സിനിമ ഒരു പന്തയക്കുതിര പോലെ: ദിലീപ്
സിനിമ ഒരു പന്തയക്കുതിര പോലെ: ദിലീപ്
Tuesday, November 1, 2016 6:27 AM IST
ജനപ്രിയ നായകൻ എന്നു ദിലീപിനെ വിശേഷിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിശേഷണത്തിൽ പുതുമയില്ലെങ്കിലും പേര് അന്വർത്ഥമാക്കും വിധമാണ് ഈ നടന്റെ കരിയർ ഗ്രാഫ് മുന്നേറുന്നത്. പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുക എന്ന ദൗത്യം നന്നായി നിർവഹിക്കുന്ന ദിലീപ് ചിത്രങ്ങൾ ഒന്നിനു പിറകേ ഒന്നായി വിജയ കഥകൾ പറയുന്നു. ഓണത്തിനു പ്രമുഖ നടന്മാരുടെ ചിത്രങ്ങൾക്കിടയിൽ ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ മുന്നിൽ തന്നെയുണ്ട്. എറണാകുളത്ത് ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചാണ് ദീലീപിനെ കണ്ടത്. സിനിമയോടുള്ള അഭിനിവേശമാണ് ദിലീപിനെ കരിയറിലും ജീവിതത്തിലും ശക്‌തമായി മുന്നോട്ടു നയിക്കുന്നത്.സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ അദ്ദേഹം പങ്കുവയ്ക്കുന്നു....

ഒന്നിനു പിറകേ ഒന്നായി വിജയങ്ങൾ. ഇപ്പോൾ വെൽക്കം ടു സെൻട്രൽ ജയിൽ. കരിയറിൽ സന്തോഷമുള്ള കാലമാണല്ലോ ഇത്?

സന്തോഷം അങ്ങനെ പ്രത്യേക സമയങ്ങളിലില്ല. സമാധാനമുള്ളിടത്ത് സന്തോഷമുണ്ട്. വെൽക്കം ടു സെൻട്രൽ ജയിൽ നൂറുശതമാനവും എന്റർടൈനറായ ഒരു ഓണചിത്രമെന്ന രീതിയിലാണ് കണ്ടിട്ടുള്ളത്. യാതൊരു അവകാശ വാദങ്ങളുമില്ലാത്ത ചിത്രം. ഒരു നടൻ എന്ന നിലയിൽ അവസാനത്തെ ഇരുപതു മിനിറ്റാണ് പെർഫോം ചെയ്യാനുള്ളത്. ജയിലിന്റെ ഒരു ശരിയായ ചിത്രം കാണിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ മുന്നിലുള്ള ജയിൽ എന്നു പറഞ്ഞാൽ ഭീകരതയുടെ മുഖമാണ്. ശരിക്കും അങ്ങനെയല്ലാത്ത കുറച്ച് യഥാർത്ഥ്യമുള്ള ജയിലാണ് ഈ സിനിമയിൽ ചിത്രീകരിച്ചത്. പല തരത്തിലുള്ള ആളുകൾ ജയിലിലുണ്ട്. നിരന്തരം കുറ്റങ്ങൾ ചെയ്യുന്നവർ. സാഹചര്യം കൊണ്ടും അറിയാതെയും തെറ്റുകൾ ചെയ്ത് ശിക്ഷയനുഭവിക്കുന്നവരുണ്ട്. ഇങ്ങനെ പല രീതിയുള്ള ആൾക്കാരുള്ള ജയിലിനെ രസകരമായ രീതിയിലാണ് അവതരിപ്പിച്ചത്. സുന്ദർദാസിന്റെ കൂടെ കുറേ നാളുകൾക്കുശേഷം ചെയ്ത സിനിമ. നമ്മുടെ കരിയറിലെ വഴിത്തിരിവുകളായി പല സിനിമകളുണ്ടായിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ചിത്രമാണ് സല്ലാപം. അതിനുശേഷം ഞങ്ങൾ ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണ് വെൽക്കം ടു സെൻട്രൽജയിൽ.

സിനിമാ രംഗത്ത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും സഹപ്രവർത്തകരെ പരിഗണിക്കാനും ദിലീപ് എപ്പോഴും മുൻപന്തിയിൽ തന്നെയുണ്ടല്ലോ?

