പ്രമേഹ രോഗികളുടെ ഭക്ഷണം ആയുർവേദത്തിൽ
പ്രമേഹ രോഗികളുടെ ഭക്ഷണം ആയുർവേദത്തിൽ
Monday, October 31, 2016 4:48 AM IST
ലോകജനസംഖ്യയുടെ ഏകദേശം നാൽപതോ അതിലധികമോ ശതമാനം ആളുകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്തായി മാറിയിരിക്കുന്നു പ്രമേഹരോഗം. കാലങ്ങൾ കഴിയുന്തോറും ഇതിന്റെ വ്യാപ്തി വർധിച്ചുകൊണ്ടുമിരിക്കുന്നു.

ആയാസരഹിതമായ ജീവിതത്തിന് അനുകൂലമായ സാഹചര്യങ്ങൾ വർധിച്ചതോടെയാണ് പ്രമേഹം അതിവേഗം വ്യാപിക്കാൻ തുടങ്ങിയത്.

അതിവേഗം അപായം ഉണ്ടാകില്ലെങ്കിൽപ്പോലും കാലക്രമത്തിൽ ആന്തരീകാവയവങ്ങളിൽ പലതിനെയും കീഴ്പ്പെടുത്തി, പലരോഗങ്ങളിലേക്കും ഒരു വ്യക്‌തിയെ നയിച്ച് അപായപ്പെടുത്തുന്ന രീതിയാണ് പ്രമേഹരോഗത്തിനുള്ളത്.

പ്രമേഹരോഗ നിയന്ത്രണത്തിൽ ഔഷധത്തെപ്പോലെ തന്നെ ആഹാര വിഹാരാദികളിലെ പഥ്യത്തിനും വ്യായാമത്തിനും തുല്യമായ പ്രാധാന്യമുണ്ട്. ഇവ മൂന്നും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ടുള്ള സമീപനം കൊണ്ടു മാത്രമേ ഫലപ്രദമായ രീതിയിൽ രോഗനിയന്ത്രണം സാധ്യമാകുകയുള്ളു. വ്യായാമത്തിന്റെ കുറവും പകൽ സമയത്തെ ഉറക്കവും പ്രമേഹരോഗം കുറയാതിരിക്കാൻ കാരണമാകും.

ആഹാരം നിയന്ത്രിക്കാം

ദുർമേദസിനെയും കഫത്തെയും മൂത്രത്തെയും വർധിപ്പിക്കുന്ന ആഹാരങ്ങളായ മധുരം, പുളി, ഉപ്പ് എന്നിവ അധികം അടങ്ങിയിരിക്കുന്നതും കൊഴുപ്പ് കൂടുതലുള്ളതും ദഹിക്കാൻ പ്രയാസം ഉള്ളവയും ശീതഗുണം ഉള്ളവയുമായ ആഹാരങ്ങൾ പ്രമേഹ രോഗികൾ ഉപേക്ഷിക്കണം. മദ്യം, മാംസം, കരിമ്പ്, ശർക്കര, പാട നീക്കാത്ത പാൽ, തൈര്, മുതലായവ അധികം ഉപയോഗിക്കരുത്. ഉഴുന്ന്, കിഴങ്ങ് വർഗങ്ങൾ, കൃത്രിമ പാനീയങ്ങൾ, വീണ്ടും വീണ്ടും ചൂടാക്കിയ ആഹാരങ്ങൾ എന്നിവയും പ്രമേഹരോഗികൾ കഴിവതും ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും കഴിക്കാം

നാരിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള ആഹാരങ്ങൾ, പാടമാറ്റിയ പാൽ, മോര്, പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറി എന്നിവയാണ് പ്രമേഹ രോഗികൾക്ക് കൂടുതലും യോജ്യമായ പ്രധാന ആഹാരങ്ങൾ. ഇവയെല്ലാം അമിതമാകാതെയും വളരെ കുറഞ്ഞു പോകാതെയും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.



സന്തുലിതാഹാരം

സന്തുലിതവും കൃത്യതയോടും കൂടിയ ആഹാരനിഷ്ഠ പ്രമേഹരോഗികളിൽ വ്യക്‌തിപരമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാകും. നമ്മുടെ കാലാവസ്‌ഥയ്ക്ക് അനുകൂലമായ ഇത്തരം ആഹാരപഥ്യം പ്രമേഹരോഗികൾ തെരഞ്ഞെടുക്കുമ്പോൾ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയായിരിക്കണം അവയിലെ പ്രധാന ഘടകങ്ങൾ. അവയിൽ തന്നെ കാർബോഹൈഡ്രേറ്റുകൾ പകുതിയിൽ കൂടുതലും, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ രണ്ടും കൂടി പകുതിയിൽ താഴേയും എന്ന അനുപാതത്തിൽ നിജപ്പെടുത്തി ഉപയോഗിക്കുന്നതായിരിക്കും സന്തുലിതമായ ആഹാരനിഷ്ഠയ്ക്ക് ഉത്തമം.

