വൃദ്ധകേരളം
വൃദ്ധകേരളം
Friday, October 28, 2016 3:39 AM IST
പൂമുഖത്തെ ചാരുകസേരയിൽ കിടക്കുന്ന മുത്തൾൻ. നിലത്തിരുന്നു പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തൾി.... വയസായവർ വീടിന്റെ ഐശ്വര്യമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കുടുംബബന്ധങ്ങളിലും ജീവിതരീതിയിലും തൊഴിൽ അവസ്‌ഥകളിലും ഉണ്ടായ മാറ്റം കൂട്ടുകുടുംബത്തെ എങ്ങനെയൊക്കെ മാറ്റിയെന്നു നാം അറിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ.

ആയുസ് മുഴുവൻ മക്കൾക്കായി അധ്വാനിച്ചു പ്രായാധിക്യത്തിലെത്തുമ്പോൾ ഒന്നു വിശ്രമിക്കാമെന്നു കരുതും നേരം സ്വന്തം മാർഗം തേടി മറുനാട്ടിലേക്കും വിദേശത്തേക്കുമൊക്കെ പറക്കുന്ന മക്കൾ... മരണത്തെക്കുറിച്ചു ഭീതിയോടെ ചിന്തിക്കുന്ന സമയം, അടുത്ത് മക്കളില്ലെന്ന ആധി, ശാരീരിക അവശതകൾ, മങ്ങുന്ന കാഴ്ചയും കുറയുന്ന കേൾവിയും... സംരക്ഷിക്കാൻ ആളുണ്ടായിട്ടും തങ്ങൾ ഒറ്റപ്പെട്ടു പോയല്ലോയെന്ന വ്യാകുലതയുമായി വൃദ്ധസദനങ്ങളിലേക്ക് ചേക്കേറുന്നവർ... മറുനാട്ടിൽ കഴിയുന്ന മക്കൾക്കൊപ്പം പോകാതെ സ്വന്തം മണ്ണിൽ അന്തിയുറങ്ങാൻ കൊതിക്കുന്ന മറ്റൊരു കൂട്ടർ... അച്ഛനമ്മമാരെ മനഃപൂർവം വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന വേറൊരു കൂട്ടർ...

വൃദ്ധകേരളത്തിന്റെ അവസ്‌ഥ നമ്മെ നിരാശരാക്കുന്നു. നൂതന ചികിത്സാരീതികളും മെച്ചപ്പെട്ട ജീവിത നിലവാരവും മൂലം ആയുർദൈർഘ്യം കേരളത്തിൽ കൂടുതലാണ്. മക്കളുടെ എണ്ണം കുറവും. മാതാപിതാക്കളെ തനിച്ചാക്കി ജോലി തേടി മറ്റു സ്‌ഥലങ്ങളിലേക്ക് പോകുന്ന മക്കളുടെ എണ്ണവും കൂടുന്നു. വാർധക്യത്തിലെ ഏകാന്തതയെക്കുറിച്ചാണ് ഈ ലക്കം സ്ത്രീധനം മാസിക ചർച്ച ചെയ്യുന്നത്. വിവിധ മേഖലയിലുള്ളവരുടെ പ്രതികരണങ്ങളിലൂടെ...

