വിളവിനൊപ്പം വിപണിയും
വിളവിനൊപ്പം വിപണിയും
Tuesday, November 15, 2016 5:26 AM IST
കൃഷിചെയ്യുന്ന കർഷകരായാലും കൃഷി ഗ്രൂപ്പുകളായാലും ഉണ്ടാക്കുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മാർഗമുണ്ടായാലേ ലാഭമുണ്ടാകു. കൃഷി ചെയ്ത്, ഉത്പാദനം നടക്കുന്ന വേളയിൽ വിപണിയന്വേഷിച്ചിറങ്ങുന്ന കർഷകർക്ക് നഷ്‌ടം സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇതു വരാതിരിക്കാൻ കൃഷി ആസൂത്രണം തുടങ്ങുമ്പോൾ വിപണിയും മനസിൽക്കാണണം. അത് സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഡോർ ടു ഡോറാവാം, മൂല്യവർധിത ഉത്പന്ന നിർമാണമാകാം, സംരംഭം തുടങ്ങുന്നതോ കയറ്റുമതി സാധ്യമാക്കുന്നതോ ആകാം. ഇടനിലക്കാർ ഒഴിഞ്ഞു നിൽക്കുന്ന അല്ലെങ്കിൽ ഇവരുടെ എണ്ണം കുറയുന്ന കൃഷി വിപണികൾക്കേ കർഷകർക്ക് ലാഭം നേടി കൊടുക്കാനാവൂ. ഇത്തരത്തിൽ കൃഷിയും വിപണിയും ഒരുമിപ്പിക്കുന്ന ചില കർഷകരെയും കർഷക കൂട്ടായ്മകളെയും പരിചയപ്പെടുത്തുകയാണ്.

രാമച്ചക്കൃഷിയോടൊപ്പം വിപണിയുമന്വേഷിച്ചപ്പോൾ അജയന്റെയും സജയന്റെയും കൃഷി വിജയത്തിലെത്തി. അച്ഛന്റെ കാർഷിക പാരമ്പര്യം പിന്തുടർന്ന് തനി നാടൻ രാമച്ചം ഉത്പാദിപ്പിക്കുകയാണ് സഹോദരങ്ങൾ. മലപ്പുറം പാലപ്പെട്ടി കൈപ്പട വീട്ടിൽ പരേതനായ കിട്ടുവിന്റെ മക്കളായ അജയനും സജയനുമാണ് രാമച്ചക്കൃഷിയിലും വിപണനത്തിലും തനതു ശൈലി രചിക്കുന്നത്. അച്ഛനോടൊപ്പം തന്റെ 15–ാം വയസിൽ കൃഷി ആരംഭിച്ചതാണെന്ന് അജയൻ പറയുന്നു. രാമച്ചകൃഷിയിലെ സർവവിജ്‌ഞാന കോശമായിരുന്നു അച്ഛൻ. പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷമാണ് സജയനും അജയനും രാമച്ചകൃഷിയിൽ സജീവമായത്. ഇന്ന് നാട്ടിലും തമിഴ്നാട്, മുംബൈ, ബംഗളുരു തുടങ്ങിയ അന്യ സംസ്‌ഥാനങ്ങളിലും അജയന്റെയും സജയന്റെയും പാലപ്പെട്ടി രാമച്ചമെത്തുന്നു. തൃശൂർ ജില്ലയിലെ മന്ദലാംകുന്ന്, അണ്ടത്തോട്, അകലാട് എന്നീസ്‌ഥലങ്ങളിലാണ് പ്രധാനമായും കൃഷിനടക്കുന്നത്. സ്വന്തമായുള്ള ഒന്നര ഏക്കറിനു പുറമേ 25 ഏക്കർ പാട്ടത്തിനെടുത്തും കൃഷി നടത്തുന്നു. ഡിസംബറിൽ നട്ട് അടുത്ത ഡിസംബറിൽ വിളവെടുക്കുന്ന നാടൻ രാമച്ചമാണ് ഇവിടെ കൃഷി ചെയ്യുന്നത്.

കൃഷി രീതി

രാമച്ചത്തിന്റെ വേരെടുത്തതിനു ശേഷം ഈ തൈകൾ തന്നെ ചെറുതായി മുറിച്ചാണ് അടുത്ത കൃഷിക്കുപയോഗിക്കുന്നത്. ചുവടിൽ നിന്നും അഞ്ചു മുതൽ ഏഴു സെന്റീമിറ്റർ ഉയരത്തിൽ വെട്ടിയ തൈകൾ ചണച്ചാക്കിൽ ഒരു ദിവസം വെള്ളത്തിലിടും. പിന്നെ വെള്ളത്തിൽ നിന്നെടുത്ത് ജൈവപുത ചാക്കിനു മുകളിൽ വിരിച്ച് രണ്ടോ മുന്നോ ദിവസം വയ്ക്കും. അപ്പോഴേക്കും ചുവട്ടിൽ നിന്നും വേരുകൾ വളർന്നിട്ടുണ്ടാവും. ഈ തൈകൾ നടുന്നതിനുമുമ്പ് കൃഷി സ്‌ഥലം ഉഴുതുമറിക്കും. ഒരേക്കറിന് 1000 കിലോ ചാണകപ്പൊടി ചേർത്തശേഷമാണ് നിലം ഉഴുതു മറിക്കുന്നത്. വളം ഇട്ടശേഷം 2–3 ദിവസത്തിനുള്ളിൽ തൈകൾ നടും. നട്ടു മുന്നു ദിവസം തുടർച്ചയായി നനയ്ക്കണം. അതിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ നന നൽകണം. തൈ നട്ട് രണ്ടു മാസം കഴിഞ്ഞ് ചാരം തൂകിക്കൊടുക്കും. ജൂണിലാണ് മുഖ്യ വളപ്രയോഗം. കളപറിച്ച് രാമച്ചത്തിന്റെ തലപ്പ് ഒന്നരഅടി താഴ്ത്തി വെട്ടിയ ശേഷം കടലപ്പിണ്ണാക്ക് പൊടിച്ച് മേൽമണ്ണിൽ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കടലപ്പിണ്ണാക്കിട്ട് മൂന്നു മാസം കഴിയുമ്പോൾ നടത്തുന്ന ഒരു വളപ്രയോഗത്തോടെ കൃഷി വിളവെടുപ്പിലേക്കു നീങ്ങുകയായി. ഡിസംബറിലാണ് വിളവെടുപ്പ്.

പ്രതിസന്ധികൾ

തമിഴ്നാട്ടിൽ നിന്നും കുറഞ്ഞവിലയ്ക്കെത്തുന്ന ഉപ്പുരസമുള്ള നിലവാരം കുറഞ്ഞ രാമച്ചം കേരളത്തിലെ രാമച്ചത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. ഇതിനാൽ രാമച്ചത്തിന് കിലോയ്ക്ക് 75–80 രൂപയാണ് ലഭിക്കുന്നത്. ചെലവുകൾ നോക്കിയാൽ ലാഭം കുറയുകയാണ്. ഒരേക്കർ വിളെടുക്കണമെങ്കിൽ 100 ആണുങ്ങളുടെ അധ്വാനം ആവശ്യമാണ്. 60 സ്ത്രീതൊഴിലാളികളും വേണ്ടിവരും. പുരുഷ തൊഴിലാളികൾക്ക് 600 രൂപയും സ്ത്രീകൾക്ക് 400 രൂപയുമാണ് ദിവസക്കൂലി. ഒരേക്കറിന് 30000– 40000 രൂപ പാട്ടമായി ഒരു വർഷം നൽകണം. നന തെറ്റാൻ പാടില്ലാത്തതിനാൽ ബോർവെല്ലുപയോഗിച്ചാണ് ജലസേചനം. ഇതെല്ലാമായി ചെലവ് ഒരു കിലോയ്ക്ക് 70 രൂപയോളം വരുന്നുണ്ട്. വളരെ കുറച്ചു കർഷകർ മാത്രമാണ് കേരളത്തിൽ രാമച്ചകൃഷി ചെയ്യുന്നത്. ഇളകിയ മണ്ണിൽ നല്ല വെയിൽ ലഭിക്കുന്ന പ്രദേശങ്ങളിലാണ് രാമച്ചം കൃഷി ചെയ്യാൻ സാധിക്കുക. തൃശൂർ, മലപ്പുറം ജില്ലകളുടെ തീരപ്രദേശങ്ങളിലും പാലക്കാടു ജില്ലയിലുമാണ് രാമച്ചകൃഷി വ്യാവസായികാടിസ്‌ഥാനത്തിൽ അധികം നടക്കുന്നത്. ഈ കർഷകരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ രാമച്ചക്കൃഷി കേരളത്തിന് അന്യംനിന്നു പോകാൻ സാധ്യതയേറെയാണ്.


