മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
Monday, October 31, 2016 4:47 AM IST
വൻ വിജയം നേടിയ വെള്ളിമൂങ്ങയ്ക്കുശേഷം സംവിധായകൻ ജിബു ജേക്കബിന്റെ പുതിയ ചിത്രം മോഹൻലാലിനെ നായകനാക്കിയാണെന്നന്നുള്ള വാർത്തകൾ പ്രേക്ഷകർ ആവേശത്തോടെയാണു സ്വീകരിച്ചത്.

ചിത്രീകരണം തുടങ്ങിയിട്ടും പേരിട്ടിരുന്നില്ലെങ്കിലും ഇപ്പോൾ ചിത്രത്തിനു പേരുമിട്ടു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ടൈറ്റിലും ഇപ്പോൾ പ്രേക്ഷകരെ ആകർഷിച്ചുകഴിഞ്ഞു. ദൃശ്യമുൾപ്പെടെയുള്ള വൻ ഹിറ്റുകളിൽ ഒന്നു ചേർന്നിട്ടുള്ള മോഹൻലാൽ – മീന ജോഡികൾ ഈ ചിത്രത്തിലും ഒന്നിക്കുന്നുവെന്ന നിലയിലും ഈ ചിത്രത്തിനു പ്രാധാന്യമുണ്ട്. വീക്കൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്.

കുടുംബപശ്ചാത്തലത്തിലൂടെ ഒരു തികഞ്ഞ ഫാമിലി ഹ്യൂമറായിട്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. എം. സിന്ധുരാജിന്റേതാണ് തിരക്കഥ. ഉലഹന്നാൻ എന്ന പഞ്ചായത്തു സെക്രട്ടറിയായാണ് മോഹൻലാൽ എത്തുന്നത്. കുട്ടനാട്ടുകാരനാണ് ഉലഹന്നാൻ. ഇപ്പോൾ കീഴാറ്റൂർ പഞ്ചായത്തു സെക്രട്ടറിയാണ്. ഭാര്യ ആനിയമ്മ. മക്കൾ ജിനിയും ജെറിയും. മൂത്ത മകൾ ജിനി പ്ലസ്ടുവിൽ പഠിക്കുന്നു. ഏറെ ഉദ്യോഗസ്‌ഥർ താമസിക്കുന്ന ഇടത്തരം ഫ്ളാറ്റിലാണ് ഇവരുടെ താമസം.

അല്പം അന്തർമുഖനാണ് ഉലഹന്നാൻ. വാ തോരാതെ സംസാരിക്കാനും അമിതമായ കുടുംബസ്നേഹം പ്രകടിപ്പിക്കാനുമൊന്നും ഉലഹന്നാനെ കിട്ടില്ല.



ഫ്ളാറ്റിൽ അടുത്തു താമസക്കാരായ ദാസൻ, വേണുക്കുട്ടൻ, മോനായി, ജേക്കബേട്ടൻ എന്നിവരാണ് ഉലഹന്നാന്റെ സുഹൃത്തുക്കൾ. ഇവരിൽ വേണുക്കുട്ടനുമായിട്ടാണ് ഏറെ സൗഹൃദം. എല്ലാ കാര്യങ്ങളും ചർച്ചചെയ്യപ്പെടുന്നതും വേണുക്കുട്ടന്റെ അടുക്കലാണ്. സുഹൃത്തുക്കളുമൊന്നിച്ചുള്ള സന്ധ്യകളാണ് ഉലഹന്നാന്റെ ദിനങ്ങൾക്ക് രസം പകരുന്നത്. ഒരിക്കൽ ഉലഹന്നാന്റെ ജീവിതത്തെ കാര്യമായി സ്പർശിക്കുംവിധത്തിലുള്ള ഒരു സംഭവമുണ്ടാകുന്നു. ഈ സംഭവം ഉലഹന്നാൻ അതുവരെ അനുവർത്തിച്ചുപോന്നിരുന്ന കാര്യങ്ങളിൽ വലിയൊരു മാറ്റത്തിനും ഇടയാക്കുന്നു. ഉലഹന്നാന്റെ പിന്നീടുള്ള ജീവിതം ചിത്രത്തിന്റെ ഗതി മാറ്റുന്നു.


അനൂപ് മേനോനാണ് വേണുക്കുട്ടനെ അവതരിപ്പിക്കുന്നത്. കലാഭവൻ ഷാജോൺ, മോനായിയെയും അലൻസിയർ, ലിഷോയ് എന്നിവർ ജേക്കബേട്ടൻ, ദാസൻ എന്നിവരെയും അവതരിപ്പിക്കുന്നു.
ഇവർക്കു പുറമേ രാഹുൽ മാധവ്, സുരേഷ് കൃഷ്ണ, സുരാജ്, സുധീർ കരമന, സോഹൻ സീനുലാൽ, ഷറഫുദ്ദീൻ, സ്രിന്റ, ബിന്ദു പണിക്കർ, ഉഷ, രാജേഷ് പരവൂർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് എന്നിവരും അഭിനയിക്കുന്നു.

റഫീഖ് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി. അജിത്കുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനും ബിജിപാലുമാണ്. പ്രമോദ് പിള്ളയാണു ഛായാഗ്രാഹകൻ. എഡിറ്റിംഗ്– സൂരജ് ഇ.എസ്, കലാസംവിധാനം– അജയ് മങ്ങാട്, പ്രൊഡ. കൺട്രോളർ– എ.ഡി. ശ്രീകുമാർ.
വാഴൂർ ജോസ്