നവരാത്രി– ദീപാവലി വിഭവങ്ങൾ
നവരാത്രി– ദീപാവലി വിഭവങ്ങൾ
Friday, October 7, 2016 5:22 AM IST
ബനാനാ സമൂസ

ആവശ്യമുള്ള സാധനങ്ങൾ
മൈദ – 200 ഗ്രാം
ഏത്തയ്ക്ക– 400 ഗ്രാം
മല്ലിപ്പൊടി – 20 ഗ്രാം
ഗ്രീൻപീസ് – 10 ഗ്രാം
ഇഞ്ചി അരച്ചത് – അഞ്ച് ഗ്രാം
വെളുത്തുള്ളി അരച്ചത്– അഞ്ച് ഗ്രാം
പച്ചമുളക്, പെരിഞ്ചീരകം,
ഗരംമാസലപ്പൊടി– രണ്ട് ഗ്രാം വീതം
നെയ്യ് – കുറച്ച് കുഴയ്ക്കാൻ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
മൈദയും പൊടിച്ച പെരിഞ്ചീരകവും നെയ്യും തമ്മിൽ യോജിപ്പിച്ച് നന്നായി കുഴച്ചു വയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി മാറ്റുക. ഇവ പരത്തി രണ്ടായി മുറിച്ചുവയ്ക്കുക. ഫില്ലിംഗ് തയാറാക്കി അതിൽ കുറേശെ എടുത്ത്, പരത്തി, മുറിച്ച് വച്ചതിൽ ഒരെണ്ണത്തിൽ വിളമ്പി, ഒരേ കനത്തിൽ വ്യാപിപ്പിച്ച് കോണാകൃതിയിലാക്കി അരികുകളിൽ വെള്ളം തൊട്ട് ഒട്ടിച്ച് വയ്ക്കുക. എല്ലാം ഇതേപോലെയാക്കി ചൂടെണ്ണയിൽ ഇട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.
ഫില്ലിംഗ് തയാറാക്കാൻ
ഏത്തയ്ക്കയുടെ തൊലി ചെത്തി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് മയമാക്കുക. ഇത് ഒരു ബൗളിലിട്ട് നന്നായി ഉടയ്ക്കുക.
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരപ്പുകൾ ഇട്ടിളക്കുക. ഉടച്ചുവച്ച ഏത്തയ്ക്കയും ചേർക്കുക. ഉപ്പ്, ഗ്രീൻപീസ്, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്തിളക്കി വാങ്ങി ആറാൻ വയ്ക്കുക. ഫില്ലിംഗ് തയാർ.

കാഷ്യു നട്സ് ഫഡ്ജ്

ആവശ്യമുള്ള സാധനങ്ങൾ
മൈദ – 250 ഗ്രാം
പഞ്ചസാര – 300 ഗ്രാം
അണ്ടിപ്പരിപ്പ്
(പൊടിച്ചത്) – 150 ഗ്രാം
നെയ്യ് – 75 ഗ്രാം
വെള്ളം – 500 മില്ലി ലിറ്റർ
ഏലയ്ക്കാപ്പൊടി – ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
ഒരു സോസ്പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിക്കുക. അതിലേക്ക് മൈദയിട്ട് ഒരുമിനിറ്റ് വറുക്കുക. തുടരെ ഇളക്കിയ ശേഷം വാങ്ങിവയ്ക്കുക.
500 മില്ലി ലിറ്റർ വെള്ളവും പഞ്ചസാരയും ഒരു സോസ്പാനിൽ എടുത്ത് 15 മിനിറ്റ് തിളപ്പിക്കുക. മൈദാ മിശ്രിതം ഇതിൽ ചേർത്ത് വെള്ളം വറ്റും വരെ തുടരെ ഇളക്കുക. അണ്ടിപ്പരിപ്പും ഏലയ്ക്കയും പൊടിച്ചതും ഇതിൽ ചേർക്കണം. നന്നായി ഇളക്കി മിശ്രിതം കുറുകാൻ അനുവദിക്കുക. ഇനിയിത് നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്ക് പകർന്ന് ആറാൻ വയ്ക്കുക. ആറിയ ശേഷം കഷണങ്ങൾ ആക്കി വിളമ്പാം.



ചൗവ്വരി – സേമിയാ പായസം

ചേരുവകൾ
ചൗവ്വരി – 200 ഗ്രാം
സേമിയാ – 200 ഗ്രാം
കിസ്മിസ്, അണ്ടിപ്പരിപ്പ് – 25 ഗ്രാം വീതം
പഞ്ചസാര – 250 ഗ്രാം
തേങ്ങാപ്പാൽ – ഒന്നേകാൽ ലിറ്റർ
ശർക്കര (ചീകിയത്) – ഒരുകപ്പ്
നെയ്യ് – ഒരു ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം
ചൗവ്വരി കഴുകി, അരിച്ചുവാരി കുറച്ചുവെള്ളത്തിലിട്ട് കുതിർക്കുക. ഇനിയിത് കുറച്ചു വെള്ളത്തിൽ ഇട്ട് വേവിച്ച് വയ്ക്കുക. സേമിയാ അര ടേബിൾ സ്പൂൺ നെയ്യിലിട്ട് വറുക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ, വേവിച്ചുവച്ച ചൗവ്വരി, പഞ്ചസാര എന്നിവയിട്ട് ഇളക്കുക. ശർക്കര പാതിയാക്കി ഇതിലേക്ക് തെളിച്ചൂറ്റുക. സേമിയാ വേകുമ്പോൾ വാങ്ങുക. ഏലയ്ക്കാപ്പൊടി വിതറുക. അര ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് ഇളക്കി വിളമ്പുക.

ചൗവ്വരി റോൾസ്

ആവശ്യമുള്ള സാധനങ്ങൾ
ചൗവ്വരി – മുക്കാൽ കപ്പ്
ഉരുളക്കിഴങ്ങ്
(പുഴുങ്ങി ഉടച്ചത്) – മൂന്ന് വലുത്
കപ്പലണ്ടി വറുത്തത ്(തൊലി കളഞ്ഞ്
പൊടിച്ചത്) – അര കപ്പ്
പച്ചമുളക് – മൂന്നെണ്ണം
ഇഞ്ചി – ഒരു കഷണം
മല്ലിയില – 2–3 ടേബിൾ സ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചൗവ്വരി ഒരു മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കുക. പെട്ടെന്ന് തയാറാക്കണമെങ്കിൽ ചൂടുവെള്ളത്തിൽ ഇട്ട് കുതിർക്കാൻ ശ്രദ്ധിക്കുക. ഇനിയിത് പിഴിഞ്ഞ് ഒരു വലിയ ബൗളിൽ ഇടുക. ഉരുളക്കിഴങ്ങ് ഉടച്ചത്, പച്ചമുളക്, ഇഞ്ചി, നാരങ്ങാനീര്, മല്ലിയില, ഉപ്പ് എന്നിവ ചേർക്കുക. അൽപം വെള്ളം ചേർത്ത് മാവ് കുഴയ്ക്കുന്ന പോലെ കുഴച്ചു വയ്ക്കുക. ഏതാനും നിമിഷങ്ങൾക്ക് ശേഷം ഇത് എട്ട് സമഭാഗങ്ങൾ ആക്കി വയ്ക്കുക. ഇനി ഇവ നീളമുള്ള റോളുകൾ ആക്കുക. ചൂടെണ്ണയിൽ ഇട്ട് വറുത്ത് സ്വർണ നിറമാക്കി കോരുക. പേപ്പർ ടവ്വലിൽ നിരത്തിൽ അധികമുള്ള എണ്ണമയം നീക്കി എടുക്കുക.


ഗ്രീൻ പീസ് ബർഫി

ചേരുവകൾ
ഗ്രീൻ പീസ്– 500 ഗ്രാം
പാൽ ഖോവ– 100 ഗ്രാം
(പാൽ വറ്റിക്കുമ്പോൾ കിട്ടുന്ന ഖര പദാർഥമാണ് പാൽ ഖോവ)
പഞ്ചസാര – 250 ഗ്രാം
നെയ്യ് – 50 ഗ്രാം
പിസ്ത – 25 ഗ്രാം
ബദാം– 5 എണ്ണം

തയാറാക്കുന്ന വിധം
പിസ്തയും ബദാമും ഒരു രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. കുതിരുമ്പോൾ ബദാമിന്റെ തൊലി കളഞ്ഞു രണ്ടായി അടർത്തി വയ്ക്കുക. ഗ്രീൻ പീസ് വേവിക്കുക. ബദാമും പിസ്തയും അരക്കുക. ഖോവ ചുരണ്ടി വയ്ക്കുക. ഒരു നോൺസ്റ്റിക് പാൻ അടുപ്പത്തു വച്ച് നെയ്യ് ഒഴിച്ച് ഗ്രീൻ പീസ് പേസ്റ്റ് ഇട്ട് അഞ്ചു മിനിറ്റ് തുടരെ ഇളക്കുക. ഇതിലേക്കു ഖോവയും പഞ്ചസാരയും ചേർക്കുക. മിശ്രിതം പാനിന്റെ വശങ്ങളിൽ നിന്നു വിട്ടുവരുന്ന പാകം ആകുമ്പോൾ നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇത് പകരുക. ആറിയ ശേഷം കഷണങ്ങൾ ആക്കുക.

പൊട്ടറ്റോ ഹൽവ

ചേരുവകൾ
ഉരുളക്കിഴങ്ങ്– കാൽ കിലോ
അണ്ടിപ്പരിപ്പ് –100 ഗ്രാം
പൊടിച്ച പഞ്ചസാര –200 ഗ്രാം
ഖോവ –100 ഗ്രാം
നെയ്യ് –125 ഗ്രാം
ഏലക്കാപ്പൊടി, ജാതിക്കാപ്പൊടി– 1/2 ടിസ്പൂൺ വീതം
ബദാം, പിസ്ത (അലങ്കരിക്കാൻ )– 1 ടേബിൾ സ്പൂൺ വീതം

തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു പുഴുങ്ങിയത് തൊലി കളഞ്ഞ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടയ്ക്കുക. ഇത് കട്ട കെട്ടരുത്. അണ്ടിപ്പരിപ്പ് വറുത്ത് പൊടിക്കുക. ഖോവ ഗ്രേറ്റ് ചെയ്യുക.
ഒരു നോൺ സ്റ്റിക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉടച്ചു വച്ച ഉരുളക്കിഴങ്ങും പൊടിച്ച അണ്ടിപ്പരിപ്പും പഞ്ചസാരയും ചേർക്കുക. ചെറുതീയിൽ വച്ച് തുടരെ ഇളക്കുക. ഉരുളക്കിഴങ്ങ് ബ്രൗൺ നിറം ആകുമ്പോൾ നെയ്യ് മീതെ തെളിഞ്ഞിരിക്കും. ഹൽവ കുറുകുമ്പോൾ നെയ്യ് തടവിയ ഒരു ട്രേയിലേക്ക് പകർന്ന് ബദാം, പിസ്ത എന്നിവ അരിഞ്ഞതിട്ട് അലങ്കരിച്ച് സമചതുര കഷണങ്ങൾ ആയി മുറിച്ച് വിളമ്പുക.



ദീപാവലി സ്വീറ്റ്സ്

മധുരക്കിഴങ്ങ് ഹൽവ

ചേരുവകൾ
മധുരക്കിഴങ്ങ് – 250 ഗ്രാം
അണ്ടിപ്പരിപ്പ് – 100 ഗ്രാം
പൊടിച്ച പഞ്ചസാര– 200 ഗ്രാം
നെയ്യ് – 125 ഗ്രാം
ഖോവ – 100 ഗ്രാം
ഏലക്കാപ്പൊടി – 1/2 ടിസ്പൂൺ
ജാതിക്കാപ്പൊടി – 1/2 ടിസ്പൂൺ
ബദാം പൊടിയായി അരിഞ്ഞത്– 1 ടേബിൾ സ്പൂൺ
പിസ്ത പൊടിയായി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് വേവിച്ചു തൊലി നീക്കി ഉടയ്ക്കുക. കട്ട കെട്ടരുത്. അണ്ടിപ്പരിപ്പ് നെയ്യ് ഇല്ലാതെ വറുത്തു പൊടിക്കുക. ഖോവ ചുരണ്ടുക. ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി മധുരക്കിഴങ്ങ് ഉടച്ചതും പഞ്ചസാരയും അണ്ടിപ്പരിപ്പ് പൊടിച്ചതും ചേർത്ത് ഇളക്കുക. ചെറുതീ ആയിരിക്കണം. കുറെ ഇളക്കുമ്പോൾ മിശ്രിതം ബ്രൗൺ നിറമാകുകയും നെയ്യ് വേർതിരിയുകയും ചെയ്യും. ഏലയ്ക്കാപ്പൊടി വിതറുക. പിസ്തയും അണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞതും ഇട്ട് അലങ്കരിച്ച് കഷണങ്ങൾ ആക്കി വിളമ്പുക.

മധുരക്കിഴങ്ങ് ഗുലാബ് ജാമുൻ

ചേരുവകൾ
മധുരക്കിഴങ്ങ് – അര കിലോ
പഞ്ചസാര – ഒന്നര കപ്പ്
പനിനീര് – 1 ടേബിൾ സ്പൂൺ
ഖോവ – അര കപ്പ്
നെയ് – ആവശ്യത്തിന്
സോഡാ പൊടി – ഒരു നുള്ള്
മൈദാ – ഒന്നര ടേബിൾ സ്പൂൺ
കിസ്മിസ് – 15 എണ്ണം

തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ഇതിന്റെ തൊലി കളഞ്ഞ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടയ്ക്കുക. ഇതിൽ മൈദയും സോഡാപ്പൊടിയും ചേർത്ത് വീണ്ടും നന്നായി കുഴയ്ക്കുക. ഇത് 15 സമഭാഗങ്ങൾ ആക്കി അല്പം ഒന്ന് പരത്തി, മധ്യത്തിലായി അല്പം ഖോവയും ഒരു കിസ്മിസും വച്ച് ഉരുള ആക്കി വക്കുക.

ഒരു പാത്രത്തിൽ 3/4 കപ്പ് വെള്ളവും പഞ്ചസാരയും എടുത്ത് ചൂടാക്കുക. ഇത് നൂൽ പരുവം ആകും മുൻപ് വാങ്ങുക. നെയ്യ് ചൂടാക്കി ഈ ഉരുളകൾ ഇട്ട് വറുത്ത് ബ്രൗൺ നിറം ആക്കി കോരുക. ഇത് ചൂട് പഞ്ചസാരപ്പാനിയിൽ ഇട്ട് നന്നായി പിടിപ്പിക്കുക. ഇതിൽ പനിനീര് തളിക്കുക.



ഇന്ദുനാരായൺ
തിരുവനന്തപുരം