വ്യത്യസ്തനാമൊരു...ബാലഭാസ്കർ
വ്യത്യസ്തനാമൊരു...ബാലഭാസ്കർ
Tuesday, October 4, 2016 4:50 AM IST
ബിജോ ജോ തോമസ്

സിനിമയിൽ ഒരു ചാൻസിനായ് പലരും നെട്ടോട്ടമോടുമ്പോൾ 17–ാമത്തെ വയസിൽ സിനിമയിൽ സംഗീതം ചെയ്യാൻ അവസരം ലഭിച്ചയാളാണ് ബാലഭാസ്കർ. പക്ഷേ സിനിമയുടെ ഗ്ലാമറിൽ തന്നിലെ കലാകാരനെ ബലികൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. കോംപ്രമൈസുകൾക്ക് തയാറായിരുന്നെങ്കിൽ തിരക്കുള്ള സിനിമാ സംഗീതക്കാരനാകാമായിരുന്ന ബാലഭാസ്കർ അതുപേക്ഷിച്ചു സ്വന്തമായ പാത വെട്ടിത്തുറക്കുകയായിരുന്നു. ഒരു സിനിമാ ഗായകനോ സംഗീത സംവിധായകനോ ലഭിക്കുന്നതിലും പ്രശസ്തിയും ആരാധകരെയും നേടിയെടുക്കാൻ ഇന്നു ബാലഭാസ്കറിനു കഴിഞ്ഞു. തിരുവനന്തപുരത്തെ വസതിയിലിരുന്ന് അദ്ദേഹം മനസു തുറക്കുന്നു...

താങ്കൾ ഫീൽഡിൽ വരുന്ന സമയത്ത് എല്ലാവരുടെയും ലക്ഷ്യം സിനിമാ സംഗീതമായിരുന്നു. അതിൽ നിന്നു വഴിമാറി സ്വന്തമായ ഒരു ഐഡന്റിറ്റി നിലനിർത്തുകയായിരുന്നു ബാലഭാസ്കർ. മനപ്പൂർവം സംഭവിച്ചതോ അതോ സ്വഭാവികമായും ഇങ്ങനെയായതാണോ?

രണ്ടു കാര്യങ്ങളും ഒരുമിച്ചു വന്നുവെന്നേയുള്ളൂു. പക്ഷേ ആത്യന്തികമായി ഞാൻ സംതൃപ്തനാണ്. വന്ന വഴി പറഞ്ഞാൽ അമ്മാവന്റെയടുത്താണു സംഗീത പഠനം തുടങ്ങിയത്. വളരെ ചിട്ടയായ ശാസ്ത്രീയ സംഗീത പഠനം. അതിന്റെ ഒരു ബെയ്സ് എനിക്കുണ്ട്. നമ്മൾ പഠിച്ച സംഗീതത്തിനു കൊടുക്കുന്ന ബഹുമാനവും വിലയും എന്നെ സംബന്ധിച്ചു വളരെ വലുതാണ്. സിനിമാ സംഗീതത്തിലേക്കു ഞാൻ വന്നത് യാദൃശ്ചികമായാണ്. അന്ന് മാഗ്നാ സൗണ്ട് ഓഡിയോ രംഗത്ത് നിറഞ്ഞു നിൽക്കുന്ന സമയം. എനിക്ക് ഒരു ആൽബം ചെയ്യണമെന്ന ആഗ്രഹത്താൽ വെറുതേ മൂന്നു പാട്ടിെൻ ഡമ്മി അവർക്ക് കൊടുത്തു. അവരതു കേൾക്കുകയും ആൽബം ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. ആ ആൽബത്തിന്റെ വർക്ക് നടക്കുന്നതിനിടയിലാണ് മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ഈ പാട്ടു കേൾക്കാൻ ഇടവന്നതും അത് അവരുടെ സിനിമയിലേക്ക് എടുക്കാൻ മാഗ്നാ സൗണ്ടുമായി തിരുമാനത്തിലെത്തുന്നതും. അങ്ങനെയാണു ഞാൻ സിനിമയിലെത്തിയത്. അതൊരു വലിയ ഭാഗ്യമായിരുന്നു. 17–ാം വയസിൽ അത്തരമൊരു അവസരം ലഭിച്ചതു വലിയ കാര്യമായിരുന്നു. അതേ സമയം നല്ലതും ചീത്തയും തന്ന ഒരു എൻട്രിയായിരുന്നു അത്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി എന്നതും സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായി എന്നതും നല്ല വശങ്ങളായിരുന്നു.



അതോടൊപ്പം തന്നെ എനിക്ക് 17 വയസേയുള്ളുവെന്നത് ഒരു നെഗറ്റീവ് മാർക്കു കൂടിയായിരുന്നു. അന്നു ചെറുപ്പക്കാരുടെ ടീമല്ല സിനിമയെ നിയന്ത്രിക്കുന്നത്. എല്ലാം സീനിയേഴ്സായിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് കമ്യൂണിക്കേഷൻ പ്രോബ്ലം വന്നു. ഐഡിയോളജി ചേരാത്ത അവസ്‌ഥ. ഞാൻ പറയുന്ന ശരികളെക്കാളും എന്റെ പ്രായം അംഗീകരിക്കാൻ പറ്റാത്ത ഒരവസ്‌ഥ വന്നു. അതുകൊണ്ടു തന്നെ പല സമയത്തും പല കാര്യങ്ങളും വർക്ക് ഔട്ട് ആയില്ല. മലയാള സിനിമ എല്ലാ രീതിയിലും പ്രതിസന്ധി അനുഭവിച്ച ഒരു കാലഘട്ടമായിരുന്നു. ക്രിയേറ്റിവിറ്റി ഇല്ലായ്മ ശരിക്കും ഫീൽ ചെയ്ത നാളുകൾ. വരുന്ന ചാൻസുകൾ എല്ലാം സാധാരണയിൽ നിന്നും താഴെയുള്ള കോമഡി പടങ്ങൾ എന്ന പേരിലിറങ്ങുന്ന സിനിമകൾക്കുവേണ്ടിയായിരുന്നു. അങ്ങനെയൊരു ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ എനിക്കു താൽപര്യമില്ലാതായി. അങ്ങനെയാണ് ഞാൻ എന്റേതായ ഒരു വഴി കണ്ടെത്തിയത്. അല്ലെങ്കിൽ ഞാൻ ആർക്കെങ്കിലും വേണ്ടി പാട്ടു ചെയ്യുന്ന സംഗീത സംവിധായകനായി മാത്രം മാറുമായിരുന്നു.

സിനിമാസംഗീതത്തിൽ നിന്നു മാറിയപ്പോൾ എന്തായിരുന്നു മനസിലെ ഐഡിയ?

അതിനുശേഷമാണ് കോളജ് ബാൻഡ് തുടങ്ങാനുള്ള ആശയം വന്നത്. അന്ന് ബാൻഡൊക്കെ നമ്മുടെ നാട്ടിൽ വിരളമാണ്. എനിക്ക് അന്ന് അതു സാധിച്ചു. കോളജ് ലെവലിലും ചെറുപ്പക്കാരുടെ ഇടയിലും അതിനു മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇൻസ്ട്രമെന്റൽ മ്യൂസിക്കുമായി സാധാരണ ശ്രോതാക്കളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. ഞങ്ങളുടെ മാത്രം ചിന്തകൾ, എന്റെ കമ്പോസിംഗ് ഇങ്ങനെയുള്ള രീതികളിലേക്ക് പോകാൻ പറ്റി. അതൊരു ഭാഗ്യമായിരുന്നു.

സിനിമാസംഗീതം ഉപേക്ഷിച്ചതിൽ ഇടയ്ക്കെങ്കിലും അന്ന് വിഷമം തോന്നിയിരുന്നോ?

