മലയാളത്തിന്റെ കാവ്യാഞ്ജലി
മലയാളത്തിന്റെ കാവ്യാഞ്ജലി
Tuesday, November 8, 2016 6:02 AM IST
നായക– നായികമാരേക്കാൾ പ്രേക്ഷകന്റെ മനസിൽ വേഗത്തിൽ ഇടം പിടിക്കുന്നവരാണ് ഒപ്പമെത്തുന്ന താരങ്ങൾ. അവരിൽ സ്വഭാവ നടിമാരായി എത്തി മലയാളികളുടെ മനം കവർന്ന പ്രതിഭകളിൽ ഇന്നു ശ്രദ്ധേയയാണ് അഞ്ജലി. തമിഴ് സിനിമയിലൂടെയാണ് അഞ്ജലി സിനിമയിൽ സജീവമാകുന്നതെങ്കിലും ഇന്നു മലയാളത്തിൽ തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ ഈ പ്രതിഭയ്ക്കു കഴിഞ്ഞു. വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ അഞ്ജലി ഈ ചെറിയ കാലയളവിൽ തന്നെ മികച്ച സ്വഭാവ നടിക്കുള്ള സം സ്‌ഥാന പുരസ്കാരവും സ്വന്തമാക്കി. വലുപ്പച്ചെറുപ്പമില്ലാതെ നല്ല സിനിമയുടെ ഭാഗമാകുന്ന അഞ്ജലി തന്റെ സിനിമാ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു...

ഭാഗ്യാഞ്ജലി എന്ന പേരുമായണല്ലോ സിനിമയിലേക്കു എത്തുന്നത്. എന്നാൽ ആ പേര് പിന്നെ കേട്ടില്ല?

ഞാൻ തമിഴ് സിനിമ ചെയ്ത സമയത്താണു ഭാഗ്യാഞ്ജലി എന്ന പേര് സ്വീകരിക്കുന്നത്. 2009–10 കാലഘട്ടത്തിൽ. പക്ഷെ, അത് അവിടെത്തന്നെ ഉപേക്ഷിച്ചു. വീണ്ടും ഇപ്പോൾ തമിഴ് സിനിമ ചെയ്യുനുണ്ട്. അഞജലി നായർ എന്ന പേരാണ് ഇപ്പോൾ ഒഫീഷ്യലായി ഉപയോഗിക്കുന്നത്.

കാമറയ്ക്കു മുന്നിലേക്കെത്തുന്നത് എങ്ങനെയായിരുന്നു?

എന്റെ ചില സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് ഞാൻ ചില ചാനലുകളിൽ പ്രോഗ്രാമുകൾ ആങ്കറിംഗ് ചെയ്തു തുടങ്ങുന്നത്. അന്ന് എനിക്കു വലിയ താല്പര്യമില്ലായിരുന്നു. പിന്നെ ഒരു കൗതുകത്തിനു ചെയ്തു തുടങ്ങിയതാണ്. അവിടെ അന്നുണ്ടായിരുന്ന സുരേന്ദ്രൻ എന്നൊരു കോർഡിനേറ്ററാണ് പരസ്യത്തിലേക്ക് എനിക്കു ആദ്യം അവസരം നൽകുന്നത്. ഭാസ്കർ ദി റാസ്കൽ ഫെയിം ബേബി അനിഖയുടെ അച്ഛനാണ് അദ്ദേഹം. അതിനു ശേഷം നൂറിലധികം കൊമേഴ്സ്യൽ പരസ്യങ്ങളുടെ ഭാഗമാകാൻ സാധിച്ചു. പിന്നീടാണ് മ്യൂസിക്കൽ ആൽബങ്ങൾ ചെയ്തു തു ടങ്ങുന്നത്. വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ എന്ന ആൽബം നൽകിയ ഇംപാക്ട് വലുതായിരുന്നു. ഇപ്പോഴും പ്രേക്ഷകരിൽ പലരും എന്നെ തിരിച്ചറിയുന്നത് ആ ആൽബത്തിന്റെ പേരിലാണ്. ഓരോ പടി മുകളിലേക്കു കയറിയാണ് മലയാള സിനിമയിലേക്കു എത്തുന്നതു തന്നെ. പരസ്യം, ആൽബം, തമിഴ് സിനിമ പിന്നെ മലയാള സിനിമ.