മുഴുവനായും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ പറ്റാറില്ല. കഴിയുന്നതും നമ്മൾ ശ്രമിക്കാറുണ്ട്. ഞാൻ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല അത്. എനിക്കു പറയാനേ പറ്റൂ. അതല്ലാതെ സപ്പോർട്ടു ചെയ്യുന്ന ഒരുപാട് ഘടകങ്ങളുണ്ട് സിനിമയിൽ. എല്ലാവരേയും ഞാൻ പറയുന്ന സ്‌ഥലത്തേക്ക് എത്തിക്കുക എന്ന വലിയ മാനസികമായ സ്ട്രെസ് ഉണ്ട് നമ്മുടെ ഭാഗത്ത്. ഓരോ ആൾക്കാരെ സഹായിക്കുക എന്നു പറഞ്ഞാൽ വ്യക്‌തിപരമായാണെങ്കിൽ എന്റെ കൈയിൽ കാശുണ്ടെങ്കിൽ എടുത്തു കൊടുക്കുക എന്നതേയുള്ളൂ. അല്ലാതെ മാറി നിൽക്കുന്ന ഒരാളുടെ കരിയർ വീണ്ടും ബിൽഡ് അപ് ചെയ്യാൻ ഞാൻ ഒരു സംവിധായകനോടോ നിർമാതാവിനോടോ റെക്കമെന്റ് ചെയ്താലും അതിനു കുറേ ആൾക്കാരുടെ സഹകരണം വേണം.



സലിംകുമാർ ഇപ്പോൾ വീണ്ടും സജീവമായി സിനിമയിൽ വരുന്നുണ്ട്. എന്റെയും നാദിർഷയുടേയുമൊക്കെ നല്ല സുഹൃത്താണ് സലിംകുമാർ. അവന് ഒരാവശ്യം വരുമ്പോൾ നമ്മൾ സഹായിക്കേണ്ടേ.. അങ്ങനെ ഞാൻ നിർമിച്ച് നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനിൽ സലിംകുമാറിന് ഒരു വേഷം വേണമെന്ന് ഞാൻ നാദിർഷയോട് പറഞ്ഞു. അതുപോലെ ഹരിശ്രീ അശോകൻ. ഞാനും അശോകൻ ചേട്ടനും ത്രൂ ഔട്ട് വേഷങ്ങളിൽ അഭിനയിച്ച കുറേ സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ അശോകൻ ചേട്ടനുമൊന്നിച്ച് സിനിമ ചെയ്തിട്ട് ഒരുപാട് നാളായി. ഞങ്ങളുടെ ഒരു കോമ്പിനേഷൻ ത്രൂഔട്ട് വരുന്ന സിനിമക്കുവേണ്ടി ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള കഥാപാത്രങ്ങൾ രൂപപ്പെട്ടു വരണം.

സിനിമ രെു ഭാഗത്ത് കുറേപ്പേർക്ക് സൗഭാഗ്യങ്ങൾ കൊടുക്കുമ്പോൾ മറ്റൊരു വശത്ത് കുറെയധികം പേർ ഈ ഫീൽഡിൽ ഒന്നുമല്ലാതെ പൊലിഞ്ഞുപോകുന്നു. കഴിവുണ്ടായിട്ടും അവസരങ്ങളില്ലാതെ കഴിയുന്നവരും അവഗണനയേറ്റുവാങ്ങുന്നവരും ധാരാളം. ശശിശങ്കറിനെപ്പോലുള്ളവരുടെയൊക്കെ ജീവിതം അത്തരമൊരു ദുരവസ്‌ഥയിൽ ഹോമിക്കപ്പെട്ടതല്ലേ?

ഭാഗ്യം എന്നു പറയുന്ന വലിയൊരു ഘടകമുള്ള ഫീൽഡാണ് സിനിമ. ഭാഗ്യവും ദൈവാധീനവും. അത് ആർക്ക് എങ്ങനെ ലഭിക്കുന്നു എന്നു മനസിലാവുന്നില്ല. വളരെ ടാലന്റഡായ പലർക്കും ഒന്നുമാവാൻ കഴിയാതെ പോകുന്നു. സിനിമ എന്നു പറയുന്നത് പന്തയക്കുതിര പോലെയാണ്. ഓടിക്കൊണ്ടിരിക്കുമ്പോഴേ വാല്യു ഉള്ളൂ. സിനിമയിൽ ഇന്നലെകളില്ല. ഇന്നുകളാണ് നാളയെ തീരുമാനിക്കുന്നത്. ഇന്ന് എന്തുണ്ട് എന്നു വച്ചിട്ടാണ് നാളെയുടെ വിധി. ചിലപ്പോൾ ഒരു സിനിമ മതിയാകും ജാതകം പെട്ടെന്നു മാറ്റി മറിക്കാൻ.

ഹിറ്റുകൾ സൃഷ്‌ടിച്ചിട്ടും പിടിച്ചു നിൽക്കാൻ പറ്റാത്തവരുമുണ്ടല്ലോ?

സിനിമ ഒരു ഒഴുക്കാണ്. ആ ഒഴുക്കിൽ നമ്മൾ നിന്ന് തുഴഞ്ഞ് പിടിച്ചു നിൽക്കണം. ആ സമത്ത് നമ്മൾ മറ്റു കാര്യങ്ങളിൽ പെട്ട് മാറി നിന്നാൽ പ്രശ്നമാകും. കോംപ്ലക്സുകൊണ്ട് മാറി നിന്ന് അവസരങ്ങൾ തന്നിലേയ്ക്ക് വരട്ടെയെന്നു ചിന്തിച്ചാലും പ്രശ്നമാകും. ശശിശങ്കറിന്റെ കാര്യമെടുത്താൽ വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം തമിഴിൽ പോലും ശ്രദ്ധിക്കപ്പെട്ടു.എവിടെയൊ ഒരു നിമിഷം താളം തെറ്റി. കുറേക്കാലമായി എനിക്ക് അദ്ദേഹവുമായി കമ്മ്യൂണിക്കേഷനില്ലായിരുന്നു. അതുകൊണ്ടു തന്നെ എന്താണ് സംഭവിച്ചതെന്ന് ആഴത്തിൽ അറിയില്ല. പക്ഷേ മറ്റു പലരുടേയും കാര്യം എനിക്കറിയാം. അമിത ആത്മവിശ്വാസം കൊണ്ടും അമിത മദ്യപാനം കൊണ്ടും ജീവിതം കളഞ്ഞ ഒരുപാടു പേരുണ്ട്. അതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നമ്മുടെ മുന്നിൽ ഒരുപാട് ആളുകളുടെ അനുഭവം നിൽക്കുകയാണ്. നമ്മൾ ആഗ്രഹിച്ച് ഇഷ്‌ടപ്പെട്ടു വന്ന ഒരു ഫീൽഡ്. കോടിക്കണക്കിന് ആൾക്കാരിൽ നിന്ന് ദൈവം കുറച്ചുപേരെ തെരഞ്ഞെടുക്കുകയാണ് ഈ ഫീൽഡിലേയ്ക്ക്. അപ്പോൾ നമുക്ക് അതിനോട് ഒരു ഭക്‌തിയും പേടിയും വേണം. ഒരിക്കലും നമ്മുടെ പിറകേ സിനിമ വരില്ല. നമ്മൾ സിനിമയെ സ്നേഹിച്ചാൽ മാത്രമേ സിനിമ കൂടെ നിൽക്കുകയുള്ളൂ. നമ്മൾ ജനിക്കുന്നതിനു മുമ്പേ സിനിമയുണ്ട്. ഇവിടെ എത്ര പേർ വരുന്നു, എത്ര പേർ പോകുന്നു. എത്ര പേർ വീഴുന്നു. എന്നിട്ടും സിനിമ മുന്നേറുന്നു. പുതിയ പുതിയ കാര്യങ്ങൾ അവിടെ സംഭവിക്കുന്നു. അതിന്റെ ഭാഗമായി നിൽക്കണമെങ്കിൽ നമ്മൾ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സിനിമയോടൊപ്പം ഓടണം. ഏതോ ഒരു അദൃശ്യ ശക്‌തി നമുക്ക് നൽകുന്ന ഐഡിയാസ് ഉണ്ടല്ലോ അത് വലിയ കാര്യമാണ്. എപ്പോഴും പുതുതായി ഉണ്ടാകുന്ന ചിന്തകൾ... ഓ ഇയാൾ ഇതെങ്ങനെ ചിന്തിച്ചു എന്ന് മറ്റുള്ളവർക്ക് തോന്നുന്ന അവസ്‌ഥ. സിനിമയെന്ന കടലിൽ പുതിയ പുതിയ സംഭവങ്ങൾ ഇങ്ങനെ കിടക്കുകയാണ്. ആ ഒരു അത്ഭുതത്തടെയാ്ണ് ഞാൻ ഇന്നും സിനിമയെ നോക്കിക്കാണുന്നത്. ഒരുമിച്ച് യാത്ര തുടങ്ങിയ പലരും ഇടയ്ക്ക് വച്ചു സമയദോഷം കൊണ്ട് സിനിമയിൽ നിന്നു പോയി. കൈയ്യിലിരുപ്പ് കൊണ്ട് പോയവരുണ്ട്. പല ആൾക്കാരെ നമ്മൾ കാണുന്നുണ്ട്. ഓട്ടത്തിനയിൽ നമ്മളും പല തവണ വീണിട്ടുണ്ട്. എല്ലാം ഇതിന്റെ ഭാഗമാണ്.




പുതിയ തലമുറയിലെ താരങ്ങൾക്കൊപ്പമാണല്ലോ ജോർജേട്ടൻസ് പൂരം ചെയ്യുന്നത്. എങ്ങനെയുണ്ട് എക്ല്പീരിയൻസ്?

പുതിയ ആൾക്കാരുടെ കൂടെ തുടർച്ചയായി പടങ്ങൾ ചെയ്യുന്നുണ്ട്. പുതിയ താരങ്ങളെ സംബന്ധിച്ച് ഞാൻ അവരുടെ സീനിയറാണ്. അവർക്ക് നമ്മളോടു വലിയ സ്നേഹവും ബഹുമാനവുമാണ്. നമുക്കും അവരുടെ പല സിനിമകളും കണ്ട് ഇഷ്‌ടം തോന്നിയിട്ടുണ്ട്. അപ്പോഴേ ഒരുമിച്ച് സിനിമ ചെയ്യാൻ നമുക്കൂ തോന്നൂ. ഓൾഡ് ജനറേഷന്റേയും ന്യൂ ജനറേഷന്റേയും നടുക്കുള്ളയാളാണ് ഞാൻ. രണ്ടിലും ഞാനുണ്ട്.

ഒട്ടേറെ പുതുമകളുള്ള ഒരുപിടി പ്രോജക്ടുകൾ ഈ വർഷമുണ്ടല്ലോ?

കമ്മാരസംഭവമാണ് ഒരു പ്രധാന പ്രോജകട്. അതിൽ 94 നാലു വയസുകാരൻ കമ്മാരനെ അവതരിപ്പിക്കുന്നു. ഒരു വ്യത്യസ്ത ചിത്രമായിരിക്കും. കൊമേഴ്സ്യലായിരിക്കും. തമിഴ്നടൻ സിദ്ധാർത്ഥ്, ബോബിസിൻഹ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു. പിന്നെയുള്ള പ്രധാന പ്രോജക്ട് രാമചന്ദ്രബാബുവിന്റെ ത്രിഡി ചിത്രമാണ്. അതും വലിയ കാൻവാസിലുള്ള ചിത്രമാണ്. പ്രൊഫ. ഡിങ്കൻ എന്നാണ് പേര്. ഡബിൾ റോളിലാണ് ഞാനെത്തുന്നത്. ദീപാങ്കുരൻ എന്ന മജീഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരുപാടു നാളെടുത്ത് സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ചിത്രമാണത്. രാജാധിരാജയുടെ സംവിധായകന്റെ ഒരു പടം വരുന്നുണ്ട്. പിന്നെ ബോബൻ സാമുവൽ സെവൻആർട്സിനുവേണ്ടി ഒരുക്കുന്ന ചിത്രമുണ്ട്.

സ്‌ഥിരം കഥാപാത്രങ്ങളിൽ നിന്നും സിനിമകളിൽ നിന്നും വ്യത്യസ്തമായിരുന്നു അടൂരിന്റെ പിന്നെയും.?

നമ്മൾ കഥയൊന്നും കേൾക്കാതെയാണ് അടൂർസാറിന്റെ പടം ചെയ്തത്, പടം കണ്ടപ്പോഴാണ് നമ്മുടെ കണ്ണുകളിലൊക്കെ ഇങ്ങനെയുള്ള ഭാവങ്ങളുണ്ടെന്നു മനസിലായത്. നമ്മളെപ്പോലുള്ള ഒരു നോർമൽ ആക്ടറെ വെച്ചാണ് സാർ പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ചത്. നല്ലൊരു എക്സ്പീരിയൻസായിരുന്നു ആ സിനിമയുടെ സെറ്റ്. ചിത്രം ഇറങ്ങിയതിനുശേഷമുള്ള ഒരു ഫംക്്ഷനിൽ സാർ സംസാരിച്ചത് കേട്ടപ്പോൾ എനിക്കു സന്തോഷം തോന്നി. ഒരുപാട് വിഷമം പിടിച്ച ഒരു ഘട്ടത്തിൽ കൂടി കടന്നുപോകുമ്പോഴാണ് ഞാൻ പിന്നെയും എന്ന ചിത്രം ചെയ്തത്. പക്ഷേ ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച് സിനിമ ചെയ്ത ദിവസങ്ങളില്ല എന്നാണ് സാർ പറഞ്ഞത്. ഒരു ചെറിയ കോമഡി ഞാൻ പറഞ്ഞാൽ കുട്ടികളെപ്പോലെ അലറി ചിരിക്കുമായിരുന്നു സാർ. എന്തും പറയാനുള്ള സ്വാതന്ത്ര്യം സാർ എനിക്കു തന്നു.

