വീട്ടുജോലികളും പങ്കിടണ്ടേ?
വീട്ടുജോലികളും പങ്കിടണ്ടേ?
Wednesday, November 16, 2016 5:54 AM IST
പുലർച്ചെ ഉറക്കമുണർന്ന് ഭർത്താവിനും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമുള്ള ഭക്ഷണമുണ്ടാക്കി, വീട്ടിലെ ജോലികളെല്ലാം കൃത്യമായി ചെയ്യുന്നവരാണ് വീട്ടമ്മമാർ. വീട്ടമ്മയ്ക്കു ജോലി ഉണ്ടെങ്കിൽ വീട്ടുജോലിക്കൊപ്പം ഓഫീസ് ജോലിയുടെ തിരക്കും അവരെ വേട്ടയാടും. വീട്ടിലെ ജോലികൾ തീർത്ത് രാവിലെ ഓഫീസിലെത്തി ജോലിക്ഷീണവുമായി വൈകുന്നേരം വീട്ടിലെത്തുന്ന അവൾ വീട്ടുജോലികൾ ചെയ്തുതീർത്ത് ഉറങ്ങുമ്പോൾ സമയം ഏറെ വൈകിയിരിക്കും. ഇതിനിടയിൽ അസുഖം വന്നാൽപോലും അതൊക്കെ അവഗണിച്ച് അവൾ വീട്ടുജോലികൾ ചെയ്തു തീർക്കണം.

ഇരുവരും ജോലിക്കാരായ വീട്ടിലെ അവസ്‌ഥ ഒന്ന് ആലോചിച്ചു നോക്കൂ...രാവിലെ ഉറക്കമുണർന്നാൽ ചായയുമായി സോഫയിലിരുന്ന് പത്രം വായിച്ചു തീർക്കുന്ന ഭർത്താവ്. വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോഴും അവസ്‌ഥ ഇതുതന്നെയാണ്. ഭാര്യ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നു. ടിവിക്കു മുന്നിലിരിക്കുന്ന ഭർത്താവിന് ചായ കൈയിൽ എടുത്തുകൊടുത്താൽ മാത്രമേ കുടിക്കൂ... അല്പം ചൂടു കൂടുതലാണെങ്കിൽ പിന്നെ അതു തണുപ്പിച്ചു കൊടുക്കണം. ചൂടുകുറഞ്ഞാലോ അതും പ്രശ്നം. വീട്ടമ്മമാരുടെ പരാതികൾ ഇങ്ങനെ പോകുന്നു... ഇതിനിടയിൽ മക്കളെ ഹോംവർക്ക് ചെയ്യിപ്പിക്കൽ, വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ടുവയ്ക്കൽ, കുട്ടിയുടെ സ്കൂളിൽ പോക്ക്, അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോക്ക്... എന്നുവേണ്ട സകലതും പെണ്ണിന്റെ ചുമതലയാണെന്ന് വിശ്വസിക്കുന്ന ഒരു പറ്റം പുരുഷന്മാർ ഇന്നും നമുക്കിടയിലുണ്ട്. ഒരു ഉദ്യോഗസ്‌ഥയെക്കാൾ എത്രയോ ഇരട്ടി ജോലിയാണ് വീട്ടമ്മയായ ഒരു വീട്ടമ്മ നിത്യവും ചെയ്തു തീർക്കുന്നത്. യാതൊരു പ്രതിഫലവും കൂടാതെ കുടുംബത്തിനുവേണ്ടി സന്തോഷത്തോടെ ജോലി ചെയ്യുന്ന ഈ സ്ത്രീകളെ കാണാതെ പോകരുത്.
എന്നാൽ സന്തോഷകരമായ ദാമ്പത്യജീവിതത്തിന് വീട്ടുജോലികൾ പങ്കിടുന്നത് അനിവാര്യമാണ്. അത് ഭാര്യയ്ക്ക് ചെയ്തുകൊടുക്കുന്ന ഔദാര്യമല്ലെന്ന് പുരുഷന്മാർ ഓർക്കണം. ഭാര്യയെ ചെറിയ ജോലികളിലൊക്കെ സഹായിക്കാൻ സന്മനസ് കാണിക്കുന്നതിൽ തെറ്റില്ലെന്നാണ് സ്ത്രീധനം നടത്തിയ ചർച്ചയിൽ പങ്കെടുത്തവരുടെ അഭിപ്രായം... ആ പ്രതികരണങ്ങളിലേക്ക്...

