ആർത്തവ പ്രശ്നങ്ങൾ
ആർത്തവ പ്രശ്നങ്ങൾ
Monday, November 14, 2016 3:48 AM IST
സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെ സാധാരണമായി കാണുന്നവയാണ് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ. ആർത്തവപ്രശ്നങ്ങൾ എന്തൊക്കെയാണെന്നും അതിനുള്ള പരിഹാരമാർഗങ്ങളും അറിയാം...

സാധാരണയുള്ള ആർത്തവം

മാസത്തിൽ ഒരിക്കലാണ് ആർത്തവം കാണുന്നതെങ്കിലും എല്ലാ സ്ത്രീകളിലും ഇത് ഒരേ ക്രമത്തിലാകണമെന്നില്ല. 21 മുതൽ 35 വരെ ദിവസങ്ങൾ ഇടവിട്ട് ആർത്തവമുണ്ടാകുന്നത് നോർമൽ ആയി കണക്കാക്കാം. മെൻസസ് തുടങ്ങി ആദ്യ ദിവസം മുതലാണ് എണ്ണിത്തുടങ്ങേണ്ടത്. രണ്ടു മുതൽ ഏഴു ദിവസം വരെയാണ് സാധാരണ ആർത്തവം കാണുന്നത്. ശരാശരി 80 എംഎൽ ആണ് ഒരു ആർത്തവ കാലത്ത് നഷ്ടമാകുന്ന രക്‌തത്തിന്റെ അളവ്.

ഒരു പെൺകുട്ടി ഋതുമതിയാകുന്നത് ശരാശരി 10–16 വയസു വരെയുള്ള കാലഘട്ടത്തിലാണ്. ആർത്തവചക്രത്തെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂറ്ററി എന്നീ ഗ്രന്ഥികളിൽ നിന്നുള്ള ഹോർമോണുകളാണ്. ഈ ഹോർമോൺ ശൃംഖലയുടെ പ്രവർത്തനക്ഷമത പരിപൂർണമാവുന്നത് 2–4 വർഷം കഴിയുമ്പോഴായിരിക്കും. അതുകൊണ്ടാണ് പല പെൺകുട്ടികളിലും ആദ്യ വർഷങ്ങളിൽ ക്രമം തെറ്റിയുള്ള ആർത്തവം കാണുന്നത്.

ആർത്തവ വിരാമത്തോടടുത്ത സ്ത്രീകളിലും അണ്ഡാശയങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ ഫലമായി ചില ക്രമക്കേടുകൾ കണ്ടേക്കാം.

അമിത രക്‌തസ്രാവം

ഏഴു ദിവസത്തിൽ കൂടുതലുള്ള രക്‌തസ്രാവം, ദിവസം 5–6 പാഡിൽ കൂടുതൽ മാറേണ്ടിവരിക, രക്‌തം കട്ടയായിപോകുക, രക്‌തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങൾ അമിത രക്‌തസ്രാവത്തെ സൂചിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഗർഭാശയ മുഴകൾ, ഗർഭാശയ ആവരണത്തിൽ ഉള്ള തടിപ്പുകൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും അമിത രക്‌തസ്രാവം ഉണ്ടാകാമെങ്കിലും പല സ്ത്രീകളിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഇല്ലാതെ, ഹോർമോണുകളുടെ അസന്തുലിതാവസ്‌ഥ മൂലം രക്‌തസ്രാവം കാണാറുണ്ട്. ആർത്തവാരംഭത്തിലുള്ളവരിലും ആർത്തവവിരാമത്തോടടുത്തവരിലുമാണ് ഇങ്ങനെ കാണുന്നത്.

ക്രമം തെറ്റിയ ആർത്തവം

ക്രമമില്ലാത്ത രീതിയിലുള്ള രക്‌തസ്രാവം, രണ്ട് ആർത്തവങ്ങൾക്കിടയിലുള്ള രക്‌തംപോക്ക് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാവുന്നതല്ല.

പലപ്പോഴും ഗർഭാശയമുഖത്തുണ്ടാകുന്ന വ്രണങ്ങൾ, ഗർഭാശയ മുഖകാൻസർ തുടങ്ങിയവ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാക്കാം. ഗർഭാശയ ഭിത്തിയിൽ നിന്നും വളരുന്ന ദശകൾ, ഗർഭാശയ അറയിലേക്ക് തള്ളി നിൽക്കുന്ന മുഴകൾ (Endometrial Polyps) (Submucous Fibroids) ഗർഭാശയഭിത്തിയിൽ ഉണ്ടാകുന്ന കാൻസർ തുടങ്ങിയവയിലും ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ട്. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.

ഈ പരിശോധനകളിൽ പ്രധാനമായും Pap Smear Test (ഗർഭാശയ മുഖത്തു നിന്നുള്ള കോശങ്ങൾ ചുരണ്ടിയെടുത്ത് പരിശോധിക്കൽ), Endometrial Pipelle Biopsy (ഗർഭാശയ ഭിത്തിയുടെ ആവരണത്തിൽ നിന്നും എടുക്കുന്ന ബയോപ്സി), Ultra Sound Scanning എന്നിവ ഉൾപ്പെടും.



ആർത്തവമില്ലാതിരിക്കൽ

(Secondary Amenorrhea) പല സ്ത്രീകളിലും മാസങ്ങളോളം ആർത്തവമില്ലാതിരിക്കുന്ന അവസ്‌ഥ വരാറുണ്ട്. അതിനുശേഷം ആർത്തവമുണ്ടാകുമ്പോൾ അമിത രക്‌തസ്രാവമുണ്ടാവുകയും, ഇത് രക്‌തക്കുറവ്, തളർച്ച തുടങ്ങിയവയ്ക്കു കാരണമാകുകയും ചെയ്യും. പലപ്പോഴും പിസിഒഡി ഉള്ള സ്ത്രീകളിലാണ് ഇത്തരം അവസ്‌ഥ ഉണ്ടാകുന്നത്. ആർത്തവമില്ലാതിരിക്കുന്ന സമയത്ത് ഗർഭാശയഭിത്തിയുടെ ആവരണം ക്രമാതീതമായി കട്ടിയാവും. ഇങ്ങനെയാണ് അമിത രക്‌തസ്രാവം ഉണ്ടാകുന്നത്.


ഇങ്ങനെ കട്ടികൂടുന്ന ആവരണത്തിലെ കോശങ്ങളിൽ ചില മാറ്റങ്ങൾ വരികയും അത് പിന്നീട് കാൻസറായി രൂപാന്തരപ്പെടുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാ സ്ത്രീകളും ചുരുങ്ങിയത് മൂന്നുമാസം കൂടുമ്പോഴെങ്കിലും ആർത്തവമുണ്ടാകുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അമ്പതിനോടടുത്ത സ്ത്രീകൾ പലപ്പോഴും ആർത്തവവിരാമമാണെന്നു കരുതിയിരുന്നേക്കാം. അതുകൊണ്ട് ഈ പ്രായത്തിലുള്ളവർ ആർത്തവം വരാതെയിരുന്നാൽ ഗർഭാശയ ആവരണത്തിന്റെ കട്ടി (thickness) സ്കാൻ ചെയ്ത് പരിശോധിച്ച് നോക്കേണ്ടതാണ്.

ചികിത്സാരീതികൾ

പരിശോധനകൾ നടത്തി കാരണം കണ്ടുപിടിച്ച് ചികിത്സിക്കുന്നതാണ് രീതി. ഗർഭാശയഭിത്തിയിലുള്ള Polyps, ചെറിയ മുഴകൾ എന്നിവ hystero scopic surgery വഴി നീക്കം ചെയ്യാവുന്നതാണ്. ഗർഭാശയമുഖത്തിലൂടെ ഒരു telescope കടത്തി ചെയ്യുന്ന രീതിക്കാണ് hystero scopic surgery എന്നു പറയുന്നത്.

ഹോർമോണുകളുടെ അസന്തുലിതാവസ്‌ഥ മൂലം കാണുന്ന ആർത്തവക്രമക്കേടുകൾക്ക് പലപ്പോഴും മെഡിക്കൽ ചികിത്സ ഫലപ്രദമാകും. പ്രായവും മറ്റു ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് മരുന്നുകൾ നിശ്ചയിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തന ക്ഷമതയിലുള്ള കുറവ് പരിഹരിക്കുന്നത് ചിലരിൽ ഗുണം കണ്ടേക്കാം.

ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിവുള്ള mirena എന്ന കോയിൽ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നത് വളരെ ഫലപ്രദമായ ചികിത്സാരീതിയാണ്. ഗർഭാശയത്തിനകത്തേക്ക് ആവശ്യമായ തോതിൽ മാത്രം ഹോർമോൺ എത്തിക്കുന്ന ഇത്തരം കോയിലുകൾ വളരെ സുരക്ഷിതവും താരതമ്യേന പാർശ്വഫലങ്ങൾ വളരെ കുറഞ്ഞതും അഞ്ചുവർഷം പ്രവർത്തനക്ഷമതയുള്ളതുമാണ്.

കൗമാരപ്രായക്കാരിലെ പ്രശ്നങ്ങൾ

കൗമാരപ്രായക്കാരിൽ പലരും അമിതവണ്ണം ഉള്ളവരാണ്. ഈ പ്രായക്കാരിൽ പിസിഒഡി വളരെയധികം വ്യാപകമായി കണ്ടുവരുന്നുണ്ട്. ജീവിത രീതിയിലുള്ള മാറ്റങ്ങൾ – കൊഴുപ്പു കുറഞ്ഞ ഭക്ഷണശീലം, വ്യായാമം, തുടങ്ങിയവ അമിതവണ്ണം കുറച്ച് ഹോർമോണുകളിലുള്ള അസന്തുലിതാവസ്‌ഥ പരിഹരിക്കാൻ സഹായകമാകും.

ഈ പ്രായക്കാരിൽ ശക്‌തസ്രാവം മൂലം രക്‌തക്കുറവ് ഉണ്ടാകുന്നുവെങ്കിൽ പലപ്പോഴും ഹോർമോൺ ചികിത്സ ആവശ്യമായി വന്നേക്കാം. ഇതു പല മാതാപിതാക്കളെയും ആ കുലരാക്കാറുണ്ട്. എന്നാൽ ആവശ്യമാണെങ്കിൽ ഇത്തരം ഹോർമോൺ ചികിത്സ നൽകുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല.

മറ്റു ചികിത്സാരീതികൾ

ഗർഭാശയ ആവരണത്തെ കരിച്ചുകളയൽ (Endometrial Ablation, Uterine thermal balloon) തുടങ്ങിയ ചികിത്സാ രീതികളും ചില സന്ദർഭങ്ങളിൽ ഉപകരിച്ചേക്കാം.

ഗർഭാശയം നീക്കം ചെയ്യാതെ തന്നെ ഫലപ്രദമായി ചികിത്സിക്കാവുന്ന പല രീതികളും ഇന്നു ലഭ്യമാണ്. എങ്കിലും ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം ഗർഭാശയം നീക്കം ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടതായി വന്നേക്കാം.

ശരിയായ ചികിത്സ ലഭിക്കാതെ അവഗണിക്കപ്പെടുന്നതുമൂലമാണ് പല സ്ത്രീകളിലും രക്‌തക്കുറവ്, കാൻസറിലേക്കുള്ള മാറ്റം തുടങ്ങിയവ കാണുന്നത്. ആർത്തവക്രമക്കേടുകളെക്കുറിച്ചു ശരിയായ രീതിയിലുള്ള അറിവ് നേടുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ തടയാം.



ഡോ. ഷമീമ അൻവർസാദത്ത്
സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം