കട്ടപ്പനയിലെ ഋത്വിക് റോഷൻ
കട്ടപ്പനയിലെ ഋത്വിക് റോഷൻ
Friday, November 4, 2016 6:15 AM IST
കട്ടപ്പനയിലെ ഒരു സാധാരണ ഗ്രാമം. നാട്ടിലെ സാധാരണ തൊഴിലാളിയായ സുരേന്ദ്രന്റെ മകൻ കിച്ചു ആ നാട്ടിലെ ഏവർക്കും പ്രിയപ്പെട്ടവനാണ്. അതിനു പ്രധാന കാരണം കിച്ചു സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നുവെന്നതാണ്. നാളെ സിനിമയിലെ സൂപ്പർതാരമാകുമെന്ന വിശ്വാസത്തിലാണ് കിച്ചുവിനെപ്പോലെ എല്ലാവരും. പക്ഷേ, നാളുകൾ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും അതിൽ പുരോഗതിയൊന്നുമുണ്ടായില്ല.

പക്ഷേ, കിച്ചുവിന് ഒരു നായകനടനുവേണ്ടി യാ തൊരു ഗുണവും കാഴ്ചയിൽ ഉണ്ടായിരുന്നില്ല. എങ്കിലും സുരേന്ദ്രൻ മകനിൽ തന്റെ മോഹം പകർന്നുകൊടുത്തു. അങ്ങനെ കിച്ചുവിന്റെ മനസിലും ഒരു നടനാവാനുള്ള മോഹം ഉദിച്ചു. വളരുംതോറും കിച്ചുവിന്റെ മോഹം തീവ്രമായിക്കൊണ്ടിരുന്നു. കിച്ചുവിനെ സഹായിക്കാൻ സുഹൃത്തായ ഓട്ടോ ഡ്രൈവർ ചന്ദ്രൻ ആവേശമായി പിന്നിൽനിന്നു. ഇതിനിടയിലാണ് ഒരു സിനിമയിൽ ഒരു ചെറിയ കള്ളന്റെ വേഷം കിട്ടിയത്. അതൊരു തുടക്കമാണെന്നും തുടർന്നു നായകനിരയിലേക്ക് ഉയരാനുള്ള ആദ്യപടിയാണെന്നും വിശ്വസിച്ചുവെങ്കിലും പിന്നീടു കിട്ടിയ വേഷങ്ങളും അതേ ടൈപ്പായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ആ ദിവസം വന്നെത്തിയത്. ഒരു സിനിമയിൽ നായകനായി അഭിനയിക്കാൻ കിച്ചുവിനു ക്ഷണം ലഭിക്കുന്നു. നാടും നാട്ടുകാരും ഇളകിമറിഞ്ഞു. അവർക്കതൊരു ആഘോഷമായിരുന്നു. തുടർന്നു കിച്ചുവിന്റെ ജീവിതത്തിലും നാട്ടിലും ഉണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.




അമർ അക്ബർ അന്തോണി എന്ന ചിത്രത്തിനുശേഷം നാദിർഷ സംവിധാനംചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കിച്ചുവായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടനും അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. ധർമ്മജൻ ബോൾഗാട്ടി ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ എത്തുന്നു. പ്രയാഗ മാർട്ടിൻ, മഹേഷിന്റെ പ്രതികാരം ഫെയിം ലിജോ മോൾ എന്നിവരാണ് നായികമാർ.

രാഹുൽ മാധവ്, സിജു വിൽസൺ, സലിംകുമാർ, സിദ്ധിഖ്, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, വിനോദ് കെടാമംഗലം, കലാഭവൻ ഹനീഫ്, ജോർജ് ഏലൂർ, പ്രദീപ് കോട്ടയം, സുബ്രഹ്മണ്യൻ ബോൾഗാട്ടി, സ്വാസിക, സീമാ ജി. നായർ തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങൾ.

യു.ജി.എം എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടെ നാദ് ഗ്രൂപ്പിന്റെ ബാനറിൽ ദിലീപ്, ഡോക്ടർ സക്കറിയ തോമസ് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാംദത്ത് നിർവഹിക്കുന്നു. അമർ അക്ബർ അന്തോണിയിലൂടെ ശ്രദ്ധേയരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. സന്തോഷ് വർമ, ബി.കെ. ഹരിനാരായണൻ, നാദിർഷ എന്നിവരുടെ വരികൾക്കു നാദിർഷ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ– റോഷൻ ചിറ്റൂർ– എ.എസ്. ദിനേശ്