വീട്ടുജോലികൾ ചെയ്യുന്നതിൽ തെറ്റില്ല

ഉണ്ണി മുകുന്ദൻ
നടൻ

വീട്ടുജോലികൾ ചെയ്യുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണ് എന്നതിനോട് എനിക്ക് യോജിപ്പില്ല. വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ സ്ത്രീകൾക്ക് മൾട്ടിടാസ്കിംഗ് കപ്പാസിറ്റിയാണുള്ളത്. എന്റെ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. അമ്മ ഒരു അധ്യാപികയായിരുന്നു. സ്കൂളിൽ പോകുമ്പോഴും എല്ലാ വീട്ടുജോലികളും വളരെ കൃത്യമായി ചെയ്ത് ഞങ്ങളുടെ കാര്യങ്ങളൊക്കെ ഭംഗിയായി നോക്കിയിട്ടാണ് പോയിരുന്നത്. ജോലി കഴിഞ്ഞു വരുന്ന അച്ഛൻ വീട്ടുജോലികളിൽ അമ്മയെ സഹായിച്ചിരുന്നുമില്ല. എങ്കിലും ഒരു വേലക്കാരി പോലും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിട്ടില്ല. അമ്മ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്.

വീട്ടുജോലി ചെയ്യണമെന്നു പറഞ്ഞ് ഭർത്താക്കന്മാരെ നിർബന്ധിപ്പിച്ചിട്ടു കാര്യമില്ല. അവർ അറിഞ്ഞുകൊണ്ട് ഭാര്യയെ സഹായിക്കണം. ഇന്ന് ഞാൻ വീട്ടുജോലികൾ തീർത്തു നാളെ നിങ്ങൾ ചെയ്യണമെന്ന് ഭർത്താവിനോട് വാശി പിടിക്കരുത്. കാരണം അത് കുടുംബജീവിതത്തിന്റെ താളം തെറ്റിക്കും. വീടിന്റെ കാര്യത്തിൽ കണക്കു പറയേണ്ടതില്ല.

ഒരു കുടുംബത്തിന്റെ കാര്യമെടുത്താൽ സ്ത്രീതന്നെയാണ് അതിന്റെ നെടുംതൂൺ. എത്ര തിരക്കുണ്ടായാലും കുടുംബത്തിനുവേണ്ടി ഓരോ സ്ത്രീയും ചെയ്യുന്ന ജോലികൾ എത്ര വിലമതിച്ചാലും മതിയാവില്ല. അപ്പോൾ അവർക്കൊരു കൈതാങ്ങാകുന്നത് നല്ലതല്ലേ? ഓരോ കുടുംബത്തിലും സ്ത്രീയുടെ സ്‌ഥാനം വളരെ വലുതാണെന്ന് നാം തിരിച്ചറിയണം.



വീട്ടുജോലികൾ ചെയ്യാൻ മിക്കപുരുഷന്മാരും തയാറല്ല

ഡോ.സിന്ധു അജിത്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എറണാകുളം

കൂടുമ്പോൾ ഇമ്പമുണ്ടാകേണ്ട ഒന്നാണ് കുടുംബം എന്ന് ഭാവനാപൂർണേന നമ്മൾ അവകാശപ്പെടുമ്പോഴും എത്ര കുടുംബങ്ങളിൽ ഇന്ന് ഇമ്പവും ഈണവും സമന്വയിക്കുന്നുണ്ട്. അണുകുടുംബ വ്യവസ്‌ഥിതിയും നഗരങ്ങളിലേക്കുള്ള ചേക്കേറലും ദമ്പതികൾ രണ്ടുപേരും ഉദ്യോഗസ്‌ഥരാവുകയും ഒക്കെ ചേർന്നുള്ള സാമൂഹ്യമാറ്റങ്ങൾ ഗുണങ്ങളും വളരെയേറെ ദോഷങ്ങളും കുടുംബങ്ങളുടെ നാലുചുവരുകൾക്കുള്ളിൽ നിറക്കുന്നു.

ഭാര്യയും ഭർത്താവും പണിയെടുക്കുന്ന അഥവാ ഔദ്യോഗിക ജീവിതത്തിൽ ഏർപ്പെടുന്ന കുടുംബങ്ങളിലെ ഒരു നല്ല ശതമാനം കുടുംബിനികളും അനുഭവിക്കുന്ന മാനസികവ്യഥകളും തദ്വാരാ അത് കുടുംബജീവിതത്തിൽ ഉണ്ടാക്കുന്ന അപസ്വരങ്ങളും ഇത്തരത്തിൽ ശ്രദ്ധേയമാണ്.

