പുതുമ നേടുന്ന ബിസിനസ് രംഗം
പുതുമ നേടുന്ന ബിസിനസ് രംഗം
Friday, October 14, 2016 4:51 AM IST
വീട്ടിലെ ഭക്ഷണമെന്നു കേട്ടാൽ ഓടിയെത്തുന്നവരുടെ എണ്ണം നിരവധിയായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. നല്ല രുചിയോടെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കി ഒരു ചെറിയ കടയിലൂടെ വിളമ്പിയാലെന്താണെന്ന ചിന്ത അങ്ങനെയാണുണ്ടായത്. ചിന്ത ഒരിക്കലും തെറ്റിയില്ല എന്നതിനു തെളിവാണ് ദിവസവും കൂടിക്കൂടി വരുന്ന ജനങ്ങളെന്നാണ് പൊറോട്ട ലാൻഡിന്റെ ഉടമകളായ സീന ബാബുവും സിനി ആന്റണിയും പറയുന്നത്.

പറഞ്ഞു പഴകിയ കഥപോലെയായിരുന്നു ഒരുകാലത്ത് ട്രേഡിംഗ് രംഗം. ആരോടു ചോദിച്ചാലും പറയാൻ ഒരേ തരം ബിസിനസുകൾ മാത്രം. എന്നാൽ കാലത്തിനൊപ്പം കോലവും മാറുക എന്നതുപോലെ ബിസിനസ് രംഗം ഏറെ മാറിയിരിക്കുന്നു. സീനയെയും സിനിയെയും പോലെ ഇന്നു പറയാൻ ഓരോരുത്തർക്കും അവരവരുടേതായ കഥകളുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റേതായ ബിസിനസുകൾ പലരും ആരംഭിച്ചിരിക്കുന്നു.

ഇന്ന് ബിസിനസുകൾ ആരംഭിക്കുന്നവർ മുന്നെ പോയവർ ചെയ്തുവെച്ചത് അതേ പടി പകർത്തുകയോ തുടരുകയോ അല്ല. എന്തു ചെയ്താലും അതിലെല്ലാം തങ്ങളുടെ കൈയൊപ്പു കൂടി ചാർത്താൻ അവർ എപ്പോഴും ശ്രമിക്കുന്നു. മാറ്റങ്ങളുടെ കാലത്ത് പുതിയ മുഖം നേടുകയാണ് ബിസിനസ്.

പുതിയ മുഖത്തിലേക്കുള്ള എത്തിച്ചേരൽ

1991 ലെ ഉദാരവത്കരണത്തിനുശേഷം ബിസിനസ് രംഗം വലിയ മാറ്റത്തിലൂടെ കടന്നുപോവുകയായിരുന്നു. ആ മാറ്റത്തനു വേഗം കൂടിയിരിക്കുകയാണിപ്പോൾ.

നഗരവത്കരണമാണ് ഇത്തരം ബിസിനസുകളുടെ വളർച്ചക്കുള്ള പ്രധാന കാരണം. കൂടുതൽ പണം, സമയമില്ലായ്മ, മികച്ച ഉത്പന്നങ്ങളും സേവനങ്ങളും സ്വന്തമാക്കുക എന്നതൊക്കെ ഇതിനുള്ള കാരണമായി. വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റമാണ് മറ്റൊരു പ്രധാന കാരണം.

അതോടൊപ്പം ജനങ്ങൾ യാത്ര ചെയ്യാൻ തുടങ്ങി. മെച്ചപ്പെട്ട ജോലികൾ കണ്ടെത്താനും കൂടുതൽ വരുമാനം നേടാനും തുടങ്ങി. ആളുകളുടെ കയ്യിൽ ചെലവഴിക്കാൻ പണം വന്നു അതോടെ ബിസിനസ് രംഗം ഉണർന്നു. ഇന്റർനെറ്റിന്റെ വ്യാപ്തിയും ഈ മാറ്റങ്ങൾക്ക് ഏറെ കാരണമായിട്ടുണ്ട്. ബിസിനസ് എത്ര വളർന്നാലും സ്വന്തം വിരൽതുമ്പുകൊണ്ട് ലോകത്തിന്റെ ഏതു കോണിലിരുന്നും അതിനെ നിയന്ത്രിക്കാം എന്ന സ്‌ഥിതി വന്നു. ഷോപ്പിംഗ് മാളുകളുടെ ഉദയവും ബിസിനസ് രംഗത്തെ പുതിയ വഴികളിലേക്കു നയിക്കുന്നതിനു കാരണമായി.

