ഷാജികുമാർ (കാമറ സ്ലോട്ട്)
ഷാജികുമാർ (കാമറ സ്ലോട്ട്)
Friday, November 18, 2016 12:57 AM IST
കാമറയിൽ വിസ്മയങ്ങൾ കാഴ്ചവച്ച ഷാജികുമാറിന്റെ നൈപുണ്യം മലയാളി പ്രേക്ഷകർ ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞിരിക്കുന്നു; മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം കണ്ടെത്തിയ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ. പതിനാറു വർഷത്തോളമായി മലയാളം, തമിഴ് ചലച്ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിക്കുന്ന ഈ പെരുമ്പാവൂർ സ്വദേശിയുടെ കരിയർ ഗ്രാഫിലെ വലിയൊരു നേട്ടംകൂടിയാണ് പുലിമുരുകൻ.

വിപിൻ മോഹന്റെ അസോസിയേറ്റായിരുന്ന ഷാജികുമാർ, അനിൽ ബാബുചിത്രം ഉത്തമനിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് നാൽപതോളം ചിത്രങ്ങൾക്കു കാമറ നിയന്ത്രിച്ചിട്ടുള്ള ഷാജി, ആക്ഷൻ ചിത്രങ്ങൾക്കുവേണ്ടി ഷോട്ടുകൾ ഒരുക്കാൻ സമർഥനാണെന്നു മുമ്പേ തെളിയിച്ചതാണ്. ജോഷി, വിനയൻ, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടെ ആക്ഷൻ ഓറിയന്റഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഷാജി, പുതുതലമുറയിലെ സൂപ്പർ സംവിധായകനായി മാറിയ വൈശാഖനൊപ്പം അദ്ദേഹത്തിന്റെ ആദ്യചിത്രംമുതൽ പ്രവർത്തിച്ചുവരുന്നു.

കണ്ണിനു വിരുന്നാണ് പുലിമുരുകനിലെ കാഴ്ചകൾ. നരസിംഹത്തിനുശേഷം ബോക്സോഫീസിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു ലാൽ മാസ്ഹിറ്റ് ചിത്രമായി ഇതു മാറിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളാണ് പുലിമുരുകനിലൂടെ ഷാജികുമാർ പ്രേക്ഷകർക്കു സമ്മാനിച്ചത്. ആദ്യരംഗങ്ങളിൽ ഹോളിവുഡ് സിനിമയാണോ ഇതെന്ന തോന്നൽ പ്രേക്ഷകരിൽ സൃഷ്ടിച്ചതിലൂടെതന്നെ ഇദ്ദേഹം വിജയിച്ചുകഴിഞ്ഞു. കാടുനിറഞ്ഞുനിന്ന ഒരു സിനിമകൂടിയാണിത്. കാടിന്റെയും കാട്ടരുവികളുടെയും മലവെള്ളപ്പാച്ചിലിന്റെയുമൊക്കെ വന്യ സൗന്ദര്യം അതിഗംഭീരമായാണ് ഷാജിയുടെ കാമറ ഒപ്പിയെടുത്തത്. കോതമംഗലത്തിനടുത്തുള്ള പൂയംകുട്ടി വനാന്തരങ്ങളിലായിരുന്നു പ്രധാനമായും പുലിമുരുകന്റെ ചിത്രീകരണം. കൂടാതെ മാമലക്കണ്ടവും പിണ്ടിമേട് വെള്ളച്ചാട്ടവും അടക്കം സിനിമ നാളിതുവരെ ഒപ്പിയെടുക്കാത്ത പ്രകൃതിസൗന്ദര്യവും പ്രേക്ഷകർക്കു വിരുന്നായി ഷാജി സമ്മാനിച്ചു.


വിയറ്റ്നാമിൽ പരിശീലനം സിദ്ധിച്ച പുലികളോടൊപ്പമുള്ള ആക്ഷൻ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ രംഗങ്ങളൊക്കെ മികച്ച രീതിയിൽ കാമറയിലാക്കിയ ഷാജി, പുലിയെ കൊല്ലുന്ന രംഗങ്ങളും മറ്റും സൃഷ്ടിക്കാൻ വി.എഫ്.എക്സിന്റെ സാധ്യതകളെ സമർഥമായി ഉപയോഗിക്കത്തക്കവിധമാണു ഷോട്ടുകളെടുത്തത്. സാധാരണ മാസ് സിനിമകളിൽ കാണുന്ന സ്ലോ മോഷനോ പഞ്ച് ഡയലോഗുകളോ സിനിമയിൽ കാര്യമായി ഇല്ലെങ്കിലും മോഹൻലാൽ എന്ന നടന്റെ മാനറിസങ്ങളെ പെരുപ്പിച്ചും പ്രകീർത്തിച്ചും കാണിക്കുന്നതിൽ ഷാജിയുടെ കാമറ പ്രധാന പങ്കുവഹിച്ചു. ഇതോടൊപ്പം നർമ രംഗങ്ങളുടെയും ലാലിന്റെ കുസൃതി നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളുടെയും വൈകാരിക രംഗങ്ങളുടെയുമെല്ലാം ചിത്രീകരണം പുലിമുരുകന്റെ പൊലിമ വർധിപ്പിച്ചു.

വാണിജ്യബുദ്ധിയുള്ള സംവിധായകനു വേണ്ടവിധം കാമറ ചലിപ്പിക്കാൻ ഷാജിക്കറിയാം. വൈശാഖിന്റെ ആദ്യചിത്രമായ പോക്കിരിരാജയിൽ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും താരാരാധകരെ തൃപ്തിപ്പെടുത്തുംവിധമുള്ള ഷോട്ടുകളെടുക്കുന്നതിൽ ഷാജി വിജയിച്ചു. ഈ ചിത്രത്തെത്തുടർന്ന്, വിജയഘടകങ്ങളൊക്കെ പാകത്തിനുചേർത്തെടുത്ത സീനിയേഴ്സ്, മല്ലുസിംഗ്, സൗണ്ട് തോമ, കസിൻസ് തുടങ്ങിയ വൈശാഖ് ചിത്രങ്ങളും ദൃശ്യമനോഹരമാക്കിയത് ഷാജിയാണ്.

ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രം നരനിൽ ഹൊഗനക്കല്ലിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ഷാജി, ജൂലൈ നാല് എന്ന ചിത്രത്തിലും ജോഷിക്കൊപ്പം പ്രവർത്തിച്ചു. വെള്ളിനക്ഷത്രം, സത്യം എന്നീ വിനയൻ ചിത്രങ്ങളുടെ അണിയറയിലും ഷാജിയാണ് പ്രവർത്തിച്ചത്. ജോണി ആന്റണിയുടെ സൈക്കിൾ, അക്കു അക്ബർ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ, റാഫി ഒരുക്കിയ റിംഗ് മാസ്റ്റർ തുടങ്ങിയ വിജയചിത്രങ്ങളും ഷാജിയുടെ കരിയർ ലിസ്റ്റിലുണ്ട്. പ്രശാന്ത് കേന്ദ്ര കഥാപാത്രമായ പൊന്നർശങ്കർ, മമ്പട്ടിയാൻ, സാഹസം എന്നീ തമിഴ് ചിത്രങ്ങളുടെ ഛായാഗ്രഹണവും ഷാജിക്ക് ബഹുമതി നേടിക്കൊടുത്തു.

തയാറാക്കിയത്: സാലു ആന്റണി