ലോകത്തെ ഏറ്റവും ചെറിയ ഇങ്ക്ജെറ്റ് പ്രിന്ററുമായി എച്ച്പി
ലോകത്തെ ഏറ്റവും ചെറിയ ഇങ്ക്ജെറ്റ് പ്രിന്ററുമായി എച്ച്പി
Friday, September 30, 2016 3:07 AM IST
പൊതുവെ പ്രിന്റ് എന്നുകേട്ടാൽ മുഖംതിരിക്കുന്നവർക്കുപോലും പ്രിന്റർ അത്യാവശ്യമാണ്. കംപ്യൂട്ടർ വാങ്ങുന്നവർ ഉപയോഗമില്ലെങ്കിൽപ്പോലും ഒരു പ്രിന്റർകൂടി വാങ്ങുകയാണ് പതിവ്. ഇതാ, പ്രിന്റിംഗ് ശരിക്കും ആവശ്യമുള്ളവർക്കായി എച്ച്പി പുതിയ മോഡൽ ഇങ്ക്ജെറ്റ് പ്രിന്ററുമായി വന്നിരിക്കുന്നു. ലോകത്തെ ഏറ്റവും ചെറിയ ഓൾ–ഇൻ–വൺ പ്രിന്ററുകളാണ് ഇത്തവണ എച്ച്പി അവതരിപ്പിച്ചിട്ടുള്ളത്. എച്ച്പി ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാൻഡേജ് 3700 ഓൾ–ഇൻ–വൺ സീരിസിൽ എത്തുന്ന ഇതിന് 7,176 രൂപയാണ് വില. ഇന്നലെ വിപണിയിൽ എത്തി.

സാധാരണ പ്രിന്റ്, സ്കാൻ, കോപ്പി സൗകര്യങ്ങൾക്കു പുറമേ സോഷ്യൽ മീഡിയയിൽനിന്ന് വളരെ എളുപ്പത്തിൽ പ്രിന്റ് ചെയ്യാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. സാധാരണ ഇങ്ക്ജെറ്റ് ഓൾ–ഇൻ–വൺ പ്രിന്ററുകളുടെ പകുതി വലിപ്പമേ പുതിയ മോഡലിനുള്ളൂ. എച്ച്പി ഓൾ–ഇൻ–വൺ റിമോട്ട് മൊബൈൽ ആപ്ലിക്കേഷനുമായി സിൻക് ചെയ്യാം. സ്മാർട്ട്ഫോണുകൾ, ടാബുകൾ എന്നിവയിൽനിന്ന് വയർലെസായി പ്രിന്റ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് ഡിവൈസുകളിൽ പ്രവർത്തിക്കുന്നതാണ് ആപ്പ്.


വൈ–ഫൈ ഡിറക്ട് സംവിധാനം വഴിയാണ് മൊബൈൽ ഡിവൈസുകളിൽനിന്നുള്ള പ്രിന്റിംഗ് സാധ്യമാകുന്നത്. നെറ്റ്വർക്കിന്റെ ആവശ്യം വരുന്നില്ല. ഫേസ്ബുക്ക്, ഫ്ളിക്കർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽനിന്ന് വളരെ വേഗം പ്രിന്റിംഗ് നടത്താം. പുതിയ തലമുറയുടെ വേഗത്തിന് ഏറ്റവും അനുയോജ്യമാണ് ഈ പ്രിന്ററെന്ന് കമ്പനി അവകാശപ്പെടുന്നു. കുട്ടികളുടെ പഠനാവശ്യങ്ങൾക്കും എളുപ്പത്തിൽ സെറ്റ്–അപ് ചെയ്യാവുന്ന ഈ പ്രിന്റർ ഉപകരിക്കും.

–ഹരിപ്രസാദ്