നീങ്ങാം, മാസ സ്വയംപര്യാപ്തയിലേക്ക്
നീങ്ങാം, മാസ സ്വയംപര്യാപ്തയിലേക്ക്
Friday, September 30, 2016 4:43 AM IST
കേരളത്തിന്റെ 95 ശതമാനവും മാംസാഹാരപ്രിയരാണെന്നാണ് കണക്ക്. ഉദ്ദേശം 50 ലക്ഷം ടൺ ഇറച്ചി കോഴിയായും മട്ടനായും ബീഫായും പന്നിയിറച്ചിയായും ഒരു വർഷം മലയാളികൾ ഭക്ഷിക്കുന്നു.

10,000 കോടി രൂപയിൽ അധികം വർഷംതോറും ഉറപ്പാക്കുന്ന വരുമാന സ്രോതസിനെ നമുക്കിന്നേവരെ കൈപ്പിടിയിലാക്കാൻ കഴിഞ്ഞിട്ടില്ല. വെറും സാധാരണ കർഷകരുടെ ജീവിതമാർഗമാകുന്ന ഈ മേഖലയെ മാറിമാറി വരുന്ന സർക്കാരുകളും കോർപറേഷൻ, മുനിസിപ്പാലിറ്റി പഞ്ചായത്ത് ഭരണ സംവിധാനങ്ങളും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ അപാകത രണ്ടു രീതിയിലാണ് ദോഷം ചെയ്യുന്നത്.

1. 10,000 കോടി രൂപയുടെ സിംഹഭാഗവും അയൽ സംസ്‌ഥാനങ്ങളിലേക്ക് പ്രവഹിക്കുന്നു. കേരളത്തിലെ തന്നെ കർഷകർക്ക് ഉറപ്പായും ലഭിക്കേണ്ട വൻതുകയാണ് ഇതെന്ന് ഓർക്കുക.

2. അന്യസംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന അറവുമാടുകളിൽ ഭൂരിഭാഗവും പ്രായം മുറ്റിയ വണ്ടിക്കാളകളും ഏഴോഎട്ടോ പ്രസവം കഴിഞ്ഞ് വീണ്ടും ചെനയേൽ ക്കാത്ത മുതുകിളവിപ്പശുക്കളും ആണ്. ഇവയുടെ ഗുണമേന്മയില്ലാത്ത ഇറച്ചി, പറയുന്ന വില നല്കി വാങ്ങി ഭക്ഷിക്കേണ്ട സ്‌ഥിതിവിശേഷവും ഇവിടെ സംജാതമായിരിക്കുന്നു.

സംസ്‌ഥാനത്തെ മൂന്നായി ഭാഗിച്ച് കർഷകരുടെ കൂട്ടായ്മയിൽ ഇറച്ചി ഉത്പന്നങ്ങളെ മിൽമ മാതൃകയിൽ സഹകരണമേഖലയിൽ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു. ഈ മൂന്നു മേഖലയിലും ഇറച്ചിസംസ് കരണയൂണിറ്റുകൾ സ്‌ഥാപിച്ചു കർഷകരുടെ കൂട്ടായ്മയിൽ ഇറച്ചിക്കായുള്ള മൃഗങ്ങളെ വളർത്തുവാനും വിലയ്ക്കുവാങ്ങുവാനുമുള്ള സംവിധാനങ്ങളാണ് നമുക്കു വേണ്ടത്. നിലവിലുള്ള മിൽമാ സംവിധാനങ്ങൾ തന്നെ ഇതിനായി ഉപയോഗപ്പെടുത്താം. ക്ഷീരകർഷകർക്ക് ഇതും ഒരു അധികവരുമാനമാർഗമായി മാറ്റാം. സംസ്‌ഥാനത്തെ മൂന്ന് മേഖല പാൽ യൂണിയനുകളുടെ സാരഥികൾക്ക് ഇതിനായി കുറച്ചു സമയം ചെലവാക്കരുതോ?