റെഡി റ്റു വേർ, റെഡി റ്റു ഈറ്റ് എന്നിങ്ങനെ അധിക നേരം കാത്തു നിൽക്കാതെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നു കിട്ടണമെന്ന ചിന്തയിലാണ് മനുഷ്യരെല്ലാവരും. പക്ഷേ കുറഞ്ഞ ചെലവിൽ മികച്ച ഗുണമേൻമയോടെ അവരാവശ്യപ്പെടുന്നത് ലഭ്യമാക്കുന്നവർക്കാണ് ഇന്ന് മാർക്കറ്റ്. കേടുവന്ന ഗൃഹോപകരണങ്ങൾ വീട്ടിലെത്തി ശരിയാക്കി നൽകുക, മൊബൈൽ ഫോൺ വീട്ടലെത്തി നന്നാക്കി നൽകുക, ആഘോഷങ്ങളെ മനോഹരമായി ക്രമീകരിക്കുന്ന ഈവന്റ് മാനേജ്മെന്റ് സേവനം നൽകുക, ആഘോഷങ്ങൾക്കണിയാനുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകുക, മനോഹരമായ കേക്കുകളുണ്ടാക്കി നൽകുക... എന്നിങ്ങനെ ന്യൂ ജനറേഷൻ ബിസിനസുകളുടെ നിര നീളുകയാണ്. എന്തിനേറെ പറയുന്നു. നല്ല നാടൻ ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നതുവരെ നല്ല വിപണിയുള്ള ബിസിനസാണ്.

സാങ്കേതികവിദ്യ

സാങ്കേതിക വിദ്യ രംഗത്തുണ്ടായ കുതിച്ചു ചാട്ടം മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിങ്ങനെ ഇലകട്രോണിക്സ് ഉപകരണങ്ങളെ ആർക്കും ലഭ്യമാകുന്ന വസ്തുക്കളാക്കി മാറ്റി. ഇതു വഴി ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുക എന്നസംസ്കാരവും വളർന്നു വന്നു. എന്നാൽ ടെക്നോളജിയുടെ മറ്റൊരു വശം ഇത്തരം ഇ–വേസ്റ്റുകൾക്കു പരിഹാരം കണ്ടെത്താനുള്ള സേവന മേഖല സൃഷ്‌ടിക്കാനും കാരണമായി. വീട്ടിലെത്തി ഇലകട്രോണിക്സ് ഉപകരണങ്ങളും മൊബൈലും മറ്റും ശരിയാക്കിത്തരിക എന്നുള്ളത് ഇതിനു സമാന്തരമായി വളർന്നു വന്നിരിക്കുന്ന മേഖലയാണ്. സേവനത്തെ ഒരു സംസ്കാരമായി കണ്ട് മികച്ച സേവനവുമായി ഉപഭോക്‌താക്കളുടെ വീട്ടു പടിക്കലെത്തിയാൽ അത് മികച്ച സംരംഭക അവസരം തന്നെയാണെന്നാണ് ഗെറ്റ് സെർവ് സർവീസ് നെറ്റ് വർക്കിന്റെ സാരഥി ഷിനു എസ് കൊട്ടാരവും അസെൻഷൻ ടെക്നോളജി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി രാഹുൽ കൃഷ്ണയും പറയുന്നത്.



അവസരങ്ങൾ നിരവധി

പുതുമുഖ ബിസിനസുകൾക്ക് അവസരങ്ങൾ നിരവധിയാണ്. ആരോഗ്യരംഗം, ഓട്ടോമൊബൈൽ, സ്കൂൾ, എന്നിങ്ങനെ മേഖലകൾ നിരവധിയാണ്. ആരോഗ്യ രംഗത്ത് ഡയഗ്നോസ്റ്റിക് സെന്ററുകളുടേയും അവയുടെ ഫ്രാഞ്ചൈസികളുടേയും ഹെൽത്ത് ക്ലബ്ബുകളുടേയും മറ്റും എണ്ണം നഗരങ്ങളിലെ ജനസംഖ്യ വളരുന്നതിനുസരിച്ച് വളരുകയാണ്.

കാർ വാഷ് ചെയ്തു നൽകുന്ന സർവീസ് സ്റ്റേഷനുകൾ ഇന്ന് നിരവധിയാണ്. നല്ല മാർക്കറ്റുള്ള ഒരു മേഖലയാണത്. പ്രീ സ്കൂളുകളാണ് വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ നേടിത്തരുന്നത്. നല്ല വിദ്യഭ്യാസം നൽകി പേരു നേടിക്കഴിഞ്ഞാൽ വിവിധ ഇടങ്ങളിലേക്കു വ്യാപിപ്പിച്ച് പ്രവർത്തനം വിപുലപ്പെടുത്താവുന്നതാണ്.