ഇടവേളകളിൽ ഭക്ഷണം കഴിക്കണം

ഇത്തരത്തിൽ കൃത്യതയോടുകൂടി ആഹാരം കഴിച്ചാൽ പോലും അത് കൂടുതൽ അളവിൽ ആയാൽ ഒരു വ്യക്‌തിയുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കും. ഒരുസമയം കൂടുതൽ അളവിൽ ആഹാരം കഴിക്കുന്നതിനു പകരം ഒരു നിശ്ചിത ഇടവേളകളിലായി പലപ്രാവശ്യം ആഹാരം കഴിക്കാം. ഇതിലൂടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതാവസ്‌ഥയിലാക്കാനും രോഗിക്ക് ക്ഷീണം ഉണ്ടാകാതിരിക്കാനും കഴിയും.


ധാരാളം വെള്ളം കുടിക്കുകയും, മദ്യം ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കുകയോ, പരമാവധി കുറയ്ക്കുകയോ ചെയ്യണം.

നോൺ വെജിറ്റേറിയൻ ആഹാരം ഉപയോഗിക്കുന്നവർ പൂരിതകൊഴുപ്പ് അധികം അടങ്ങിയിരിക്കുന്ന ബീഫ് പോലുള്ള റെഡ്മീറ്റുകൾ ഉപയോഗിക്കുന്നതിനുപകരം കോഴിയിറച്ചിയും മത്സ്യങ്ങളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

എന്നാൽ കൊളസ്ട്രോൾ അധികം ഉള്ളവരാണെങ്കിൽ റെഡ് മീറ്റും മുട്ടയുടെ മഞ്ഞക്കരുവും തീർച്ചയായും ഒഴിവാക്കണം.

പരിപ്പുവർഗങ്ങൾ കഴിക്കാം

കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയ മറ്റു ആഹാരങ്ങളെക്കാൾ പരിപ്പുവർഗങ്ങൾക്ക് രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുവാൻ കഴിവുള്ളതിനാൽ പ്രമേഹരോഗികൾ അവയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കണം. പരിപ്പുവർഗങ്ങൾ തന്നെ തൊലി കളയാത്തതാണെങ്കിൽ ഗുണം കൂടുതലാണ്.

നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്ന ഗ്രീൻപീസ്, ബീൻസ്, ബ്രൊക്കോളി, ചീരവർഗങ്ങൾ, ഇലക്കറികൾ എന്നിവയ്ക്ക് രക്‌തത്തിലെ ഗ്ലൂക്കോസിനെ കുറയ്ക്കാൻ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കഴിവ് കൂടുതലാണ്.

നാരുകളടങ്ങിയ പഴങ്ങൾകഴിക്കാം

പഴവർഗങ്ങളിൽ നാരിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള പപ്പായ, ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, സബർജെലി എന്നിവ കഴിക്കാം. എന്നാൽ താരതമ്യേന ഗ്ലൂക്കോസിന്റെ അംശം കൂടുതൽ അടങ്ങിയിട്ടുള്ള മാമ്പഴം, വാഴപ്പഴം, മുന്തിരിങ്ങ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്. ഉണങ്ങിയ പഴങ്ങളുടെ ഉപയോഗവും പ്രമേഹരോഗത്തിൽ പ്രതികൂലഫലം ഉളവാക്കും.

മുളപ്പിച്ച ധാന്യങ്ങൾ, തവിടു കളയാത്ത ധാന്യങ്ങൾ, ഓട്സ്, കടലമാവ്, ചോളം തുടങ്ങി ധാരാളം നാരിന്റെ അംശം അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ രക്‌തത്തിലെ ഷുഗറിന്റെ അളവിനെ നിയന്ത്രിച്ചുനിർത്താൻ സഹായകമാണ്. എന്നാൽ നൂഡിൽസ് പോലുള്ള ആഹാരങ്ങൾ ഉപയോഗിക്കുന്നവർ ധാരാളം നാരിന്റെ അംശം അടങ്ങിയിരിക്കുന്ന തരം പച്ചക്കറികളോടൊപ്പം മാത്രമെ അവ ഉപയോഗിക്കാവു. അല്ലാതെയിരുന്നാൽ ഷുഗറിന്റെ നില വർധിപ്പിക്കാൻ ഇവയുടെ ഉപയോഗം കാരണമാകും.

പാലു കുടിക്കാം

പാൽ പ്രോട്ടീനിന്റെയും കാർബോഹൈഡ്രേറ്റിന്റെയും വിറ്റമിനുകളുടെയും കലവറ ആയതിനാൽ ദിവസം രണ്ടു ഗ്ലാസ് വരെ ഉപയോഗിക്കാം. പക്ഷേ, പാട നീക്കിയതിനു ശേഷമായിരിക്കണം ഉപയോഗിക്കേണ്ടതെന്നുമാത്രം. ഉലുവ ചതച്ചിട്ടുവച്ചിരുന്ന വെള്ളം, തക്കാളിയുടെ നീരും കുരുമുളകുപൊടിയും ചേർത്തത്, കുതിർത്തുവച്ച ബദാം പരിപ്പ് എന്നിവ പ്രമേഹരോഗത്തെ നിയന്ത്രിക്കുന്നതിൽ ഒരു പരിധി വരെ സഹായകമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് പോലെ നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ പ്രമേഹരോഗിക്ക് ഗുണപ്രദമാണ്. ചെറുമത്സ്യങ്ങൾ, കടല, കശുവണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, കടുകെണ്ണ എന്നിവയിൽ ഇവ സുലഭമായി ലഭിക്കും. ഇത്തരം കൊഴുപ്പുകൾ മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൻഡിഎൻ നെ വർധിപ്പിക്കാത്തവയാണ്.



ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം