നിപുണൻ
നിപുണൻ
Monday, October 31, 2016 4:47 AM IST
മോഹൻലാലിന്റെ പെരുച്ചാഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ വൈദ്യനാഥൻ സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് നിപുണൻ. കന്നടയിൽ വിസ്മയ എന്ന പേരിലും ഒരേ സമയം നിർമിക്കുന്ന ഈ ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ പോലീസ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കന്നട സിനിമയിലെ സൂപ്പർഹിറ്റായ ലൂസിയയിലെ നായിക ശ്രുതി ഹരിഹരൻ ഈ ചിത്രത്തിൽ അർജുനന്റെ ഭാര്യയാകുന്നു. പ്രസന്നയും വരലക്ഷ്മി ശരത്കുമാറും അർജുൻ അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ സഹപ്രവർത്തകരായി പ്രത്യക്ഷപ്പെടുന്നു. സുമൻ, വൈഭവ്, സുഹാസിനി മണിരത്നം എന്നിവരാണു മറ്റു പ്രമുഖ താരങ്ങൾ.

സത്യസന്ധനും ബുദ്ധിശാലിയുമായ രഞ്ജിത് കാളിദാസ് എന്ന ഡിഎസ്പിയുടെ വേഷമാണ് അർജുൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ആക്ഷൻ കിംഗ് അർജുൻ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണെന്ന് അരുൺ വൈദ്യനാഥൻ പറഞ്ഞു. ദുരൂഹമായും സങ്കീർണമായതുമായ ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള സാമർഥ്യമുള്ള പോലീസ് ഓഫീസറായ രഞ്ജിത്ത് കാളിദാശിനെ അർജുൻ മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്.




പാഷൻ ഫിലിം ഫാക്ടറിയുടെ ബാനറിൽ തമിഴിലും കന്നടയിലും ഉമേശ്, സുധൻ സുന്ദരം, ജയറാം, അരുൺ വൈദ്യനാഥൻ എന്നിവർ ചേർന്ന് ഈ ചിത്രം നിർമിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.– എ.എസ്. ദിനേശ്