പുലിമുരുകൻ പണ്ടേ മനസിലുണ്ടായിരുന്നു: ഉദയകൃഷ്ണ
പുലിമുരുകൻ പണ്ടേ മനസിലുണ്ടായിരുന്നു: ഉദയകൃഷ്ണ
Tuesday, November 22, 2016 6:08 AM IST
പുലിമുരുകന്റെ തേരോട്ടം തിയറ്ററുകളിൽ തീർക്കുന്ന അലയൊലികൾ മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ് ഇടം പിടിക്കുന്നത്. ദിഗ്വിജയം തീർത്തു ചിത്രം മുന്നേറുമ്പോൾ അതിന്റെ വിജയ ശില്പി തിരക്കഥാകൃത്ത് ഉദയകൃഷ്ണൻ വിജയത്തിന്റെ ഭാരമൊന്നുമില്ലാതെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. മലയാളി പ്രേക്ഷകരുടെ സിനിമ ആസ്വാദനത്തിൽ മാസ് ചേരുവകളുടെ കൂട്ട് അറിഞ്ഞ തിരക്കഥാകൃത്തുക്കളായിരുന്നു ഉദയകൃഷ്ണ– സിബി കെ. തോമസ്. ഇപ്പോഴിതാ കൂട്ടുകെട്ടിൽ നിന്നും സ്വതന്ത്രമായി സിനിമകൾ ചെയ്യുകയാണ് ഈ വിജയ ശില്പികൾ. തന്റെ ആദ്യ സ്വതന്ത്രസംരംഭത്തിലൂടെ മലയാളി പ്രേക്ഷകർക്കു മുന്നിൽ ദൃശ്യ വിരുന്നാണ് ഉദയകൃഷ്ണ ഒരുക്കിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടു നീളുന്ന സിനിമ ജീവിതവും ഒപ്പം മാന്ത്രിക വിജയം നേടിയ പുലിമുരുകന്റെ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ഉദയകൃഷ്ണ...

തുടക്കകാലം

വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം സിനിമയിൽ ചേരുക എന്നതായിരുന്നു മനസിലെ ലക്ഷ്യം. എറണാകുളത്തോ, തിരുവനന്തപുരത്തോ എവിടെയെങ്കിലും ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞാൽ അതു കാണാൻ പോകും. സംവിധായകരോട് അവസരം ചോദിക്കും. ഒന്നും നടക്കില്ല. പിന്നീടാണ് തിരക്കഥാകൃത്തായ എ.ആർ മുകേഷിനെ പരിചയപ്പെടുന്നത്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാവുക എന്നതാണ് ലക്ഷ്യം. പക്ഷേ, അദ്ദേഹത്തിനപ്പോൾ സിനിമയില്ല. എന്റെ കൈയക്ഷരം കണ്ടിഷ്ടപ്പെട്ടതുകൊണ്ട് ഒപ്പം കൂട്ടി. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചോളം നടക്കാതെ പോയ സിനിമയുടെ സ്ക്രിപ്ട് അസിസ്റ്റന്റായിരുന്നു ഞാൻ. സിനിമയിൽ തിരക്കഥ രചനയിലുള്ള എന്റെ അനുഭവ പരിചയം തുടങ്ങുന്നത് അവിടെ നിന്നുമാണ്. അലി അക്ബറിന്റെ പൊന്നുച്ചാമി എന്ന സിനിമ മുകേഷേട്ടനുകിട്ടുന്നതോടെ എന്റെയും സിനിമയിലേക്കുള്ള വഴി തുറന്നു. അതിൽ ഞാനും അസിസ്റ്റന്റായി പ്രവർത്തിച്ചു. വയനാട്ടിലാണ് സിനിമ ഷൂട്ടിംഗ് തുടങ്ങുന്നത്. ആ ചിത്രത്തിനു ശേഷവും വീണ്ടും സിനിമ ജീവിതം ചോദ്യച്ചിഹ്നം. മുകേഷേട്ടനൊപ്പമുള്ള കാലത്താണ് കലൂർ ഡെന്നീസിനെ പരിചയപ്പെടുന്നത്. എന്റെ ആഗ്രഹം മനസിലാക്കിയ ഡെന്നീസേട്ടനാണ് വേണു നായർ സംവിധാനം ചെയ്യുന്ന സിറ്റി പോലീസിലേക്ക് എന്നെ വിടുന്നത്. സിറ്റി പോലീസിനു ശേഷം മുകേഷേട്ടന്റെ തിരക്കഥയിൽ തലമുറ എന്ന കെ. മധുവിന്റെ ചിത്രത്തിലും വർക്കു ചെയ്തിരുന്നു. അന്നത്തെ എഴുത്തുകാരുടെ പ്രത്യേകത അവർ ലൊക്കേഷനിലേക്കു വരില്ല എന്നതാണ്. മുകേഷേട്ടനും അങ്ങനെയാണ്. മധുച്ചേട്ടന് എപ്പോഴും രചയിതാവ് കൂടെ വേണം. തിരക്കഥയിലെ സംശയം തീർക്കുന്നതിനും തിരുത്തിനുമൊക്കെ മുകേഷേട്ടൻ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പിറ്റേന്നത്തേക്കുള്ള എഴുത്തുമായിട്ട് ഞാൻ രാത്രിയിലിരിക്കുമ്പോൾ എന്റെയൊപ്പം കൂട്ടിരിക്കുന്ന ഒരാളുണ്ട്. ഇന്നത്തെ സംവിധായകൻ ജിബു ജേക്കബ്. അവൻ സിനിമയിൽ അസിസ്റ്റന്റ് കാമറാമാനാണ്. പിറ്റേന്നു ഷൂട്ടിങ്ങിൽ താരങ്ങളുടെ സംഭാഷണങ്ങളിൽ ഞാനെഴുതിയ വാചകങ്ങളും കാണും. അവർ അതു പറയുമ്പോൾ പിന്നിൽ ഞാൻ അതുകേട്ട് കോരിത്തരിച്ചിരിക്കും. ഞാനെഴുതിയ സംഭാഷണങ്ങൾ എനിക്കും ജിബുവിനും മാത്രമായിരിക്കും അറിയുന്നത്. പിന്നീട് ബൈജു കൊട്ടാരക്കരയ്ക്കൊപ്പം കമ്പോളം, കുടമാളൂർ രാജാജി അസോസിയേറ്റ് ആയിരുന്ന ബാലു കിരിയത്തിന്റെ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രം ചെയ്തു.