മലയാള സിനിമയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നതു സീനിയേഴ്സിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച മുമ്പാണ് പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് സീനിയേഴ്സിൽ കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ ഒരു വേഷമുണ്ട്, അതു ചെയ്യാമോ എന്നു ചോദിച്ചു വിളിക്കുന്നത്. പിന്നീടാണ് വെനീസിലെ വ്യാപാരി, കിംഗ് ആൻഡ് കമ്മീഷണർ എന്നിങ്ങനെ ചിത്രങ്ങൾ ചെയ്യുന്നത്. കല്യാണത്തിനു ശേഷം കുറച്ചുനാൾ സിനിമയിൽ നിന്നും മാറിനിന്നു.

കുഞ്ഞായതിനു ശേഷം ജോൺ റോബിൻസൺ എന്നൊരു സംവിധായകന്റെ പരസ്യത്തിൽ അഭിനയിച്ചു. രണ്ടു കുട്ടികളുടെ അമ്മയായിട്ടുള്ളൊരു വേഷമായിരുന്നു അതിൽ. അവിടെ കാമറമാൻ ആൽബി ഉണ്ടായിരുന്നു. ആൽബിയാണ് ഷൈജു ഖാലിദിനോട് അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിനു വേണ്ടി ഒരു അമ്മയും കുഞ്ഞും ഉണ്ടെന്നു പറയുന്നത്. അങ്ങനെയാണ് അനിഖയോടൊപ്പം അമ്മയായി ഞാനും എന്റെ കുഞ്ഞും ആ സിനിമയിലേക്കെത്തുന്നത്. അനിഖയുടെ അച്ഛനാണ് എനിക്ക് ഈ ഫീൽഡിലേക്കുള്ള തുടക്കം നൽകുന്നത്. അദ്ദേഹത്തിന്റെ മകളുടെ തുടക്കത്തിനൊപ്പം ഞാനും ചേർന്നു. അന്ന് അഭിനയം ഞാൻ സീരിയസായി കണ്ടിരുന്നില്ല. എന്നാൽ പിന്നീട് അറുപതിലധികം ചിത്രങ്ങൾ ചെയ്യാൻ സാധിച്ചു എന്നതാണ് സത്യം.

അമ്മ വേഷത്തിൽ മാത്രം ഒതുങ്ങി പോകുന്നു എന്നു തോന്നിയിട്ടുണ്ടോ?

സത്യത്തിൽ അങ്ങനെ തോന്നിയിട്ടില്ല. കാരണം നായികമാരിൽ ഒരാളായിട്ടും സഹോദരിയായിട്ടും തുടങ്ങി ടൈപ്പ് ചെയ്യപ്പെടാതെ സിനിമയിൽ നിൽക്കാനാവുന്നുണ്ട്. ഇപ്പോൾ തിയറ്ററിലെത്തുന്ന കളം എന്ന ചിത്രത്തിൽ ഇരുപത്തൊന്നു വയസുള്ള കഥാപാത്രമായാണു ഞാനെത്തുന്നത്. പാവാടയൊക്കെ ഇട്ടെത്തുന്ന ഒരു പഴയ നായിക പോലത്തെ കഥാപാത്രമാണതിൽ. കളം സംവിധാനം ചെയ്യുന്നത് അജിൻലാലാണ്. അതിൽ കമ്മട്ടിപ്പാടം ഫെയിം മണികണ്ഠൻ, സ്വാതി, ലിയോണ, അമീർ നിയാസ്, മുസ്തഫ, ഷൈൻ ടോം, ബിനു പപ്പു എന്നിവരും ഒപ്പമെത്തുന്നുണ്ട്. ഇതിൽ കാസ്റ്റിംഗിലും മറ്റും ഒരു അസോസിയേറ്റ് ഡയറക്ടറെ പോലെ ഞാൻ പങ്കാളിയായ ചിത്രമാണ്.

