സിദ്ധിഖിന്റെ ഫുക്രി
സിദ്ധിഖിന്റെ ഫുക്രി
Thursday, November 3, 2016 6:38 AM IST
സിദ്ധിഖ് വീണ്ടും കടന്നുവരുകയാണ്; ഫുക്രി എന്ന ചിത്രത്തിലൂടെ. എന്നും ഹിറ്റുകൾ സമ്മാനിച്ചുപോരുന്ന സിദ്ധിഖ് ഇക്കുറി നിർമാണരംഗത്തേക്കുകൂടി കടന്നുവന്നുകൊണ്ടാണ് ഫുക്രി അണിയിച്ചൊരുക്കുന്നത്.

എസ് ടാക്കീസ് ആൻഡ് വൈശാഖാ സിനിമയുടെ ബാനറിൽ സിദ്ധിഖ്, വൈശാഖാ രാജൻ, ജെൽസോ ജോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പാലാരിവട്ടത്തെ ബോസ്കോ സെന്ററിൽ ഈ ചിത്രത്തിനു തുടക്കമിട്ടു. ഡിജിപി ലോക്നാഥ് സിംഗ് ബഹ്റ സ്വിച്ചോൺ കർമം നിർവഹിച്ചു. ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി പേരുടെ സാന്നിധ്യവും ഇവിടെയുണ്ടായിരുന്നു.

ഇക്കുറി യുവനിരയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയസൂര്യയാണു നായകൻ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ഭഗത് മാനുവലും.


എൻജിനീയറിംഗ് പാസാകാത്ത ലക്കി, ഫ്രാങ്ക്ളിൻ എന്നിവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. ലക്കിയെ ജയസൂര്യയും ഫ്രാങ്ക്ളിനെ ഭഗത് മാനുവലും അവതരിപ്പിക്കുന്നു. പ്രയാഗാ മാർട്ടിനും അനു സിത്താരയുമാണു നായികമാർ. ഇവർക്കു പുറമേ ജോജു ജോർജ്, ജനാർദ്ദനൻ, കെ.പി.എ.സി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ് ഉലക്നാഥ് ഛായാഗ്രഹണവും കെ.ആർ. ഗൗരി ശങ്കർ എഡിറ്റിംഗും നിർവഹിക്കുന്നു. – വാഴൂർ ജോസ്