കുട്ടികളുണ്ട് സൂക്ഷിക്കുക
കുട്ടികളുണ്ട് സൂക്ഷിക്കുക
Monday, November 14, 2016 3:47 AM IST
അനൂപ് മേനോൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കലവൂർ രവികുമാർ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ജീവിതത്തിന്റെ ഗൗരവം തിരിച്ചറിയാത്ത പ്രായത്തിൽ കുട്ടികൾ കുസൃതിപൂർവം ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ വീട്ടിലും സമൂഹത്തിലും പ്രതിഫലിപ്പിക്കുന്നുവെന്നു ചിത്രീകരിക്കുന്ന ഈ കുട്ടികളുടെ ചിത്രത്തിൽ മാസ്റ്റർ സനൂപ് സന്തോഷ്, മാസ്റ്റർ സിദ്ധാർഥ്, ബേബി സൂര്യചന്ദന തുടങ്ങിയവർ അഭിനയിക്കുന്നു.

സാദിഖ്, ഷാജു ശ്രീധർ, മറിമായം ഖാലിദ്, സോഹൻ സീനുലാൽ, അനുമോൾ, താരാ കല്യാൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

എം. സ്റ്റാർ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ജി. മോഹൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു. പ്രഭാവർമയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

ഗൗതം കേശവ്, ഷാഹിദ എന്നിവർ പ്രണയിച്ചു വിവാഹിതരായവരാണ്. വ്യത്യസ്ത മത കുടുംബത്തിലെ അംഗങ്ങളായതിനാൽ വീട്ടുകാരുടെ അനുവാദം ലഭിക്കാതെതന്നെ അവർ വിവാഹിതരായി. ഇപ്പോൾ നഗരത്തിലെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു. അവരുടെ ദാമ്പത്യജീവിതത്തിനു മതവും വിശ്വാസവും ഒരു തടസമായിരുന്നില്ല.




ആ സ്നേഹ പ്രണയ ബന്ധത്തിൽ രണ്ട് ആൺമക്കൾ പിറന്നു. നീരജ്, നിരഞ്ജൻ. സന്തോഷം നിറഞ്ഞ ആ കുടുംബത്തിൽ ഒരു നാൾ മക്കൾ ചെയ്ത ഒരു കുസൃതി കുടുംബത്തിലും സമൂഹത്തിലും ബാധിച്ചു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

ഗൗതം കേശവായി അനൂപ് മേനോനും ഷാഹിദയായി ഭാവനയും ചിത്രത്തിൽ അഭിനയിക്കുന്നു. നീരജായ് സിദ്ധാർഥ് അജിതും നിരഞ്ജനായി സനൂപ് സന്തോഷും പ്രത്യക്ഷപ്പെടുന്നു.

എ.എസ്. ദിനേശ്