ഹാക്കർമാർ പിക്സെലും പൊളിച്ചു!
ഹാക്കർമാർ പിക്സെലും പൊളിച്ചു!
Saturday, November 19, 2016 6:39 AM IST
ഗൂഗിൾ കൊട്ടിഘോഷിച്ച് കഴിഞ്ഞമാസം പുറത്തിറക്കിയ ഫ്ളാഗ്ഷിപ് ഫോൺ പിക്സെലിലും ഹാക്കർമാരുടെ വിളയാട്ടം. സിയൂളിൽ കഴിഞ്ഞദിവസം നടന്ന പൗൺഫെസ്റ്റി (ഹാക്കർമാരുടെ മേള)ലാണ് ക്വിഹൂ 360 എന്ന പേരിലുള്ള വൈറ്റ്–ഹാറ്റ് സംഘം 60 സെക്കൻഡിനകം പിക്സെലിന്റെ സുരക്ഷ തകർത്തത്. ഫോണിൽ ഒരു റിമോട്ട് കോഡ് പ്രവർത്തിപ്പിച്ച സംഘം 1.20 ലക്ഷം ഡോളറിന്റെ സമ്മാനത്തുകയും സ്വന്തമാക്കി. ക്രോമിൽ ഒരു വെബ് പേജ് തുറന്ന് പൗൺഡ് ബൈ 360 ആൽഫാ ടീം എന്ന സന്ദേശം കാണിക്കുകയാണ് ഹാർക്കർമാർ ചെയ്തത്.

ഹാക്കിംഗ് ആക്രമണവുമായി ബന്ധപ്പെട്ട ബഗ് 24 മണിക്കൂറിനകം ഫിക്സ് ചെയ്തു എന്നാണ് ഗൂഗിളിന്റെ പ്രതികരണം. ഗൂഗിൾ ക്രോമിന്റെ സുരക്ഷ കൂട്ടാനും ഇതു കാരണമായെന്ന് ഗൂഗിൾ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടയ്ക്ക് ഇതു രണ്ടാം തവണയാണ് ഗൂഗിൾ പിക്സെൽ ഹാക്കിംഗിന് ഇരയാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജപ്പാനിൽ നടന്ന മൊബൈൽ പൗൺടൗൺ ഇവന്റിലായിരുന്നു ആദ്യ ആക്രമണം. ഫോൺ കോളുകൾ, മെസേജുകൾ, കോൺടാക്ട് ലിസ്റ്റ്, സ്റ്റോർ ചെയ്യപ്പെട്ട ഫോട്ടോകൾ എന്നിവയടക്കം പിക്സെൽ അടിമുടി പൊളിച്ചടുക്കാം എന്നാണ് ഹാക്കർമാരുടെ അവകാശവാദം.