ഹ്യുണ്ടായി എലാൻട്ര; പേരു പഴയതാണെങ്കിലും ആളു പുതിയതാ...
ഹ്യുണ്ടായി എലാൻട്ര; പേരു പഴയതാണെങ്കിലും ആളു പുതിയതാ...
Tuesday, October 4, 2016 4:48 AM IST
മോഡേണാണെങ്കിലും ശാലീനസുന്ദരിയാണ് – ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എലാൻട്രയെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. സ്റ്റൈലിഷ് ലുക്കിനൊപ്പം പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഹ്യുണ്ടായി ഇപ്പോൾ എലാൻട്രയെ അവതരിപ്പിച്ചിരിക്കുന്നത്. സെഡാൻ സെഗ്മെന്റിലെ എല്ലാ വിരുതന്മാരെയും വെല്ലുവിളിച്ചെത്തിയിരിക്കുന്ന എലാൻട്രയുടെ വിശേഷങ്ങളിലേക്ക്...

രൂപം: രൂപത്തിലും ഭാവത്തിലും പുതുമ ഉൾക്കൊള്ളിച്ചാണ് എലാൻട്രയുടെ വരവ്. പ്രീമിയം സെഡാൻ എന്നതിലുപരി ആഡംബര കാറുകളോടു കിടപിടിക്കുന്ന ഡിസൈനിംഗ് ആണ് മുൻഭാഗത്ത്. ഫ്ളൂയിഡിക് ഡിസൈനിംഗിൽ നിർമിച്ചിരിക്കുന്ന ബോഡിയിൽ അടിമുടി പുതുമകളാണ്. പ്രത്യേകം രൂപകല്പന ചെയ്ത കൺസോളിൽ അല്പം വലുപ്പമേറിയ ഫോഗ് ലാമ്പാണ് ആറാം തലമുറ എലാൻട്രയിൽ നല്കിയിരിക്കുന്നത്. ജാഗ്വറിനു സമാനമായുള്ള എൽഇഡി ലൈറ്റുകളും ഡേ ടൈ ലൈറ്റുകളും വരുന്ന ഹെഡ്ലാമ്പിൽ എവിടെയോ ഒരു യൂറോപ്യൻ സ്റ്റൈൽ പതിഞ്ഞിട്ടുണ്ട്. ഹൊറിസോണ്ടൽ ഷേപ്പിൽ ക്രോം സ്ട്രിപ്പുകൾകൊണ്ട് അലങ്കരിച്ച ഗ്രില്ലും അതേ മെറ്റലിൽ തീർത്ത കമ്പനി ലോഗോയും ചേർന്ന് ആറാം തലമുറ എലാൻട്രയുടെ പുതുമ പൂർണമാക്കുന്നു.

16 ഇഞ്ച് ടയറുകളും അതിനെ പിന്തുണയ്ക്കുന്ന വീൽ ആർച്ചുകളും പ്രധാന ആകർഷണമാണ്. ഇരു ഡോറുകളെയും സ്പർശിച്ചു കടന്നുപോകുന്ന ഷോൾഡർ ലൈനുകൾ ഡോറിന് ഭംഗി നല്കുന്നു. ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകളും ക്രോം പ്ലേറ്റിംഗ് നല്കിയിരിക്കുന്ന ഡോർ ഹാൻഡിലിലും ബെൽറ്റ് ലൈനുകളിലും വിദഗ്ധനായ ശില്പിയുടെ കരവിരുത് പ്രകടമാകുന്നു. പുതുതായി രൂപകല്പന ചെയ്തിരിക്കുന്ന 10 സ്പോർക്ക് 16 ഇഞ്ച് അലോയ് വീലുകളും സൗന്ദര്യം വിളിച്ചോതുന്നുണ്ട്.

പിൻഭാഗത്ത് എവിടെയൊക്കെയോ മുൻഗാമിയായ വെർണയുമായി രൂപസാദൃശ്യമുണ്ടെങ്കിലും അതിനെ മറികടക്കത്തക്ക പുതുമകളും വരുത്തിയിട്ടുണ്ട്. കാറുകളുടെ പിൻഭാഗത്ത് ആദ്യം ശ്രദ്ധയെത്തുന്നത് ടെയ്ൽ ലാമ്പിലായതിനാലാവാം വളരെ മനോഹരമായ ത്രീ സ്പ്ലിറ്റ് എൽഇഡി ടെയ്ൽ ലാമ്പാണ് ഇതിൽ നല്കിയിരിക്കുന്നത്. കൂടാതെ ഷാർക് ഫിൻ ആന്റിനയും ബംപറിന്റെ താഴ്ഭാഗത്തെ ബ്ലാക്ക് ഫൈബർ ഫിനീഷിംഗും ശ്രദ്ധേയമാണ്.
4530എംഎം നീളവും 1775എംഎം വീതിയും 1470എംഎം ഉയരത്തിലുമാണ് എലാട്രയുടെ രൂപകല്പന

