ധനകാര്യ ലക്ഷ്യങ്ങളിലൂടെ സമ്പത്ത് സൃഷ്ടി
സമ്പത്ത് ഉണ്ടാക്കുന്നതും സമ്പന്നനാകുന്നതും സ്വപ്നം കാണത്തവർ ആരുമില്ല. ഏതൊരാളുടേയും ആഗ്രഹവുമതാണ്. പക്ഷേ, നല്ലൊരു പങ്കും അതിൽ വിജയിക്കുന്നില്ല. സമ്പത്തുണ്ടാക്കുന്നതിനെപ്പറ്റി ധാരാളം പേർ ഉപദേശം നൽകുന്നുണ്ടെങ്കിലും നേട്ടമുണ്ടാക്കുന്നവർ ചുരുക്കമേയുള്ളു.
ഇതിനർത്ഥം സമ്പത്തുണ്ടാക്കുന്നതിനു പറ്റിയ ഫോർമുലയൊന്നുമില്ല എന്നതാണ്. അതുകൊണ്ട് ഓരോരുത്തരും അവർക്കു യോജിച്ച തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുകയേ വഴിയുള്ളു.

സമ്പത്തുണ്ടാക്കുന്നതിൽ ഇക്വിറ്റിക്ക് വലിയ പങ്കാണുള്ളത്. ലോകത്തിലെ മിക്ക ധനവാന്മാരുടേയും ചരിത്രം പരിശോധിച്ചാൽ ഓഹരിയിലെ നിക്ഷേപമാണ് അവരെ സമ്പന്നരാക്കിയിട്ടുള്ളതെന്നു കാണാം. ദീർഘകാലത്തിലുള്ള നിക്ഷേപം വഴി, മൂല്യമുള്ള, വളർച്ചാ സധ്യതയുള്ള ഓഹരികളിൽ നിക്ഷേപം നടത്തിയതുവഴിയാണ് പലരും സമ്പന്നരായിട്ടുള്ളതെന്നു കാണാം. നേരിട്ട് ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങി പല വഴികളും ഓഹരിയിൽ നിക്ഷേപം നടത്താനായുണ്ട്.

ഓഹരി വഴി സമ്പത്ത് സൃഷ്ടിക്കു സഹായിക്കുന്ന ചില ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കാം.

നല്ല ഗവേഷണം നടത്താം

ഇതിനുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണ് ഗവേഷണം. നാം ഏതെങ്കിലും സാധനം വാങ്ങുമ്പോൾ സാധാരണ എന്താണു ചെയ്യുക. അതിനെക്കുറിച്ച് അന്വേഷിക്കും. ഗുണം കുറഞ്ഞത് വാങ്ങുകയില്ല.

നിക്ഷേപ വിജയത്തിൽ ഗവേഷണത്തിനു വലിയ സ്‌ഥാനമാണുള്ളത്. പ്രത്യേകിച്ചും ഓഹരി നിക്ഷേപത്തിൽ. നല്ലൊരു പങ്ക് ആളുകളും പറയുന്നത് ഓഹരി നിക്ഷേപം ചൂതാട്ടമാണെന്നാണ്. പക്ഷേ നല്ല റിസേർച്ചിന്റെ അഭാവത്തിലുള്ള നിക്ഷേപമാണ് ചൂതാട്ടമാകുന്നത്. നല്ല ഗവേഷണത്തിന്റെ, അറിവധിഷ്ഠിതമായ നിക്ഷേപങ്ങളാണ് സമ്പത്തുണ്ടാക്കാൻ സഹായിക്കുന്നത്.

ഗവേഷണം വഴി നല്ല കരുത്തുള്ള ഓഹരികൾ തെരഞ്ഞെടുക്കാം. പഴയ കാലത്ത് നല്ല പ്രകടനം നടത്തിയ ഓഹരികൾക്ക് ഭാവിയിൽ നല്ല പ്രകടനം കാഴ്ച വയ്ക്കാനുള്ള സാധ്യതയെക്കുറിച്ചു പഠിക്കാം. അതായത് പണം മാത്രമല്ല, സമയവും നിക്ഷേപത്തിനായി നീക്കി വയ്ക്കണം. കമ്പനികളെക്കുറിച്ചു പഠിക്കാനായി നീക്കി വയ്ക്കണം.

അങ്ങനെ സമയമില്ലാത്തവർക്കു നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച നിക്ഷേപാവസരമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഒരുക്കുന്നത്.

നിക്ഷേപശേഖരം നിശ്ചയിക്കാം

ഓരോ മ്യൂച്വൽ ഫണ്ടു പദ്ധതികളും തയാറാക്കുന്നത് മികച്ച ഗവേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ്. അതു മാനേജ് ചെയ്യുന്ന ഫണ്ടു മാനേജരുടെ സാമർത്ഥ്യവും നിക്ഷേപ ലക്ഷ്യവും ഗവേഷണ ചാതുര്യവുമൊക്കെ അനുസരിച്ച് ഫണ്ടിന്റെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട്.

നിക്ഷേപശേഖരത്തിൽ നാലോ അഞ്ചോ നല്ല മ്യൂച്വൽ ഫണ്ടുകൾ മതിയാകും. പക്ഷേ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവയായിരിക്കണം അതിലുണ്ടാവേണ്ടത്.


ലാർജ് കാപ്, മിഡ്കാപ്, സ്മോൾ കാപ്, ഡൈവേഴ്സിഫൈഡ്, മൾട്ടികാപ്, മിഡ് ആൻഡ് സ്മോൾ കാപ്, തീമാറ്റിക്, സെക്ടർ ഫണ്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപത്തിനു ലഭ്യമാണ്.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇവയിൽ എല്ലാം നിക്ഷേപം നടത്തേണ്ട കാര്യമില്ല. കാരണം ഓരോ ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ മറ്റു ഫണ്ടുകളുടെ ഓവർ ലാപ് ഉണ്ടായിരിക്കും.
റിസ്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രണ്ടോ മൂന്നോ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ലാർജ് കാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിൽ അർത്ഥമില്ല. കാരണം ഈ മൂന്നു ലാർജ് കാപ് ഫണ്ടുകളുടേയും നിക്ഷേപശേഖരം അല്പ സ്വല്പം ഏറ്റക്കുറച്ചിലുകളോടെ ഒരേ ഓഹരി ശേഖരത്തിൽനിന്നായിരിക്കും എടുത്തിരിക്കുക. ഒന്നോ രണ്ടോ ലാർജ് കാപ് മിഡ്കാപ്, ഡൈവേഴ്സിഫൈഡ്, മൾട്ടികാപ്, സ്മോൾ കാപ് എന്നതുകൊണ്ടു ഒരു നിക്ഷേപകന് വൈവവിധ്യവത്കരണം പൂർത്തിയാക്കുവാൻ സാധിക്കും.

നിക്ഷേപ ശേഖരത്തിൽ മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ എണ്ണം വർധിപ്പിക്കുന്നതുകൊണ്ട് വൈവിധ്യവത്കരണം സംഭവിക്കണമെന്നില്ല. അതിനാൽ മാനേജ് ചെയ്യാവുന്ന ഏതാനും ഫണ്ടുകൾകൊണ്ട് ഡൈവേഴ്സിഫൈഡ് ലക്ഷ്യം നിറവേറ്റുക. ലക്ഷ്യങ്ങൾക്കായി യോജിച്ച മ്യൂച്വൽ ഫണ്ടുകളെ തെരഞ്ഞെടുക്കാം.

ദീർഘകാലത്തിൽ നിക്ഷേപം

ഓഹരി നിക്ഷേപം ദീർഘകാലത്തിലുള്ളതാണ്. സ്വാഭാവികമായും ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപവും. ഇക്വിറ്റി, ഇക്വിറ്റിയധിഷ്ഠിത ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം ദീർഘകാലത്തിൽ ഏറ്റവും മികച്ച റിട്ടേൺ നൽകുന്ന ആസ്തിയാണ്.

ക്വാളിറ്റിയുള്ള മ്യൂച്വൽ ഫണ്ടുകളിൽ പല വിപണി സൈക്കിളുകളിൽ നിക്ഷേപം നടത്തിയിരിക്കുകയെന്നതാണ് സമ്പത്തുണ്ടാക്കി നൽകുന്നത്.

ധനകാര്യ ലക്ഷ്യം

സമ്പത്തിലേക്കുള്ള ആദ്യ പടി ധനകാര്യ ലക്ഷ്യമാണ്. റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് ഒരാൾക്ക് അയാളുടെ ധനകാര്യ ലക്ഷ്യം നിശ്ചയിക്കാം. ആവശ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം മനസിലാക്കി നിക്ഷേപം തീരുമാനിക്കുകയെന്നതാണ് നിക്ഷേപകന്റെ മുമ്പിലുള്ള മുഖ്യകാര്യം. ധനകാര്യ ലക്ഷ്യങ്ങൾ ഇട്ടുകഴിഞ്ഞാൽ അത് എളുപ്പമായി. എവിടെ, എത്രനാൾ നിക്ഷേപിക്കണം. നിക്ഷേപം വളരുവാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾക്ക് ഒരു ഉത്തരം കണ്ടെത്തുകയെന്നതാണ്.

നിക്ഷേപ ശേഖരത്തിൽ അഴിച്ചു പണി

കാലം നീങ്ങുന്നതനുസരിച്ച് നിക്ഷേപശേഖരത്തിലും അഴിച്ചു പണി നടത്താം. ഇരുപതുകളിൽ ഉയർന്ന റിസ്കുള്ള തീം ഫണ്ടുകളും സെക്ടർ ഫണ്ടുകളിലും നിക്ഷേപം നടത്തുന്ന ഒരാൾക്ക് നാല്പതുകളിൽ ഇത്തരം ഫണ്ടുകൾ ഒഴിവാക്കുകയും ബാലൻസ്ഡ് ഫണ്ടുകൾക്കു പ്രാമുഖ്യം നൽകുകയും ചെയ്യാം. ഇത്തരത്തിൽ റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് മ്യൂച്വൽ ഫണ്ട് ശേഖരം അഴിച്ചു പണിയാം.