ഗുണങ്ങൾ, മുല്യവർധന

രാമച്ചത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കാം. തൊപ്പി, വിശറി, ചെരുപ്പ്, ചവിട്ടി, പഴ്സ്, മേലുതേയ്്ക്കുന്നതിന് ചകിരിക്കു പകരം, ഷാംപൂ, സോപ്പ് എന്നിവ നിർമിക്കാനൊക്കെ രാമച്ചം ഉപയോഗിക്കപ്പെടുന്നു. അരിഷ്‌ടം, കഷായം എന്നിവയിലെയൊക്കെ ചേരുവയാണിത്. ശരീരത്തിനു തണുപ്പു പകരാൻ രാമച്ചത്തിനുള്ള കഴിവ് ലോകപ്രശസ്തമാണ്. ത്വക്ക് രോഗ ങ്ങൾ, സന്ധിവേദന, സ്ട്രോക്ക് എന്നിവയ്ക്കുള്ള ഔഷധമായും ഉപയോഗിക്കപ്പെടുന്നു. ശരീരത്തിന്റെ ഊർജതോത് ഉയർത്തുന്നതിന് രാമച്ചത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ഉപയോഗിക്കുന്നു. അമിത ഉത്കണ്ഡ, അമിത പ്രവർത്തനം (എഡിഎച്ച്ഡി) തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും രാമച്ചം ഔഷധമാണ്. ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാനും രാമച്ചത്തിനു കഴിവുണ്ട്. ചർമ്മത്തിനു പുറത്തെ കറുത്തപാടുകൾ മാറ്റി ചർമകാന്തി പ്രാദാനം ചെയ്യുന്നതിനും അത്യുത്തമമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നതെങ്കിവും ഇലയ്ക്കും ഔഷധമൂല്യമുണ്ട്.

സംരംഭകർക്ക്് സ്വാഗതം

രാമച്ചമുപയോഗിച്ച് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുകയാണ് സജയനും അജയനും. ഇങ്ങനെ ആരെങ്കിലും മുന്നോട്ടു വന്നാൽ അവർക്ക് രാമച്ചം എത്തിച്ചു നൽകാൻ തയാറാണ് ഇരുവരും.

വിപണി

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്ക് വർഷങ്ങളായി അജയനും സജയനും രാമച്ചം നൽകുന്നു. കേരളത്തിലെ മറ്റുകടകളിലും ഇവരുടെ രാമച്ചമെത്തുന്നുണ്ട്. അന്യസംസ്‌ഥാനങ്ങളിലും ഇവിടെ നിന്ന് രാമച്ചമെത്തുന്നു. 100 രൂപയെങ്കിലും വില ലഭിച്ചെങ്കിലെ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണിരുവരുടേയും അഭിപ്രായം. പറിച്ച് മണ്ണുകളഞ്ഞു ശുദ്ധിയാക്കി, കെട്ടുകളാക്കിതിരിച്ചാണ് രാമച്ചം കടകളിലേക്കു നൽകുന്നത്. ഇതിനായി 65 പേർക്ക് ആറുമാസം തൊഴിൽ നൽകാൻ കഴിയുന്നതിന്റെ ചാരിതാഥ്യവും ഇവർ മറച്ചു വയ്ക്കുന്നില്ല. അമ്മ കാർത്യായിനിയും അജയന്റെ ഭാര്യ സുബിതയും സജയന്റെ ഭാര്യ ഷീജയും കൃഷിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

ഫോൺ: അജയൻ– 99467 09891
സജയൻ– 98467 95719.
ലേഖകന്റെ ഫോൺ– 93495 99023.