പണ്ടു കാലത്ത് പുരുഷൻ പുറത്തുപോയി പണിയെടുത്ത് ജീവിതമാർഗം ഉണ്ടാക്കുകയും സ്ത്രീകൾ കുടുംബകാര്യങ്ങൾ നോക്കുകയും ചെയ്തിരുന്നു. സ്ത്രീകൾ പുറത്തുപോയി ജോലിയെടുക്കുന്ന ഈ നൂറ്റാണ്ടിലും പുരുഷന്റെ മനസ്‌ഥിതിയിൽ വലിയ മാറ്റങ്ങളില്ലെന്നതാണ് സത്യം. സ്ത്രീകൾക്ക് വീട്ടുഭരണത്തിൽ വിട്ടുവീഴ്ച അനുവദിക്കപ്പെടുന്നില്ല. പങ്കുവച്ച് വീട്ടുജോലികൾ ചെയ്യാൻ മിക്കപുരുഷന്മാരും തയാറല്ല. ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങളൊക്കെ നോക്കി, പെടച്ചടിച്ച് ജോലിക്കു പോകുന്ന ഉദ്യോഗസ്‌ഥകളായ സ്ത്രീകൾ യഥാർത്ഥത്തിൽ ഉരുകുന്ന മെഴുകുതിരികൾ പോലെയാണ്. ഭർത്താവ് രാവിലെ വൈകിയേഴുന്നേൽക്കുകയും ചായ ചോദിക്കുകയും പിന്നീട് മണിക്കൂറുകളോളം പത്രങ്ങൾക്കു മുന്നിൽ തപസിരിക്കുകയും പലകുറി സഹായം ആവശ്യപ്പെട്ടിട്ടും നിരസിക്കപ്പെടുന്ന ഭാര്യ പരാതി പറഞ്ഞും സ്വന്തം വിധിയെ സഹിച്ചും കരഞ്ഞും പുലമ്പിയും കടുത്ത മാനസികവും ശാരീരികവുമായ ക്ഷീണാവസ്‌ഥയിൽ ജോലിസ്‌ഥലത്തേയ്ക്ക് എത്തിച്ചേരുന്ന അവസ്‌ഥയും അപൂർവ്വമല്ല. ജോലിസ്‌ഥലത്ത് സ്ത്രീ ആയതുകൊണ്ട് അവൾക്ക് ജോലികളിൽ പ്രത്യേകിച്ച് ഇളവുകൾ ഒന്നുമില്ല. എന്നുമാത്രമല്ല, സ്ത്രീസഹജമായ പെർഫക്ഷനിസം (എല്ലാം കൃത്യമായി ഇരിക്കണം എന്നുള്ള മാനസികാവസ്‌ഥ) ഔദ്യോഗിക സ്‌ഥലങ്ങളിലും സ്ത്രീയെ വിശ്രമമില്ലാത്ത അവസ്‌ഥയിലേയ്ക്ക് നയിക്കുന്നു. വൈകുന്നേരങ്ങളിൽ വീട്ടിലെത്തിയാലും കൂടുതൽ സമയവും അവൾക്ക് അടുക്കളയിലേക്ക് തന്നെ ഊളിയിടേണ്ടിവരും. സമൂഹമാധ്യമങ്ങൾ വളരെ പ്രചാരം നേടിയിരിക്കുന്ന ഈ കാലഘട്ടത്തിൽ അവൾ കുറച്ചുനേരം ഫേസ്ബുക്കോ, വാട്ട്സ് ആപ്പോ ട്വിറ്ററോ ഉപയോഗിച്ചാൽ നിനക്ക് അടുക്കളയിൽ പണിയൊന്നുമില്ലേയെന്നു പറഞ്ഞ് അവളെ പുറന്തള്ളിയിട്ട് മണിക്കൂറുകൾ ഇവയ്ക്ക് മുന്നിലും പിന്നീട് വാർത്ത ചാനലുകൾക്ക് മുന്നിലും തപസിരിക്കും ഭർത്താക്കന്മാർ.

