എംബിഎക്കാരിയുടെ സംരംഭം; പശുവളർത്തൽ മാസവരുമാനം 30,000
ബംഗളൂരു അൽ അമീൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംബിഎ ഫസ്റ്റ് ക്ലാസിൽ പാസായ ലിയാ മാത്യു ഉദ്യോഗം വേണ്ടെന്നു വച്ചാണ് 2011 ജനുവരിയിൽ പശുളർത്തൽ തുടങ്ങിയത്. എംബിഎക്കാരിക്കു പറ്റിയ പണിയാണോ പശുപരിപാലനമെന്ന് ചിലരൊക്കെ ചോദിച്ചു. പശുവിനു തീറ്റപറിക്കുന്നതിലും കുളിപ്പിക്കുന്നതിലും പാൽ കറന്നെടുക്കുന്നതിലും എന്താ കുറവെന്ന ലിയായുടെ ചോദ്യത്തിനു മുന്നിൽ മറുചോദ്യം ഉണ്ടായില്ല.

ഒരു പശുവിൽ തുടങ്ങിയ സംരംഭം ഇപ്പോൾ 13 പശുക്കളിൽ എത്തി നിൽക്കുന്നു. ദിവസം 250 ലിറ്റർ പാൽ ഉത്പാദനം. 20 ലിറ്റർ വരെ കറവയുള്ള പശുക്കൾ പലതുണ്ട്.

ഇത്രത്തോളം പാൽ എവിടെ എങ്ങനെ വിൽക്കുമെന്നാവും പലർക്കുമുണ്ടാകുന്ന ആശങ്ക. തുടക്കത്തിൽ മിൽമ സൊസൈറ്റിയിലായിരുന്നു പാൽ കൊടുത്തിരുന്നത്. പശുക്കളുടെ എണ്ണവും പാൽകറവയും കൂടിയതോടെ ലിയ സ്വന്തം സ്കൂട്ടറിൽ പാൽ വീടുകളിൽ വിൽക്കാൻ തുടങ്ങി.

എംബിഎക്കാരി പാൽക്കുപ്പിയുമായി സ്കൂട്ടറിൽ പോയി വീടുകളിൽ അത് വിറ്റു തുടങ്ങിയപ്പോൾ പലരും ചോദിച്ചു. നല്ല ജോലി കിട്ടുമെന്നിരിക്കെ എന്തിനാണ് പാൽക്കച്ചവടമെന്ന്. ഏതു ജോലിയും മാന്യമാണെന്ന മറുപടിയാണ് ലിയായ്ക്ക് അവരോടൊക്കെ പറയാനുണ്ടായിരുന്നത്.

ഒരു ലിറ്റർ പാലിന് ഇന്നു 40 രൂപ കിട്ടും. സംരക്ഷണച്ചെവു കിഴിച്ചാൽ മാസം മുപ്പതിനായിരം രൂപയ്ക്കു മുകളിലാണ് ഈ വീട്ടമ്മയുടെ വരുമാനം. വിജയകരമായ സംരഭം തുടങ്ങി വിജയിപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് 34–കാരിയായ ലിയ.കോട്ടയം പേരൂർ പുതുക്കരി യിൽ ലിയാ മാത്യുവിന്റെ ഈ വിജയഗാഥയ്ക്കു പിന്നിൽ പ്രോത്സാഹനം നൽകുന്നത് ഭർത്താവ് ഹൈക്കോടതി അഭിഭാഷകനായ ഹാൻസൺ പി മാത്യുവാണ്. മകൾ സാറ മരിയയും അമ്മയോടൊപ്പം തൊഴുത്തിസലും തൊടിയിലും സജീവമാണ്. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രോത്സാഹനവും ലിയായുടെ വിജയഗാഥയ്ക്കു പിന്നിലുണ്ട്. വനിതാശാക്‌തീകരണത്തിൽ കെഎസ്എസ് നൽകിയ പ്രോത്സാഹവും പിൻതുണയും പ്രധാനമായിരുന്നു. എല്ലാ തൊഴിലും മഹത്തരമാണെന്നും പശുവളർത്തൽപോലുള്ള സ്വയംതൊഴിൽ ലാഭകരമായി നടത്താനാകുമെന്നുമുള്ള തിരിച്ചറിവ് ഇവിടെയാണ് ലഭിച്ചത്. കെഎസ് എസ്എസ് നേതൃത്വത്തിൽ പേരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന തൃപ്തി വനിതാ സ്വയം സഹായസംഘത്തിലെ അംഗവുമാണ് ലിയ.
എംബിഎ പഠനത്തിനുശേഷം കോട്ടയത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ലിയ. ഇതിനിടെയാണ് മാതാപിതാ ക്കളുടെ ഉത്തരവാദിത്വവും ലിയയിൽ വന്നുചേർന്നത്. അങ്ങനെയിരിക്കെ ജോലി നിർത്തി വീട്ടിലെ കാര്യങ്ങൾ നോക്കാൻ ലിയ തീരുമാനിച്ചു. വീട്ടുചുമതലയുണ്ടായിട്ടും ചെയ്യാൻ സാധി ക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണമെന്നു ലിയ ആഗ്രഹിച്ചു. അങ്ങനെയാണ് പശുവളർത്തൽ തൊഴിലായി സ്വീകരിച്ചത്.

ഒരു പശുവിൽ തുടങ്ങിയ സംരഭം എച്ച്എഫ്, ജേഴ്സി, ബ്രൌൺസിസ് ഇനങ്ങളിൽപ്പെട്ട 13 പശുക്കളിൽ എത്തി നിൽക്കുന്നു. പ്രസവശേഷം മൂന്നു മാസം കഴിയുമ്പോൾ കിടാരികളെ വിൽക്കുകയാണ് പതിവ്. വീടിനടുത്തുള്ള തൊഴുത്ത് അത്രയേറെ നൂതനമൊന്നുമല്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പശുക്കളെ കുളിപ്പിക്കും. അടുത്തയിടെയായി രണ്ടു പേരുടെ സഹായം ഇതിനുണ്ട്. തൊഴുത്തിൽ ഫാനും സംഗീതവു മൊക്കെയുണ്ടെന്നതാണ് ആഡംബരം. ആഴ്ചയിൽ രണ്ടു ദിവസം ഓരോ പശുക്കളെയും മുറ്റത്ത് ഇറക്കിക്കെട്ടും. പുരയിടത്തിലൂടെ നടത്തിക്കും. രണ്ടോ മൂന്നോ നേരമാണ് തീറ്റ. സ്വന്തം പുരയിട ത്തോട് ചേർന്നുള്ള കൃഷിയിട ത്തിൽ പുൽ കൃഷിചെയ്യുന്ന തോടൊപ്പം സ്‌ഥലം പാട്ടത്തി നെടുത്തും കൃഷിയുണ്ട്. ദിവസം ആറു കിലോ വീതം പോഷാകാഹാര തീറ്റയും ഓരോ പശുവിനും നൽകുന്നുണ്ട്. കുളമ്പുരോഗം ഉൾപ്പെടെ പ്രധിരോധ കുത്തിവയ്പ്പുകളും മരുന്നുകളും ഇവയ്ക്കു നൽകുന്നു. ചാണകവും തൊഴുത്തിലെ അവശിഷ്‌ടങ്ങളും പുരയിടത്തിൽ ജൈവവളമായി മാറുന്നു. വാഴയും കപ്പയും ചേനയും ചേമ്പുമൊക്കെ ഈ പുരയിടത്തിൽ സമൃദ്ധമായി വളരുന്നു. ദിവസവും പുലർച്ചെ മൂന്നിന് ലിയയുടെ ദിനചര്യ തുടങ്ങും. കറവ യന്ത്രം ഉപയോ ഗിച്ച് പശുക്കളെ കറന്നശേഷം അഞ്ചര മുതൽ തന്റെ വീടിനോട് ചേർന്നുള്ള അഞ്ച് കിലോമീറ്റർ പ്രദേശത്താണ് പാൽവിൽപന. വീട്ടിൽ തയാറാക്കിയ തൈരും ഇവർ വിൽക്കുന്നുണ്ട്. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ പശുവളർത്തൽ ലാഭകരവും ഒപ്പം രസകരവുമാണെന്നാണ് ഈ എംബിഎക്കാരിക്കു പറയാനുള്ളത്. ലിയ മാത്യു ഫോൺ: 9496544261.

റെജി ജോസഫ്