദുപുഷ്പം ചൂടി നിൽക്കും എന്നീ ഗാനങ്ങളും കൈതപ്രം എഴുതിയ വടക്കൻ വീരഗാഥയിലെ ഇന്ദുലേഖ കൺതുറന്നു എന്ന ഗാനവുമാണ് ബോംബെ രവിയുടെ പ്രധാന സംഗീത രചനകൾ.

എൺപതുകളുടെ സംഗീതം

എൺപതുകളുടെ തുടക്കത്തിൽ ദക്ഷിണാമൂർത്തി, എം.ബി.എസ് എന്നിവർ എല്ലാം വീണ്ടും സജീവമായി. എം.ഡി. രാജേന്ദ്രൻ എഴുതിയ ശാലിനി എന്റെ കൂട്ടുകാരിയിലെ ഹിമശൈല (മാധുരി), സുന്ദരി, യൂസഫലി കേച്ചരി രചിച്ച് മീൻ എന്ന സിനിമയിലെ ഉല്ലാസപ്പൂത്തിരികൾ, ഒ.എൻ.വി രചന നിർവഹിച്ച നീയെത്ര ധന്യയിലെ അരികിൽ നീ, കാവാലത്തിന്റെ പുലരിത്തൂമഞ്ഞ് (ഉത്സവപ്പിറ്റേന്ന്) എന്നിവയൊക്കെ ദേവരാഗ സംഗീതത്തിന്റെ പട്ടികയിൽപ്പെടുന്നു. ബിച്ചു തിരുമല എഴുതിയ നനഞ്ഞു നേരിയ പട്ടുറുമാൽ എന്ന ദക്ഷിണാമൂർത്തി ഗാനം സ്വാമിയുടെ ശൈലിയിൽനിന്ന് എത്രയോ വ്യത്യസ്തമാണ്. ഒ.എൻ.വി എഴുതിയ ഇടനാഴിയിൽ ഒരു കാലൊച്ചയിൽ വാതിൽപ്പഴുതിലൂടെൻ മുന്നിൽ എന്ന ദക്ഷിണാമൂർത്തി ഗാനം രാഗകീർത്തനത്തിന്റെ മുദ്രകളിൽനിന്ന് തെന്നിമാറി മെലഡിയുടെ പാത പിന്തുടരുന്നു. മുല്ലനേഴിയുടെ മേളയിലെ മനസൊരു മാന്ത്രികക്കുതിരയായ്, പി. ഭാസ്കരൻ രചിച്ച ഓപ്പോളിലെ ഏറ്റുമാനൂരമ്പലത്തിൽ (എസ്. ജാനകി), ഒ.എൻ.വി എഴുതിയ യവനികയിലെ ഭരതമുനി, ചെമ്പക പുഷ്പ, മണിവത്തൂരിലെ ശിവരാത്രിയിലെ നെറ്റിയിൽ പൂവുള്ള എന്ന ഗാനത്തിലൂടെ എം.ബി.എസും ദേവദാസിലൂടെ കെ. രാഘവനും (സ്വപ്നമാലിനി) അവരവരുടെ പ്രസക്‌തി തെളിയിച്ചു.

ഈ കാലഘട്ടത്തിൽതന്നെ എ.ടി. ഉമ്മറും എം.കെ. അർജുനനും ചില ഗാനങ്ങൾ നിർമിച്ചു. എ.ടി. ഉമ്മറിന്റെ ഗാനങ്ങളിൽ ബിച്ചു എഴുതിയ ഒരു മയിൽപ്പീലിക്കായ് (അണിയാൻ മറന്ന വളകൾ) പി. ഭാസ്കരൻ എഴുതിയ മഴയോ മഴ (കണ്ണാരം പൊത്തിപ്പൊത്തി) എന്നിവയും എം.കെ. അർജുനന്റെ ഗാനങ്ങളിൽ ആർ.കെ. ദാമോദരൻ രചിച്ച മിഴിനീർപ്പൂവുകളിലെ ചന്ദ്രകിരണത്തിൽ എന്നിവയുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തമിഴകത്തിലെ സംഗീതകുലപതി ഇളയരാജ സംഗീതത്തിൽ സജീവമാകുന്ന കാലംകൂടിയായിരുന്നു ഇത്. പൂവച്ചൽ എഴുതിയ കിളിയേ കിളിയേ (ആ രാത്രി), ഒ.എൻ.വി രചിച്ച തുമ്പീ വാ, വേഴാമ്പൽ കേഴും (ഓളങ്ങൾ), പുഴയോരത്തിൽ (അഥർവം), പൂങ്കാറ്റിനോടും (പൂമുഖപ്പടിയിൽ നിന്നെയും കാത്ത്) മൂന്നാംപക്കത്തിലെ ഉണരുമീ ഗാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ഹിന്ദുസ്‌ഥാനിയിലെ ഇതിഹാസമായിരുന്ന നൗഷാദ് മലയാള സംഗീതത്തിൽ കൊണ്ടുവന്ന സംഗീതധ്വനികൾ ശ്രദ്ധേയമായിരുന്നു. യൂസഫലിയുടെ വരികൾക്ക് നൗഷാദ് നൽകിയ സംഗീതം അർഥസാന്ദ്രമായിരുന്നു. മാനസനിളയിൽ, ആൺകുയിലേ, ഒരു രാഗമാല, അനുരാഗലോല എന്നിങ്ങനെ മനോഹരഗാനങ്ങൾ. ഒ.എൻ.വിയുടെ വരികൾക്ക് ഫ്ളൂട്ടിസ്റ്റായ രഘുനാഥ് സേത്ത് നൽകിയ സംഗീതം ആരണ്യകത്തിലെ (ആത്മാവിൽ മുട്ടിവിളിച്ചതുപോലെ, ഒളിച്ചിരിക്കാം) എന്നീ ഗാനങ്ങൾക്കു നിലാവിന്റെ നിത്യശോഭ പകർന്നു. വിവിധ സംഗീതശാഖകളെ പരിചിതമായ രീതിയിൽ കോർത്തിണക്കിയ സംഗീത സംവിധായകൻ ആയിരുന്നു ശ്യാം. ബിച്ചു എഴുതിയ അങ്ങാടിയിലെ കന്നിപ്പളുങ്കേ, പാവാട വേണം, എന്നിവ എന്തുകൊണ്ടും ഏറെ ജനകീയമായി. കടത്തിലെ ഓളങ്ങൾ താളം തള്ളുമ്പോൾ (ഉണ്ണി മേനോൻ), തൃഷ്ണയിലെ ശ്രുതിയിൽനിന്നുണരും, കാണാമറയത്തിലെ ഒരു മധുരക്കിനാവിൻ, കസ്തൂരി മാൻ കുരുന്നേ എന്നിവയെല്ലാം ശ്രദ്ധേയമായി. ശ്രീകുമാരൻ തമ്പി എഴുതിയ അക്ഷരത്തെറ്റിലെ ഹൃദയംകൊണ്ടെഴുതുന്ന കവിത, പി. ഭാസ്കരൻ എഴുതിയ ഡെയ്സിയിലെ രാപ്പാടി തൻ, ഓർമതൻ വാസന്ത എന്നിവ ആളുകൾ ഏറ്റെടുത്തു. യൂസഫലി എഴുതിയ നാടോടിക്കാറ്റിലെ വൈശാഖസന്ധ്യേ, പൂവച്ചലിന്റെ നിറക്കൂട്ടിലെ പൂമാനമേ എന്നിങ്ങനെ ശ്യാമസംഗീതത്തിന്റെ സാമസങ്കീർത്തനങ്ങൾ.

