വിഷമിപ്പിക്കുന്ന വെള്ളപോക്ക്
വിഷമിപ്പിക്കുന്ന വെള്ളപോക്ക്
Saturday, November 19, 2016 6:42 AM IST
സ്ത്രീകൾ പൊതുവേ പുറത്തുപറയുവാൻ മടിക്കുന്നതും എന്നാൽ അവരിൽ സാധാരണയായി കണ്ടുവരുന്നതുമായ ഒരു പ്രശ്നമാണ് വെള്ളപോക്ക്. അസ്‌ഥിയുരുക്കം എന്നും അസ്‌ഥിസ്രാവം എന്നും ഈ രോഗം അറിയപ്പെടുന്നു. വെള്ളപോക്കിനുള്ള ആയുർവേദ പരിഹാരമാർഗങ്ങളിതാ...

എന്താണ് വെള്ളപോക്ക്

കൊഴുത്ത് കട്ടിയായിട്ടും അളവിൽ കൂടുതലായും യോനിയിൽ നിന്നും സ്രവിക്കുന്ന ദ്രാവകത്തെ സാമാന്യമായി വെള്ളപോക്ക് എന്നു പറയുന്നു.

ഗർഭാശയം (Endometrium), ഗർഭാശയാന്തരകല (Endometrial Tissue), ഗർഭാശയഗളം (cervix) , ബീജവാഹിനികൾ (Fallopian Tube) എന്നീ പ്രദേശങ്ങളിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശ്ലേഷ്മദ്രാവകം (Mucous Secretion) യോനീ മാർഗത്തെ ഈർപ്പമുള്ളതാക്കി സൂക്ഷിക്കുന്നു. യോനീ മുഖത്തുള്ളതായ ‘ബാർത്തോലിൻ’ എന്ന ഒരു ജോഡി ഗ്രന്ഥികളുടെ പ്രവർത്തനഫലമായി വഴുവഴുപ്പുള്ള ഒരു ദ്രാവകം പുറത്തുവന്നു ജനനേന്ദ്രീയത്തെ നനവുള്ളതാക്കി തീർക്കുന്നു. വിശേഷിച്ച് ആർത്തവത്തിന് തൊട്ടുമുൻപ് പ്രത്യേകിച്ചു ഈ ഗ്രന്ഥികൾ കൂടുതലായി പ്രവർത്തിക്കുകയും തൽഫലമായി കട്ടതൈരിന് സമാനമായിട്ടുള്ളതും ദുർഗന്ധപൂരിതവുമായ ഒരു ദ്രാവകം പുറത്തുവരുന്നു.

പ്രധാനമായും രണ്ടുതലത്തിൽ സ്രവങ്ങളുണ്ടാവാം. വെളുത്ത തൈര് പോലെയോ, വഴുവഴുപ്പോട് കൂടിയോ അമിതമായ യോനീസ്രാവമുണ്ടാവുകയും അതുമൂലം അമിതമായ ചൊറിച്ചിലുണ്ടാവുകയും ചെയ്യും. ചിലരിൽ അൽപം മഞ്ഞ കലർന്ന നിറത്തിലോ പച്ചകലർന്ന നിറത്തിലോ വെള്ളംപോലെ അധികമായ പതയോടുകൂടിയോ സ്രാവമുണ്ടാകും. ഇത്തരം സ്രാവങ്ങൾക്ക് അൽപം ദുർഗന്ധമുണ്ടായിരിക്കുകയും ചെയ്യും.

കാരണങ്ങൾ

* ഫംഗസ് ബാധ
* യോനീഭാഗം വൃത്തിയാക്കി സൂക്ഷിക്കാതിരിക്കുക
* സെർവിക്കൽ പ്രശ്നങ്ങൾ (ഗർഭപാത്രത്തിന്റെ ഭാഗമായ സെർവിക്സിൽ ഉണ്ടാകുന്ന തടിപ്പ്, മുഴകൾ തുടങ്ങിയവ)
* മാനസിക പിരിമുറുക്കം
* ലൈംഗികരോഗങ്ങളുടെ ഭാഗമായി (ലൈംഗിക രോഗങ്ങളുടെ ഭാഗമായിട്ടും വെള്ളപോക്ക് ഉണ്ടാവും)

ലക്ഷണങ്ങൾ

* യോനിയിൽ നിന്ന് സ്‌ഥിരമായി ഉണ്ടാകുന്ന സ്രവം
* ചൊറിച്ചിൽ
* യോനീഭാഗത്തെ സ്‌ഥിരമായ നനവ് മൂലം രോഗബാധിതയായ സ്ത്രീക്കുണ്ടാകുന്ന അസ്വസ്‌ഥത
* ചിലരിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന
* വയറെരിച്ചിൽ, മൂത്രതടസം, തളർച്ച, ശരീരം മെലിച്ചിൽ

