കല്യാണപ്പല്ലക്കിൽ സരയു
കല്യാണപ്പല്ലക്കിൽ സരയു
Wednesday, October 12, 2016 4:16 AM IST
സിനിമ നൽകാതെ പോയ കരളുറപ്പുള്ള പെൺകഥാപാത്രം സീരിയലിൽ ലഭിച്ചതിന്റെ ത്രില്ലിലാണ് അഭിനേത്രി സരയു. ഈറൻനിലാവ് എന്ന സീരിയലിലെ ദേവു കുടുംബപ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചു മുന്നേറുമ്പോൾ, കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങളാണെങ്കിൽ മാത്രമെ ഇനി സിനിമയിലേക്കുള്ളു എന്ന തീരുമാനത്തിലാണ് നടി. കപ്പൽ മുതലാളി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സരയു സാൾട്ട് മാംഗോ ട്രീയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സാൾട്ട് മാംഗോ ട്രീയിൽ ഹാസ്യകഥാപാത്രമായി ഏറെ തിളങ്ങിയതിനുശേഷമാണ് സരയു ഈറൻനിലാവിലെത്തുന്നത്. ആദ്യത്തെ കുറേ എപ്പിസോഡുകളിൽ കണ്ണീർ നനവുള്ള കഥാപാത്രമായിരുന്നു. ഇപ്പോൾ ശക്‌തമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് അഭിനയത്തിന്റെ പുതിയ തലങ്ങൾ തേടുകയാണ് ഈറൻനിലാവിലെ ദേവു. ഇനി സരയു പറയുന്നത് കേൾക്കാം...

ഇവിടെയുണ്ടായിരുന്നു ഞാൻ

ഞാനെവിടെയും പോയിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷമായി ശരിക്കും ചൂസിയായിരുന്നു. വർഷം, സാൾട്ട് മാംഗോ ട്രീ എന്നിവ പോലെ അപൂർവം ചിത്രങ്ങളാണ് ഇക്കാലയളവിൽ ചെയ്തത്. ശക്‌തമായ സ്ത്രീകഥാപാത്രങ്ങളോ, ഷൈൻ ചെയ്യാൻ കഴിയുന്ന നായികവേഷങ്ങളോ വളരെ റിസർവ്ഡ് ആയ എന്നെപ്പോലെയുള്ള അഭിനേത്രി പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. സിനിമയിൽ നാം ഇവിടുണ്ടെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കണം. സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർമാരുമൊക്കെയായി നിരന്തരം സമ്പർക്കം പുലർത്തിയില്ലെങ്കിൽ അർഹതപ്പെട്ട അവസരങ്ങൾപോലും കാൽക്കീഴിലൂടെ ഒലിച്ചുപോകും. ഇതിനൊന്നും ശ്രമിക്കാത്തതിനാലാവണം കാര്യമായ അവസരങ്ങളൊന്നും തേടിയെത്താത്തത്. ഓഫറുകൾ വരാത്തതിൽ ആരെയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ഞാനിവിടുണ്ടെന്ന് ഓർമിപ്പിക്കാനുള്ള കഴിവില്ലാത്ത ഞാനാണ് തെറ്റുകാരി. സിനിമയില്ലെങ്കിലും എന്റേതായ കാര്യങ്ങളുമായി ഞാൻ തിരക്കിലായിരുന്നു, സന്തോഷത്തിലായിരുന്നു.

സീരിയൽ വഴി

ഒമ്പതുവർഷം മുൻപ് മനപ്പൊരുത്തം എന്ന സീരിയൽ വഴിയാണ് അഭിനയലോകത്ത് ഹരിശ്രീ കുറിക്കുന്നത്. അന്ന് ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്നു. സംവിധായകൻ നസീർ സർ കാണിച്ചുതന്നതൊക്കെ അതേപടി അനുകരിക്കുകയായിരുന്നു ഞാൻ. സിനിമയിൽ തിരക്കായ കാലം തൊട്ടേ പരമ്പരയിൽ നിന്ന് വിളിവരുന്നുണ്ട്. ഓവർ അഭിനയവും ഓവർ മേക്കപ്പും ആവശ്യപ്പെടുന്ന തട്ടുപൊളിപ്പൻ നായികമാരായിരുന്നു അവയിലെ കഥാപാത്രങ്ങൾ. റിയലിസ്റ്റിക് കഥാപാത്രങ്ങൾ വന്നാൽ നോക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഈറൻ നിലാവിലേക്കുള്ള ഓഫർ വരുന്നത്. അമിതാഭിനയം ഇല്ല എന്ന ഉറപ്പ് ചാനൽ ആദ്യം തന്നെ തന്നിരുന്നു. ഒരുപാട് അഭിനയമുഹൂർത്തങ്ങളും ജീവിതത്തിന്റെ ഭിന്നഭാവങ്ങളും ഒത്തുചേർന്ന കഥാപാത്രം. എക്സ്പ്രഷൻ കുറച്ചു മതിയെന്ന് ഓരോ സീനിലും സംവിധായകൻ ഓർമിപ്പിച്ചുകൊണ്ടിരിക്കും. അത്രമേൽ നാച്വറലാണ് ഈറൻനിലാവ്. പ്രേക്ഷകരിൽ നിന്നു നല്ല റെസ്പോൺസ് കിട്ടുന്നുണ്ട്. ഈറൻ നിലാവിനുശേഷം സരയു എന്നൊരു നടി മലയാള സിനിമയിലുണ്ടെന്ന് പോലും അറിയാത്ത അമ്മമാരും അമ്മൂമ്മമാരുമൊക്കെ അടുത്തുവന്ന് പരിചയപ്പെടാൻ തുടങ്ങി. അവരുടെ സ്നേഹം നിസ്വാർഥമാണ്.



ചിരിപ്പിച്ച സാൾട്ട് മാംഗോ ട്രീ

അടുത്തകാലത്ത് സാൾട്ട് മാംഗോ ട്രീയിലെ കഥാപാത്രം നല്ല ഔട്ട്കം തന്നു. ഇപ്പോഴും ഫേസ്ബുക്കിലും വാട്ടസ് ആപ്പിലുമൊക്കെ എന്റെ കഥാപാത്രത്തിന്റെ കോമഡി രംഗങ്ങൾ കട്ട് ചെയ്തിടാറുണ്ട്. സാൾട്ട് മാംഗോ ട്രീയുടെ ലൊക്കേഷനിലെത്തുമ്പോൾ ഹാസ്യത്തിനു പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് അറിഞ്ഞിരുന്നില്ല. കോമഡിക്കു പ്രാധാന്യമുള്ള സിനിമയാണ്, പക്ഷേ, കോമഡി മൊത്തം ബിജുചേട്ടൻ ചെയ്യുമെന്നായിരുന്നു ധാരണ. ഈ സിനിമയിൽ സരയു കോമഡി വേഷമാണ് ചെയ്യുന്നതെന്ന് സംവിധായകൻ രാജേഷ് ഏട്ടൻ പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു ധൈര്യത്തിലങ്ങ് ചെയ്തു. ബിജുച്ചേട്ടൻ ശരിക്കും ഹെൽപ്പ് ഫുള്ളായിരുന്നു. ഒരു ഗിവ് ആന്റ് ടേക്ക് പോളിസിയുടെ പിൻബലത്തിലാണ് ആ കഥാപാത്രം നന്നായത്. വർഷത്തിലേക്ക് രഞ്ജിത്തേട്ടൻ വിളിക്കുമ്പോൾ പറഞ്ഞിരുന്നു ചെറിയ റോളാണ്, നാലു സീനേയുള്ളു എന്നെല്ലാം. മമ്മൂട്ടിയോടൊപ്പം കോമ്പിനേഷൻ സീനുണ്ടോയെന്നു മാത്രമേ ഞാൻ ചോദിച്ചുള്ളു. ഉണ്ടെന്ന് രഞ്ജിത്തേട്ടൻ. ദെൻ, വൈനോട്ട് ചെയ്യാം എന്നു പറഞ്ഞ് ഞാൻ ലൊക്കേഷനിൽ പാഞ്ഞെത്തുകയായിരുന്നു.

ന്യൂജെൻ സിനിമകളും ഞാനും

ഇന്നത്തെ സോകോൾഡ് ന്യൂജൻ സിനിമകളിലേക്ക് ആരും എന്നെ വിളിക്കാറില്ല. ഒരുപക്ഷേ തികച്ചും ഗ്രാമീണമായ മുഖവും ശരീരവുമൊക്കെയാവാം കാരണം. ന്യൂജൻ സിനിമകൾ ആവശ്യപ്പെടുന്ന മോഡേൺ ലുക്ക് നൽകുന്നതിൽ എനിക്ക് പരിമിതിയുണ്ട്. എങ്കിലും നവ സിനിമകളെയും അതിലെ സ്ത്രീകഥാപാത്രങ്ങളെയുമൊന്നും തള്ളിപ്പറയാൻ ഞാൻ ആളല്ല. ന്യൂജൻ സിനിമകളിലെ നായികമാർ മാത്രമല്ല മുൻപ് ഫിലോമിനാമ്മയും മദ്യപാന സീനുകൾ


ഭംഗിയായി അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ കഥാപാത്രങ്ങൾ വീട്ടുവേലക്കാരികളും ചായക്കടക്കാരിയുമൊക്കെ വളരെ ഭംഗിയായി അശ്ലീലം എന്നു കാറ്റഗറൈസ് ചെയ്യാവുന്ന ഡയലോഗുകൾ പ്രസന്റ് ചെയ്തിരുന്നു. അന്നൊന്നും സിനിമയിലെ പെണ്ണുങ്ങൾ മദ്യപിക്കുന്നു, പുകവലിക്കുന്നു, തെറി പറയുന്നു എന്നുപറഞ്ഞ് ആരും ബഹളം വച്ചിരുന്നില്ല. മലയാളിയുടെ കപടസദാചാരബോധം രണ്ടായിരത്തിപ്പത്തിനുശേഷം വല്ലാതെ കൂടിയിരിക്കുന്നു. മുണ്ടും ചട്ടയിലും തുടങ്ങി മുലപ്പാലിൽ വരെ അവൻ അശ്ലീലം ദർശിക്കുകയാണിപ്പോൾ. വളരെ ശക്‌തമായ കഥാപാത്രങ്ങളാണെങ്കിൽ ന്യൂജൻസിനിമയിൽ തീർച്ചയായും എന്നെ പ്രതീക്ഷിക്കാം. പക്ഷേ പ്രോജക്ട് ഓണാവുമ്പോൾ തന്നെ പ്രൊഡക്ഷൻ കൺട്രോളറുമായി കോൺടാക്റ്റ് പുലർത്താനും സംവിധായകനെ വിളിച്ച് ശല്യം ചെയ്യാനും പോർട്ട് ഫോളിയോ തയാറാക്കി അയച്ചുകൊടുക്കാനുമൊന്നും തയാറാവാത്തതിനാലാവണം മുൻ നിരയിലേക്കെത്താൻ കഴിയാത്തത്.

അച്ഛൻ പിണങ്ങിപ്പിരിഞ്ഞ കൂട്ടുകാരൻ

അച്ഛൻ എന്നും നല്ല സുഹൃത്തായിരുന്നു. ലൊക്കേഷനിൽ കൂട്ടുവന്നിരുന്നത് അച്ഛനായിരുന്നു. യാത്രയിൽ ഓരോ സ്‌ഥലത്തിന്റെയും ചരിത്രപ്രാധാന്യം അച്ഛൻ എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കും. നല്ല വായനാശീലവും ചരിത്രപാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഞായറാഴ്ചകളെ സ്നേഹിച്ച പെൺകുട്ടി എന്ന എന്റെ കഥാസമാഹാരത്തിന്റെ ഊർജം അച്ഛനാണ്. എന്റെ പച്ച എന്ന ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗിനിടയിലാണ് അച്ഛൻ രോഗബാധിതനാവുന്നത്. ഇടയ്ക്കിടെ ഓർമ നഷ്‌ടപ്പെടും. പക്ഷേ ബോധം വരുമ്പോൾ പച്ചയെക്കുറിച്ച് അന്വേഷിക്കും. മകൾ സംവിധാനം ചെയ്ത സിനിമ കാണാൻ അദ്ദേഹം വല്ലാതെ കൊതിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ തെരക്കുപിടിച്ചാണ് പച്ചയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ആശുപത്രിക്കിടക്കയിൽ വച്ചാണ് അച്ഛൻ പച്ച കാണുന്നത്. ബോധം തിരിച്ചുകിട്ടിയ ഒരു നേരത്ത് സിനിമ കണ്ടു തീർത്തതും അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. അടുത്ത ലക്ഷ്യം ഒരു ഫീച്ചർ ഫിലിമാണ്. അടുത്ത വർഷം പ്രാരംഭ പ്രവർത്തനങ്ങളുണ്ടാകും. പക്ഷേ മാർഗ നിർദേശങ്ങളുമായി അച്ഛനുണ്ടാവില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. പിണങ്ങിപ്പിരിഞ്ഞ് മുറിയിൽ വാതിലടച്ചിരിക്കുന്ന കളിക്കൂട്ടുകാരനെപ്പോലെയാണ് അച്ഛൻ. വാതിൽ തുറന്നു ഏതു നിമിഷവും പുറത്തുവരും ആ കൂട്ടുകാരനെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.



വിവാഹശേഷവും അഭിനയം

നവംബർ 12നാണ് വിവാഹം. വരൻ സനൽ ആഡ് ഫിലിംമേക്കറും അസിസ്റ്റന്റ് ഡയറക്ടറുമാണ്. വർഷത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പാലക്കാടാണ് സനലിന്റെ സ്വദേശം. അമ്മയും അനിയത്തിയുമാണ് അദ്ദേഹത്തിനുള്ളത്. സോ കോൾഡ് സിനിമാക്കാരനല്ല എന്നതാണ് ഞാൻ സനലിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത. തികച്ചും ഒരു പച്ചമനുഷ്യൻ. വിവാഹശേഷവും അഭിനയിക്കാൻ തന്നെയാണ് തീരുമാനം.

ഈറൻനിലാവിനുശേഷം ഇനിയൊരു സീരിയൽ ഉടനെ ചെയ്യില്ല. തൽക്കാലം അഭിനയം സിനിമയിൽ മാത്രം ഒതുക്കാനാണ് പദ്ധതി. ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിലേക്ക് വിളിച്ചിരുന്നു. മധുസാറും ഷീലാമ്മയും ഒക്കെയുള്ള സിനിമയാണ്. അഭിനയിക്കാൻ ഞാനും കൊതിച്ചിരുന്നു. പക്ഷേ ഈറൻനിലാവുമായി ഡേറ്റ് ക്ലാഷായി. വളരെ വേദനയോടെ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഇവിടെ നായിക സേഫാണ്

ജയരാജ് സാറിന്റെ നായിക എന്ന ചിത്രത്തിൽ വഞ്ചിക്കപ്പെടുന്ന ഒരു ചലച്ചിത്ര നടിയുടെ റോളായിരുന്നു. അരുവിയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ മേൽ വസ്ത്രം അഴിഞ്ഞുപോകുന്ന രംഗമുണ്ട്. സ്ത്രീകളെ ഏറ്റവും മാന്യമായി അവതരിപ്പിക്കുന്ന സംവിധായകനാണ് ജയരാജ് സാർ എന്ന തിരിച്ചറിവിലാണ് ആ റോൾ ഏറ്റെടുത്തത്. അദ്ദേഹം സഭ്യമായ രീതിയിൽ ആ കഥാരംഗം അവതരിപ്പിക്കുകയും ചെയ്തു. എനിക്കു തോന്നുന്നു സ്ത്രീകൾ ഏറ്റവും പ്രൊട്ടക്റ്റട് ആയ മേഖല സിനിമ തന്നെയാണ്. ഇവിടെ എപ്പോഴും നമുക്കുചുറ്റും ഒരാൾക്കൂട്ടമുണ്ടാകും. മറ്റേത് തൊഴിൽ അച്ഛനോടും അമ്മയോടും ഒപ്പം പോയി ചെയ്യാൻ കഴിയും? പക്ഷേ സിനിമ നൽകുന്ന പരിലാളനകൾ നടികളെ പലപ്പോഴും ഓവർ ഡെലിക്കേറ്റ് ആയി തീർക്കും. എപ്പോഴും എന്തിനും ഏതിനും സഹായിക്കാൻ ആളുകൾ ഉള്ളതുകൊണ്ട് സ്വന്തമായി ഒരു തീരുമാനമെടുക്കാൻ അവർക്കു കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടായിരിക്കാം വിവാഹമോചനങ്ങളും ആത്മഹത്യയും നടികൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നത്.

ഷിജീഷ് നടുവണ്ണൂർ