നെൽകൃഷി ലാഭകരമല്ലാത്തതിനാൽ കാടുകയറി നശിക്കുന്ന നെൽപാടങ്ങൾ, കാട്ടുവള്ളികളും, കുറ്റിച്ചെടികളും കയറി നശിക്കുന്ന പറമ്പുകൾ എന്നിവ കാള, പോത്ത് കുട്ടികളെ വളർത്താൻ അനുയോജ്യമായ ചുറ്റുപാടുകളാണ്. ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താൻ തയാറുള്ള ധാരാളം കർഷകർ ഇവിടെ തന്നെയുണ്ട്. ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടത് വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനമാണ്. ഇതിനു മുൻകൈ എടുക്കേണ്ടത് കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഭരണകർത്താക്കളാണ്.

പശുവളർത്തലിലുള്ള ശാരീരിക അധ്വാനം ഇറച്ചിക്കു വേണ്ടി വളർത്തുന്ന മൃഗങ്ങളുടെ പരിപാലനത്തിൽ വേണ്ടെന്നതാണ് ഈ മേഖലയുടെ പ്രത്യേകത. ഏതാനും പോത്തുകുട്ടികളെ വാങ്ങി പാടത്തോ, എസ്റ്റേറ്റിലോ തുറന്നുവിട്ട് പത്തുമാസത്തിനുശേഷം പിടിച്ച് വിറ്റ് ലാഭം കൊയ്യാം എന്ന ധാരണ കർഷകസംരംഭകർക്ക് ഉണ്ടെങ്കിൽ അതു ശരിയല്ല. ഈ പ്രസ്‌ഥാനത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഇറങ്ങിക്കഴിഞ്ഞവർക്കും പ്രാവർത്തികമാക്കാവുന്ന ചില പ്രവർത്തന ശൈലികൾ താഴെ പറയുന്നു.



1.കാള, പോത്തു കുട്ടികളെ 4–5 മാസം പ്രായത്തിലെങ്കിലും വാങ്ങുക.
2. ഇവയ്ക്ക് 40 കിലോയെങ്കിലും തൂക്കം വേണം.
3. ഇവയുടെ തൊലി ആരോഗ്യമുള്ളതും മുറിവുകൾ, വ്രണങ്ങൾ, ബാഹ്യപരാദങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമാകുന്നു.
4. വയറിളക്കം ഉള്ള കന്നുകുട്ടികളെ വാങ്ങരുത്.
5. ഇവയ്ക്ക് ഉടനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിരമരുന്നു നല്കുക. തുടർന്ന് രണ്ടോ മൂന്നോ മാസം ഇടവിട്ട് വിരമരുന്നു നല്കണം.

6. ഇവയെ വാങ്ങിയ ഉടനെ വരിയെടുക്കുന്നത് (ഇമെേൃമശേീി) നല്ലതാണ്. മൃഗാശുപത്രികളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്.
7. ഡോക്ടറുടെ നിർദേശപ്രകാരം ബാഹ്യപരാദനിയന്ത്രണം (ചെള്ള്, പേൻ, പട്ടുണ്ണി) മാസത്തിൽ ഒന്നോ രണ്ടോ തവണ ഉറപ്പായും പ്രാവർത്തികമാക്കുക.
8. കൂട്ടത്തിൽ ക്ഷീണിച്ച ഒന്നോ രണ്ടോ കന്നുകുട്ടികളുടെ ചാണകം മൃഗാശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു നല്കുക.
9. ഇവയുടെ ശരീരം ആഴ്ചയിൽ മൂന്നോ, നാലോ തവണ ചൂടിക്കയർ ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കുക.
10. പോത്തിൻ കുട്ടികളെ വെള്ളത്തിൽ കിടക്കാൻ അനുവദിക്കുന്നതും അല്ലാത്ത പക്ഷം ഉച്ചസമയത്ത് ശരീരത്തിലും തലയിലും വെള്ളം ഒഴിച്ചു നനയ്ക്കുന്നതും നല്ലതാണ്. കാളക്കുട്ടികളെയും ഇപ്രകാരം ഉച്ചസമയത്ത് കുളിപ്പിക്കുക.
11. ഇവയെ 6–7 മണിക്കൂർ മേയാൻ വിടുന്നതും അല്ലാത്തപക്ഷം തൊഴുത്തിനോട് ചേർന്ന് കുറച്ചു സ്‌ഥലം വളച്ചുകെട്ടി വേർതിരിച്ച് അതിലേക്ക് ചുറ്റിത്തിരിയാൻ വിടുന്നതും അത്യാവശ്യമാണ്. ഇത്തരം സ്‌ഥലത്ത് തണൽ ഉണ്ടായിരിക്കണം.
12. 24 മണിക്കൂറും ഇവയ്ക്ക് കുടിവെള്ളലഭ്യത ഉറപ്പാക്കുക.
13. തൊഴുത്തിന്റെ തറ മണ്ണാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ കുമ്മായം, അല്ലെങ്കിൽ ബ്ലീച്ചിംഗ് പൗഡർ വിതറി വൃത്തിയാക്കുക.
14. തൊഴുത്തിന്റെ തറ കോൺ ക്രീറ്റ് ചെയ്തതാണെങ്കിൽ മാസത്തിൽ ഒരുതവണ നീറ്റുകക്ക വിതറി നനച്ച് 30 മിനിറ്റിനുശേഷം കഴുകുക.
15. അസുഖം വരുന്ന കന്നുകളെ ഉടനെ ചികിത്സിക്കുക.
16. കുളമ്പുദീനം, കുരലടപ്പൻ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ ഉറപ്പാക്കുക.
17. തീറ്റക്രമം

