ഹീറോ അച്ചീവർ 150 പുറത്തിറക്കി
ഹീറോ അച്ചീവർ 150 പുറത്തിറക്കി
Wednesday, September 28, 2016 4:36 AM IST
ന്യൂഡൽഹി: ഉയർന്ന മൈലേജും 150 സിസി കരുത്തുമായി ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും പുതിയ ബൈക്ക് അച്ചീവർ 150 നിരത്തിലിറക്കി. അച്ചീവറിന്റെ റെഗുലർ ബൈക്കുകൾക്കു പുറമേ ഹീറോയുടെ വില്പന ഏഴു കോടി കടന്നതു പ്രമാണിച്ച് ത്രിവർണ നിറത്തിൽ അച്ചീവറിന്റെ ലിമിറ്റഡ് എഡിഷനും പുറത്തിറക്കുന്നുണ്ട്. ലിമിറ്റഡ് എഡിഷനിൽ 70 ബൈക്കുകൾ മാത്രമേ വിപണിയിലിറക്കൂ. ലിമിറ്റഡ് എഡിഷനും റെഗുലർ മോഡലുകൾക്കും ഒരേ വിലയായിരിക്കും.

ഹീറോയിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ സ്പ്ലെൻഡർ ഐ സ്മാർട്ട് 110ൽ ഉപയോഗിച്ചിരിക്കുന്ന എൻജിൻ ടെക്നോളജി അച്ചീവറിലും നല്കിയിരിക്കുന്നു. ന്യൂട്ടറൽ ഗിയറിൽ ടയറുകളുടെ റൊട്ടേഷൻ നിലച്ചാലുടൻ എൻജിൻ സൈലന്റ് മോഡിലേക്ക് പോകുകയും പിന്നീട് ക്ലച്ച് പിടിച്ചാൽ എൻജിൻ സ്റ്റാർട്ട് ആവുകയും ചെയ്യുന്നു. ഉയർന്ന ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.


149 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 12.8 എൻഎം ടോർക്കും 13.6 പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

ഹീറോ അച്ചീവറിന്റെ ഡ്രം ബ്രേക്ക് മോഡലിന് 61,800 രൂപയും ഡിസ്ക് ബ്രേക്ക് മോഡലിന് 62,800 രൂപയുമാണു വില.