ചില്ല്, അല്ല, ടിവി!
ചില്ല്, അല്ല, ടിവി!
Tuesday, October 18, 2016 3:57 AM IST
റിമോട്ടിൽ പ്രസ് ചെയ്യുമ്പോൾ സ്വീകരണമുറിയിലിരിക്കുന്ന ഷോകെയ്സിന്റെ ഗ്ലാസിൽ ചിത്രങ്ങൾ തെളിയാൻ തുടങ്ങുന്നു. ടിവി പ്രോഗ്രാമുകൾ, സിനിമകൾ തുടങ്ങിയവ ആ ഗ്ലാസിൽ ചലിച്ചുതുടങ്ങുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നു പറയാൻ വരട്ടെ. പാനാസോണിക് അവതരിപ്പിച്ച പുതിയ എൽഇഡി ടിവി ഇത്തരത്തിലുള്ളതാണ്. സുതാര്യമായ ഒരു ഗ്ലാസ്. അത് ഷോകെയ്സിനോ, അലമാരയ്ക്കോ, കബോർഡുകൾക്കോ ഗ്ലാസിനു പകരം ഘടിപ്പിക്കുന്നു. ശേഷം ഒരു ബട്ടൺ പ്രസ് ചെയ്യുമ്പോൾ ആ ഗ്ലാസ് എൽഇഡി ടിവിയായി മാറുന്നു. കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് ഈ എൽഇഡി ടിവി പാനാസോണിക് അവതരിപ്പിച്ചത്.

എൽഇഡി ഓണാക്കുമ്പോൾ ഗ്ലാസിന്റെ സുതാര്യത മാറിയാണ് ചിത്രങ്ങൾ തെളിയുന്നത്. അതിനാൽ ഒരു സാധാരണ എൽഇഡി കാണുന്ന സുഖം പാനാസോണിക്കിന്റെ ഈ എൽഇഡി ടിവിയിൽ ചിത്രങ്ങൾ കാണുമ്പോഴും ലഭിക്കും. ഓഫാക്കി കഴിയുമ്പോൾ ഒരു സാധാരണ ഗ്ലാസും. അതിലൂടെ അകത്തിരിക്കുന്ന വസ്തുക്കൾ കാണാൻ കഴിയും.

ഒഎൽഇഡി സ്ക്രീനാണ് ഈ ടിവിക്കായി പാനാസോണിക് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ എൽഇഡി ടിവിയിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ ടിവിയിലും ലഭിക്കും. എൽഇഡി ടിവി വീട്ടിൽ അനുയോജ്യമായി എവിടെ സ്‌ഥാപിക്കുമെന്ന് ഓർത്ത് കൺഫ്യൂഷനായിട്ടിരിക്കുന്നവർക്ക് ഇത്തരം എൽഇഡി വളരെ ഉപകാരപ്രദമാണ്. ഇടയ്ക്കിടെ ടിവിയുടെ സ്‌ഥാനം മാറ്റിയാലും കുഴപ്പമില്ല. പക്ഷെ മൂന്നു വർഷംകൂടി കാത്തിരിക്കേണ്ടിവരും ഈ ടിവി ഗ്ലാസിനു പകരം സ്‌ഥാപിക്കാൻ. പുതിയ ടിവിയുടെ വിലയുടെ കാര്യവും കമ്പനി പുറത്ത് വിട്ടിട്ടില്ല.


എൽഇഡി ടിവി രംഗത്തെ മത്സരങ്ങളുടെ മൂർച്ചയും ശക്‌തിയും വർധിപ്പിക്കാൻ പാനാസോണിക്കിന്റെ പുതിയ സംരംഭം വഴിതെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല.



ടിവിക്കു പിന്നിലെ ‘ടെക്നിക്’

ഒഎൽഇഡി സ്ക്രീനാണ് ടിവിക്കായി പാനാസോണിക് ഉപയോഗിക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ സ്ക്രീനാണ് ഇവിടത്തെ ഹീറോ. ഒരു പ്രത്യേക തരം ലൈറ്റ് എമിറ്റിംഗ് ഡയോഡ് ആണ് ഓർഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്. ഒഎൽഇഡി (OLED) എന്ന പേരിലാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ബാക്ലൈറ്റും ഫിൽറ്റേഴ്സും ഉപയോഗിച്ചാണ് എൽസിഡി ടിവി സ്ക്രീനിൽ ചിത്രങ്ങൾ കാണിക്കുന്നത്. എന്നാൽ പൂർണമായും സുതാര്യമായ വസ്തുക്കൾ കൊണ്ടാണ് ഒഎൽഇഡി നിർമിച്ചിരിക്കുന്നത്.

രണ്ടു ഗ്ലാസ് പ്രതലങ്ങൾക്കിടയിലാണ് ഒഎൽഇഡി പാളി സ്‌ഥാപിച്ചിരിക്കുന്നത്. രണ്ട് ഇലക്ട്രോഡുകൾക്കിടയിലുള്ള (കാഥോഡും ആനോഡും) ഒരു ഓർഗാനിക് പാളിയാണ് ഒഎൽഇഡി. ഇതിലേക്ക് വൈദ്യൂതി കടത്തിവിടുമ്പോൾ സ്വയം ഒഎൽഇഡി പ്രകാശിക്കുന്നു. പാനൽ ഓണാകുന്നതോടെ സ്വയം പ്രകാശിക്കുന്ന പിക്സലുകൾ ചിത്രങ്ങൾ കാണിച്ചു തുടങ്ങും. ഓഫാകുമ്പോൾ ഘടകവസ്തുക്കൾ പഴയരൂപത്തിലേക്ക് (സുതാര്യമായ) മാറുന്നു. ഒഎൽഇഡി ഡിസ്പ്ലേകൾ എൽസിഡി ഡിസ്പ്ലേയെക്കാൾ മികച്ച ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നു. അതോടൊപ്പം വലിപ്പവും കുറവാണ്.

–സോനു തോമസ്