ഹൃദയം തുറന്ന് ഇല്യാന
ഹൃദയം തുറന്ന് ഇല്യാന
Tuesday, November 15, 2016 5:44 AM IST
വിശാലമായ കാഴ്ചാനുഭവം തേടുന്നവരാണ് മലയാള സിനിമാ പ്രേക്ഷകർ. തന്റെ ആകാര ഭംഗികൊണ്ടും അഭിനയ പ്രതിഭ കൊണ്ടും മലയാളി പ്രേക്ഷകരുടേയും ശ്രദ്ധ നേടിയ താരമാണ് ഇല്യാന ഡിക്രൂസ്. മുംബൈ സ്വദേശിയെങ്കിലും തെലുങ്ക് സിനിമയിലൂടെയാണ് ഇല്യാനയെ സിനിമ ആസ്വാദകർ കണ്ടു തുടങ്ങുന്നത്. അവിടെ നിന്നും സൗത്തിന്ത്യൻ നായികമാരിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നായികാ നിരയിലേക്കാണ് ഇല്യാന വളർന്നു വന്നത്. ശങ്കർ സംവിധാനം ചെയ്ത വിജയ് ചിത്രം നൻപനിലൂടെ മലയാളികൾക്കും സുപരിചിതയായി. 2012–ൽ ബർഫിയിലൂടെയാണ് ബോളിവുഡിലേക്കും ഇല്യാനയെത്തുന്നത്. നിരവധി പുരസ്കാരങ്ങളും അംഗീകരാവും ബർഫിയിലെ വേഷത്തിലൂടെ ഇല്യാനയെ തേടിയെത്തി. എന്നാൽ രണ്ടു വർഷം മുമ്പ് റിലീസായ ഹാപ്പി എൻഡിംഗിനു ശേഷം സിനിമ ആസ്വാദകർ ഇല്യാനയെ കാണുന്നത് ഈ വർഷത്തെ സൂപ്പർഹിറ്റ് രുസ്തത്തിലാണ്. രുസ്തത്തിലെ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച ഇല്യാന തന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച ഇടവേളയെപ്പറ്റി...

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രുസ്തത്തിലൂടെ ഇല്യാന വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നത്?

അതു ഞാൻ തന്നെ സൃഷ്ടിച്ചൊരു ഇടവേളയായിരുന്നു. കാരണം ഇക്കാലയളവിൽ എന്നെ തേടി വന്ന കഥാപാത്രങ്ങളൊന്നും എനിക്കു സംതൃപ്തി നൽകുന്നതായിരുന്നില്ല. എങ്കിലും ഇതിനിടയിൽ ഒരു ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നതിനു തയ്യാറായിരുന്നു. എന്നാൽ അവസാനമാണ് ഞാൻ അറിയുന്നത് അതിന്റെ അണിയറ പ്രവർത്തകർ മറ്റൊരാളെ തിരഞ്ഞെടുത്തു എന്ന്. കേട്ടപ്പോൾ ആദ്യമെനിക്കു വിഷമം തോന്നിയിരുന്നു. പിന്നെ സംഭവിക്കുന്നതൊക്കെ നല്ലതിനെന്നു കരുതി. ഭാഗ്യം എന്നുള്ളത് നമ്മളെ തേടി വരുകതന്നെ ചെയ്യും.

ഏതായിരുന്നു ആ ചിത്രം?

ഇനിയിപ്പോൾ ആ ചിത്രമേതെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആ സംവിധായകനുമായി ഞാൻ സംസാരിച്ചിരുന്നു. പിന്നെ സിനിമയുടെ കാര്യമാണ്. അങ്ങനെയൊക്കെ സംഭവിക്കാം. എനിക്കു പകരം ആ സിനിമയിലേക്കു അവർ തെരഞ്ഞെടുത്തതും ഒരു മികച്ച താരത്തിനെയായിരുന്നു.

ഈ വർഷത്തെ മികച്ച വിജയം നേടിയ രുസ്തത്തിൽ അക്ഷയ് കുമാറിനൊപ്പം എത്തുന്നത്?