മലയാളത്തിനൊപ്പം തമിഴ് സിനിമയിലും നായികയായി അവസരങ്ങൾ ലഭിക്കുന്നുണ്ടോ?

തമിഴ് സിനിമയിൽ ഇപ്പോൾ രണ്ടു ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ഇനിയൊന്ന് അടുത്തമാസമാണ് ചെയ്യുന്നത്. അവസാനം ചെയ്ത തമിഴ് ചിത്രം ആശ്ചര്യക്കുറി എന്നാണ് പേര്. ഇപ്പോൾ ചെയ്യാൻ പോകുന്നത് നിർണാതെ. തമിഴിൽ നിന്നും നിരവധി അവസരങ്ങൾ വരുന്നുണ്ട്. കാരണം തുടക്കകാലത്ത് മൂന്നു സിനിമകളിൽ തമിഴിൽ നായികയായിരുന്നല്ലൊ. ഇപ്പോഴും നമ്മൾ അഭിനയിക്കുന്നുണ്ട് എന്നറിയുമ്പോൾ അവിടെ നിന്നും നിരവധി അവസരങ്ങൾ എത്തുന്നുണ്ട്. പക്ഷെ കഥാപാത്രത്തെ നോക്കിയാണ് ഇപ്പോൾ സിനിമ തിരഞ്ഞെടുക്കുന്നത്.

സിനിമയിൽ എത്തണം എന്നു നേരത്തെ മനസിൽ ഉണ്ടായിരുന്നതാണോ?

സിനിമ എന്റെ സ്വപ്നത്തിൽ പോലും സിനിമ ഉണ്ടായിരുന്നില്ല. ഒരു പാസ്പോർട്ടു ഫോട്ടോ പോലും എടുക്കാൻ സ്റ്റുഡിയോയിൽ പോകാൻ മടിച്ചിരുന്ന ആളായിരുന്നു ഞാൻ. കോളേജ് ടൈമിൽ വെച്ച് സിനിമാക്കാരായി ഞാൻ കാണുന്ന ആദ്യത്തെ ആൾക്കാർ രമേഷ് പിഷാരടിയും ധർമജനും പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന ഹരി പി. നായരൊക്കെയാണ്. ഇവരാണ് ടിവിയിൽ പ്രോഗ്രാമൊക്കെ ചെയ്യാൻ പറയുന്നത് തന്നെ. അന്നുവരെ നമ്മൾ അങ്ങനെ ചിന്തിച്ചിട്ടുമില്ല. സിനിമയെപ്പറ്റി ഒരു അറിവുമില്ലത്ത ആളിൽ നിന്നും സിനിമയിൽ ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നു എന്നതുതന്നെ ഒരു ഭാഗ്യമാണ്.




ബെന്നിലെ അഭിനയത്തിനു സംസ്‌ഥാന പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ?

അങ്ങനൊരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമയ്ക്കും മാസ്റ്റർ ഗൗരവിനും ഞങ്ങൾ പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. അതു സത്യമായി, ആ കുട്ടിക്കു സംസ്‌ഥാന– ദേശീയ പുരസ്കാരങ്ങളും സിനിമയ്ക്കു നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചു. പക്ഷേ, ഞാൻ ഒരു തുടക്കക്കാരിയാണ്. അപ്പോൾ അങ്ങനൊരു നേട്ടം പ്രതീക്ഷിച്ചതേയില്ല. ലെനച്ചേച്ചി, ലളിതച്ചേച്ചി തുടങ്ങിയവരോടൊപ്പമാണ് നമ്മുടെ പേരും മത്സരത്തിൽ എത്തിയിരിക്കുന്നത്. പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ ഞാൻ അമ്മയോടൊപ്പം പുറത്തായിരുന്നു. എന്റെ സുഹൃത്തുക്കൾ വിളിച്ചു പറയുമ്പോൾ കളിയാക്കാൻ വിളിക്കുകയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പിന്നീട് അച്ഛനെ വിളിച്ചപ്പോഴാണ് സത്യമാണെന്നു തിരിച്ചറിയുന്നത്. ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരുന്നു അത്. സംസ്‌ഥാന പുരസ്കാരത്തിനൊപ്പം കേരള പുരസ്കരം അവാർഡ്, സന്തോഷം ടിവി അവാർഡ് ഹൈദരാബാദ് എന്നിവയും ലഭിച്ചു.

തന്നെക്കാൾ പ്രായം കൂടിയ ദുൽഖർ സൽമാന്റെ അമ്മ വേഷം കമ്മട്ടിപ്പാടത്തിൽ സ്വീകരിച്ചത്?

ആ വേഷം സ്വീകരിക്കാൻ കാരണം അത്ര വലിയൊരു ടീമായിരുന്നു ആ ചിത്രത്തിലുള്ളത്. രാജീവ് രവി സാറും മധു നീലകണ്ഠൻ സാറും ദുൽഖറുമെല്ലാം പ്രതിഭകളാണ്. അവരോടൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റുന്നു എന്നതു തന്നെ വലിയ കാര്യമാണ്. അവർ നമുക്കൊരു വേഷം തരുമ്പോൾ അതിൽ അവർക്കു വിശ്വാസം ഉണ്ടായതുകൊണ്ടാണ്. ഒരു അഭിനേത്രി എന്ന നിലയിൽ അതിനെ മികച്ചതാക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. പിന്നെ ദുൽഖറിനൊപ്പം സ്ക്രീനിൽ എന്നെ അമ്മായി കാണുമ്പോൾ എങ്ങനെയാകാം എന്ന സംശയം എനിക്കും ഉണ്ടായിരുന്നു. ഞാൻ അതു ദുൽഖറിനോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ദുൽഖർ പറഞ്ഞത് അദ്ദേഹത്തിന് അതു ഉൾക്കൊള്ളാൻ പറ്റുന്നുണ്ട് എന്നാണ്. അപ്പോൾ എന്റെ പേടിയും മാറി. കാരണം എന്റെ മകനായി ദുൽഖറിന് ഉൾക്കൊള്ളാൻ പറ്റുമെങ്കിൽ പിന്നെ എനിക്കെന്താണു പ്രശ്നം.

വ്യത്യസ്തങ്ങളായ കഥാപാത്രത്തെ അഭിനയിക്കാൻ പറ്റുന്നു എന്നതു തന്നെ വലിയ കാര്യമാണ്. ഇപ്പോൾ വി.എം. വിനു സാറിന്റെ മറുപടി എന്ന ചിത്രത്തിൽ 60 വയസുള്ള കഥാപാത്രമാണ് അഭിനയിച്ചത്. അതിൽ 22, 40, 60 വയസ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ്. ഒരു അഭിനേത്രി എന്ന നിലയിൽ നമ്മളെ തേടിവരുന്ന വെല്ലുവിളിയുള്ള കഥാപാത്രങ്ങളെയും അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്നതാണല്ലൊ ദൗത്യം.

സ്‌ഥിരം ഇത്തരം വേഷം ചെയ്യുമ്പോൾ ടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നാറുണ്ടോ?

അങ്ങനെ തോന്നിയിട്ടില്ല. കാരണം ഓരോ സിനിമയിലും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഇതുവരെ ലഭിച്ചത്.ഒപ്പത്തിൽ ലാലേട്ടന്റെ സഹോദരിയാണെങ്കിൽ പുലിമുരുകനിലെ ഫ്ളാഷ് ബാക്കിൽ ലാലേട്ടന്റെ അമ്മ വേഷമാണ്. കളം സിനിമയിൽ എത്തുമ്പോൾ 22 വയസുകാരിയാണെങ്കിൽ പള്ളിക്കൂടത്തിൽ സുധീറേട്ടന്റെ ഭാര്യ വേഷമാണ്. കോലുമുട്ടായിയിൽ ഒരു ടീച്ചർ, നവൽ എന്ന ജ്യുവലിൽ ജയിലിലെ ഒരു കഥാപാത്രം എന്നിങ്ങനെയാണ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ ചെയ്യുന്നതുകൊണ്ട് ടൈപ്പ് ചെയ്യപ്പെടുന്നു എന്നു തോന്നിയിട്ടില്ല. നമ്മൾക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കുക എന്നതാണ് ശ്രദ്ധിക്കാറുള്ളത്. ഓരോ ചിത്രത്തിന്റെയും ഭാഗമാകാനാണ് നമ്മൾ നോക്കുന്നത്.

റിക്കാർഡു വിജയം നേടുന്ന പുലിമുരുകനിലെ വേഷം ചെറുതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?

ചിത്രത്തിൽ കൂടുതൽ സമയത്തെത്തുന്നില്ലെങ്കിലും ചിത്രം കണ്ടിറങ്ങിയിട്ട് നിരവധി പേർ വിളിച്ചിരുന്നു. വൈശാഖൻ സാറ് ആദ്യഭാഗത്തിനു ശേഷം രണ്ടാമത് പാട്ടു സീനിൽ കൂടിയും കാണിച്ചതുകൊണ്ട് കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ലാലേട്ടനൊപ്പം ലൈല ഒ ലൈലയിലും ഒപ്പത്തിലും നേരത്തെ അഭിനയിച്ചിരുന്നു. ഒപ്പവും പുലിമുരുകനും ജീവിതത്തിൽ മറക്കാൻ സാധിക്കില്ല. കാരണം അത്രത്തോളം പ്രേക്ഷക പ്രതികരണമാണ് ഈ രണ്ടു ചിത്രങ്ങളും നേടിത്തന്നത്. പ്രേക്ഷകരുടെ മനസിൽ ഈ കഥാപാത്രങ്ങൾ അത്രത്തോളം എത്തി എന്നു പറയുന്നത് തന്നെ വലിയ അംഗീകാരമാണ്.

സിനിമയിൽ സ്‌ഥിരം ദുഃഖപുത്രി കഥാപാത്രമായി ഒരുങ്ങിപ്പോകുന്നുണ്ടോ?

അങ്ങനെയില്ല. ബെന്നിലെ കഥാപാത്രം തന്നെ എടുത്താൽ അതു വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. മനസിൽ സ്നഹമുണ്ടെങ്കിലും മകനോടു വളരെ ക്രൂരമായി പെരുമാറേണ്ടി വരുന്ന അമ്മ വേഷമായിരുന്നു. ഒരു ദുഃഖപുത്രി എന്ന ലേബൽ മായിച്ചു തന്നൊരു വേഷമായിരുന്നു അത്. വ്യത്യസ്തങ്ങളായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ഞാനും. ഇപ്പോൾ ഹദിയ എന്ന ചിത്രത്തിൽ ഒരു വക്കീൽ വേഷമാണ് ചെയ്യുന്നത്.

പുതിയ പ്രോജക്ടുകൾ

സിദ്ധാർത്ഥ് ശിവയുടെ നിവിൻ പോളി ചിത്രം, മഹേഷ് നാരായണന്റെ ചാക്കോച്ചന്റെ ചിത്രം, കമൽ സാറിന്റെ മാധവിക്കുട്ടി, ഉൾക്കാഴ്ച എന്നിവയാണ് ഇപ്പോൾ ചെയ്തത്. കോലുമുട്ടായി, പള്ളിക്കൂടം, വിളക്കു മരം, മറുപടി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, ഡഫേദാർ എന്നീ ചിത്രങ്ങളാണ് ഉടൻ തിയറ്ററുകളിലെത്തുന്നത്.

ലിജിൻ കെ. ഈപ്പൻ