കൂട്ടുകെട്ടിലേക്ക്

ബാലു കിരിയത്തിന്റെ ചിത്രത്തിൽ വർക്കു ചെയ്യുമ്പോഴാണ് സിബിയെ പരിയപ്പെടുന്നത്. ബാലു കിരിയത്തിന്റെ ആളാണ് സിബി. അസോസിയേറ്റ് ഡയറക്ടറായിരുന്ന രാജാജിക്കു കൂടെ നിർത്താൻ സിബിക്ക് എതിരാളിയായിട്ടാണ് എന്നെ കൊണ്ടു വന്നിരിക്കുന്നത്. ആ ചിത്രത്തിനു ശേഷം കല്യാൺജി ആനന്ദ്ജി, കളമശേരിയിൽ കല്യാണയോഗം തുടങ്ങിയ ബാലു കിരിയത്തിന്റെ ചിത്രങ്ങൾ ചെയ്യുന്നത് ഞങ്ങൾ ഒന്നിച്ചാണ്. ഇതൊക്കെ സംഭവിക്കുന്നത് തൊണ്ണൂറിന്റെ പാതി കാലഘട്ടത്തിലാണ്.

സന്ധ്യാമോഹന്റെ പള്ളി വാതുക്കൾ തൊമ്മിച്ചനിൽ വെച്ചാണ് ആദ്യമായി സ്വതന്ത്രമായി ഷൂട്ടിംഗ് യൂണിറ്റും കാമറയും നമുക്കു കിട്ടുന്നത്. കുറച്ചു റിയാക്ഷൻസും ഒരു സീനും വേണം എന്നു സന്ധ്യാ മോഹൻ പറഞ്ഞു. അദ്ദേഹവും സിബിയും ഡബ്ബിംഗും മറ്റുമായി തിരക്കിലാണ്. സിനിമയുടെ ലെംഗ്തും മറ്റും ഒരു പിടിയില്ലാത്ത സമയമാണ്. അതും ഫിലിമിലാണ് ഷൂട്ട്. നമ്മുടെ കഴിവ് കാണിച്ചു കൊടുക്കണമെന്നാണ് മനസിൽ ഞാൻ രണ്ടു ദിവസം കൊണ്ട് 2000 അടിയൊക്കെ ഷൂട്ടു ചെയ്തു കൊണ്ടു വന്നു. അതിൽ നിന്നു സിനിമയിലേക്ക് എടുത്തത് മൊത്തത്തിൽ 50 അടിയും!

ഞാനും സിബിയും അപ്പോഴേക്കും നല്ല കൂട്ടായിരുന്നു. മനോജ് കെ. ജയൻ അന്നു ഹീറോയാണ്. ഞങ്ങളുമായി നല്ല അടുപ്പമാണ്. ഞങ്ങൾ രണ്ടുപേരും കൂടി സംവിധാനം ചെയ്യുമെങ്കിൽ മനോജ് ഡേറ്റ് തരാമെന്നു പറഞ്ഞു. അങ്ങനെയാണ് ഉദയകൃഷ്ണ– സിബി കെ തോമസ് കൂട്ടുകെട്ട് ഉണ്ടാകുന്നത്. അതിനുവേണ്ടി ഒരു തിരക്കഥ ഉണ്ടാക്കാനും നിർമാതാവിനെ തപ്പിയും ഞങ്ങൾ ഒരുപാട് നടന്നു. ഇതിനിടയിൽ സന്ധ്യാ മോഹന്റെ ആവശ്യപ്രകാരമാണ് അദ്ദഹത്തിന്റെ ഒരു ചിത്രത്തിനു വേണ്ടി ഞങ്ങൾ രണ്ടു പേരും കൂടി എഴുതുന്നത്. അതായിരുന്നു ഹിറ്റലർ ബ്രദേഴ്സ്. ഞങ്ങളുടെ മനസിൽ എന്നും സിനിമ സംവിധാനമാണുള്ളത്. ഒന്നിച്ച് തിരക്കഥ രചന മനസിലില്ല. ഒരു സിനിമ ഒന്നിച്ചു സംവിധാനം ചെയ്തിട്ടു പിന്നീട് സ്വതന്ത്രമായി ചെയ്യണം എന്നാണ്. അതിനുവേണ്ടിയായിരുന്നു പേരു പോലും സെപ്പറേറ്റ് കൊടുത്തിരുന്നത്.

മേൽവിലാസം ഉണ്ടാകുന്നു

പിന്നീടാണ് സംവിധായകൻ ജോസ് തോമസ് വിളിക്കുന്നത്. ദിലീപ് ഡേറ്റു കൊടുത്തിരിക്കുകയാണ്. അദ്ദേഹത്തിനു കഥയുണ്ട്. പക്ഷെ, എഴുതാനാളില്ല. മലയാളത്തിലെ പലരും പരീക്ഷിച്ചു പിന്മാറിയതാണെന്ന്. അങ്ങനെയാണ് അതെഴുതാമെന്ന് തിരുമാനിക്കുന്നത്. അപ്പോഴാണ് ബാലു കിരിയത്ത് വിളിച്ചിട്ട് അദ്ദേഹത്തിനു വേണ്ടി തിരക്കഥ എഴുതാമൊ എന്നു ചോദിക്കുന്നത്. ആ ചിത്രമായിരുന്നു മായാജാലം. ഈ ചിത്രം കഴിഞ്ഞപ്പോഴാണ് ദിലീപ് ചിത്രത്തിന് എഴുത്ത് നടക്കുന്നത്. അപ്പോൾ മറ്റൊന്ന്, ദിലീപ് ഡേറ്റു തരുന്നില്ല. അദ്ദേഹം തിരക്കഥ മുഴുവൻ കണ്ടാലെ ഡേറ്റു തരുകയുള്ളു എന്ന്. അതു നമുക്കും വലിയ വിഷമമായി. ഒന്നിച്ചു വന്നവരാണ് ഞങ്ങൾ എല്ലാവരും. ദിലീപിനെ കമലിന്റെ അസിസ്റ്റന്റായിരുന്ന കാലം മുതൽ അറിയുന്നതാണ്. അങ്ങനെയെങ്കിൽ ദിലീപ്ചിത്രം വേണ്ട എന്നുതന്നെ വെച്ചു. അപ്പോഴേക്കും സന്ധ്യാമോഹന്റെ അമ്മ അമ്മായിഅമ്മ എന്ന സിനിമയ്ക്കു ഞങ്ങൾ എഴുതിയിരുന്നു. അതു സൂപ്പർഹിറ്റായി. അമ്മ അമ്മായിഅമ്മ റിലീസാകുന്നതിനു മുമ്പാണ് ജോസ് തോമസിനു വേണ്ടി ബാലു കിരിയത്തിന്റെ അനുജന്മാർ നിർമിക്കുന്ന ഒരു ചിത്രത്തിനു വേണ്ടി എഴുതാൻ തയാറാകുന്നത്. ആ ചിത്രത്തിനു പേരുണ്ട്, പക്ഷെ കഥയില്ല. അതു നമ്മൾകണ്ടെത്തണം. അതാണ് മാട്ടുപ്പെട്ടി മച്ചാൻ. വീണ്ടും തിരക്കഥ രചനയിലേക്കു തന്നെ തിരിയുകയാണ്. നമ്മുടെ ആദ്യത്തെ വലിയ വിജയമായിരുന്നു മാട്ടുപ്പെട്ടി മച്ചാൻ. പിന്നീട് മീനാക്ഷിക്കല്യാണം, പേരിടാത്ത ചിത്രം സിനിമകളൊക്കെ നടന്നു. സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും അന്നു സാമ്പത്തികമായി വലിയ പുരോഗതിയൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല.