നമുക്കുള്ളത് എത്ര നാളുകഴിഞ്ഞാലും അതു നമ്മളെ തേടിയെത്തും എന്നു വിശ്വസിക്കുന്ന വ്യക്‌തിയാണ് ഞാൻ. ഹാപ്പി എൻഡിംഗ് കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് ടീനു ദേശായിയുമായി രുസ്തത്തിനു വേണ്ടി ഞാൻ കൂടിക്കാഴ്ച നടത്തുന്നത്. അതിനു മുമ്പ് രണ്ടു തവണ നീരജ് പാണ്ഡയുമായും കണ്ടിരുന്നു. സത്യത്തിൽ അടുത്ത് സിനിമ ചെയ്യുന്നില്ല എന്നു കരുതിയിരുന്ന സമയമാണ്. രുസ്തം എന്ന ചിത്രത്തിനെപ്പ്റ്റിയും അക്ഷയ്കുമാറാണ് നായകനെന്നും എനിക്കറിയില്ലായിരുന്നു. സംവിധായകൻ ടീനു സുരേഷ് ദേശായിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് ഞാൻ എന്റെ മാനേജരോട് ചോദിച്ചു, ഈ മീറ്റിംഗിനു ഞാൻ പോകണോ? അവൾ പറഞ്ഞു യെസ്, പോകണമെന്ന്. അങ്ങനെയാണ് രുസ്തത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സിനിമ എന്താണെന്നും തിരക്കഥ എങ്ങനെയാണെന്നും എനിക്കു പറഞ്ഞു തന്നു. ഇത്ര മനോഹരമായ ഒരു ചിത്രമാണ് എന്നെ തേടി വന്നിരിക്കുന്നതെന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. അവിടെവെച്ചു തന്നെ ഉറപ്പിച്ചിരുന്നു ഞാൻ ഈ ചിത്രം ചെയ്യുമെന്ന്. കാരണം അത്രത്തോളം മികച്ച കഥാപാത്രമായിരുന്നു രുസ്തത്തിലെ സൈന്തിയ പവ്രി.



ബോളിവുഡിൽ കരിയർ ആരംഭിച്ച സമയത്തു തന്നെ ബർഫി പോലൊരു ചിത്രത്തിലൂടെ 100 കോടി ക്ലബ്ബിൽ ഇടം നേടിയതാമന് ഇല്യാന. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും ഇല്യാമയിൽ ഏറെയായിരുന്നു. എന്നാൽ ഇടയ്ക്കു എന്താണ് സംഭവിച്ചത്?

ബോളിവുഡിലേക്കു ബർഫി എനിക്കു മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് ചെയ്ത ചിത്രങ്ങൾ മോശമായിരുന്നു എന്നല്ല. എല്ലായ്പ്പോഴും സീരിയസ് ചിത്രങ്ങൾ ചെയ്യണമെന്നു ചിന്തിച്ചട്ടില്ല. ബർഫി ഒരു വലിയ ചിത്രമായിരുന്നു എങ്കിലും വളരെ രസകരമായി ആസ്വദിച്ച് അഭിനയിച്ചതായിരുന്നു അതിൽ. അതിനു ശേഷം വളരെ സീരിയസായ വേഷങ്ങൾ എന്നെ സമീപിച്ചിരുന്നു. പക്ഷേ, ഒരു കൊമേഴ്സ്യൽ വിജയമാകുന്ന ചിത്രങ്ങൾ അതിൽ ഇല്ലായിരുന്നു എന്നതാണു വാസ്തവം. പിന്നെ സിനിമ ഓരോന്നും സംഭവിക്കുന്നതാണ്. ബർഫി ഒരു നല്ല ചിത്രമായിരുന്നു. അതിനു മുമ്പ് അത്തരമൊരു വേഷം ഞാൻ ചെയ്തിട്ടുമില്ല. പ്രേക്ഷകർ അതു കണ്ട് എന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചിരിക്കാം എന്നതു സത്യമാണ്. ഒരു സിനിമ നമ്മൾ തെരഞ്ഞെടുക്കുമ്പോൾ ആ കഥാപാത്രത്തിനു ഞാൻ വേണം എന്നെനിക്കു തോന്നണം. കാരണം പാതി മനസോടെ ഒരു ചിത്രവും ഞാൻ ഇതുവരെ ചെയ്തട്ടില്ല.
രുസ്തത്തിൽ അഭിനയിക്കാൻ വരുമ്പോൾ അതൊരു യഥാർത്ഥ കഥയാണ് എന്നറിയാമായിരുന്നോ?
ഇല്ല എന്നതാണു സത്യം. ആ സിനിമയെപ്പറ്റിയോ അതിന് ആസ്പദമായ സംഭവം നാനാവതി കേസിനെപ്പറ്റിയോ എനിക്കൊന്നും അറിയില്ലായിരുന്നു. ചിത്രത്തെപ്പറ്റി അറിഞ്ഞപ്പോൾ എന്റെ മാനേജരാണ് ഇതിൽ അക്ഷയ്കുമാറാണ് നായകൻ എന്നു പറയുന്നത്. പിന്നീട് ഗൂഗിളിൽ ഞാൻ ചിത്രത്തെപ്പറ്റി തിരക്കി. ഞാൻ എന്തെങ്കിലും മെന്റൽ പ്രിപ്പറേഷൻ നടത്തണോ, അവരെന്നോട് എന്തെങ്കിലും ചോദ്യം ചോദിക്കുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. മാനേജരാണ് പറഞ്ഞത് ആദ്യം ചിത്രത്തിന്റെ കഥ കേൾക്കാം, എന്നിട്ടുള്ള സംശയങ്ങൾ അവരോടു തന്നെ ചോദിക്കാമെന്ന്.


ചിത്രം കമ്മിറ്റ് ചെയതു കഴിഞ്ഞപ്പോൾ ഭയം തോന്നിയിരുന്നോ അത്തരമൊരു കഥാപാത്രം അഭിനയിക്കാൻ?

ഈ കഥാപാത്രത്തെ എത്രത്തോളം അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കഴിയും എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. അക്ഷയ് കുമാർ പറഞ്ഞു ആത്മവിശ്വാസത്തോടെ കഥാപാത്രത്തെ അവതരിപ്പിച്ചാൽ മതിയെന്ന്. ഇപ്പോൾ എനിക്കു തോന്നുന്നത് അന്ന് അങ്ങനെയൊരു ആത്മവിശ്വാസക്കുറവ് തോന്നിയത് നന്നായി എന്ന്. അല്ലെങ്കിൽ അതു ചിലപ്പോൾ ഓവർ കോൺഫിഡൻസായി പോകാം. ഒരു ചലഞ്ചായി തോന്നിയതുകൊണ്ടാണ് ആ കഥാപാത്രത്തെ അത്രത്തോളം മികച്ചതാക്കാൻ എനിക്കു സാധിച്ചതു തന്നെ. സിനിമ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടെങ്കിലും അത്രത്തോളം ആസ്വദിച്ച് അതിൽ അഭിനയിക്കാൻ എനിക്ക് സാധിച്ചു.

മുമ്പ് സൂപ്പർഹിറ്റായ മേൻ തേര ഹീറോയ്ക്കു ശേഷം അതുപോലത്തെ കഥാപാത്രങ്ങൾ വീണ്ടും സമീപിച്ചിരുന്നോ?

തീർച്ചയായും. മേൻ തേര ഹീറോ തികച്ചും ചിന്തിക്കാൻ ഇടം നൽകാതെ ചിരിക്കാൻ വക നൽകുന്ന ചിത്രമാണ്. എപ്പോഴും നമ്മൾ അത്തരം കഥാപാത്രം ചെയ്താൽ പ്രേക്ഷകരെ മനപ്പൂർവം ചിരിപ്പിക്കാൻ പാടുപെടേണ്ടി വരും. അപ്പോൾ നമ്മളതു ബാലൻസ് ചെയ്തു പോകണം. പ്രേക്ഷകരെ ചിരിപ്പിക്കാൻ പറ്റുക എന്നതു തന്നെ വലിയൊരു കാര്യമാണ്. പിന്നെ ആ ചിത്രത്തിലെ നായകൻ വരുൺ ധവാനായിരുന്നു. സംവിധായകൻ ഡേവിഡ് ധവാനും. മികച്ചൊരു കൂട്ടുകെട്ടായിരുന്നു അത്. ചെയ്ത കഥാപാത്രങ്ങളേക്കാൾ മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ഞാനിപ്പോൾ.

അഭിനേതാവിൽ നിന്നും മാറി പ്രേക്ഷകന്റെ പക്ഷത്തു നിന്നും ഓരോ സിനിമയും വിലയിരുത്താൻ ശ്രമിക്കാറുണ്ടോ?

സിനിമ ഓരോന്നും പ്രേക്ഷകന്റെ കണ്ണിലൂടെ കാണാൻ ശ്രമിക്കാറുണ്ട്. കാരണം ഒരു ചിത്രവും എന്റെ മാത്രം കഴിവു കൊണ്ട് മാത്രം മികച്ചതാവില്ല. ഓരോ ചിത്രവും നമുക്ക് ഓരോ അനുഭവങ്ങളാണ്. അതിനെ അത്ഭുതത്തോടെ നോക്കിക്കാണാൻ ശ്രമിക്കാറുണ്ട്. ഓരോ ചിത്രവും അഭിനയിക്കുമ്പോൾ അതിന്റെ സംവിധായകന്റെ മുഖത്തേക്കു ഞാൻ നോക്കും. അദ്ദേഹം സന്തോഷവാനാണോ എന്നറിയാൻ ശ്രമിക്കും. ശൂന്യമായ മനസുമായാണ് ഞാൻ ഓരോ ചിത്രവും ചെയ്യാൻ പോകുന്നത്. സംവിധായകന്റെ പിൻബലമാണ് പിന്നീട് നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. ഒരു മികച്ച അഭിനേതാവായി മാറാനുള്ള വഴി അതാണെന്നാണ് ഞാൻ ചിന്തിക്കുന്നത്.



വളരെ വെല്ലുവിളിയുള്ള ഒരു കഥാപാത്രമായിരുന്നു രുസ്തത്തിലേത്. അഭിനയിക്കുമ്പോൾ അധിക ഭാരം തോന്നിയിരുന്നോ?

ബുദ്ധിപരമായി നീങ്ങുന്ന ഒരു കഥാപാത്രമാണത്. നമ്മൾ ഒരാളെ ചതിച്ചാൽ അതിനെ അതിജീവിക്കുന്നത് ബുദ്ധിപരമായി നേരിട്ടു കൊണ്ടാണ്. കാരണം മറുവശവും നമുക്ക് അറിയാം. അത്തരമൊരു കഥാപാത്രമായിരുന്നു രുസ്തത്തിലെത്. അപ്പോൾ അവിടെ ഞാനായിരുന്നെങ്കിൽ എന്നു നമ്മൾ ചിന്തിക്കും. ചിത്രത്തിന്റെ പല സീനിലും ഞാൻ കരഞ്ഞു പോയിരുന്നു. അവിടെ ടീനുവാണ് എന്നെ ഒരുപാട് സഹായിച്ചത്. ഷോട്ടു കഴിഞ്ഞാലും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടേയിരുന്നു.

ഹാപ്പി എൻഡിഗിനു ശേഷം നല്ല സിനിമകൾ ഇല്യാനയെ തേടിയെത്താതിരുന്ന ഇടവേള എങ്ങനെയായിരുന്നു?

സിനിമയുടെ ഒരു ലൈഫ് എനിക്കറിയാവുന്നതാണ്. അതുകൊണ്ടു തന്നെ അതിനെ അംഗീകരിക്കാനും എനിക്കു സാധിച്ചു. കാരണം ഞാനൊരു കൊച്ചു കുട്ടിയല്ല. സിനിമ എന്നെ തേടി വരാതിരുന്ന കാലത്തെക്കുറിച്ചു വിഷമിക്കണ്ട കാര്യമില്ല. കാരണം കുറച്ചു നാളു മുമ്പുവരെ ഞാൻ സിനിമയിലുണ്ടായിരുന്നു. ഇനി സിനിമ എത്തിയില്ലായിരുന്നെങ്കിലും അവസാനം ചെയ്ത സിനിമയുടെ പേരു പോലെ ഹാപ്പി എൻഡിങ്ങായിരുന്നേനെ എന്റെ സിനിമ ജീവിതവും. കാരണം അതെന്നെ ഒരിക്കലും അലട്ടിയിരുന്നില്ല.

എം.എസ് ധോണി, ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രം നിരസിച്ചത് വാർത്തായായിരുന്നല്ലൊ
ഒന്നാമത് എനിക്ക് ക്രിക്കറ്റിനെപ്പറ്റി ഒന്നുമറിയില്ല. ധോണിയെ പറ്റിയും കൂടുതലായി അറിയില്ല. ഒരു ചിത്രം കമ്മിറ്റ് ചെയ്യുന്നതിനു മുന്നേ തന്നെ അതിന്റെ കഥ ഞാൻ കേൾക്കാൻ ശ്രമിക്കാറുണ്ട്. ഹാപ്പി എൻഡിംഗിനു ശേഷം ചെയ്യുന്ന ചിത്രമാകുമ്പോൾ അത് അത്രത്തോളം എന്നെ ആകർഷിക്കുന്ന കഥാപാത്രമായിരിക്കണം. അപ്പോൾ രുസ്തം എന്നെ തേടി വന്നു, അതിൽ ഞാൻ സന്തുഷ്ടയുമാണ്.

അടുത്ത പ്രോജക്ട് ഏതാണ്

ബാദ്ഷാഹോയാണ് ഇനി തിയറ്ററുകളിലെത്തുന്നത്. അതിന്റെ സംവിധായകൻ മിലൻ ലുത്താരിയയാണ്. മിലൻ ഒരു മികച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിക്കുക എന്നത് ഞാൻ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോൾ അതു സാധ്യമായി.

–സ്റ്റാഫ് പ്രതിനിധി