ഇന്റീരിയർ: കറുപ്പിന് ഏഴഴക് എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയാണെന്ന് എലാൻട്രയുടെ ബ്ലാക്ക് കളർ ഇന്റീരിയർ തെളിയിക്കുന്നു. ഒരുപക്ഷേ, മറ്റ് മോഡലുകളിൽ അധികം കാണാത്തതിനാലാവാം ഡാർക്ക് ഷെയ്ഡ് ആകർഷകമാകുന്നത്. സോഫ്റ്റ് പ്ലാസ്റ്റിക്കിൽ തീർത്തിരിക്കുന്ന ബ്ലാക്ക് ഡാഷ്ബോർഡിലൂടെ സെന്റർ കൺസോളിനെ ഭേദിച്ചു കടന്നുപോകുന്ന സിൽവർ ലൈനും ആഡംബര കാറുകളോട് മത്സരിക്കാനുതകുന്ന സെന്റർ കൺസോളുമാണ് ഇന്റീരിയറിന്റെ മാറ്റു കൂട്ടുന്നത്. ടോപ്പ് എൻഡ് മോഡലുകളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ സപ്പോർട്ട് ചെയ്യുന്ന എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നല്കിയിരിക്കുന്നത്. സിഡി, ഓക്സിലറി, യുഎസ്ബി, റേഡിയോ എന്നീ സൗകര്യങ്ങൾ അടങ്ങിയ 2—ടിൻ മ്യൂസിക് സിസ്റ്റവും ജിപിഎസ്, റിയർ കാമറാ സ്ക്രീൻ എന്നിവയുമടങ്ങിയതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഗിയർ ലിവറിനു ചുറ്റം അലുമിനിയം ഫിനീഷിംഗിൽ നല്കിയിരിക്കുന്ന ഡമ്മി സ്വിച്ച് എലാൻട്രയുടെ പുതുമയാണ്.


ഓഡിയോ, കോൾ കൺട്രോൾ എന്നീ സ്വിച്ചുകളും ട്രാക്ഷൻ കൺട്രോൾ യൂണിറ്റുമൊഴിച്ചാൽ ഹ്യുണ്ടായിയുടെ മറ്റു മുന്തിയ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റിയറിംഗ് വീലാണ് എലാൻട്രയിലും.

ആർപിഎം, സ്പീഡ് എന്നീ അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ സ്ക്രീനും ഉൾപ്പെടുന്ന ലളിതമായതാണ് മീറ്റർ കൺസോൾ.

സീറ്റുകൾ: പത്തു രീതിയിൽ ക്രമീകരിക്കാൻ ഇലക്ട്രിക്കൽ അഡ്ജസ്റ്റബിൾ െരഡെവർ സീറ്റാണ് എലാൻട്രയിൽ വരുന്നത്. ടോപ്പ് എൻഡ് മോഡലുകൾക്ക് ലെതർ ഫിനീഷിംഗ് സീറ്റുകളും മറ്റു മോഡലുകൾക്ക് ഫാബ്രിക് ഫിനീഷിംഗ് സീറ്റുകളും നല്കിയിരിക്കുന്നു. പിൻസീറ്റ് യാത്രക്കാർക്കും എസി വെന്റുകൾ നല്കിയിട്ടുണ്ട്. 458 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസാണ് എലാൻട്ര നല്കുന്നത്.

സുരക്ഷ: ടോപ് എൻഡ് മോഡലുകളിൽ ആറ് എയർബാഗ്, എബിഎസ്, ഇബിഡി, ഹൈറ്റ് അജസ്റ്റബിൾ സീറ്റ് ബെൽറ്റ്, ഓട്ടോമാറ്റിക് ഡോർ ലോക്ക് എന്നിവ ചേർന്നാണ് സുരക്ഷയൊരുക്കുന്നത്.

എൻജിൻ: പെട്രോൾ, ഡീസൽ എൻജിനുകളിൽ എലാൻട്ര ലഭ്യമാണ്. 2.0 ലിറ്റർ വിടിവിടി പെട്രോൾ എൻജിൻ 1999 സിസി കരുത്തിൽ 178 എൻഎം ടോർക്ക് 152 പിഎസ് പവറാണ് ഉത്പാദിപ്പിക്കുന്നത്. കരുത്തിനൊപ്പം എൻജിനിൽ ഉപയോഗിച്ചിരിക്കുന്ന മൾട്ടി പോയിന്റ് ഫ്യുവൽ ഇഞ്ചക്ഷൻ (എംപിഎഫ്ഐ) സംവിധാനം ഇന്ധനക്ഷമതയ്ക്കു സഹായിക്കുന്നു.

1.6 സിആർഡിഐ ഡീസൽ എൻജിൽ 1582 സിസിയിൽ 260 എൻഎം ടോർക്ക് 128 പിഎസ് കരുത്തുമാണ് പുറന്തള്ളുന്നത്.

സിക്സ് സ്പീഡ് ഗിയർ ബോക്സാണ് ഓട്ടോമാറ്റിക്കിലും മാന്വലിലും ഉപയോഗിച്ചിരിക്കുന്നത്.

മൈലേജ്: ഡീസൽ മോഡലുകൾക്ക് 18 മുതൽ 22.7 കിലോമീറ്റർ വരെയും പെട്രോൾ മോഡലുകൾക്ക് 14.5 മുതൽ 16.3 കിലോമീറ്റർ വരെയുമാണ് കമ്പനിയുടെ വാഗ്ദാനം.

വില: 13.29 ലക്ഷം മുതൽ 19.53 ലക്ഷം രൂപ വരെയാണ് എലാൻട്രയുടെ കോട്ടയത്തെ ഓൺ റോഡ് വില.

ടെസ്റ്റ് െരഡെവ്: പോപ്പുലർ ഹ്യുണ്ടായി, കോട്ടയം. 7356602428

–അജിത് ടോം