നോക്കിയയുടെ പുതിയ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഡി1സി
നോക്കിയയുടെ പുതിയ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഡി1സി
Saturday, October 15, 2016 3:59 AM IST
സ്മാർട്ടായി നോക്കിയ വീണ്ടും വരുന്നുവെന്ന വാർത്ത കേട്ടിട്ട് കുറച്ചുനാളായി. 2016ന്റെ നാലാം പാദത്തിൽ നാല് ആൻഡ്രോയ്ഡ് മോഡലുകളുമായി നോക്കിയ എത്തുമെന്നായിരുന്നു വിവരം. അന്നുമുതൽ മോഡലുകളുടെ പേരും സ്പെസിഫിക്കേഷനുകളും ചേർത്തുള്ള അഭ്യൂഹങ്ങൾ പരക്കേ ഉയർന്നിരുന്നു. ഓഗസ്റ്റിൽ നോക്കിയ 5320, 1490 എന്നീ മോഡലുകൾ ഗീക്ക്ബഞ്ചിൽ വരികയും ചെയ്തു. ഇതാ, പുതിയ നോക്കിയ മോഡൽ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു– നോക്കിയ ഡി1സി എന്നാണ് ഈ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിന്റെ പേര്.

നോക്കിയ 5320വിനെ അപേക്ഷിച്ച് മിഡ്–റേഞ്ച് ലെവലിൽ ആണ് ഡി1സി വരുന്നത്. ക്വാൽകോം ഒക്ടാ–കോർ പ്രോസസർ ശക്‌തിയേകുന്ന മോഡലിന് 3ജിബി റാം ഉണ്ടാകും. ആൻഡ്രോയ്ഡ് 7.0 നൂഗാ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.


നോക്കിയ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് പുതിയ മോഡലുകൾക്കായി കാത്തിരിക്കുന്നത്. അടുത്ത പത്തുവർഷത്തേക്ക് നോക്കിയ എന്ന ലേബലിൽ സ്മാർട്ട്ഫോണുകളും ടാബുകളും നിർമിക്കാനുള്ള അനുമതി കഴിഞ്ഞ മേയിലാണ് അവർക്കു ലഭിച്ചത്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തശേഷം ആ പേരിൽ ഇറങ്ങിയിരുന്ന ഫോണുകൾക്കും വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല.

അടുത്തിയിടെ പുറത്തിറക്കിയ ആൻഡ്രോയ്ഡ് എൻ1 ടാബ് വിപണിയിൽ ശ്രദ്ധനേടിയിരുന്നു. പുതിയ സ്മാർട്ട്ഫോണുകളും അതേ പ്രതീക്ഷാഭാരത്തോടെയാണ് നോക്കിയ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ മൂന്നു സ്മാർട്ട്ഫോണുകൾ നോക്കിയയുടേതായി ഇറങ്ങുമെന്നാണ് സൂചനകൾ.

–വി.ആർ.