ആ സമയത്തു സിനിമ ചെയ്യാത്തതുകൊണ്ട് യാതൊരു വിഷമവും തോന്നിയിരുന്നില്ല. യോജിക്കാൻ പറ്റാത്തതുകൊണ്ടു തന്നെ നിറുത്തിയതാണ്. പക്ഷേ അതിനു ശേഷം മലയാളസിനിമ പച്ച പിടിച്ചു തുടങ്ങിയ സമയത്ത് ഞാൻ തന്നെ എന്റെ ഡെമോ എനിക്ക് ഇഷ്‌ടമുള്ള നാലു സംവിധായകർക്കു കൊടുത്തിരുന്നു. എനിക്കു സംഗീതം ചെയ്യാൻ താൽപര്യമുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്തു. അതും വർക്ക് ഔട്ട് ആയില്ല. അതും ഭാഗ്യം എന്നേ ഞാൻ പറയൂ. കാരണം ഒരിക്കൽ നമ്മൾ സ്വാതന്ത്ര്യം അനുഭവിച്ചു കഴിഞ്ഞാൽ പിന്നീട് അൽപം പോലും കൺട്രോളിൽ നിൽക്കാൻ സാധിക്കില്ല. ക്രിയേറ്റീവ് ഫീൽഡിൽ നിൽക്കുന്ന എല്ലാവർക്കും ഉള്ളതാണ് ഈ അസുഖം. ഞാൻ എന്റെ വഴിയേതെന്നു കണ്ടെത്തിയ ആളാണ്. ആ സ്വാതന്ത്ര്യത്തിന്റെ നല്ല വശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഈ സ്വാതന്ത്ര്യം വിട്ട് എന്തിലേക്കെങ്കിലും പോകാൻ താൽപര്യം തോന്നുന്നില്ല. ഇപ്പോൾ എന്റെ ഒരു സുഹൃത്ത് സിനിമയ്ക്കായി വിളിച്ചിട്ടുണ്ട്. വിളിക്കുന്ന സമയത്തും ഒരു വൈബ് ഫീൽ ചെയ്തു. എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലല്ല ഞങ്ങളുടെ ഒരു പ്രോഡക്ട് ആയാണ് വരുന്നത്. സിനിമാസംഗീതത്തോട് എനിക്ക് എതിർപ്പാണെന്ന് പലർക്കും ധാരണയുണ്ട്. അങ്ങനെയല്ല. അതിനെ ആരാധിച്ചു തന്നെ നിൽക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഞാൻ അവിടെ കണ്ട പല വ്യക്‌തികളുമായി എനിക്ക് യോജിച്ചു പോകാൻ പറ്റില്ലായിരുന്നു.


വയലിൻ ആണല്ലോ സ്പെഷലൈസ് ചെയ്തിരിക്കുന്നത്. ചെറുപ്പം മുതൽ അതായിരുന്നോ താൽപര്യം?

എന്റെ അമ്മാവൻ വയലിനിസ്റ്റാണ്. കുട്ടിക്കാലം മുതൽ കേട്ടു വളർന്നത് വയലിനാണ്. അമ്മാവനൊപ്പംനിന്നു ഗുരുകുല സമ്പ്രദായം പോലെയാണ് പത്താം ക്ലാസുവരെ പഠിച്ചത്. കളിപ്പാട്ടം പോലെയായിരുന്നു ചെറുപ്പത്തിൽ വയലിൻ. കുറേ വയലിൻ പൊട്ടിച്ചിട്ടുണ്ട്. എല്ലാവർക്കും ഒരു മീഡിയം ഓഫ് എക്സ്പ്രഷൻ ഉണ്ടല്ലോ. എന്റെ ചിന്തകൾ പോലും കുട്ടിക്കാലത്ത് രൂപപ്പെട്ടതു വയലിനുമായി ബന്ധപ്പെട്ടാണ്. പലരും ചോദിച്ചിട്ടുണ്ട് വയലിൻ എന്നു പറഞ്ഞാൽ ശോകസംഗീതം കൈകാര്യം ചെയ്യുന്നതല്ലേ എന്ന്. അവിടെ ഞാൻ സ്പീഡിലുള്ള മ്യൂസിക് പരീക്ഷിച്ചു. കോളജ്സമയത്ത് എന്റെ ചിന്തകൾ ഫാസ്റ്റായിരുന്നു. ശോകമൂകമല്ല. അതാണ് ഞാൻ വയലിനിലും കൊണ്ടു വന്നത്.