കുടുംബത്തിൽ ആരുടെയും രോഗവും ക്ഷീണവും സ്ത്രീകൾ ഏറ്റെടുക്കും. പക്ഷേ അവൾക്ക് അവശത വന്നാൽ അതിനൊരു പരിഗണന വേണ്ടത്ര കിട്ടുന്നില്ല. സ്വയം ചികിത്സയും അസുഖങ്ങളെ വകവയ്ക്കാതിരിക്കുന്നതും കടുത്ത ശാരീരികരോഗങ്ങളിലേക്കും പ്രായമെത്തുന്നതിനു മുൻപ് വാർദ്ധക്യത്തിലേക്കും അവളെ തള്ളിവിടുന്നു. രാത്രി വൈകി ജോലിയെല്ലാം കഴിഞ്ഞു കിടപ്പറയിലെത്തുന്ന സ്ത്രീ സ്വാഭാവികമായും ലൈംഗികതയിൽ തണുത്ത പ്രതികരണമായിരിക്കും കാണിക്കുക. അതു അടുത്ത കുടുബകലഹത്തിലേക്കും അകൽച്ചയിലേക്കും നീങ്ങുന്നു. ഈ അടുത്തകാലത്ത് ഒരു ദേശസാൽകൃത ബാങ്കിൽ സ്ത്രീകളുടെ ഒരു ഗ്രൂപ്പിനുവേണ്ടി ക്ലാസെടുക്കുമ്പോൾ ഉന്നത വിദ്യാഭ്യാസമുള്ള ബാങ്കുദ്യോഗസ്‌ഥകൾ പറഞ്ഞത് ജോലിയും വീടും ചേർന്ന വിശ്രമമില്ലാത്ത ജീവിതം അവർക്ക് മടുക്കുന്നുവെന്നാണ്. അവരുടെ മാനസിക സന്തോഷത്തെയും ശാരീരിക ക്ഷമതയേയും കുറയ്ക്കുവെന്നാണ്. ഈ അവസ്‌ഥകൾക്ക് പരിഹാരം വേണമെങ്കിൽ പുരുഷന്മാരുടെ മനോഭാവത്തിൽ മാറ്റം വരണം. രണ്ടുപേരുടെയും റോളുകൾ പരസ്പര ബഹുമാനത്തിലും പരിഗണനയിലും എടുക്കേണ്ടതാണ്. ഭർത്താക്കന്മാർ ഒരൽപം വൈകിയാലും അടുക്കളയിലേക്ക് കടന്നുചെന്ന് പാചകത്തിലും മറ്റും ഭാര്യമാരെ സഹായിക്കാം. കുട്ടികളെ റെഡിയാക്കാനും ടിഫിൻബോക്സ് ഒരുക്കാനും സഹായിക്കാം. സമയലാഭവും സന്തോഷവും ഭാര്യയ്ക്കു കിട്ടുന്നതോടൊപ്പം ഒരു കൈത്താങ്ങാവുന്നതിന്റെ തൃപ്തി ഭർത്താവിനും ലഭിക്കും. വൈകുന്നേരങ്ങളിലും വീട്ടുജോലികൾ പങ്കിട്ടെടുക്കുകയാണെങ്കിൽ കുട്ടികളോടൊപ്പം സന്തോഷകരമായി ചിലവഴിക്കാൻ രണ്ടുപേർക്കും സമയം കിട്ടും. സന്തോഷവതിയായ ഭാര്യ കിടപ്പറയിലെത്തുമ്പോൾ അവിടെയും ആനന്ദമയമാകും. അമ്മമാർ ആൺകുട്ടികളെ കുട്ടിക്കാലം മുതൽക്കുതന്നെ അടുക്കളയിൽ ചെറിയ ജോലികൾ ചെയ്യാൻ പരിശീലിപ്പിക്കണം. അങ്ങനെ വളർത്തപ്പെടുന്ന ആൺകുട്ടികൾ ഭാവിയിൽ അടുക്കള തങ്ങൾക്കുള്ള സ്‌ഥലമല്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയില്ല.

മോശമായി തോന്നിയിട്ടില്ല

അപർണ ബാലമുരളി
നടി

പുരുഷന്മാർ വീട്ടുജോലിയിൽ സ്ത്രീകളെ സഹായിക്കുന്നത് മോശമായി തോന്നിയിട്ടില്ല. ബോത്ത് ആർ യുണീക്. ഒഴിവു സമയങ്ങളിലൊക്കെ കുക്കിംഗിനും തുണി കഴുകാനുമൊക്കെ സഹായിക്കുന്നതിൽ തെറ്റില്ല. പക്ഷേ കൗതുകത്തോടെ സന്തോഷത്തോടെ ചെയ്യണമെന്നു മാത്രം. അതിനുവേണ്ടി ആരെയും നിർബന്ധിക്കേണ്ടതില്ല. പിന്നെ തലമുറകളായി നമ്മളുടെ മനസിൽ പതിഞ്ഞൊരു കാര്യമുണ്ട്. ഭർത്താവ് പുറത്തു ജോലിക്കു പോകുന്നു, ഭാര്യ വീട്ടുജോലികളൊക്കെ ചെയ്യുന്നുവെന്നത്. ഇങ്ങനെ ജോലിയൊക്കെ ചെയ്യുന്നത് സ്ത്രീയുടെ ഒരു യുണീക് ക്വാളിറ്റിയാണ്. അവർ ജോലി ചെയ്യുന്നത് ഒരു ബാധ്യതയായോ പ്രാരാബ്ദമായോ കരുതാറില്ല. എത്രയൊക്കെ വിഷമം ഉണ്ടായാലും ഓരോ സ്ത്രീയും അതൊന്നും പ്രകടിപ്പിക്കാതെ കുടുംബത്തിൽ തന്റെ കടമ ഭംഗിയായി നിർവഹിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.




കുടുംബജീവിതം സന്തോഷകരമാകും

ഡോ. (കേണൽ)കാവുമ്പായി ജനാർദനൻ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, പൂനെ

ഒരു നല്ലകുടുംബത്തിന്റെ മഹിമ വർധിക്കുന്നത് എല്ലാ കുടുംബാംഗങ്ങളും വീട്ടിലെ ജോലികൾ പങ്കിടുമ്പോഴാണ്. ഇന്ത്യൻ ആർമിയിൽ ഉന്നത ഓഫീസർമാരായിരുന്ന എനിക്കും, ഭാര്യഡോക്ടർ (മേജർ) നളിനി ജനാർദനനും ഔദ്യോഗിക ജോലിത്തിരക്കുകൾ വളരെ കൂടുതലായിരുന്നു. വേലക്കാരുള്ളതിനാൽ പലപ്പോഴും വീട്ടിലെ മറ്റു ജോലികൾ ഞങ്ങൾ പങ്കിടും. ഭാര്യയ്ക്ക് സ്‌ഥലം മാറ്റം കിട്ടിയപ്പോൾ മക്കളുടെ കാര്യങ്ങളൊക്കെ ഞാൻ തന്നെയാണ് നോക്കിയിരുന്നത്. സർവീസിൽ നിന്ന് വിരമിച്ച ശേഷം മുംബൈയിൽ സ്‌ഥിരതാമസമാക്കിയപ്പോൾ ഞങ്ങൾ വീട്ടുജോലിയിൽ പരസ്പരം സഹായിക്കും.

നമ്മുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യം സുഖദുഃഖങ്ങൾ പങ്കിടുക എന്നതാണ്. സ്നേഹമുള്ള ഒരു ഭർത്താവും വീട്ടുജോലികൾ, ഭാര്യയെ ഒറ്റയ്ക്കു ചെയ്യാൻ അനുവദിക്കില്ല. വീട്ടുജോലിയിൽ ഭാര്യയെ സഹായിക്കുന്ന ഭർത്താവിന് കൂടുതൽ സ്നേഹവും പരിചരണവും ലഭിക്കും. വീട്ടുപണിയും കുട്ടികളെ വളർത്തലും സ്ത്രീയുടെ ജോലി, എന്ന ചിന്ത വലിച്ചെറിഞ്ഞ്, അതിൽ തുല്യ പങ്കാളിയാവാൻ പുരുഷനു സാധിച്ചാൽ കുടുംബജീവിതം സന്തോഷത്തിന്റെയും സമാധാനത്തിന്റേയും പറുദീസയായി മാറും.

പരസ്പര സഹകരണം ദാമ്പത്യബന്ധം ദൃഢമാക്കും

ഡോ. തോമസ്.പി.മാത്യു
റിട്ട. ജുവനൈൽ കോർട്ട് പ്രൊബേഷൻ മാനേജർ
അമേരിക്ക

കാലം മാറുന്നതിന് അനുസരിച്ച് ചിന്താഗതിയും മാറാത്തതുകൊണ്ടുള്ള ഒരു ചോദ്യമാണ് ഇത്. പണ്ടുകാലത്ത് നമ്മുടെ അപ്പന്മാർ വീടിന് പുറത്തു ജോലി ചെയ്യുകയും അമ്മമാർ വീടിന് അകത്തുള്ള പണികളും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്‌ഥിതി അതല്ല, മിക്കവാറും എല്ലാ വീടുകളിലും അപ്പനും അമ്മയും വീടിന് പുറത്തുപോയി ജോലി ചെയ്താണ് ജീവിക്കുന്നത്. ഇങ്ങനെ രണ്ടുപേരും വീടിന് പുറത്തുപോയി ജോലി ചെയ്യുമ്പോൾ, വീടിന് അകത്തെ ജോലികളും രണ്ടുപേരും കൂടി ചെയ്താലേ, കാര്യങ്ങൾ സന്തോഷമായി നടക്കുകയുള്ളു.

