നായികനിരയിലേക്ക് അനു സിതാര
നായികനിരയിലേക്ക് അനു സിതാര
Friday, October 7, 2016 5:07 AM IST
മലയാള സിനിമയിൽ ഒരുപിടി പുത്തൻ നായികമാരുടെ കടന്നു വരവിന് ഇപ്പോൾ പ്രേക്ഷകർ സാക്ഷികളാവുകയാണ്. അവിടെയും കഴിവുറ്റ ചില പ്രതിഭകൾക്കു മാത്രമാണ് പ്രേക്ഷക പ്രീതി പിടിച്ചെടുക്കാനായത്. ആ നിരയിലേക്കുള്ള പുത്തൻ നായികാ സങ്കൽപമാണ് അനു സിതാര. ഈ വർഷത്തെ സൂപ്പർ ഹിറ്റ് വിജയം നേടിയ ഹാപ്പി വെഡിംഗിലെ ഈ നായിക തമിഴകത്തും ഇതിനോടകം ശ്രദ്ധേയ നേട്ടം കൈവരിച്ചു കഴിഞ്ഞു. കുറച്ചു കാലം കൊണ്ടു നിരവധി സിനിമകളുടെ ഭാഗമായി മാറാൻ ഈ നായികയ്ക്കു കഴിഞ്ഞിരിക്കുന്നു. ഓണക്കാലത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും അനു സിതാര തന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു.

കലാജീവിതത്തിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?

വയനാട് കല്പറ്റയിലാണ് എന്റെ വീട്. അമ്മ ഡാൻസ് ടീച്ചറായിരുന്നു. അതുകൊണ്ടു തന്നെ മൂന്നു വയസു മുതൽ അമ്മ ഡാൻസ് പഠിപ്പിച്ചിരുന്നു. പിന്നീട് ഏഴാം ക്ലാസ് സമയത്താണ് കലാമണ്ഡലത്തിലേക്കു പോയത്. അവിടെ നിന്നും മോഹിനിയാട്ടത്തിലും ഭരത നാട്യത്തിലും ഡിപ്ലോമ കോഴ്സാണ് ചെയ്തിരുന്നത്. അതിനു ശേഷമാണ് സ്കൂൾ കലോൽസവത്തിനൊക്കെ പങ്കെടുക്കുന്നത്. മോഹിനിയാട്ടത്തിനും മികച്ച ഗ്രേഡ് വാങ്ങി. ആ സമയത്ത് പത്രങ്ങളിൽ ഫോട്ടോ വന്നത് കണ്ടിട്ടാണ് പൊട്ടാസ് ബോംബ് എന്ന സിനിമയിലേക്കു വിളിക്കുന്നത്. പിന്നെ അഭിനയത്തോട് താല്പര്യം അച്ഛനായിരുന്നു. അച്ഛൻ കോഴിക്കോട് കോർപ്പറേഷനിലാണ് ജോലി ചെയ്യുന്നത്. അബ്ദുൾ സലാം എന്നാണു പേര്. അമ്മ രേണുക. അച്ഛൻ അഭിനയിക്കുന്ന നാടകങ്ങളൊക്കെ ചെറുപ്പം മുതൽ കാണുമായിരുന്നു. അഭിനയത്തിൽ അങ്ങനെയൊരു പാരമ്പര്യമുണ്ട്.

ആദ്യ സിനിമയിലെ അനുഭവങ്ങളെ എങ്ങനെ ഓർക്കുന്നു?

ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. സിനിമ കാണുമെങ്കിലും അതിനുള്ളിലുള്ള കാര്യങ്ങൾ നമുക്കറിയില്ല. സിനിമയുടെ ലൊക്കേഷനിൽ പോലും പോയിട്ടില്ലായിരുന്നു. ഷൂട്ടു തുടങ്ങുന്നതിനു മുമ്പ് രണ്ടു മൂന്നു വർക്ഷോപ്പ് ഉണ്ടായിരുന്നു. അവിടെവെച്ച് എല്ലാവരുമായി പരിചയപ്പെടാനും സിനിമയുടെ അഭിനയത്തെപ്പറ്റിയൊക്കെ പരിചിതമാകാനും സാധിച്ചു. സിനിമയിലുള്ള എന്റെ സീനൊക്കെ ചെയ്യിപ്പിച്ചിരുന്നു. എങ്ങനെയാണു കാമറയുടെ മുന്നിൽ നിൽക്കേണ്ടത് തുടങ്ങി ആദ്യ പാഠങ്ങൾ മനസിലാക്കാൻ സാധിച്ചു അവിടെ നിന്നും. പിന്നങ്ങ് എല്ലാം ശരിയായി. സിനിമയിൽ പാട്ട് സീനായിരുന്നു ആദ്യമഭിനയിച്ചത്.



പിന്നീട് സത്യൻ അന്തിക്കാട് ചിത്രത്തിലേക്കെത്തിയല്ലോ?

പൊട്ടാസ് ബോംബ് കഴിഞ്ഞിട്ടാണ് ഒരു ഇന്ത്യൻ പ്രണയ കഥയിലേക്കു വിളിക്കുന്നത്. ആദ്യ ചിത്രത്തിൽ ഒപ്പം വർക്കു ചെയ്തിരുന്ന ഒരാൾ ഫോട്ടോ കാണിച്ചിട്ടാണ് സത്യൻ സാറ് നേരിട്ടു വിളിക്കുന്നത്. സത്യത്തിൽ ഞാനാദ്യം വിശ്വസിച്ചിരുന്നില്ല. പറ്റിക്കാനായി ആരെങ്കിലും ചെയ്യുന്നതാകാം എന്നാണു കരുതിയിരുന്നത്. പിന്നീടാണു വിശ്വാസമായത്. സത്യൻ സാറിന്റെ സിനിമയിലേക്കു വിളിക്കുക എന്നതുതന്നെ നമുക്ക് വലിയ കാര്യമാണ്. അതിൽ വേഷത്തിന്റെ വലിപ്പച്ചെറുപ്പമല്ല കാര്യം. അതൊരു ഭാഗ്യമായി കരുതുന്നയാളാണ് ഞാൻ. അവിടെ ചെന്നപ്പോഴും നല്ല പേടിയുണ്ടായിരുന്നു. അത്രയും വലിയ സംവിധായകന്റെ സിനിമയാണ്. പക്ഷേ, സാറ് നല്ല സപ്പോർട്ടായിരുന്നു. ഓരോ ഷോട്ടും എങ്ങനെയാണ് ചെയ്യേണ്ടതെന്നൊക്കെ പറഞ്ഞു തരുമായിരുന്നു.

തുടർന്ന് അനാർക്കലിയിലേക്ക് അവസരം ലഭിച്ചത്?

ആ സിനിമയുടെ ആദ്യ ഭാഗത്തു മാത്രമായിരുന്നും ഞാൻ ഉള്ളതെങ്കിലും ആ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകരായ രൺജി പണിക്കർ സർ, മധുപാൽ സർ എന്നിവരോടൊപ്പം അഭിനയിക്കാൻ സാധിച്ചു. ഇതിനിടയിൽ ഒരു ഒരു തമിഴ് പടത്തിൽ നായികയായി അഭിനയിച്ചിരുന്നു. വിശാൽ നായകനായ തിമിര് എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രമാണ്. വെരി എന്നാണ് ചിത്രത്തിന്റെ പേര്. ചെന്നൈയിലും മധുരയുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. ആദ്യ സമയത്തൊക്കെ ഭാഷ വലിയ പ്രശ്നമായിരുന്നെങ്കിലും പിന്നീടതു ശരിയായി. ചിത്രത്തിൽ വലിയ ഷോട്ടും വലിയ ഡയലോഗുമായിരിക്കും പലപ്പോഴും. തമിഴ് സിനിമ കാണുന്നതിനപ്പുറം തമിഴ് നമുക്ക് വല്യ പിടിയില്ലാത്തതാണ്. അപ്പോൾ ഡയലോഗൊക്കെ രണ്ടു മൂന്നു തവണ വായിച്ച് പഠിച്ചാണ് അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ഞാൻ നന്നായി തമിഴ് സംസാരിക്കും. ആ ചിത്രത്തിന്റെ ഷൂട്ടു രണ്ടു മൂന്നു മാസം ഉണ്ടായിരുന്നു. അതിനു ശേഷം മറ്റൊരു തമിഴ് ചിത്രം കൂടി ചെയ്തിരുന്നു. പൊതുനലം കരുതി എന്നാണ് ചിത്രത്തിന്റെ പേര്. അതിന്റെ ഷൂട്ടു തുടരുകയാണ്. അതിന്റെ രണ്ടാം ഷെഡ്യൂൾ ഇനി പൂർത്തിയാക്കാനുണ്ട്.


ഹാപ്പി വെഡിംഗ് ഒരു ബ്രേക്ക് നൽകുന്ന അവസരമായിരുന്നല്ലോ?

ഹാപ്പി വെഡിംഗിലെ ഷാഹിന എന്ന കഥാപാത്രമാണ് മലയാളികൾക്ക് എന്നെ കൂടുതൽ പരിചിതമാക്കിയത്. എല്ലാ കോളേജിലും അങ്ങനെയൊരു കഥാപാത്രം ഉണ്ടായിരിക്കുമല്ലൊ. ആ കഥാപാത്രത്തിനെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നു സംശയമുണ്ടായിരുന്നു. പിന്നെ ഒരു അഭിനേതാവ് എന്ന രീതിയിൽ എല്ലാത്തരം കഥാപാത്രങ്ങളും നമ്മൾ സ്വീകരിക്കണം. പ്രേക്ഷകർ ആ സിനിമയെ സ്വീകരിച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ ട്രോളുകളൊക്കെ കുറേ വന്നിരുന്നു. അതൊക്കെ ആ സ്പിരിറ്റിലെടുക്കാൻ എനിക്കു സാധിക്കുന്നുണ്ട്.

പിന്നീട് നിരവധി അവസരങ്ങൾ തേടിയെത്തിയല്ലോ

ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞത് നവൽ എന്ന ജുവൽ ചിത്രത്തിലാണ്. അതൊരു ഇന്റർനാഷണൽ ചിത്രമാണ്. ചിത്രത്തിൽ ശ്വേത മോനോന്റെ ചെറുപ്പകാലം, ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ വേഷമാണു ചെയ്യുന്നത്. ആ ചിത്രം വളരെ നല്ല അനുഭവമായിരുന്നു. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അനൂപ് മേനോൻ ചേട്ടനൊപ്പം സർവോപരി പാലക്കാരൻ എന്ന ചിത്രമാണ്. അതിൽ അപർണ ബാലമുരളിയും ഞാനുമാണ് നായികമാരാകുന്നത്. ഇനി റിലീസാകാൻ രണ്ടു ചിത്രങ്ങളുണ്ട്. വി.എം വിനു സാറിന്റെ മറുപടിയും പിന്നീടുള്ളത് മുൻ മുഖ്യമന്ത്രി അച്യുതാന്ദൻ സാറ് അഭിനയിച്ച കാമ്പസ് ഡയറി എന്ന ചിത്രവുമാണ്.



പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

സംവിധായകൻ സിദ്ധിഖ് സാറിന്റെ ഫുക്രി എന്ന ചിത്രമാണ് കമ്മിറ്റ് ചെയ്തിരിക്കുന്ന പുതിയ പ്രോജക്ട് . ജയസൂര്യയാണ് അതിൽ നായകൻ. അതിൽ പ്രയാഗ മാർട്ടിനും ഞാനുമാണ് നായികമാരാകുന്നത്. അതിന്റെ ഷൂട്ടിംഗ് ഒക്ടോബർ– നവംബറിലാണ് നടക്കുന്നത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. പക്ഷേ, മലയാളത്തിൽ സിനിമ ചെയ്യാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ ഇപ്പോൾ ചേയ്യുന്ന വേഷങ്ങളിലാണ് കൂടുതൽ ശ്രദ്ധ.

അഭിനയത്തിനിടയിൽ പഠനം എങ്ങനെ കൊണ്ടു പോകുന്നു?

ഇപ്പോൾ ഡിഗ്രി കഴിഞ്ഞു. സിനിമയുടെ തിരക്കിനിടയിലും എം. എ ചെയ്യണം എന്നാണ് കരുതുന്നത്. ഇതിനോടൊപ്പം ‘നവരസ’ എന്നൊരു ഡാൻസ് സ്കൂൾ എനിക്കുണ്ട്. ഞാനും അമ്മയും കൂടിയാണ് അതു നടത്തിയിരുന്നത്. സിനിമയുടെ തിരക്കിനിടയിൽ ഇപ്പോൾ അമ്മയും അമ്മയുടെ അനുജത്തി ചിത്രച്ചേച്ചിയുമാണ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത്. എന്റെ അനുജത്തി അനു സൊനാരയും ഒപ്പമുണ്ട്.

കുടുംബ വിശേഷം?

എന്റെ കല്യാണം കഴിഞ്ഞതാണെന്നു പലർക്കും അറിയില്ല. കല്യാണത്തിനു ശേഷമാണ് ഹാപ്പി വെഡിംഗ് സിനിമയിലഭിനയിച്ചതു തന്നെ. ഭർത്താവിന്റെ പേര് വിഷ്ണു പ്രസാദ്. ബാംഗ്ലൂരിൽ മീഡിയ സ്റ്റുഡിയോ നടത്തുകയാണ്. ഞാൻ സിനിമയിലഭിനയിക്കുന്നതിനോട് വിഷ്ണുവിനു നല്ല താല്പര്യമാണ്.

–ലിജിൻ കെ. ഈപ്പൻ