1. ഈ കന്നുകൾക്ക് പ്രായത്തിനനുസരിച്ച് എട്ടു മുതൽ 15 കിലോ വരെ പച്ചപ്പുല്ല് ഉറപ്പായും ദിനംപ്രതി നല്കണം.
2. ഗോതമ്പുതവിട്, അരിത്തവിട്, ബിയർ വേസ്റ്റ്, കപ്പപ്പൊടി, ധാതുലവണ മിശ്രിതം, ഉപ്പ്, യൂറിയ തുടങ്ങിയവ ചേർത്ത കാലിത്തീറ്റ ദിവസവും ഒരു കിലോ വരെ നല്കാം.

3. നാട്ടിൽ ധാരാളം ലഭിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ, കരിമ്പിൻ ചണ്ടി, ചക്ക, വാഴയില, വാഴത്തണ്ട്, കായ്ത്തൊലി, പൈനാപ്പിൾ വേസ്റ്റ്, കപ്പത്തൊലി, കപ്പയില, കശുമാങ്ങ തുടങ്ങിയവ തീറ്റയ്ക്ക് ഉത്തമമാണ്.

4. യൂറിയ സമ്പുഷ്ടീകരണം നടത്തിയ വയ്ക്കോൽ ദിനംപ്രതി 3–5 കിലോ ആറുമാസം മുതൽ പ്രായം കൂടുന്നതിനനുസരിച്ച് ഇവയ്ക്ക് നല്കാവുന്നതാണ്.

5. പച്ചപ്പുല്ലിനോടൊപ്പം പയർ വർഗ, വൃക്ഷഫോഡർ വിളകളായ പീലിവാക, ശീമക്കൊന്ന എന്നിവയുടെ ഇലകൾ വെയിലിൽ ഇട്ട് വാട്ടി ദിവസവും രണ്ടുമൂന്നു കിലോ വീതം ഓരോന്നിനും നല്കാം.

18. കേരളത്തിൽ ജനിക്കുന്ന കന്നുകുട്ടികളിൽ 50 ശതമാനവും കാളക്കുട്ടികളാണ്. അതായത് ഏകദേശം 1.50 ലക്ഷത്തിലധികം വരുന്ന കാളക്കുട്ടികൾ. ഇവയെ വേണ്ടരീതിയിൽ വളർത്തിയാൽത്തന്നെ നല്ല ഇറച്ചി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ നമുക്കു കഴിയും. ഇതിനു തയാറായി വരുന്ന സംരംഭകർക്ക് എല്ലാ സഹായവും ഉറപ്പാക്കുകയാണ് നേരത്തെ സൂചിപ്പിച്ച വകുപ്പുകളും ഭരണസാരഥികളും ചെയ്യേണ്ടത്. ഇതിനാണ് നമുക്ക് മിൽമ മാതൃകയിൽ സഹകരണപ്രസ്‌ഥാനം തയാറാക്കേണ്ടത്. ഫോൺ– 944705 5738

ഡോ. കെ. മുരളീധരൻ
റിട്ട. ജനറൽ മാനേജർ, ഇൻഡോ– സ്വിസ് പ്രോജക്ട്