രണ്ടാം ജന്മം

ഞങ്ങളുടെ സംവിധാന മോഹം മനസിൽ അപ്പോഴും കിടക്കുകയാണ്. അങ്ങനെയിരിക്കെയാണ് ബാലുകിരിയത്ത് നിർമിക്കുന്ന ഒരു ചിത്രം. മമ്മൂട്ടി നായകൻ. ഞങ്ങൾ സംവിധാനം ചെയ്യുന്നു. പേര് വാളയാർ ചെക്ക്പോസ്റ്റ്. മമ്മൂട്ടിയോട് കഥ പറയാൻ പോയത് മേഘം സിനിമയുടെ സെറ്റിലാണ്. അവിടെ വെച്ച് ദിലീപിനെ വീണ്ടും കണ്ടു. ദിലീപ് ഞങ്ങളോട് ചോദിക്കുകയാണ് നമ്മുടെ ചിത്രം എന്തായി എന്ന്. ദിലീപ് ആദ്യം ഡേറ്റു തരു, പിന്നീട് തിരക്കഥ തരാം എന്നാണു നിലപാടെന്നു ഞങ്ങളും. പക്ഷെ ഞങ്ങളുടെ വാളയാർ ചെക്ക്പോസ്റ്റ് നടന്നില്ല. അതിനുശേഷം ദിലീപ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കി. ജോസ് തോമസ് തിരക്കഥ പൂർത്തിയായെന്നു പറഞ്ഞിട്ട് അതു വായിക്കാൻ ദിലീപ് എത്തി. സത്യത്തിൽ ആ സിനിമ ചെയ്യാൻ വലിയ താൽപര്യമില്ലാതെയാണ് ദിലീപ് തിരക്കഥ വായിക്കാൻ എത്തിയതുതന്നെ. മുഴുവൻ വായിച്ചപ്പോൾ ദിലീപിനു തിരക്കഥ ഇഷ്ടപ്പെട്ടു. അടുത്തമാസം തുടങ്ങിക്കോളാൻ പറഞ്ഞു. അങ്ങനെയാണ് ഉദയപുരം സുൽത്താൻ നടക്കുന്നത്. ആ ചിത്രത്തിന്റെ അസോസിയേറ്റായിരുന്നു ജോണി ആന്റണി. അതൊരു രണ്ടാം ജന്മമായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്നുമാണ് ദിലീപുമായുള്ള സൗഹൃദം ആരംഭിക്കുന്നത് തന്നെ. ഇതിനിടയിൽ ഒരു ടെലിഫിലിമിനും ഞങ്ങൾ തിരക്കഥ ഒരുക്കിയിരുന്നു. പിന്നീടാണ് ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്, സുന്ദര പുരുഷൻ, മലയാളി മാമനു വണക്കം, മാജിക് ലാംപ് എന്നീ ചിത്രങ്ങൾ ചെയ്യുന്നത്.