ഉദ്ദേശം 20 കൊല്ലങ്ങൾക്ക് മുൻപേ ഞങ്ങൾ അവധിക്ക് അമേരിക്കയിൽ നിന്നും കേരളത്തിൽ വന്നപ്പോൾ, ഒരിക്കൽ എന്റെ ഭാര്യ കിണറ്റിൽ നിന്നും വെള്ളം കോരി തുണി കഴുകുന്നത് കണ്ടു. ഉടനെ തന്നെ ഞാൻ ചെന്ന് കിണറ്റിൽ നിന്നും വെള്ളം കോരി കൊടുത്തു. ഉടനെ അകത്തു നിന്നു അനിയന്റെ ഭാര്യ അനിയനോട് പറയുന്നു : കണ്ടു പഠിക്കാൻ, ഞങ്ങൾക്ക് എല്ലാവർക്കും ചിരിക്കാൻ ഒരു അവസരം കിട്ടി. ഭാര്യയും ഭർത്താവും പരസ്പരം സഹായിക്കണം. പരസ്പരം സഹായിച്ചില്ലെങ്കിൽ, വേറെ ആരു സഹായിക്കും ? ഇതു ദാമ്പത്യബന്ധത്തേയും ബലപ്പെടുത്തും. ഭർത്താവിന് പാചകത്തിൽ പരിചയം ഉണ്ടെങ്കിൽ അങ്ങനെ സഹായിക്കുക, ഇല്ലെങ്കിൽ വീടു വൃത്തിയാക്കാനും, തുണിയും പാത്രങ്ങളും കഴുകാനും സഹായിക്കുക. മക്കളുടെ പഠിത്തകാര്യത്തിലും, അവരുടെ ദൈനംദിന കാര്യങ്ങളിലും വേണ്ട സഹായങ്ങൾ ഒരുപോലെ ചെയ്യുക. ഇങ്ങനെ പരസ്പരം സഹായിച്ചാൽ വീട്ടുകാര്യങ്ങൾ ഭംഗിയായി നടക്കുകയും, വീട്ടിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ഭാര്യയും ഭർത്താവും രണ്ടുപേരും പുറത്തു ജോലി ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും പരസ്പരം സഹായിക്കേണ്ടത്, രണ്ടുപേരുടെയും കടമയാണ്. ഇങ്ങനെ പരസ്പരം സഹായിച്ചാൽ, കുടുംബബന്ധവും ഭാര്യാഭർതൃബന്ധവും ബലപ്പെടുകയും ചെയ്യും.

വീട്ടു ജോലികളിൽ സഹായിക്കണം

കലാഭവൻ സുധി, മിമിക്രി ആർട്ടിസ്റ്റ്

വീട്ടുജോലികളിൽ ഭാര്യയെ സഹായിക്കുന്നതിൽ ബുദ്ധിമുട്ട് കാണിക്കേണ്ട ആവശ്യമില്ല. ഇതിനോട് എനിക്കു നൂറു ശതമാനം യോജിപ്പാണ് ഉള്ളത്. പുരുഷൻ പുറത്തു പോയി ചെയ്യുന്ന ജോലിയുടെ നൂറിരട്ടി അധ്വാനമാണ് ഓരോ സ്ത്രീയും വീട്ടിൽ ചെയ്യുന്നത്. അവരുടെ കഷ്ടപാടിൽ ഭർത്താവ് ഒരു കൈത്താങ്ങ് ആകുമ്പോൾ അവർക്കും സന്തോഷമാകും. ഈശ്വരാനുഗ്രഹം കിട്ടുന്ന കാര്യമാണത്.

പരസ്പര സഹകരണം അനിവാര്യം

ശരത്കുമാർ ടി.എസ്
സീനിയർ എക്സിക്യൂട്ടീവ്– ബിസിനസ് ഡവലപ്മെന്റ് ആസ്റ്റർ മെഡ്സിറ്റി, എറണാകുളം

വിവാഹമോചന വാർത്തകൾ വർധിച്ചുവരുന്ന ഈ ന്യൂജനറേഷൻ കാലത്ത് വീട്ടുജോലികൾ പങ്കുവെയ്ക്കേ ണ്ടതുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്‌തമാണ്. കെട്ടുറപ്പുള്ള കുടുംബജീവിതത്തിന്റെ ആണിക്കല്ല് തന്നെ ദമ്പതിമാരുടെ പരസ്പര വിശ്വാസവും, സുഖ ദു:ഖങ്ങളുടെ പങ്കിടലുമാണ് . വീട്ടുജോലികൾ ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചിന്തിക്കുന്ന ഭർത്താക്കൻമാരും കുറവല്ല. ജോലിയില്ലാത്ത വീട്ടമ്മമാരുടെ കാര്യത്തിൽ ഒരു പരിധി വരെ ശരിയാണെന്നും കരുതാം. എന്നാൽ പകൽ മുഴുവൻ ജോലിസ്‌ഥലത്തെ അധ്വാന ഭാരവും, പിരിമുറക്കവും അനുഭവിച്ച് വീട്ടിൽ വന്നു കഴിഞ്ഞും വീട്ടുജോലികൾ ചെയ്തു തീർക്കുന്ന സ്ത്രീക്ക് അവളുടെ പുരുഷന്റെ ഭാഗത്തു നിന്നു ലഭിക്കുന്ന ചെറിയ പരിഗണന പോലും വലിയ ആശ്വാസമാകും. വീട്ടുജോലികളിൽ പരസ്പര സഹകരണം ആവശ്യമാണെന്ന നിലപാടാണ് എന്റേത്. തന്റേതിനൊപ്പം ഭാര്യയുടെയും മക്കളുടെയും വസ്ത്രങ്ങൾ കഴുകുന്നതിൽ ഭർത്താക്കൻമാർ ലജ്‌ജിക്കേണ്ടതില്ല. തന്നാലാകുന്ന ചെറിയ ചെറിയ സഹായങ്ങൾ വീട്ടുജോലികളിൽ നൽകുന്ന ഭർത്താവിന് ഭാര്യ നൽകുന്ന സ്‌ഥാനം വലുതായിരിക്കും. മറ്റുള്ളവരോട് തന്റെ ഭർത്താവ് തന്നെ എല്ലാക്കാര്യങ്ങളിലും സഹായിക്കാറുണ്ടെന്ന് അഭിമാനത്തോടെ അവൾക്ക് പറയാനാകണം. സുഖമില്ലാത്ത അവസരങ്ങളിൽ ഭാര്യയ്ക്ക് വിശ്രമം നൽകി കുടുംബകാര്യങ്ങൾ ചെയ്യാൻ ഭർത്താവ് സന്നദ്ധനാകണം. ഭാര്യ പാചക ജോലികളുമായി മല്ലിടുമ്പോൾ അടുക്കളയിലെത്തി പാത്രം വൃത്തിയാക്കുക, കറിയുണ്ടാക്കാൻ സഹായിക്കുക എന്നിവ ചെയ്യുന്ന ഭർത്താക്കൻമാരോട് ഭാര്യമാർക്ക് മാനസികമായ ഇഴയടുപ്പം കൂടുതലായിരിക്കും. കുടുംബപ്രശ്നങ്ങളിൽ മാത്രമല്ല, നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്ന കാര്യങ്ങളിലും ധൈര്യപൂർവ്വം ശക്‌തമായ നിലപാട് സ്വീകരിക്കാൻ ഭാര്യയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം അവളുടെ ഭർത്താവ് നൽകുന്ന മാനസിക പിന്തുണയാണ്.. അതു തന്നെയാണ് അവളുടെ ആത്മവിശ്വാസവും.

ഭാര്യയെ സഹായിക്കുന്നതിൽ തെറ്റില്ല

ഗിരീഷ് സി.കെ
കണ്ടക്ടർ, എം.പി ട്രാവൽസ്, വൈക്കം.

വീട്ടുജോലിയിൽ ഭാര്യയെ സഹായിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ വിട്ടുവീഴ്ചയും പരസ്പര സഹകരണവും അത്യാവശ്യമാണ്. കുടുംബത്തിൽ ഓരോ സ്ത്രീയും ചെയ്യുന്ന ജോലിയുടെ മൂല്യം നാം മനസിലാക്കണം. അത് അറിഞ്ഞ് അവരെ സഹായിക്കാനുള്ള മനസ് പുരുഷന്മാർക്ക് ഉണ്ടാകണം.ഒരാൾ ഒറ്റയ്ക്ക് കഷ്ടപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ നല്ലൊരു ഭർത്താവിന് സാധിക്കില്ല.

വീട്ടുജോലികൾ പങ്കുവയ്ക്കണം

ശ്രുതി ശ്രീധരൻ
തൃപ്പൂണിത്തുറ

ഇന്നത്തെ കാലഘട്ടത്തിൽ വീട്ടുജോലികൾ ഭാര്യയും ഭർത്താവും പങ്കുവെക്കേണ്ടത് അത്യാവശ്യമാണ്. പണ്ടൊക്കെ ഭർത്താവ് ജോലി ചെയ്യാൻ പുറത്തുപോകുന്നതും ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതുമായിരുന്നു പതിവ്. എന്നാൽ ഇന്നങ്ങനെയല്ല. രണ്ട് പേരും ഒരു പോലെ ജോലിക്ക് പോകുന്നു, സമ്പാദിക്കുന്നു. അപ്പോഴും വീട്ടുജോലി സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന കാഴ്ചപാടിൽ മാത്രം മാറ്റം വന്നിട്ടില്ല. ഓഫീസ് ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന ഭർത്താവിന്റെ അതേ ക്ഷീണവും മാനസിക ശാരീരിക പിരിമുറുക്കങ്ങളും ഭാര്യയും അനുഭവിക്കുന്നുണ്ടെന്ന് ഓരോ പുരുഷനും ഓർമ്മിക്കേണ്ടതാണ്. മിക്കവീടുകളിലും സ്ത്രീകൾക്ക് അമിതഭാരമാണ് അനുഭവിക്കേണ്ടിവരുന്നത്.

ഉത്തരവാദിത്വങ്ങൾ ഒരുപോലെ പങ്കുവയ്ക്കണം

വിപിൻദാസ്, നീണ്ടകര

ഇന്നത്തെ തിരക്കുപിടിച്ച ദാമ്പത്യ ജീവിതത്തിൽ സ്ത്രീയും പുരുഷനും ഉത്തരവാദിത്വങ്ങൾ ഒരുപോലെ പങ്കുവയ്ക്കണം. വീട്ടുജോലി സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന ആ പഴയ കാഴ്ചപ്പാടിന് ഇന്ന് ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങുന്നവരല്ല. ഓഫീസിൽ നിന്നും വീട്ടിലെത്തുന്ന സ്ത്രീ കുട്ടികളെ പഠിക്കുക, അവർക്കിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, അവരുടെ വസ്ത്രങ്ങൾ തയാറാക്കി അവരെ സ്കൂളിലേക്ക് അയയ്ക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം സ്ത്രീയുടെ ചുമലിലാണ്. സ്ത്രീയും പുരുഷനും ഉത്തരവാദിത്വങ്ങൾ ഒരുപോലെ പങ്കിടണം. വീട്ടുജോലി സ്ത്രീയുടെ ചുമതല മാത്രമാണെന്ന് ധരിക്കരുത്. അതും തുല്യപങ്കാളിതത്തോടെ ചെയ്യുമ്പോഴാണ് ദാമ്പത്യം ആനന്ദകരമാകുന്നത്.

വീട്ടുജോലികൾ പങ്കിടണം

വിൻസി ബൈജു
മാനേജർ, ന്യൂ അലൈഡ് ടൂർസ് ആൻഡ് ട്രാവൽസ്, എറണാകുളം

പണ്ടുമുതലേ പുരുഷൻ പുറം ജോലിയും സ്ത്രീകൾ വീട്ടുജോലിയും ചെയ്തു പോന്നിരുന്നു. എന്നാൽ സ്ത്രീ പുരുഷ സമത്വം, സ്ത്രീ ശാക്‌തീകരണം എന്നിവ സമൂഹത്തിന്റെ ഭാഗമായപ്പോൾ സ്ത്രീയും പുരുഷനും പുറത്തുപോയി ജോലി എടുക്കുകയും സമ്പാദിക്കുകയും ചെയ്തു തുടങ്ങി. ആയതിനാൽ വീട്ടുജോലികൾ ഭാര്യാഭർത്താക്കന്മാർ പങ്കിടുന്നതാണ് നല്ലത്. ഇത് ദമ്പതികൾ തമ്മിലുള്ള ഐക്യത്തിനും കുടുംബത്തിന്റെ സമാധാനത്തിനും വഴിയൊരുക്കും.

സീമ മോഹൻലാൽ