പാശ്ച്യാത്യ സംഗീതധാരകൾ

പാശ്ചാത്യസംഗീതത്തിലെ മധുരോദാരമായ ഈണപദ്ധതികൾ നിരവധി ഗാനങ്ങളിൽ ഉപയോഗിച്ച ജെറി അമൽദേവ്, ഔസേപ്പച്ചൻ, ജോൺസൺ എന്നിവർക്കു വലിയ പ്രാധാന്യം ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ ജനകീയമായതോടെ ജെറി അമൽദേവ് ചലച്ചിത്ര സംഗീതത്തിൽ സജീവമായി. ബിച്ചുവെഴുതിയ ചിത്രത്തിലെ മഞ്ചാടിക്കുന്നിൽ, മിഴിയോരം, മഞ്ഞണിക്കൊമ്പിൽ എന്നിവയും എന്റെ മാമാട്ടിക്കുട്ടിയമ്മയിലെ മൗനങ്ങളേ, ആളൊരുങ്ങി അരങ്ങൊരുങ്ങി, നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിലെ ആയിരം കണ്ണുമായ്, കിളിയേ കിളിയേ എന്നിവയെല്ലാം ജെറി സംഗീതത്തിലെ മണിമുത്തുകളായി. ഒ.എൻ.വിയുടെ കാതോടു കാതോരത്തിലെ ദേവദൂർ പാടി, നീയെൻ സർഗ സൗന്ദര്യമേ (യേശുദാസ്, ലതിക), ഭരതൻ എഴുതിയ ചിലമ്പിലെ പുടമുറിക്കല്യാണം എന്നിവയാണ് ഔസേപ്പച്ചന്റെ ഇക്കാലത്തെ ശ്രദ്ധേയ ഗാനങ്ങൾ.

സംഗീതശൈലീ വൈവിധ്യങ്ങളെ സ്വന്തം ശൈലിയിൽ വ്യാഖ്യാനിക്കുന്നതിൽ മികവുപുലർത്തിയ ജോൺസൺ പാശ്ചാത്യ സംഗീതത്തെയും നാടൻ സംഗീതത്തെയും ഒരുപോലെ പാട്ടിൽ സമന്വയിപ്പിച്ചു. ദേവരാജ ശിഷ്യനായിരുന്ന ജോൺസൺ, പി. ഭാസ്കരനുവേണ്ടി സംഗീതം ചെയ്ത സ്വർണമുകിലേ (ഇതു ഞങ്ങളുടെ കഥ), പാളങ്ങളിലെ പൂവച്ചൽ ഖാദർ എഴുതിയ ഗോപികേ നിൻ വിരൽ എന്നീ ഗാനങ്ങൾ എക്കാലത്തെയും മികച്ച ഈണങ്ങളായി. ഒ.എൻ.വി രചിച്ച കൂടെവിടെയിലെ ആടിവാ കാറ്റേ, പൊന്നുരുകും പൂക്കാലം, പൊൻമുട്ടയിടുന്ന താറാവിലെ കുന്നിമണിച്ചെപ്പ്, കൈതപ്രം എഴുതിയ കണ്ണീർപ്പൂവിന്റെ, മഴവിൽക്കാവടിയിലെ മൈനാകപ്പൊൻമുടിയിൽ, തങ്കത്തോണി എന്നിവയെല്ലാം ഏറെ ജനപ്രിയമായി.

പാട്ടിന്റെ പ്രമദവനങ്ങൾ

എൺപതുകളിലെ ക്ലാസിക്കൽ ശൈലികൾ തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ തീവ്രമാകുന്നതു നാം കണ്ടതാണ്. സംഗീതത്തിൽ ക്ലാസിക്കൽ സങ്കൽപങ്ങൾ രൂപപ്പെടുത്തുന്ന കാലമായിരുന്നു അത്. ഹിസ് ഹൈനസിലെ പാട്ടുകളുമായി രവീന്ദ്രൻ റിക്കോർഡുകൾ തകർക്കുകയായിരുന്നു. രാഗങ്ങളുടെ പ്രയോഗത്തിലും സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലും പുതിയ രീതികൾതന്നെ രവീന്ദ്രൻ ആവിഷ്കരിക്കുകയായിരുന്നു. ക്ലാസിക്കൽ സംഗീതത്തിന്റെ ലളിതമായ ആവിഷ്കരണ ധാരകൾ ഹിസ് ഹൈനസിൽ നാം കേട്ടു. പ്രമദവനവും ദേവസഭാതലവും നാദരൂപിണിയും ഗോപികാ വസന്തവും എല്ലാം പുതിയ അനുഭൂതികൾ പകർന്നു. കൈതപ്രത്തിന്റെ വരികൾക്ക് ഏറെ പ്രചാരം ലഭിക്കുവാൻ തുടങ്ങി.

അഭിമന്യുവിലെ കണ്ടു ഞാൻ, അമരത്തിലെ അഴകേ, ഭരതത്തിലെ ദേവാംഗനേ, രഘുവംശവതേ, രാമകഥാഗാനലയം, കമലദളത്തിലെ ആനന്ദനടനം, പ്രേമോദാരനായ്, മഴയെത്തുംമുൻപേയിലെ ആത്മാവിൻ പുസ്തകത്താളിൽ, ഒ.എൻ.വി രചിച്ച രാജശിൽപിയിലെ അമ്പിളിക്കല ചൂടും, അറിവിൻ നിലാവേ, സൂര്യഗായത്രിയിലെ ആലില മഞ്ചലിൽ, തംബുരു കുളിർ ചൂടിയോ, പി. ഭാസ്കരൻ എഴുതിയ വെങ്കലത്തിലെ ആറാട്ടുകടവിങ്കൽ, പത്തുവെളുപ്പിന് (ബിജു നാരായണൻ), ബിച്ചുവിന്റെ വരികളായ ചമ്പക്കുളം തച്ചനിലെ മകളെ പാതിമലരെ, ഒളിക്കുന്നുവോ, ഗിരീഷ് പുത്തഞ്ചേരിയുടെ ആറാം തമ്പുരാനിലെ ഹരിമുരളീരവം, പാടി തൊടിയിലേതോ എന്നിങ്ങനെ രവീന്ദ്രസംഗീതത്തിന്റെ ഹിമശിഖരങ്ങളിൽ നാം പദമൂന്നി നിൽക്കുകയായിരുന്നു.

നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളംമഞ്ഞിൻ, തുമ്പപ്പൂക്കാറ്റിലാടി തുടങ്ങിയ ഗാനങ്ങളിലൂടെ കണ്ണൂർ രാജനും ശ്രദ്ധ നേടി.

എം.ജി. രാധാകൃഷ്ണൻ സംഗീതം പകർന്ന ഗാനങ്ങളിലും ക്ലാസിക്കൽ സംഗീതത്തിന്റെ സ്വാധീനം കാണാം. കൈതപ്രം എഴുതിയ അമ്പലപ്പുഴ, ഒ.എൻ.വി രചിച്ച മിഥുനത്തിലെ അല്ലിമലർക്കാവിൽ, ഞാറ്റുവേലക്കിളിയേ, മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ബിച്ചു എഴുതിയ പഴന്തമിഴ് പാട്ടിഴയും, ഗിരീഷ് പുത്തഞ്ചേരിയുടെ സൂര്യകിരീടം (ദേവാസുരം), കാവാലം രചിച്ച ഹരിചന്ദനം (കണ്ണെഴുതി പൊട്ടുംതൊട്ട്) എന്നിവയെല്ലാം അദ്ദേഹത്തിന്റെ ജനകീയ ഗാനങ്ങളാണ്.

യൂസഫലി കേച്ചേരി എഴുതി ബോംബെ രവി സംഗീതം ചെയ്ത സർഗമാണ് ക്ലാസിക്കൽ സംഗീതത്തിന്റെ മികവുകളെ നമ്മളിലേക്കു സംക്രമിപ്പിച്ചത്. ആന്ദോളനം, കണ്ണാടി ആദ്യമായെൻ, കൃഷ്ണകൃപാ സാഗരം, പ്രവാഹമേ, സംഗീതമേ എന്നിവ അത്യപൂർവം അഗാധവുമായ ക്ലാസിക്കൽ സ്പർശമുള്ള ഗാനങ്ങളാണ്. ഇതേ കൂട്ടുകെട്ടിൽ പിറന്ന ഗസലിലെ ഇശൽതേൻ കണം, സംഗീതമേ തുടങ്ങിയ ഗാനങ്ങളിൽ ഗസൽ സംഗീതത്തിന്റെ ലാളിത്യം കണ്ടെടുക്കാൻ കഴിയും.

കൈതപ്രം രചനയും സംഗീതവും നിർവഹിച്ച ചിത്രങ്ങൾ ഇതേ പാറ്റേണിൽ ഉൾപ്പെടുന്നുണ്ട്. ദേശാടനത്തിലെ കളിവീടുറങ്ങിയല്ലോ, എങ്ങനെ ഞാൻ എന്നിവയെല്ലാം ആളുകൾ ഏറ്റെടുത്തു. തെയ്യത്തിന്റെ കൾട്ടിൽ ചെയ്ത കളിയാട്ടത്തിലും ഇതേ സംഗീത സാന്നിധ്യത്തെയാണ് നാം അനുഭവിക്കുന്നത്. വേളിക്കു വെളുപ്പാൻ കാലം എന്ന പാട്ട് ഇതിന് ഉദാഹരണം.

കൈതപ്രം– ജോൺസൺ ആയിരുന്നു തൊണ്ണൂറുകളിൽ ഏറ്റവും ശ്രദ്ധേയരായ സംഗീത ജോഡികൾ. കൈതപ്രം എഴുതിയ പാവം പാവം രാജകുമാരനിലെ പാതിമെയ്, പഴവിള രമേശന്റെ മാളൂട്ടിയിലെ മൗനത്തിൽ, ഞാൻ ഗന്ധർവനിലെ ദേവാങ്കണങ്ങൾ, ദേവീ ആത്മരാഗമായ്, പാലപ്പൂവേ, കുടുംബസമേതത്തിലെ ഊഞ്ഞാലുറങ്ങി, നീലരാവിൽ, സവിധത്തിലെ ബ്രഹ്മകമലം, മൗനസരോവരം, ചമയത്തിലെ രാജഹംസമേ, ചെങ്കോലിലെ മധുരം ജീവാമൃത ബിന്ദു, സല്ലാപത്തിലെ പൊന്നിൽ കുളിച്ചുനിന്നു, ഗിരീഷ് പുത്തഞ്ചേരിയുടെ ഈ പുഴയും കടന്നിലെ പാതിരാപ്പുള്ളുണർന്നു എന്നിങ്ങനെ സവിശേഷ ശൈലികൾ പങ്കിടുന്ന എത്രയോ ഗാനങ്ങൾ.

ഒ.എൻ.വി എഴുതിയ പുറപ്പാടിലെ മഞ്ഞുപെയ്യുന്ന രാത്രിയിൽ, ആകാശദൂതിലെ രാപ്പാടി, രമേശൻ നായരുടെ അനിയത്തിപ്രാവിലെ ഗാനങ്ങൾ, കൈതപ്രം രചിച്ച ഹരികൃഷ്ണൻസിലെ ഗാനങ്ങൾ എന്നിവയിലൂടെ ഔസേപ്പച്ചൻ ഉയർന്നുവന്നു. മോഹൻസിത്താര ഇക്കാലത്തെ ശ്രദ്ധേ സംഗീത സംവിധായകനാണ്. ഒ.എൻ.വി– മോഹൻ സിതാര ടീം എത്രയോ നല്ല ഗാനങ്ങൾ ഒരുക്കി. മുഖചിത്രത്തിലെ ഗാനങ്ങൾ, യൂസഫലി രചിച്ച ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണിൽ എന്ന ഗാനം, വാസന്തിയിലെ ആലിലക്കണ്ണാ, കൈതപ്രം രചിച്ച മഴവില്ലിലെ ശിവദം എന്നിവയെല്ലാം മോഹൻ സിത്താരയെ പ്രസിദ്ധനാക്കി. എസ്.പി വെങ്കിടേഷിന്റെ സംഗീത സംവിധാനത്തിൽ നിരവധി ഗാനങ്ങൾ വന്ന സമയമായിരുന്നു അത്. ഗിരീഷ് പുത്തഞ്ചേരിയെഴുതിയ ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ, ധ്രുവത്തിലെ തളിർവെറ്റില, സ്ഫടികത്തിലെ ഏഴിമലപ്പൂഞ്ചോല (മോഹൻലാൽ, ചിത്ര), കൈതപ്രം എഴുതിയ താരനൂപുരം ചാർത്തി (സോപാനം), വാൽക്കണ്ണെഴുതിയ (പൈതൃകം) എന്നിവയിൽ സംഗീതത്തിന്റെ പരമ്പരാഗത വഴികളെ പിന്തുടരുന്നുണ്ട്, വെങ്കിടേഷ്.


ശരത് എന്ന സംഗീത സംവിധായകന്റെ വരവാണ് ഈ കാലത്തെ സമൃദ്ധമാക്കിയത്. ക്ഷണക്കത്തിലെ സല്ലാപം, ഒ.എൻ.വി രചിച്ച പവിത്രത്തിലെ ശ്രീരാഗമോ, പി.കെ. ഗോപിയുടെ ഒറ്റയാൾപ്പട്ടാളത്തിലെ മായാമഞ്ചലിൽ എന്നിവയെല്ലാം ഇതിലുൾപ്പെടും. ഒ.എൻ.വി എഴുതിയ തുമ്പോളിക്കടപ്പുറത്തിലെ കാതിൽ തേന്മഴയായ് എന്ന ഗാനത്തിലൂടെ സലിൽ ദാ അവസാനമായി വീണ്ടും മലയാളത്തിലേക്കുവന്നു. ഇളയരാജ, സൂര്യപുത്രിയിലെ ഗാനങ്ങൾ കൊണ്ടുവന്നു. പപ്പയുടെ സ്വന്തം അപ്പൂസിലെ എല്ലാ ഗാനങ്ങളും ഇളയരാജയുടെ കരസ്പർശത്താൽ അനുഗൃഹീതയായി. ബിച്ചുവിന്റെ വരികളിൽ എ.ആർ. റഹ്മാൻ സംഗീതസ്വരം പാകിയത് യോദ്ധയിലായിരുന്നു.

വിദ്യാസാഗർ മലയാളത്തിന്റെ പടികടന്നെത്തുന്ന കാലം, കൈതപ്രത്തിന്റെ അഴകിയ രാവണനിലെ പ്രണയമണിത്തൂവൽ, വെണ്ണിലാ ചന്ദനക്കിണ്ണം എന്നിവ ശ്രദ്ധേയമായി. ഗിരീഷ് എഴുതിയ പിന്നെയും പിന്നെയും (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്), ഒരു രാത്രികൂടി (സമ്മർ ഇൻ ബത്ലഹേം), രമേശൻ നായർ എഴുതിയ മഞ്ഞുപെയ്യണ്, ബിച്ചു തിരുമല എഴുതിയ പ്രായം നമ്മിൽ, മിഴിയറിയാതെ (നിറം) എന്നീ ഗാനങ്ങൾ എടുത്തു പറയേണ്ടതാണ്. ഗിരീഷിന്റെ വരികളിൽ ആരോ കമിഴ്ത്തിവച്ച എന്ന ഗാനം മലയാളികൾക്കു തിരുവോണക്കൈനീട്ടമായി.

ബിച്ചു എഴുതി എസ്. ബാലകൃഷ്ണൻ സംഗീതം നൽകിയ വിയറ്റ്നാം കോളനിയിലെ ഗാനങ്ങൾ, ഭരതന്റെ താഴ്വാരത്തിലെ കൈതപ്രം രചിച്ച കണ്ണെത്താ ദൂരം, കേളിയിലെ താരം വാൽക്കണ്ണാടി, എം.ഡി. രാജേന്ദ്രൻ രചിച്ച് കീരവാണി ഈണം പകർന്ന ദേവരാഗത്തിലെ ശശികല ചാർത്തിയ, ശിശിരകാല ഇങ്ങനെ റഫീഖ് അഹമ്മദ് എഴുതി രമേശ് നാരായണൻ ഈണമിട്ട ഗർഷോമിലെ പറയാൻ മറന്ന പരിഭവങ്ങൾ (ഹരിഹരൻ) പതിവ് സിനിമാഗാനശൈലിയിൽനിന്ന് വ്യത്യസ്തമായി ഗസൽ സങ്കൽപത്തിന് ബലം നൽകുന്നു. ഗസൽഘടനകൾ ഒത്തുചേരുന്ന ഗാനങ്ങൾ ആയിരുന്നു രമേശ് നാരായണന്റേത്.

രണ്ടായിരം പിറന്നതോടെ പുതിയ ഗായകർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ എന്നിവർ പലരും രംഗത്തെത്തി. മില്ലനിയം സ്റ്റാറിൽ വിദ്യാസാഗർ വീണ്ടും രംഗത്തു വന്നപ്പോൾ ഫ്യൂഷൻ രീതിയിലുള്ള പ്രാധാന്യം നൽകി. വിജയ് യേശുദാസിന്റെ വരവും ഈ സിനിമയിലൂടെയായിരുന്നു. ചിങ്ങമാസം (ശങ്കർ മഹാദേവൻ, റിമി ടോമി) എന്ന ഗാനത്തിലൂടെ ജനപ്രിയതയുടെ തരംഗങ്ങൾ ഒന്നൊഴിയാതെ വന്നു. ബിയാർ പ്രസാദ് രചിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് (വിനീത് ശ്രീനിവാസൻ, സുജാത), ഒന്നാംകിളി എന്നീ ഗാനങ്ങളിലൂടെ വിദ്യാസാഗറിന്റെ ജനപ്രിയത ഏറുകയായിരുന്നു.

യൂസഫലി എഴുതിയ കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണേ (കലാഭവൻ മണി), കൈതപ്രം എഴുതിയ സുഖമാണീ നിലാവ് എന്നീ ഗാനങ്ങളിലൂടെ മോഹൻ സിത്താര വീണ്ടും സാന്നിധ്യമുറപ്പിച്ചു. തെങ്കാശിപ്പട്ടണത്തിലെ ഗാനങ്ങളിലൂടെ സുരേഷ് പീറ്റർ ശ്രദ്ധേയനായി. ഗിരീഷിന്റെ വരികളിൽ ഇളയരാജ സംഗീത മാന്ത്രികത പകർന്ന അച്ചുവിന്റെ അമ്മയിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി.

ഇതിനിടയിൽ രവീന്ദ്രൻ തന്റെമായിക സംഗീതത്തിന്റെ രാഗധ്വനികൾ പാട്ടിൽ ചേർത്തുവയ്ക്കുകയായിരുന്നു. ഗിരീഷ് പുത്തഞ്ചേരി രചിച്ച നന്ദനത്തിലെ ഗാനങ്ങൾ (മൗലിയിൽ), ശ്രീലവസന്തം, വടക്കുംനാഥനിലെ ഗംഗേ, കളഭം തരാം എന്നീ ഗാനങ്ങളിലൂടെ രവീന്ദ്രൻ പിന്നെയും രാഗസംഗീതവിചാരങ്ങൾ തീർത്തു. കൈതപ്രം രചിച്ച് കൈതപ്രം വിശ്വനാഥൻ സംഗീതം നൽകിയ കണ്ണകിയിലെ ഗാനങ്ങൾ ആളുകളെ ആകർഷിച്ചു.

എം. ജയചന്ദ്രൻ ആയിരുന്നു പിന്നീടുള്ള പത്തുവർഷക്കാലം ചലച്ചിത്ര സംഗീതത്തിൽ നെടുംതൂണായി നിന്നത്. രമേശൻ നായർ എഴുതിയ വാൽക്കണ്ണാടിയിലെ മണിക്കുയിലേ, ഗിരീഷ് പുത്തഞ്ചേരി രചിച്ച ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ, റഫീഖ് എഴുതിയ പെരുമഴക്കാലത്തിലെ രാക്കിളിതൻ എന്നിവയിലൂടെ എം. ജയചന്ദ്രൻ ജനമനസുകളിൽ സ്‌ഥാനമുറപ്പിച്ചു. കൈതപ്രമെഴുതിയ ക്രോണിക് ബാച്ചിലറിലെ ചിരി ചിരിയേ, ഉദയനാണു താരത്തിലെ കരളേ കരളിന്റെ എന്നിവ ദീപക് ദേവിനെ പ്രശസ്തനാക്കി. വെള്ളിത്തിരയിലെ പച്ചമാങ്ങയും ജലോത്സവത്തിലെ കേരനിരകളാടും എന്നിവ അൽഫോൻസിന്റെ പാട്ടുകളെ ജനശ്രദ്ധയിലേക്ക് എടുത്തുയർത്തി. ഫോർ ദി പീപ്പിളിലെ ലജ്‌ജാവതിയേ എന്ന ഗാനത്തിലൂടെ ജാസി ഗിഫ്റ്റ് മലയാളത്തിൽ സവിശേഷമായ സംഗീത തരംഗമുയർത്തി. വിധു പ്രതാപും വിനീത് ശ്രീനിവാസനും ഇക്കാലയളവിൽ ശ്രദ്ധിക്കപ്പെട്ടു.

ന്യൂ ജനറേഷൻ സംഗീതം

2010–നുശേഷമുള്ള പുതിയ കാലത്തിന്റെ ഗാനങ്ങൾ സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. പാട്ടുകൾ ഇത്തരം സിനിമകളിൽ ചെറുമർമരങ്ങളായി മാറി. കംപ്യൂട്ടർ സംഗീതത്തിന്റെ പിടിയിൽ അമരുകയായിരുന്നു സംഗീതാസ്വാദകർ. എം. ജയചന്ദ്രനും ബിജിപാലും ആയിരുന്നു ഇതിനിടയിലെ അപവാദങ്ങൾ. ഒ.എൻവി– എം. ജയചന്ദ്രൻ ടീമിന്റെ ഹൃദയത്തിന്റെ മധുപാത്രം, പ്രണയത്തിലെ പാട്ടിൽ ഈ പാട്ടിൽ, റഫീഖ് എഴുതിയ സെല്ലുലോയ്ഡിലെ ഗാനങ്ങൾ എന്നിവ ജനപ്രിയത നേടി. മറ്റുള്ള ഗായികമാരെ പിന്തള്ളി ശ്രേയാ ഘോഷാൽ മുൻപിലേക്കുവന്നു. മഞ്ജരിയും രാജലക്ഷ്മിയും സിതാരയും ഗായത്രിയും ശ്വേതയുമെല്ലാം പാട്ടുകൾ പങ്കിട്ടു. കാത്തിരുന്നു കാത്തിരുന്നു.. ചില മെലഡികൾ വന്നുപോയി. ഗോപിസുന്ദറിന്റെ ഫ്യൂഷൻ സംഗീതവും മരുഭൂമിയുടെ സംഗീതവും എല്ലാം ആളുകൾക്കു പുതിയ അനുഭവങ്ങളായി. രമേഷ് നാരായണന്റെ ഗാനങ്ങൾ അതിന്റെ പാറ്റേണുകളിൽ വ്യത്യാസപ്പെട്ടുനിന്നു. ന്യൂ ജനറേഷൻ സിനിമയിലെ പുതിയ സംഗീത സംവിധായകർ, ഗാനരചയിതാക്കൾ (പ്രേമത്തിലെ ഗാനങ്ങൾ, ആമേനിലെ ഗാനങ്ങൾ) അങ്ങനെ പലരും രംഗത്തെത്തി. ആർക്കും സംഗീതം ചെയ്യാൻ കഴിയും, ആർക്കും എഴുതാൻ കഴിയും എന്നുള്ള അവസ്‌ഥ കൈവന്നു. പുതിയ സംഗീത സംസ്കാരത്തിനുള്ള സാധ്യതകളെ തള്ളിക്കളയാൻ കഴിയില്ല. ജീവിതത്തിന്റെ അവസ്‌ഥകൾ ആവിഷ്കരിക്കുന്ന ഗാനങ്ങൾ എന്ന നിലയിൽ ഇവയെല്ലാം നിരീക്ഷക്കപ്പെടുന്നു.

സമകാലിക സംഗീത സങ്കേതങ്ങളുമായി സിനിമാസന്ദർഭങ്ങളെ ചേർത്തുവയ്ക്കേണ്ടി വരുമ്പോൾ പുതിയ തലമുറകൾക്കുള്ള വ്യത്യസ്തമായൊരു സംഗീത വിനിമയത്തിനു നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ഇതു ജനപ്രിയ സംഗീതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അയാളപ്പെടുത്തലുകളുമായി പരിഗണിക്കപ്പെടുമെന്നത് തീർച്ചയാണ്.

എഴുപതുകളുടെ സംഗീത ഭൂമിക

എഴുപതുകളുടെ സംഗീത ഭൂപടത്തിൽ പാട്ടുകൾക്കുള്ള സ്‌ഥാനം ഏതളവിൽ കാണുമെന്നതറിയാൻ പ്രയാസമാണ്. ചുവന്ന ദശകത്തിന്റെ സജീവതയിൽപോലും കാൽപനികതയുടെ ഭാവസംഗീതത്തിനുതന്നെ പ്രാധാന്യം കിട്ടിയെന്നുതന്നെ വേണം കരുതാൻ. അറുപതുകളിൽ തുടർന്നുപോന്ന സംഗീത രീതികളുടെ മാതൃകകൾതന്നെയായിരുന്നു എഴുപതുകളുടെ ആദ്യകാലങ്ങളിലും ഉണ്ടായത്. നമ്മുടെ ശബ്ദബോധത്തെ സ്വാധീനിക്കുന്ന പ്രധാന സാന്നിധ്യമായി മാറുകയായിരുന്നു യേശുദാസ്. ജയചന്ദ്രനും ബ്രഹ്മാനന്ദനും തൊട്ടുപിറകിലുണ്ടായിരുന്നു. ജാനകിയും സുശീലയും മാധുരിയും തങ്ങളുടേതായ കനത്ത സംഭാവനകൾ സംഗീതത്തിനു നൽകിയ കാലഘട്ടംകൂടിയാണിത്. ദേവരാജൻ– മാധുരി സംഗമത്തിൽനിന്ന് നിരവധി ഗാനങ്ങൾ പിറന്നു. സംഗീത സംവിധായകരിൽ പലരും മേൽപറഞ്ഞ ശബ്ദങ്ങളുടെ അളവുകൾക്കനുസരിച്ചുള്ള ഗാനമാതൃകകൾ നിർമിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. കാൽപനിക ഭാവമുള്ള മലയാള പദങ്ങളുടെ ധാരാളിത്തമായിരുന്നു പാട്ടിലെ വരികളെ നിയന്ത്രിച്ചിരുന്നത്. പ്രകൃതിയുടെ വൈവിധ്യമാർന്ന ശബ്ദസിംഫണികളെ വരികളുമായി ചേർത്തുവച്ചായിരുന്നു ഗാനരചനയിലെ അധികപങ്കും നിർവഹിച്ചിരുന്നത്. സംഗീതാത്മകമായ അക്ഷരവ്യൂഹങ്ങൾ വരികളിൽ സ്വാഭാവികമായി നിർമിക്കുവാൻ ഗാനരചയിതാക്കൾ സമയം കണ്ടെത്തുകയുണ്ടായി. എങ്കിലും അറുപതുകളിൽ ഉണ്ടായിട്ടുള്ള സംഗീതശൈലികളിൽനിന്നും ഏറെയൊന്നും വ്യത്യസ്തത പുലർത്താത്ത ഗാനങ്ങൾതന്നെയായിരുന്നു ഇവ. വയലാർ– ദേവരാജൻ സമാഗമത്തിന്റെ അവസാന നാളുകളിലേക്കുള്ള പ്രയാണം ആയിരുന്നു അത്. യവനസുന്ദരി (പേൾവ്യൂ), സ്വർഗപുത്രി (നിഴലാട്ടം), പാമരം പളുങ്കുകൊണ്ട് (ത്രിവേണി), സുമംഗലി നീ (വിവാഹിത) ഇങ്ങനെ പറഞ്ഞാൽ തീരാത്ത സംഗീത്തിന്റെ ചില ആദ്യകിരണങ്ങൾ നമ്മുടെ ചലച്ചിത്ര സംഗീതത്തിലേക്ക് എത്തിനോക്കുന്ന കാലഘട്ടംകൂടിയായിരുന്നു അത്. വിപ്ലവഗാനങ്ങളുടെ സാധ്യതകൾ എഴുപതുകളിൽ രൂപപ്പെട്ടിരുന്നു. എല്ലാരും പാടത്ത് (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി) സർവരാജ്യ തൊഴിലാളികളേ (അനുഭവങ്ങൾ പാളിച്ചകൾ) എന്നിങ്ങനെ ഈ ഗാനങ്ങളിൽ സമരോത്സുകതയുടെ പ്രവാഹ ഗതികൾ സമന്വയിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സംഗീതത്തിന്റെ ഫോക് അംശത്തെ അത്രയധികമൊന്നും സംഗീതത്തിലേക്കു കൊണ്ടുവരാൻ അവയുടെ ശിൽപികൾക്കു കഴിഞ്ഞില്ല എന്ന പരിമിതി പിന്നെയും ബാക്കി നിൽക്കുന്നു.

ഭാസ്കരനും ദേവരാജനും വീണ്ടും ഒരുമിക്കുകയാണ് ഈ കാലഘട്ടത്തിൽ. എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ (അച്ചാണി), ഇന്നെനിക്കു പൊട്ടുകുത്താൻ (ഗുരുവായൂർ കേശവൻ) എന്നിവ അതിലെ സന്ദർഭവും സംഗീതവും സമന്വയിച്ചപ്പോൾ ജനപ്രിയങ്ങളായി തീർന്നു. ദേവരാജനും ശ്രീകുമാരൻ തമ്പിയും സമന്വയിച്ചപ്പോൾ ജനപ്രിയങ്ങളായി തീർന്നു. ദേവരാജനും ശ്രീകുമാരൻ തമ്പിയും ഇണങ്ങിയും പിണങ്ങിയും സൃഷ്ടിച്ച ഈണങ്ങൾക്കുമുണ്ടായിരുന്നു പുതുമകൾ. രാക്കുയിലിൻ രാഗസദസിൽ (കാലചക്രം), മലയാള ഭാഷതൻ (പ്രേതങ്ങളുടെ താഴ്വര– പി. ജയചന്ദ്രൻ), മംഗളം നേരുന്നു ഞാൻ (ഹൃദയം ഒരു ക്ഷേത്രം) എന്നിങ്ങനെയുള്ള ഗാനങ്ങൾ ജനപ്രിയതയുടെ സംഗീതമേറ്റെടുത്തു. യൂസഫലി കേച്ചേരിയും ദേവരാജനും തമ്മിൽ ഒരുമിച്ചുണ്ടായ ശ്രദ്ധേയഗാനങ്ങളെ നിരീക്ഷണ വിധേയമാക്കേണ്ടതാണ്. ഓമലാളെ കണ്ടുഞാൻ (സിന്ദൂരച്ചെപ്പ്), മുറുക്കിച്ചുവന്നതോ (ഈറ്റ), പതിനാലാം രാവുദിച്ചത് (മരം) എന്നിങ്ങനെയുള്ള വരികളിലെ ലാളിത്യം പാട്ടിലും ഇണങ്ങിനിൽക്കുന്നു.

ബിച്ചു തിരുമല എന്ന പാട്ടെഴുത്തുകാരൻ കടന്നുവരുന്നത് ഈ കാലഘട്ടത്തിലായിരുന്നു. ദേവരാജൻ സംഗീതം നൽകിയ പ്രണയ സരോവര തീരം (ഇന്നലെ, ഇന്ന്) എന്ന ഗാനം മാത്രം മതിയായിരുന്നു ബിച്ചുവിനെ ജനപ്രിയനാക്കാൻ. ദക്ഷിണാമൂർത്തിയുടെ സംഗീതമികവുകൾ എഴുപതുകളുടെ മധ്യകാലത്തെ മനോഹരമാക്കി. ഇന്നലെ നീയൊരു (സ്ത്രീ), ഹർഷബാഷ്പം തൂകി (മുത്തശി), കാട്ടിലെ പാഴ്മുളം (വിലയ്ക്കു വാങ്ങിയ വീണ)... ഇങ്ങനെയുള്ള ഗാനങ്ങളിൽ ക്ലാസിക്കൽ സംഗീതസ്പർശത്തിന്റെ മാറ്റുണ്ട്. വയലാറും ദക്ഷിണാമൂർത്തിയും ഒത്തുചേർന്ന ചിത്രശിലാ പാളികൾ (ബ്രഹ്മചാരി) എന്ന ഗാനം ഈ കാലഘട്ടത്തിലേതുതന്നെ. ഒ.എൻ.വിയും ദക്ഷിണാമൂർത്തിയും ഒന്നിച്ചുചേർന്ന ഗാനങ്ങളിൽ ഈശ്വരൻ മനുഷ്യനായ് (ശ്രീ ഗുരുവായൂരപ്പൻ) ഏറെ ശ്രദ്ധ നേടി.

ശ്രീകുമാരൻ തമ്പിയും ദക്ഷിണാമൂർത്തിയും തമ്മിലുള്ള മനപ്പൊരുത്തം നിരവധി ഗാനങ്ങൾക്കു വഴിതെളിക്കുകയുണ്ടായി. മനോഹരി നിൻ (ലോട്ടറി ടിക്കറ്റ്), സന്ധ്യക്കെന്തിനു സിന്ദൂരം (മായ), പൊൻവെയിൽ (നൃത്തശാല), ചന്ദനത്തിൽ (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു), താരക രൂപിണി (ബ്രഹ്മാനന്ദൻ) ഇങ്ങനെ മെലഡികളുടെ മായികതയിൽ ഭാവപ്രപഞ്ചം തീർക്കുകയായിരുന്നു ഇരുവരും. ശ്രീകുമാരൻ തമ്പിയും എം.കെ. അർജുനനും ആയിരുന്നു മറ്റൊരു സംഗീത സമാഗമത്തിന് വഴിതെളിയിച്ചവർ. നീലനിശീഥിനി (ബ്രഹ്മാനന്ദൻ), സുഖമൊരു ബിന്ദു (ഇതു മനുഷ്യനോ), കസ്തൂരി മണക്കുന്നല്ലോ, വാൽക്കണ്ണെഴുതി (പിക്നിക്) എന്നിവയിൽ ഇവയിൽ പ്രധാനപ്പെട്ടതാണ്. ശ്രീകുമാരൻ തമ്പിയും എം.എസ്. വിശ്വനാഥനും സംഗമിച്ച ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം) എന്ന ഗാനം കല്യാണി രാഗത്തിന്റെ സമസ്ത ഭാവതലങ്ങളെയും തഴുകിയുണർത്തുന്നുണ്ട്. ഈശ്വരനൊരിക്കൽ, സ്വർഗനന്ദിനി, തിരുവാഭരണം (ലങ്കാദഹനം) എന്നിവയെല്ലാം ഈ സമാഗമത്തിലെ പ്രസിദ്ധ ഗാനങ്ങളാണ്. എ.ടി. ഉമ്മർ സംഗീതംചെയ്ത പൊട്ടിക്കരഞ്ഞുകൊണ്ടോമലേ (അഭിമാനം), വേദ്പാൽ ശർമ സംഗീതം ആവിഷ്കരിച്ച ഏഴിലംപാല പൂത്തു എന്ന ഗാനവും ശ്രീകുമാരൻ തമ്പിയുടെ വരികൾക്കു ലഭിച്ച അംഗീകാരമാണ്. ഇതിനിടയിൽ ഭാസ്കരനും രാഘവനുമൊന്നിച്ച നാളികേരത്തിന്റെ നാട്ടിൽ (തുറക്കാത്ത വാതിൽ), ഏകാന്ത പഥികൻ (ഉമ്മാച്ചു– ജയചന്ദ്രൻ എന്നിവ വരികളിലെ ലാളിത്യംകൊണ്ടും ഈണത്തിലെ മധുരസ്പർശംകൊണ്ടും ഏറെ ജനകീയമായി. ഒ.എൻ.വി– രാഘവൻ കൂട്ടുകെട്ടിലെ ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം) എന്ന ഗാനം അതിന്റെ പശ്ചാത്തല സംഗീതം കൊണ്ടും മികച്ചതായി മാറി. ഭാസ്കരനും ഉഷാഖന്നയും ചേർന്ന നീ മധു പകരൂ (മൂടൽമഞ്ഞ്), ഉണരൂ വേഗം നീ എന്നീ ഗാനങ്ങൾ ഓർക്കസ്ട്രേഷന്റെ പുതിയ ഭാവതലങ്ങൾ ജനങ്ങളിലേക്ക് പകരുകയായിരുന്നു. സലിൽ ചൗധരി – ഭാസ്കരൻ സമാഗമത്തിൽവന്ന അപൂർവം ഗാനങ്ങളിൽ ഒന്നാണ് അമ്പിളിയും സുജാതയും ഒന്നിച്ചാലപിച്ച തുമ്പീ തുമ്പീ തുള്ളാൻ വായോ (അപരാധി).

സലിൽദായുടെ ഓർക്കസ്ട്രേഷൻ ഹാർമണിയുടെ സമസ്ത ചാരുതകളും ആവാഹിക്കുന്ന നിരവധി ഗാനങ്ങൾ ഇക്കാലത്തുണ്ടായി. വയലാർ രചിച്ച കദളി ചെങ്കദളി (നെല്ല്– ലതാ മങ്കേഷ്കർ), കാട് കറുത്ത കാട് (നീലപ്പൊൻമാൻ), മനയ്ക്കലെ തത്തേ (രാസലീല), ഇവിടെ കാറ്റിനു സുഗന്ധം (രാഗം), ഓമനത്തിങ്കൾ പക്ഷി (സുശീല)... ഇങ്ങനെ നിരവധി ഗാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഒ.എൻ.വിയുടെ വരികളിൽ സലിൽദാ ഈണത്തിന്റെ വിരൽമീട്ടിയ മാനേ മാനേ, നീ വരൂ കാവ്യദേവതേ (സ്വപ്നം), മാടപ്രാവേ വാ, നീ മായും നിലാവോ, സന്ധ്യേ, സാഗരമേ ശാന്തമാക നീ (മദനോത്സവം), പാദരേണു തേടി (ദേവദാസി), ഓർമകളേ കൈവള ചാർത്തി പ്രതീക്ഷ, ശ്രീകുമാരൻ തമ്പിയുടെ വരികളിൽ മലർക്കൊടിപോലെ (വിഷുക്കണി), പൂമാനം പൂത്തുലഞ്ഞു, ശ്രീപദം വിടർന്ന (ഏതോ ഒരു സ്വപ്നം).. ഇങ്ങനെ സലിൽ ദാ മലയാള ഗാനങ്ങളിൽ കൊണ്ടുവന്ന ശൈലീപരമായ ആകർഷകത്വം എടുത്തുപറയേണ്ടതാണ്. ഒ.എൻ.വിയുടെ ഗാനങ്ങളിൽ നിറയുന്ന കാവ്യസൗഭഗം അതേപടി ലാളിത്യഭാവത്തോടെ ആവിഷ്കരിച്ചവരിൽ പ്രധാനിയായിരുന്നു എം.ബി.എസ്. വരികളിലെ അർഥത്തിലേക്കുള്ള ഈണത്തിന്റെ മൗനസംക്രമണമായിരുന്നു എം.ബി.എസ് സംഗീതം നിർവഹിച്ചത്. ബന്ധനത്തിലെ രാഗം ശ്രീരാഗം (പി. ജയചന്ദ്രൻ), ഉൾക്കടലിലെ കൃഷ്ണ തുളസി, എന്റെ കടിഞ്ഞൂൽ, നഷ്ടവസന്തത്തിൽ, ശരദിന്ദു എന്നിവയെല്ലാം എക്കാലത്തെയും മികച്ച കാവ്യ സംഗീതമായി കാണുവാൻ കഴിയും. യൂസഫലി കേച്ചേരിയും ബാബുരാജും ഒന്നിച്ച ദ്വീപിലെ (കടലേ നീലക്കടലേ) എന്ന ഗാനത്തിലെ ആലാപന വ്യത്യസ്തകൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമായി.