സ്മാർട്ടായി നൂഗാ
സ്മാർട്ടായി നൂഗാ
Thursday, November 3, 2016 6:37 AM IST
നമ്മുടെ നെയ്യപ്പത്തെ തോൽപ്പിച്ചാണ് ആൻഡ്രോയ്ഡ് നൂഗാ അവതരിപ്പിച്ചത്. അത് പഴയ കഥ. ഇപ്പോഴിതാ പുതിയ അപ്ഡേഷനുമായി നൂഗാ എത്തിയിരിക്കുന്നു. ആൻഡ്രോയ്ഡ് നൂഗായുടെ പുതിയ അപ്ഡേഷനായ ആൻഡ്രോയ്ഡ് 7.1 എത്തുന്നത് കിടിലൻ ഫീച്ചറുകളുമായാണ്. വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ഉപയോഗപ്രദമായ അപ്ഡേഷനാണ് നൂഗായ്ക്കു ഗൂഗിൾ വരുത്തിയിരിക്കുന്നത്.

ഡാറ്റാ സേവിംഗ്

സ്മാർട്ട് ഫോൺ ഉപയോക്‌താക്കളുടെ ഏറ്റവും വലിയ പ്രശ്നം മൊബൈൽ ഡാറ്റയാണ്. ന്യൂജനറേഷനാണെങ്കിൽ എത്ര മൊബൈൽ ഡാറ്റ ലഭിച്ചാലും മതിയാകില്ല. എങ്ങനെയെങ്കിലും കുറച്ച് ഡാറ്റ സേവ് ചെയ്യാമെന്നുവച്ചാൽ ആപ്ലിക്കേഷനുകൾ അതുംകൊണ്ടുപോകും. ഇതിനൊരു പരിഹാരമായാണ് പുതിയ അപ്ഡേഷൻ എത്തുന്നത്. ആപ്ലിക്കേഷനുകളുടെ ബാക്ഗ്രൗണ്ട് പ്രവർത്തനം ബ്ലോക്ക് ചെയ്യുന്നു. അതിലൂടെ സോഷ്യൽ മീഡിയകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകളും ഇ–മെയിൽ അപ്ഡേഷനുകളും നിയന്ത്രിക്കുന്നു.

മൾട്ടി വിൻഡോ ടാസ്കിംഗ്

നൂഗായുടെ എത്രയും വലിയ പ്രത്യേകതയായിരുന്നു മൾട്ടി വിൻഡോ ടാസ്കിംഗ്. ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകൾ തുറക്കാനുള്ള സൗകര്യം മൾട്ടി വിൻഡോ ടാസ്കിംഗിലൂടെ ലഭിക്കും. സ്ക്രീനിനെ രണ്ടായി വിഭജിച്ചാണ് ആപ് പ്രവർത്തിക്കുന്നത്. ഒരേസമയം ഫേസ്ബുക്കും വാട്സ്ആപ്പും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചുരുക്കം.

സുരക്ഷയ്ക്കും പ്രാധാന്യം

സ്മാർട്ട്ഫോണുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സുരക്ഷ. ഫോണിലെ വിവരങ്ങൾ ചോരുമോ എന്ന ഭയം ഓരോ സ്മാർട്ട്ഫോൺ ഉപയോക്‌താവിനെയും പിന്തുടരുന്നു. നൂഗായുടെ പുതിയ അപഡേഷനും സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകിയാണ് തയാറാക്കിയിരിക്കുന്നത്. ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജ്, അലാം തുടങ്ങിയുള്വയേക്കാൾ കൂടുതൽ സുരക്ഷിതത്വം മറ്റ് ആപ്ലിക്കേഷനുകൾക്ക് നൽകിയിട്ടുണ്ട്. അൺനോൺ ഇന്റർനെറ്റ് ഐപികളിൽനിന്ന് വിവരങ്ങൾ ചോർത്താതിരിക്കാനുള്ള സംവിധാനവും നൂഗായുടെ പുതിയ വേർഷനിലുണ്ട്.


കുറഞ്ഞ ബാറ്ററി ഉപയോഗവും കൂടുതൽ വേഗവും

ബാറ്ററിയുടെ ചാർജ് വേഗം നഷ്ടപ്പെടുന്നു എന്നതാണ് സ്മാർട്ട്ഫോൺ ഉപയോക്‌താക്കളുടെ പ്രധാന പരാതി. ഫോൺ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററി ചാർജ് കുറച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ് പുതിയ വേർഷനിൽ നൂഗാ അവതരിപ്പിക്കുന്നത്. ഫോണിന്റെ സ്ക്രീൻ ഓഫാകുന്നതോടെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും നിർത്തുന്നു. ഇത് ഫോണിന്റെ വേഗവും വർധിപ്പിക്കുന്നു.

ആൻഡ്രോയ്ഡ് ടിവി റിക്കാർഡിംഗ്

ആൻഡ്രോയ്ഡ് ടിവിയുമായി ബന്ധിപ്പിക്കുന്ന ഫീച്ചർ നൂഗായിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ടെലിവിഷൻ പ്രോഗ്രാമുകൾ റിക്കാർഡ് ചെയ്യാനും അവ പിന്നീട് കാണാനുള്ള സംവിധാനവും ചേർത്തിരിക്കുന്നു.

സാംസംഗ്, ലെനോവോ, മോട്ടറോള, എൽജി, സോണി, ഷവോമി തുടങ്ങിയ ഫോണുകളിൽ പുതിയ അപ്ഡേഷൻ ലഭ്യമാകും. ഗൂഗിൾ പിക്സലും പിക്സൽ എക്എല്ലും വരുന്നത് പുതിയ അപ്ഡേഷനുമായിട്ടാണ്. നെയ്യപ്പത്തെ തോൽപ്പിച്ചെങ്കിലും ഇത്രയും ഫീച്ചറുമായി വരുന്ന നൂഗായെ വെറുക്കാനാവില്ലല്ലോ...

–സോനു തോമസ്