സലൂണുകൾ, ബ്യൂട്ടി പർലർ കം ഫറ്റ്നെസ് സെന്ററുകൾ, കെഎഫ്സി, ചിക്കിംഗ്, വടപാവ്, ചക്ക തുടങ്ങിയ നാടൻ ഉത്പന്നങ്ങൾ സംസ്കരിച്ച് വിപണിയിലിറക്കുക, വാഹനങ്ങളിൽ വിവിധ സ്‌ഥലങ്ങളിൽ ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുക, തുടങ്ങി ഭക്ഷണവും സൗന്ദര്യവുമായി ബന്ധപ്പെട്ട ബിസിനസവരങ്ങൾ ഓരോ ദിവസവും വർധിച്ചുവരികയാണ്. ഒരു കാലത്ത് നാൽക്കവലകളിലുണ്ടായിരുന്ന ചെറിയ കടകളുടെ സ്‌ഥാനത്ത് ഇന്ന് സ്‌ഥാനം പിടിക്കുന്നത് ഇത്തരം ബിസിനസുകളാണ്.


ഈ ബിസിനസുകളുടെയെല്ലാം വിജയം നല്ല ഉത്പന്നങ്ങൾ, നല്ല സേവനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവ മോശമായാൽ ബിസിനസിന്റെ ഭാവിയും ഇരുണ്ടതാകും.

ഗുണമേൻമ നിർബന്ധം

ഗുണമേൻമയിൽ വിട്ടു വീഴ്ച്ച ചെയ്യാതിരിക്കുക എന്നതാണ് ഇത്തരം ബിസിനസുകൾ ആരംഭിക്കുന്നവർ തുടക്കം മുതൽ പാലിക്കേണ്ട പ്രധാന കാര്യം. അടുത്ത പടിയാണ് അമിത തുക ഈടാക്കാതിരിക്കുക എന്നത്. പലപ്പോഴും പലരും പരാജയപ്പെട്ടു പോകുന്നത് ഈ കാര്യങ്ങളിലാണ്. ഗുണമേൻമയിൽ വിട്ടു വീഴ്ച്ച ചെയ്താൽ ഒരിക്കൽ വന്ന ഉപഭോക്‌താവ് പിന്നെ അന്വേഷിച്ചെത്തണമെന്നില്ല. അമിത തുക ഈടാക്കിയാലും ഇതു തന്നെയാണ് പ്രശ്നം. തങ്ങൾ നൽകുന്ന സേവനത്തിൽ നിന്നും കുറഞ്ഞ തുകക്ക് മറ്റൊരാൾ മികച്ച സേവനം നൽകിയാൽ ഉപഭോക്‌താക്കൾ അവിടേക്കു മാറാനുള്ള സാധ്യതയുണ്ട്. ജനങ്ങൾക്കു ചെലവഴിക്കാനുള്ള കഴിവുണ്ട്. മികച്ചതു നേടാനായി എത്ര തുക വേണമെങ്കിലും അവർ ചെലവഴിക്കും. അതിനാൽ ഗുണമേൻമയോടു കൂടി സേവനമായും ഉത്പന്നമായാലും നൽകുക എന്നതാണ് പ്രധാനം.

പാഷനനുസരിച്ചു നീങ്ങുക

ഇന്നത്തെ ബിസിനസുകൾക്കുള്ള മറ്റൊരു പ്രത്യേകത സ്‌ഥിരം ഉപഭോക്‌താക്കൾ എന്നതാണ്. ഒരു നിശ്ചിത വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പലപ്പോഴും പലരും ബിസിനസുകൾ ആരംഭിക്കുന്നത്. അവരിലേക്ക് കൃത്യമായി എത്തിച്ചേരാൻ സാധിച്ചാൽ മാത്രമേ ആ ലക്ഷ്യം വിജയിക്കു.

കേട്ടാൽ വളരെ ലളിതമെന്നു തോന്നുന്ന ബിസിനസുകളാണ് ഇന്ന് ഏറിയ പങ്ക് ആൾക്കാരും ആരംഭിക്കുന്നത്. പണ്ടൊക്കെ സമൂഹത്തിൽ പദവിയും മറ്റും കിട്ടുന്ന ബിസിനസുകളെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്നതു മാറി. ഓരോരുത്തർക്കും അവരവരുടേതായ പാഷനുകളുണ്ട് ആ പാഷനുകളെ വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോൾ തന്നെ അവിടെ ഒരു വ്യത്യസ്തത രൂപപ്പെടുകയാണ്. അവിടെ ആൺ പെൺ വ്യത്യാസമൊന്നുമില്ല. ഓരോരുത്തരും അവരവരുടേതായ താൽപര്യങ്ങളെ മാത്രം പരിഗണിക്കുന്ന.ു അതിന് മാർക്കറ്റ് ഉണ്ടോ എന്നു പരിശോധിക്കുന്നു. പിന്നെ ആരംഭിക്കുന്നു.

ഉപഭോക്‌താവാണ് രാജാവ് എന്നതു മറക്കാതിരിക്കുക. വിപണി കണ്ടെത്തുന്നതെങ്ങനെ എന്നൊരു ചോദ്യമുയരും അതിനും അധികം കഷ്‌ടപ്പെടേണ്ട ആവശ്യമില്ല. ആവശ്യക്കാർ തേടിയെത്തുന്ന കാലമാണിത്. ചെറിയതോതിലുള്ള പരസ്യങ്ങളും പ്രദർശനങ്ങളിൽ പങ്കെടുത്തുമെല്ലാം ഉപഭോക്‌താക്കളെ കണ്ടെത്താം.

ബൊട്ടീക്കുകൾ തരംഗമാകുന്നു

ഫാഷൻ രംഗമാണ് വളർന്ന മറ്റൊരു മേഖല. ലോകത്തിലെവിടെയും ഫാഷൻ രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ സാംശീകരിക്കുവാൻ എല്ലാവരും എപ്പോഴും തന്നെ ശ്രദ്ധിച്ചിരുന്നു. അതിനാൽ ബൊട്ടീക്കുകൾ എന്നിങ്ങനെ ഫാഷൻ രംഗത്തും നിരവധി ബിസിനസുകൾ ഉയർന്നു വന്നു. വിവാഹം തുടങ്ങിയ വിശേഷവസരങ്ങളിലേക്കുള്ള വസ്ത്രങ്ങൾ ആവശ്യക്കാരുടെ താൽപര്യ പ്രകാരം ഡിസൈൻ ചെയ്ത് കൊടുക്കുക എന്നത് വിപണിയുള്ള ബിസിനസായി ഇന്ന് മാറിക്കഴിഞ്ഞു. എന്തിന് ഒരിക്കൽ മാത്രം അണിയുന്ന വിവാഹ വസ്ത്രങ്ങൾ വാടകയ്ക്കു വരെ നൽകുന്ന ബിസിനസ് ഉയർന്നുവന്നിരിക്കുന്നു. ഓരോരുത്തരക്കും അവരുടെ വിവാഹനാളിനെക്കുറിച്ച് സ്വപ്നങ്ങളുണ്ട് പ്രത്യേകിച്ച് വസ്ത്രങ്ങളെക്കുറിച്ച് അത്എന്തുമായിക്കൊള്ളട്ടെ ഡിസൈൻ ചെയ്യാൻ ഞങ്ങളുണ്ട് എന്നു പറയുന്നവരാണ് ആർഷിയയും, അനുവും രേഷ്മയും കമൽ രാജുമൊക്കെ.

ഭക്ഷണം

ജോലി വരുമാനം മികച്ച ജീവിത സാഹചര്യം എന്നിവക്കൊപ്പം തന്നെ ആരോഗ്യത്തെക്കുറിച്ചും ആളുകൾ അതീവ ശ്രദ്ധാലുക്കളായി അതോടെ കാർഷിക മേഖലയിലും പുതിയ ബിസിനസ് സാധ്യതകൾ ഉയർന്നു വന്നു.

ഓർഗാനിക് ഫാമിംഗ് വഴി ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വാങ്ങിക്കാൻ ഇന്ന് ആവശ്യക്കാർ ഏറെയാണ്. ആളുകളുടെ കയ്യിൽ ചെലവഴിക്കാൻ പണമുണ്ട്. കൂടെ ആരോഗ്യത്തെക്കുറിച്ചും അവർക്ക് ശ്രദ്ധയുണ്ട് എന്നതിനുള്ള തെളിവാണിത്. ഇതോടെ ഗ്രാമങ്ങളിലേക്കും ബിസിനസ് രംഗത്തു വന്ന മാറ്റങ്ങളെത്തി. ഇന്ന് ഇടുക്കി തുടങ്ങിയ മല നാടുകളിൽ നിന്നും ഏലക്ക, കുടംപുളി, കുരുമുളക്, കപ്പ, ചക്ക എന്നിങ്ങനെയുള്ള വസ്തുക്കൾ നരഗവാസികൾക്കു വീട്ടിലെത്തിച്ചു നൽകുന്ന ബിസിനസ് ചെയ്യുന്നവർ വരെയുണ്ട്. ഹോംലി ഫുഡ് ഉണ്ടാക്കി വിളമ്പുക എന്നതാണ് ഇന്ന് പെട്ടന്ന് വിപണി കീഴടക്കുന്ന ബിസിനസ്. മനോഹരമായ കേക്കുകൾ പേസ്ട്രീകൾ എന്നിവയുടെ നിർമ്മാണവുമെല്ലാം മികച്ച ബിസിനസാണെന്ന് റുമാനയും ജെനിയും പറയുന്നു.

നൊമിനിറ്റ ജോസ്