ദിലീപിന്റെ സിനിമാ പ്രേക്ഷകരിൽ ഭൂരിഭാഗവും കുടുംബപ്രേക്ഷകരും കുട്ടികളുമാണ്. പക്ഷേ ചില സിനിമകളിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ കൂടുന്നു എന്നൊരു പരാതിയുണ്ട്. വെൽക്കം ടു സെൻട്രൽ ജയിലിനേക്കുറിച്ചും അങ്ങനെയൊരു പരാമർശമുണ്ട്?

നമ്മുടെ സിനിമയിൽ മനപൂർവം അത്തരം സീനുകൾ തള്ളിക്കയറ്റാറില്ല. ഇനി എവിടെയങ്കെിലുമൊക്കെ അങ്ങനെ സംഭവിച്ചാൽ തന്നെ ദ്വയാർത്ഥ പ്രയോഗങ്ങൾ എന്തിനാണ് നിങ്ങൾ രണ്ട് അർത്ഥത്തിൽ എടുക്കുന്നത്. നമ്മൾ ഒരു രീതിയിലേ ചിന്തിക്കുന്നുള്ളൂ. അതിനെ രണ്ടായി കാണേണ്ട ആവശ്യമില്ല. ചിരിച്ചു കഴിഞ്ഞിട്ട് അത് ദ്വയാർത്ഥ പ്രയോഗമാണെന്നു ചിന്തിക്കുന്നത് എന്തിനാണ്. ഇതെല്ലാം ഡബിൾ മീനിംഗാണ് ഞാനതുകൊണ്ടു ചിരിക്കുന്നില്ല എന്നു പറഞ്ഞാൽ സമ്മതിക്കാം. ഇപ്പോഴത്തെ പല സിനിമകളിലും സ്ട്രെയിറ്റായി പറയുകയല്ലേ. ചിലതൊക്കെ കേട്ട് ഞെട്ടിപ്പോയിട്ടുണ്ട്.

ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ വിമർശനങ്ങൾ എഴുതി അതിനെ തളർത്താൻ ശ്രമിക്കുകയാണ് പലപ്പോഴും സോഷ്യൽ മീഡിയകൾ. ഇതിനെ എങ്ങനെ കാണുന്നു?

സിനിമാ വിമർശനവും റിവ്യൂവുമൊക്കെ പണ്ടു മുതലേയുള്ളതാണ്. പക്ഷേ സോഷ്യൽ മീഡിയായിലെ ഇപ്പോഴത്തെ വിമർശനങ്ങൾ പലതും വളരെ ക്രൂരമാണ്. അത് പലരേയും ടാർഗറ്റ് ചെയ്തുള്ളതാണ്. എല്ലാവരും പെർഫക്ടല്ല. ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്. വേറൊരാളുടെ സൃഷ്‌ടിയെ മറ്റുള്ളവർ കളിയാക്കുന്നതിനോടോ തെറി പറയുന്നതിനോടോ വ്യക്‌തിപരമായി എനിക്കു യോജിക്കാനാകില്ല. ഒരു വിമർശകന്റെ വർത്തമാനം കേൾക്കുമ്പോൾ നമുക്കു മനസിലാകും നമ്മൾ നന്നാകാനാണോ എന്ന് ഇയാൾ പറയുന്നതെന്ന്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതുപോലെ തന്നെ അവനവന് ഇഷ്‌ടമുള്ള സൃഷ്‌ടികൾ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ല നിരൂപകരും വിമർശകരുമുണ്ട്. പക്ഷേ പല വിമർശകർക്കും ഇതെഴുതാനുള്ള എന്തു യോഗ്യതയാണ് ഉള്ളതെന്ന് ചിന്തിക്കണം. ആദ്യം ഇവരൊക്കെ കുറ്റമറ്റ രീതിയിൽ ഒരു സിനിമയെടുത്തു കാണിക്കട്ടെ. എന്നിട്ട് വിമർശിക്കാൻ വരട്ടെ. സിനിമയെക്കുറിച്ച് ഒരു പരിധി വരെയൊക്കെ എഴുതാം. പക്ഷേ അത് കാണരുത് എന്ന് എഴുതാനുള്ള അവകാശം ആർക്കുമില്ല. അത് ഒരാളോട് ചെയ്യുന്ന ക്രൈം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

–ബിജോ ജോ തോമസ്