മണ്ണിനും മനുഷ്യനും ചതുരപ്പയർ
മണ്ണിനും മനുഷ്യനും ചതുരപ്പയർ
Tuesday, September 27, 2016 4:43 AM IST
അടുക്കളത്തോട്ടങ്ങൾക്ക് അലങ്കാരവും അഴകു മാണ് ചതുരപ്പയർ. മനുഷ്യ ശരീരത്തിനും മനസിനും ഉണർവും മണ്ണിന് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിത്.

നല്ല നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും ചതുരപ്പയർ കൃഷി ചെയ്യാം. കാലിത്തീറ്റയായും ആവരണവിളയായും കൃഷി ചെയ്യുന്നവരുമുണ്ട്. വളക്കൂറ് തീരെക്കുറവുള്ള മണ്ണിൽ ചതുരപ്പയർ വിളയിച്ചെടുത്താൽ മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടാൻ സാധിക്കും.

കൃഷിരീതി

ഏകദേശം 45 സെന്റീമീറ്റർ വീതിയിലും 30 സെന്റീമീറ്റർ ഉയരത്തിലും എടുത്ത വാരങ്ങളിൽ വിത്തു വിതയ്ക്കാം. ഒരു ചുവട്ടിൽ മൂന്നു വിത്തുകൾ ധാരാളം. വിത്തിട്ട് പത്തു ദിവസം കഴിഞ്ഞു മാത്രമേ മുളയ്ക്കു. ആദ്യ ഒരു മാസം വളരെ പതുക്കെയായിരിക്കും ചെടിയുടെ വളർച്ച. അതിനുശേഷം വേഗത്തിൽ വളരാൻ തുടങ്ങും. അടിവളമായി സെന്റൊന്നിന് 80 കിലോഗ്രാം കാലിവളം നൽകാം. ചെടി പടർന്നു കയറാൻ താങ്ങോ പന്തലോ ആവശ്യമാണ്. വിത്തിട്ട് 70–75 ദിവസത്തിനുള്ളിൽ കറിക്കു യോജിച്ച ഇളംകായ്കൾ വിളവെടുപ്പു പരുവമെത്തും. മൂന്നാഴ്ച മൂപ്പായാൽ നാരുകൾ വർധിച്ച് ഭക്ഷ്യയോഗ്യമല്ലാതാവുന്നു. ഒരു ചെടിയിൽ നിന്നു മാത്രം ശരാശരി 30–35 കായ്കൾ ലഭിക്കും.


ചുതുരപ്പയറിന്റെ എല്ലാഭാഗങ്ങളും കറിക്കായി എടുക്കാം. ഇളം കായ്കൾ, വിത്തുകൾ, ഇലകൾ, പൂക്കൾ തുടങ്ങിയവയെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഈ വിള സ്വന്തം അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കാം.

–എൽ.എസ്. പ്രിയ