സൗഹാർദ്ദ പൂർണമായ സാമൂഹ്യ ഇടപെടലുകൾ ഉണ്ടാകണം

ഡോ.കെ.എസ്.ഷാജി

പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ.മെഡിക്കൽ കോളജ്, തൃശൂർ

ഏകാന്തതയും അനാരോഗ്യവും സാധാരണ കണ്ടുവരുന്ന വാർധക്യപ്രശ്നങ്ങളാണ്. പ്രായമായവരിൽ കൂടുതൽ പേർ സ്ത്രീകളും അവരിൽ തന്നെ പലരും വിധവകളുമാണ്. സൗഹൃദം പങ്കുവയ്ക്കാനും മറ്റു ബന്ധുമിത്രാദികളുമായി ഇടപഴകാനുമുള്ള അവസരങ്ങൾ കുറയുന്നത് ഇവരുടെ ഏകാന്തത വർധിപ്പിക്കുന്നു. സാമൂഹ്യമായ ഒറ്റപ്പെടൽ ആനന്ദദായകമായ ജീവിതാനുഭവങ്ങൾക്കുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നു. ഇത് വിഷാദാവസ്‌ഥയിലേക്കു നയിക്കാനുള്ള കാരണമായേക്കാം. സൗഹാർദ്ദ പൂർണമായ സാമൂഹ്യ ഇടപെടലുകൾ നൽകുന്ന സന്തോഷം വിഷാദം തടയാനും ലഘൂകരിക്കാനും ഏറെ സഹായിക്കും. മസ്തിഷ്കപ്രവർത്തനത്തിന്റെ ഊർജസ്വലത നിലനിർത്താൻ ഇത് ഉപകരിക്കും.
വ്യായാമത്തിനും പ്രാധാന്യമുണ്ട്. ദിവസേനയുള്ള ശാരീരികവ്യായാമം ഉണർവിനും ഉന്മേഷത്തിനും സഹായിക്കും. ശാരീരിക വ്യായാമം പോലെതന്നെ മസ്തിഷ്ക വ്യായാമവും വേണം. ബുദ്ധിശക്‌തിയും മേധാശക്‌തിയും ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ വ്യാപൃതരാകുകയാണ് ഇതിനുള്ള വഴി. വായിക്കുക, ചിന്തിക്കുക. ആസൂത്രണം ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ ഏറെ പ്രയോജനകരമാണ്. വർത്തമാനകാല കാര്യങ്ങളെപ്പറ്റിയുള്ള ധാരണ നിലനിർത്തുന്നതും അവയെപ്പറ്റി ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും പൊതുവേ നല്ലതാണ്.

ഉണർന്നിരിക്കുന്ന സമയങ്ങളിൽ പ്രവർത്തനനിരതമായിരിക്കുക എന്നതാണ് പ്രധാനം. മാനസികോല്ലാസം നൽകുന്ന ഹോബികൾ, ജോലികൾ, സാമൂഹ്യപ്രവർത്തനം തുടങ്ങിയവയിൽ വ്യാപൃതരാകുന്നത് നല്ലതാണ്. വെറുതെയിരിക്കാതെ കഴിയുന്നത്ര കർമനിരതരാകാൻ ശ്രദ്ധിക്കുക. ഓർമക്കുറവ്, വിഷാദം തുടങ്ങിയ ബുദ്ധിമുട്ടുകൾ തടയാൻ ഇതു സഹായിക്കും.



വയോജനങ്ങളുടെ ഗ്രൂപ്പുണ്ടാക്കണം

ബിജു മാത്യു

സ്റ്റേറ്റ് ഹെഡ് (കേരള) ഹെൽപ് ഏജ് ഇന്ത്യ

ഒറ്റപ്പെടൽ, ഏകാന്തത എന്നിവയാണ് പ്രായമായവർ പറയുന്ന പ്രധാന പരാതി. വൃദ്ധജനങ്ങൾ ജീവിക്കുന്ന കുടുംബവും സമൂഹവും അറിഞ്ഞോ അറിയാതെയോ ചുമത്തുന്നതാണ് ഈ ഏകാന്തത. ഈ ഒറ്റപ്പെടൽ അവരുടെ ജീവിതത്തിന്റെ പൂർണമായ പതനത്തിലേക്കാണ് നയിക്കുന്നത്.

ജീവിതമൂല്യങ്ങളിലെ മാറ്റം, ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുള്ള വീടുമാറ്റം, അണുകുടുംബത്തിലേക്കുള്ള ചേക്കേറൽ എന്നിവയാണ് പ്രധാനമായും ഏകാന്തതയിലേക്കു നയിക്കുന്നത്. വൈധവ്യം അനുഭവിക്കുന്നവരിലും ജോലിയിൽ നിന്നു വിരമിച്ച മുതിർന്ന പൗരന്മാരിലുമാണ് കൂടുതലായും ഈ ഏകാന്തത കാണുന്നത്. ഒരിക്കൽ പൂർണ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നവർ പെട്ടെന്ന് അതിൽ നിന്ന് പിന്മാറുമ്പോഴും ഈ വിഷമതകൾ കാണാം. 2014–ലെ യുഎൻഎഫ്പിഎയുടെ സർവേ പ്രകാരം സാമൂഹ്യജീവിതത്തിലും പൊതുചടങ്ങുകളിലും മതപരമായ കാര്യങ്ങളിലും പ്രായമായവരുടെ സാന്നിധ്യം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. ഒരിടത്തും പോകുവാനില്ലാത്ത, സുഹൃത്തുക്കളും സഹായികളുമില്ലാത്ത വ്യക്‌തിയാണ് താനെന്നാണ് പ്രായമായവരിൽ ഭൂരിഭാഗവും സ്വയം കാണുന്നത്. ഇത് പൂർണമായ ഏകാന്തതയിലേക്കും തിരസ്കരണത്തിലേക്കും ആത്മവിശ്വാസമില്ലായ്മയിലേക്കും അവരെ നയിക്കും. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും നിരാശയ്ക്കും കാരണമാകും.

പ്രശ്നപരിഹാരമായി ഒരേ ചിന്താഗതിയുള്ള വയോജനങ്ങൾ ഒരേ ഗ്രൂപ്പുണ്ടാക്കണം. എന്നിട്ട് സാമൂഹികമായ കാര്യങ്ങളിൽ അവർ കാര്യക്ഷമമായി ഇടപെടണം. ഹെൽപ് ഏജ് ഇന്ത്യയുടെ വയോജന സേവനകേന്ദ്രങ്ങൾ ഇതിനൊരു ഉദാഹരണമാണ്.

വൃദ്ധർക്കായി കൂട്ടായ്മകൾ സംഘടിപ്പിക്കാം

സി.എൻ പ്രഭാകരൻ

സെക്രട്ടറി , സ്‌ഥാപകാംഗം, കർമ ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്

വാർധക്യത്തിലെത്തിയാൽ ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ ആവില്ല, ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ ഒരിടത്ത് ഒതുങ്ങിക്കൂടണം എന്നാണ് ഒരു വിഭാഗം ആളുകൾ ചിന്തിക്കുന്നത് . ചിലപ്പോൾ മക്കളുടെ സമീപനവും അതുതന്നെയാകും. ഈ പ്രവണത ശരിയല്ല. ഒരിടത്ത് ഒതുങ്ങിക്കൂടുമ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ മനസിനെ വേട്ടയാടും. ബിപിയും മറ്റു രോഗങ്ങളും ഇതുമൂലം ഉണ്ടാകാം.

ഞാൻ 79–ാം വയസിലും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. എന്റെ ഭാര്യ മരിച്ചു കഴിഞ്ഞപ്പോൾ മക്കൾ പറഞ്ഞത് ഒരിടത്ത് ഒതുങ്ങിക്കൂടാതെ അച്ഛൻ മുമ്പ് എത്ര ആക്ടീവായിരുന്നോ അതുപോലെതന്നെ പ്രവർത്തിക്കണമെന്നാണ്. മക്കൾ അടുത്തില്ലെങ്കിലും കർമയിലെത്തുന്ന വൃദ്ധർക്കായി പ്രവർത്തിക്കുമ്പോൾ ഏകാന്തതയോ മറ്റൊന്നും ചിന്തിക്കാനോ ഉള്ള സമയം കിട്ടാറില്ല.


എന്റെ അഭിപ്രായത്തിൽ വൃദ്ധർക്കായി അതതു സ്‌ഥലങ്ങളിൽ ഒരു ഫോറം രൂപീകരിക്കുന്നത് നല്ലതായിരിക്കും. ആഴ്ചയിലോ മറ്റോ ഇവർ ഒത്തുകൂടി തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അതിലൂടെ മനോസന്തോഷം ലഭിക്കും. കൗൺസലിംഗും അതിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ ഇരുന്ന് ചിന്തിക്കുമ്പോഴാണ് മനസ് വിഷമിക്കുന്നത്.

ഏകാന്തത ഒഴിവാക്കാൻ വൃദ്ധസദനങ്ങൾ നല്ലത്

പി.വി ആൽബി

വിവർത്തകൻ

വൃദ്ധരായ മാതാപിതാക്കളെയും മറ്റും മരണംവരെ പരിപാലിക്കുക എന്നതാണ് അഭിലഷണീയം. എങ്കിലും അത് പ്രായോഗികമല്ലാതെ വരുന്ന സ്‌ഥിതി ഇന്നുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്നതും അവർ തൊഴിലിനായി ദൂരെദിക്കുകളിലേക്ക് പോകുകയും ചെയ്യുന്ന അവസ്‌ഥയിൽ പല പ്രായോഗിക പ്രശ്നങ്ങളും ഉണ്ടാകാം. ആ സ്‌ഥിതിയിൽ, അവരെ വീടുകളിലെ ഏകാന്തതയിൽ വിടുന്നതിനു പകരം മികച്ച വൃദ്ധസദനങ്ങളിൽ പ്രവേശിപ്പിക്കുന്നതു നല്ലതാണ്. നല്ല പരിചരണവും കൂട്ടായ്മയും ലഭിക്കുന്ന അത്തരം ഇടങ്ങളിൽ വൃദ്ധർക്ക് താരതമ്യേന ആശ്വാസം കിട്ടും. മക്കളും പേരക്കുട്ടികളും വാരാന്ത്യങ്ങളിലും മറ്റും അവരെ സന്ദർശിക്കുകയും പുറത്തു കൊണ്ടുപോകുകയും ചെയ്യുക. ഇതിനായി പാശ്ചാത്യനാടുകളിലും മറ്റും ഉള്ള രീതിയിൽ നല്ല നിലവാരമുള്ള വൃദ്ധസദനങ്ങൾ ഉണ്ടാകുന്നതാണ് അഭികാമ്യം.

വൃദ്ധസദനങ്ങളിൽ ഏകാന്തത ഇല്ല

പി.കെ സുകുമാരൻ നായർ

സെക്രട്ടറി, എൽഡേഴ്സ് ഫോറം, എറണാകുളം

മക്കൾ ജോലിസംബന്ധമായി പുറത്തായതിനാൽ വർഷങ്ങളായി വൃദ്ധസദനത്തിൽ താമസിക്കുന്ന ആളാണ് ഞാൻ. വൃദ്ധസദനങ്ങളിൽ ഏകാന്തത അനുഭവപ്പെടുമെന്ന ധാരണയാണ് പൊതുവേയുള്ളത്. അതു തെറ്റാണ്. കാരണം ഞാൻ താമസിക്കുന്ന ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ 60 ഓളം വൃദ്ധരാണുള്ളത്. എല്ലാവരും പെൻഷൻകാർ ആയതിനാൽ പണത്തിന്റെ കുറവില്ല. സമ്പന്നമായ ജീവിതം തന്നെയാണ് ഇവിടെ നയിക്കുന്നത്. ഞങ്ങൾ തമ്മിൽ സംസാരിക്കുകയും തമാശകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിനാൽ ഏകാന്തത എന്ന അവസ്‌ഥ ഇവിടെയില്ല. പിന്നെ ഇടയ്ക്കൊക്കെ മക്കൾ കൂടെയില്ലെന്ന വ്യഥ ചിലർ പങ്കുവയ്ക്കാറുണ്ട്.

യാഥാർഥ്യങ്ങൾ അംഗീകരിക്കണം

എൻ.വി സാജു

മാനേജർ സമത ചാരിറ്റബിൾ ട്രസ്റ്റ്, എറണാകുളം

വാർധക്യം ഒരു അനിവാര്യതയാണ്. അത് സ്വീകരിക്കുവാൻ സജ്‌ജമാവുക എന്നതാണ് വൃദ്ധരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയുള്ള പരിഹാരം. മക്കളുടെ തിരക്കുപിടിച്ച ജീവിതത്തിൽ മാനസികവും വൈകാരികവുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധമാതാപിതാക്കളിൽ പലരും തങ്ങളുടെ പേരക്കുട്ടികളെ കൂടുതൽ ലാളിച്ചു ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവരാണ്. സ്വന്തം മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽ വച്ചു ശാസിക്കുകയും കുട്ടികൾ അവരുടെ ഇഷ്ടങ്ങൾക്കുവേണ്ടി നിർബന്ധം കൂട്ടുമ്പോൾ അത് സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോൾ പ്രായമായവർ ഉപയോഗശൂന്യരാണെന്നുള്ള ചിത്രമാണ് കുട്ടികളുടെ മനസിലുണ്ടാവുന്നത്. മുതിർന്നവരെ ബഹുമാനിക്കണമെന്ന സാമാന്യ ചിന്തപോലുമില്ലാത്ത സ്വാർഥ താൽപര്യങ്ങൾ മാത്രമുള്ള പുതുതലമുറയാണ് വളർന്നുവരുന്നത്. അവിടെ പങ്കുവയ്ക്കാനോ ഇല്ലാത്തവന്റെ ദുഃഖം മനസിലാക്കാനോ ഒന്നും ആരും ശ്രമിക്കുന്നില്ല.

ഇതൊക്കെ തിരുത്താനുള്ള ഒരു വിദ്യാഭ്യാസവും സമാന്തര പദ്ധതികളും നടപ്പിലാക്കണം. സർക്കാർതലങ്ങളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുക. പ്രായമായവർക്കുള്ള സദനങ്ങൾക്കു പുറമേ, അവർക്കായി വിവിധ തരം ക്ഷേമപദ്ധതികൾ, ചികിത്സാപദ്ധതികൾ എന്നിവ നടപ്പിലാക്കണം. സൗജന്യ നിയമ സഹായവും വൈദ്യസഹായവും ലഭ്യമാക്കണം. റിട്ടയർമെന്റ് ഹോമുകളിൽ താമസിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തുന്ന മക്കളുണ്ട്. മാതാപിതാക്കൾ വൃദ്ധസദനത്തിലാണെന്നു പറയാനുള്ള കുറച്ചിലാണ് ഇതിനു പിന്നിൽ. എന്നാൽ അവരെ നന്നായി പരിപാലിക്കുകയുമില്ല. മാതാപിതാക്കൾക്ക് സുരക്ഷിതവും സന്തോഷകരവുമായി കഴിയാനുള്ള ഇടമാണ് എവിടെയായാലും ഒരുക്കേണ്ടത്.

പ്രായമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം

മിത രാജു

ഹെഡ്മിസ്ട്രസ്, അമല പബ്ലിക് സ്കൂൾ, വൈക്കം

വാർധക്യം അനിവാര്യമായ സത്യമാണ്. നഷ്‌ടങ്ങളുടെയും പോരായ്മകളുടെയും കാലം. ആരോഗ്യം ക്ഷയിക്കുന്നു, രോഗങ്ങൾ വരുന്നു, സംസാരം, ചലനം എന്നിവയിൽ സ്വാതന്ത്ര്യം കുറയുന്നു. കാഴ്ചയും കേൾവിയും പിണങ്ങുന്നു. മാനസികമായ പല രോഗങ്ങളും വാർധക്യത്തിൽ പിടിപെടാം. ഇവയിൽ പ്രധാനം ഏകാന്തതമൂലമുണ്ടാകുന്ന നിരാശാരോഗമാണ്. മുൻപ് പലപ്പോഴും ജീവിതത്തിലെ ഏകാന്തത അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും വാർധക്യത്തിലെ ഏകാന്തത താങ്ങാവുന്നതിനും അപ്പുറമാണ്. ‘‘എനിക്കു വയ്യാ, ഇനി എന്നെക്കൊണ്ട് ഒന്നുമാവില്ല മരിച്ചാൽ മതി. എന്തിനാണ് മറ്റുള്ളവർക്ക് ഭാരമാകുന്നത്’’ – ഈ നിരാശാബോധം അവരെ കാർന്നു തിന്നുന്നു. വൃദ്ധർക്ക് ആഗ്രഹങ്ങൾ ഉണ്ട്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം അവരുടെ പരിചരണത്തിൽ താമസിക്കുന്നത് അവരുടെ അവകാശമാണ്. ആ അവകാശത്തെ നിഷേധിക്കുന്നത് പലർക്കും ഉൾക്കൊള്ളാനാവില്ല. എത്ര ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും കുറച്ചുനേരം അവർക്കൊപ്പം ചെലവിടാൻ നാം ശ്രമിക്കണം. തങ്ങൾ ഒറ്റപ്പെടുന്നു എന്ന തോന്നൽഅവർക്ക് ഉണ്ടാകരുത്.

പ്രായമായവർ കഴിവതും സമൂഹത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ ശ്രമിക്കുന്നത് കാണാം. ഭയം , അവഗണന തുടങ്ങിയവ കാരണമാവാം അത്. ഈ അവസ്‌ഥ പൂർണമായി ഒഴിവാക്കി പ്രായമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നാം ശ്രമിക്കണം. മാതാപിതാക്കൾക്ക് പ്രായമായാൽ* നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവർ പോറ്റിവളർത്തിയതുപോലെ സ്നേഹത്തോടെ, വാത്സല്യത്തോടെ, പരിഗണനയോടെ അവരെ ചേർത്തുപിടിക്കാൻ സാധിക്കണം. അപ്പോൾ അവരുടെ മുഖത്തിനും ജീവിതത്തിനും തിളക്കമുണ്ടാകും. ആ തിളക്കം വെളിച്ചമേകുന്നതാകട്ടെ നമ്മുടെ ജീവിതത്തിനും.

മാതാപിതാക്കളെ അവരുടെ വാർധക്യാവസ്‌ഥയിൽ നിഷ്കളങ്കമായ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന മക്കളാവാൻ നമുക്കു സാധിക്കണം.

–സീമ മോഹൻലാൽ