വാളയാർ ചെക്ക്പോസ്റ്റ്, മമ്മൂക്ക തന്നെ നായകൻ. വീണ്ടും സംവിധാനമോഹം മനസിൽ ഉദിച്ചു. ചർച്ചയെല്ലാം നടന്നെങ്കിലും നിർമാതാവ് പിൻമാറിയതോടെ വീണ്ടും ചിത്രം പ്രതിസന്ധിയിലായി. പലരും ചിത്രം നിർമിക്കാനെത്തിയെങ്കിലും ഒന്നും മുന്നോട്ട് പോയില്ല. അതിനു ശേഷമാണ് ജോണി ആന്റണിക്കു വേണ്ടി സിഐഡി മൂസ ചെയ്യുന്നത്. പുലിവാൽകല്യാണം എഴുതുന്ന സമയത്താണ് വാളയാർ ചെക്ക്പോസ്റ്റിന്റെ കഥ ജോണി ആന്റണി പറഞ്ഞിട്ട് ദിലീപ് കേൾക്കുന്നത്. അങ്ങനെയാണ് ജോഷി സാറിനോട് ആ പ്രോജക്ടു പറയുന്നതും റൺവേ സിനിമ നടക്കുന്നതും. റൺവേ മറ്റു ഭാഷയിലേക്കു റൈറ്റ്സൊക്കെ വിറ്റതായിരുന്നു. തമിഴിൽ ബിഗ് ബഡ്ജറ്റിൽ വിക്രമിനെ വെച്ച് ആ ചിത്രം പ്ലാൻ ചെയ്തിരുന്നതാണ്. പക്ഷെ നടന്നില്ല. പിന്നീടാണ് ദിലീപ്–പ്രിയദർശൻ ചിത്രം വെട്ടത്തിനു എഴുതുന്നത്.

ട്വന്റി 20: വഴിത്തിരിവ്

ലയൺ, തുറുപ്പുഗുലാൻ, ഇൻസ്പെക്ടർ ഗരുഡ്, ജൂലൈ 4 എന്നീ ചിത്രങ്ങളാണ്പിന്നാലെയെത്തുന്നത്. പിന്നീട് ചെയ്യുന്ന ചിത്രമാണ് ട്വന്റി20. അത്ര വലിയൊരു പ്രോജക്ടാണ് അത്. ദിലീപാണ് ആ ചിത്രം ഏറ്റെടുത്തു ചെയ്യുന്നത്. മറ്റൊരു രസമുള്ള കാര്യം ജൂലൈ 4 നു വേണ്ടി ആദ്യമെടുത്ത കഥയാണ് ട്വന്റി 20 എന്ന സിനിമ. അതു ദിലീപിനെയും ഇന്ദ്രജിത്തിനെയും വെച്ചു ചെയ്യാം എന്നതായിരുന്നു പ്ലാൻ. എന്നാൽ അന്നു ആ കഥ ദിലീപിനും ജോഷിയേട്ടനും അത്ര ഇഷ്ടമായില്ല. അങ്ങനെയാണ് പുതിയ കഥയിൽ ജൂലൈ 4 സംഭവിക്കുന്നത്. പക്ഷെ ജൂലൈ 4ന്റെ പരാജയം ട്വന്റി20യുടെ തിരക്കഥ എഴുതാൻ ധൈര്യം നൽകിയില്ല. പിന്നീട് ദിലപീന്റെ പിന്തുണയൊക്കെയാണ് ആ ചിത്രത്തിനെ പൂർത്തിയാക്കാൻ സാധിച്ചത്. എനിക്കും സിബിക്കും ദിലീപിനുമുള്ള വിശ്വാസമായിരുന്നു ആ ചിത്രം.