സ്റ്റേജ് പെർഫോമൻസാണല്ലോ ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്. വലിയ അനുഭവങ്ങൾ പകർന്നുനൽകുന്ന ഫീൽഡ്. ഒരേ സമയം റിസ്ക്കും സംതൃപ്തിയും ഇത്തരം പെർഫോമൻസുകളിലില്ലേ?

സ്റ്റേജിൽ പെർഫോം ചെയ്ത എക്സ്പീരിയൻസുള്ള ഒരു കലാകാരനും സ്റ്റേജിനു പുറത്തുള്ള കലയാണ് സന്തോഷം നൽകുന്നതെന്നു പറയുമെന്നു തോന്നുന്നില്ല. സ്റ്റേജ് പോലെ ഇത്രയും എക്സൈറ്റിംഗ് ആയ മറ്റൊന്നില്ല. ഒരു കലാകാരൻ ഏറ്റവും ഉയരങ്ങളിലെത്തുന്നത് സ്റ്റേജിൽ അപ്പപ്പോൾ തോന്നുന്ന ചിന്തകളിൽ നിന്നുള്ള പെർഫോമൻസ് വഴിയാണ്. സ്റ്റേജിൽ നിൽക്കുന്നയാൾ ശരിക്കും ഒരു മജീഷ്യനെപ്പോലെയായിരിക്കണം. ഇത്രയും ആൾക്കാരെ കൺട്രോൾ ചെയ്യണം.



പഴയ ബാൻഡിലുള്ളവരുമായി ഇപ്പോഴും ബന്ധങ്ങളുണ്ടോ?

പഴയ ബാൻഡ് ഇപ്പോഴില്ല. എല്ലാവരുമായി ഫ്രണ്ട്ഷിപ്പുണ്ട്. എല്ലാവരും ഓരോരുത്തരുടെ വഴിയിലാണ്. കലാരംഗത്തു തന്നെ എല്ലാവരുമുണ്ട്.

വിദേശങ്ങളിലും ഒട്ടേറെ സ്റ്റേജ് പെർഫോമൻസ് ചെയ്യാറുണ്ടല്ലോ?

ഒട്ടേറെ അനുഭവങ്ങൾ അത്തരത്തിലുണ്ട്. അവിടത്തെ ആർട്ടിസ്റ്റുകളുമായി ചേർന്ന് ചില കോളാബറേഷൻസ് ചെയ്യാറുണ്ട്. നമ്മൾ ഒരുപാട് ആരാധിക്കുന്ന കലാകാരന്മാരുമായി സ്റ്റേജ് ഷെയർ ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ്.

സ്റ്റീഫൻ ദേവസിയുമായുള്ള കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?

സ്റ്റീഫൻ ദേവസിയുമായി പരിചയമുണ്ടായിരുന്നു. അമൃതയിലെ സൂപ്പർസ്റ്റാർ കോമ്പറ്റീഷനിലാണ് കൂടുതൽ അടുത്തത്. അതിലെ ഞങ്ങളുടെ പെർഫോമൻസ് കണ്ടാണ് കൂടുതൽ പേർ ഈ കോമ്പിനേഷൻ ആവശ്യപ്പെട്ടത്. അത് വർക്ക് ഔട്ടായി. ഞങ്ങൾ നല്ല ഫ്രണ്ട്സാണ്. ഈഗോക്ലാഷില്ല.

റിയാലിറ്റി ഷോകളിൽ ആദ്യമൊക്കെ ജഡ്ജായി കണ്ടിരുന്നു. പിന്നീട് അതിൽനിന്നു മാറിയത് എന്തുകൊണ്ടാണ്്?

റിയാലിറ്റി ഷോ എന്നു പറയുമ്പോൾ ഏറ്റവും റിയൽ അല്ലാത്ത ഷോ എന്നുവേണം പറയാൻ. ഫുൾ മെയ്ഡ് അപ് ആണ്. ഒരു ഡ്രാമ ക്രിയേറ്റ് ചെയ്യുക. കരച്ചിൽ കാണിക്കുക ഇതിന്റെയൊക്കെ കാലഘട്ടം കഴിയുകയാണ്. റിയാലിറ്റി ഷോ നടത്തി വന്ന രീതികളോട് മാനസികമായി എനിക്കു യോജിക്കാൻ കഴിയില്ല. ഒരു പാട്ട് അതേ പടി പാടി അത് ജഡ്ജു ചെയ്യാൻ എനിക്കു സാധിക്കില്ല. ഒരു പാട്ട് എടുത്ത് ആ പാട്ടിൽ നിങ്ങൾക്കെന്ത് ചെയ്യാൻ പറ്റി എന്നിടത്താണ് കാര്യം. ദാസ്സാറിന്റെ ഒരു പാട്ട് അതേപടി പകർത്താൻ ശ്രമിക്കരുത്. അത് അദ്ദേഹത്തെപ്പോലുള്ള മഹാൻ പാടിവച്ചതാണ്. അതിൽ തൊടാതെ ആ പാട്ടിൽ നമ്മുടേതായ എന്തു സിഗ്നേച്ചർ വരുത്താൻ കഴിയും എന്നാണ് ഞാൻ നോക്കുന്നത്. റിയാലിറ്റി ഷോയിൽ അങ്ങനെയല്ലല്ലോ കാണുന്നത്. റിപ്പീറ്റ് ചെയ്യാനും കോപ്പി ചെയ്യാനും മാത്രം പഠിപ്പിക്കുന്ന രീതിയിലേക്കു റിയാലിറ്റി ഷോകൾ മാറി. ഇത്രയും റിയാലിറ്റി ഷോ ഇവിടെ നടന്നു. കേരളത്തിനെ റപ്രസന്റ് ചെയ്യുന്ന ഒരു ഗായകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

സിനിമാസംഗീതത്തിൽ ഇപ്പോൾ കാര്യമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഈ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഇഷ്‌ടമുള്ള കാര്യങ്ങൾ ഒരുപാടു സംഭവിക്കുന്നുണ്ട്. ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ്വർക്ക് വന്നു തുടങ്ങി. പണ്ട് ഉണ്ടായിരുന്ന ഗ്രൂപ്പുകൾ പോലെ ഈ കാലഘട്ടതിന് യോജിച്ച ഗ്രൂപ്പുകൾ വന്നു. ഇന്നതാണ് എന്റെ സിനിമ ഇങ്ങനെ മതി എന്റെ സിനിമ എന്നു വ്യക്‌തമായി പറയാൻ ചങ്കുറപ്പുള്ളവർ ഇപ്പോഴുണ്ട്. അതോടൊപ്പം നെഗറ്റീവായ പല കാര്യങ്ങളുമുണ്ട്. എല്ലാം വളരെ ഈസിയായി. ക്രിയേറ്റിവിറ്റിയെ ടെക്നോളജി വിഴുങ്ങുകയാണ.് വളരെ ഈസിയായി കാര്യങ്ങൾ എന്നു വന്നപ്പോൾ അതിന്റെയൊരു സീരിയസ്നസ് പോയി. കിട്ടാവുന്ന ഒരു വില കുറഞ്ഞു. ആർക്കും ചെയ്യാം, ജീവനില്ലാത്ത അവസ്‌ഥ. പണ്ട് പാട്ട് ഉണ്ടായിവരുന്നതായിരുന്നു. ഇപ്പോൾ പാട്ട് ഉണ്ടാക്കുക എന്ന രീതിയായി. ഇന്നയാളുടെ പാട്ട് എന്ന് ഇപ്പോൾ പറയാൻ പറ്റുന്നില്ല. പക്ഷേ പഴയരീതി തിരിച്ചു വരുമെന്നാണ് ഞാൻ കരുതുന്നത്. വിദേശത്തൊക്കെ കാര്യങ്ങൾ തിരിഞ്ഞുവരികയാണ്. അവിടെ എല്ലാ ഇൻസ്ട്രമെൻസും വച്ച് ലൈവായ റിക്കോർഡിംഗ് വീണ്ടും സജീവമാകുകയാണ്.