* എത്ര കഴിച്ചാലും ക്ഷീണം തോന്നുക, തലകറക്കം വെള്ളപോക്കിനോടനുബന്ധമായി കൈകാലുകൾക്ക് തരിപ്പ്, നടുവിന് വേദന, അരക്കെട്ടിന്റെ ഭാഗത്ത് വേദന, ചിലപ്പോൾ തുടകളിലേക്ക് കാലുകളിൽ മുഴുവനായും വേദന വ്യാപിക്കും.
* വെള്ളപോക്കിനനുബന്ധമായി ഉണ്ടാവുന്ന നടുവേദനകളിൽ നടുവേദനയ്ക്കുള്ള എന്തൊക്കെ ചികിത്സകൾ ചെയ്താലും കുറവുണ്ടാവില്ല. വെള്ളപോക്കിനു കൂടി ചികിത്സിച്ചാലേ അതിന് ആശ്വാസം വരികയുള്ളു. അതുകൊണ്ടു പ്രത്യേകം ശ്രദ്ധിക്കുക. നടുവേദനയുള്ള സ്ത്രീകൾക്ക് വെള്ളപോക്ക് ഉണ്ടെങ്കിൽ അതു നിങ്ങളുടെ ഡോക്ടറോട് പ്രത്യേകമായും എടുത്തു പറയണം.

ഗർഭകാലത്തുണ്ടാകുന്ന വെള്ളപോക്ക്

യോനീഭാഗത്തെ ഗ്രന്ഥികളുടെ പ്രവർത്തനം ഗർഭകാലത്ത് വർധിക്കും. ഇതിനാൽ ഹോർമോണുകളുടെ അളവ് രക്‌തത്തിൽ അധികമാവും. അതുകൊണ്ട് തന്നെ യോനീസ്രവം സാധാരണയിലധികമാവും. ഇത് സ്വാഭാവികമായതിനാൽ ഭയപ്പെടേണ്ടതില്ല. എന്നാൽ അതോടൊപ്പം ചൊറിച്ചിലോ, ദുർഗന്ധമോ ഉണ്ടായാൽ അതിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.

പരിഹാര മാർഗങ്ങൾ

മുസലീഖദിരാദി കഷായം, ശതാവരിഗുളം, പുഷ്യാനുഗ ചൂർണം, അശോകാരിഷ്‌ടം, കദളീരസായനം എന്നീ ആയുർവേദ ഔഷധങ്ങൾ അവസ്‌ഥാനുസൃതം യോഗ്യമാണ്.

* ത്രീഫല കഷായം കൊണ്ടോ ആരഗ്വധാദി കഷായം കൊണ്ടോ യോനീഭാഗം കഴുകുക.
ജാത്യാദിഘൃതത്തിൽ മുക്കിയ തുണിക്കഷണം യോനിയിലേക്ക് കടത്തിവച്ച് അരമണിക്കൂർ കഴിഞ്ഞു എടുത്തു കളയുക.

ചികിത്സ

ധാര (യുക്‌തമായ ഔഷധങ്ങളിട്ട് സംസ്കരിച്ച ഇളം ചൂടുള്ള വെള്ളം യോനിയിലേക്ക് നിർദ്ദിഷ്‌ടസമയം ഒഴിച്ചുകൊണ്ടിരിക്കുന്ന ക്രിയ), ക്ഷാളനം (ഔഷധയുക്‌തമായ വെള്ളത്താൽ യോനീഭാഗം കഴുകുന്ന ക്രിയ), അവഗാഹം (ഔഷധങ്ങളിട്ട് ചൂടാക്കിയ വെള്ളം ഒരു വാവട്ടമുള്ള പാത്രത്തിലെടുത്ത് അതിൽ രോഗിയെ ഇരുത്തുന്ന ക്രിയ), പിചു (ഔഷധയുക്‌തമായ കഷായത്തിലോ തൈലത്തിലോ മുക്കിയ തുണി യോനിക്കുള്ളിലേക്ക് നിർദ്ദിഷ്‌ട സമയം കടത്തി വയ്ക്കുന്നതായ ക്രിയ) ഇവയെല്ലാം ചികിത്സയിൽ ഉൾപ്പെടും.

യോഗാതെറാപ്പി

ആയുർവേദ ചികിത്സയോടൊപ്പം യുക്‌തമായ രണ്ടോ മൂന്നോ യോഗാസനങ്ങൾ പരിശീലിക്കുന്നത് രോഗത്തെ എളുപ്പത്തിൽ കുറയ്ക്കും. മാർജാരി ആസനം, നടരാജാസനം, ബദ്ധവജ്രാസനം, വിപരീതകരണീമുദ്ര, സൂര്യനമസ്കാരം തുടങ്ങിയ ആസനങ്ങൾ ഫലപ്രദമാണ്. യോഗ്യനായ പരിശീലകനിൽ നിന്ന് ശരിയായി മനസിലാക്കിയ ശേഷം പരിശീലിക്കുക.

ഡോ.രാമകൃഷ്ണൻ ദ്വരസ്വാമി
ചീഫ് ഫിസിഷൻ, ചിരായു ആയുർവേദിക്, ഹോസ്പിറ്റൽ, കോട്ടയം