വൈശാഖുമായ്

ജോണിയുടെ അസിസ്റ്റന്റായിരുന്ന സമയം മുതൽ തന്നെ വൈശാഖുമായി അടുപ്പമുണ്ടായിരുന്നു. നരേനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ വൈശാഖ് ഒരു തിരക്കഥ പൂർത്തിയാക്കി വച്ചിരിക്കുകയാണ്. പക്ഷേ അതു കുറച്ചുകൂടി അക്കാഡമിക് രീതിയിലുള്ളൊരു ചിത്രമാണ്. അതിൽ നിന്നുമാറി ആദ്യ സിനിമ കുറച്ചു മാസ് എന്ന നിലയിൽ ചെയ്യാമെന്നു തീരുമാനിച്ചു. വൈശാഖിനു വേണ്ടി ഒരുക്കുന്ന ലൗ സ്റ്റോറി ചിത്രത്തിൽ ഗസ്റ്റ് റോൾ കിട്ടുമോ എന്നറിയാൻ വേണ്ടിയാണ് ഞങ്ങൾ മമ്മൂക്കയെ കാണുന്നത്. മമ്മൂക്ക ഗസ്റ്റ് ചെയ്യുന്നില്ല എന്നു ആദ്യമെ പറഞ്ഞു. എന്തായാലും കഥ പറയാൻ പറഞ്ഞു. കഥ കേട്ടു കഴിഞ്ഞപ്പോൾ ഗസ്റ്റായിട്ടല്ല സിനിമയിൽ മുഴുവനായി മമ്മുക്ക എത്താമെന്നു സമ്മതിച്ചു. അങ്ങനെയാണ് പോക്കിരിരാജ എന്ന ചിത്രം ഉണ്ടാകുന്നത്. ആ സമയം നരേനും പൃഥ്വിരാജും റോബിൻഹുഡിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നരേനാണ് പോക്കിരിരാജയിലേക്കു പൃഥ്വിയെ റെക്കമന്റു ചെയ്യുന്നത്.

പോക്കിരിരാജയ്ക്കു ശേഷം കാര്യസ്തൻ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ ചെയ്തിരുന്നു. ജോസ് തോമസുമായി വലിയൊരു ഗ്യാപ് ഉണ്ടായപ്പോഴാണ് മായാമോഹിനി ഉണ്ടാകുന്നത്. പിന്നാലെ ശൃംഗാരവേലൻ. ആ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ ഞാനായിരുന്നു. പിന്നീട് വ്യാസന്റെ തിരക്കഥയിൽ ജോഷി–ദിലീപ് ചിത്രം അവതാരം നിർമിച്ചതും ഞങ്ങളായിരുന്നു. സൗഹൃദമാണ് പലപ്പോഴും സിനിമ സംഭവിക്കുന്നതിനു കാരണം. വൈശാഖിന്റെ മല്ലുസിംഗിൽ ഒരു പാട്ടു സീനിൽ അഭിനയിക്കുന്നതുമൊക്കെ അങ്ങനെയാണ്.


പുലിമുരുകൻ എന്ന സിനിമ സംഭവിക്കുന്നത് എങ്ങനെയാണ്?

പോക്കിരിരാജ ചെ യ്തതിനു ശേഷം മുളകുപാടം ഫിലിംസിനു വേണ്ടി ഒരു ചിത്രം ചെയ്യണമെന്നു ആലോചിച്ചിരുന്നു. എന്റെ മനസിൽ ഒരു കഥയുണ്ടായിരുന്നു. പുലിയിറങ്ങുന്ന ഒരു ഗ്രാമം. രക്ഷകനായി ഒരാളെത്തുന്നു. അതിൽ നിന്നുമാണ് പുലിമുരുകന്റെ കഥ ഉണ്ടാകുന്നത്. പിന്നെ കാടിനോട് വളരെ ഇഷ്ടമുള്ള വ്യക്‌തിയാണ് ഞാൻ. അപ്പോൾ അതൊക്കെ മനസിൽ ആ സിനിമയുടെ നിർമാണത്തിനു കാരണമായി. ലാലേട്ടനോട് നേരത്തെ അതു പറഞ്ഞിട്ടുള്ളതാണ്. സിനിമയുടെ കഥ പറയാൻ എളുപ്പമാണ്, പക്ഷെ എങ്ങനെ സിനിമയാക്കും എന്നാണ് ലാലേട്ടൻ ചോദിച്ചത്. അതൊരു ചലഞ്ചായി വൈശാഖനും ഏറ്റെടുത്തു. ഞാനും ഒറ്റയ്ക്കൊരുക്കുന്ന ചിത്രമാണ്, അതൊരു റിസ്കായിരുന്നു. സിനിമ ചെയ്യുമ്പോഴും എല്ലാവർക്കും നല്ല ഭയമുണ്ടായിരുന്നു. പ്രേക്ഷകർ അതു സ്വീകരിച്ചപ്പോഴാണ് ആ ഭയം മാറിയത്.



പുലിമുരുകൻ എന്ന പേര് എങ്ങനെ സിനിമയ്ക്കു ടൈറ്റിലായി?

പുലിയിറങ്ങുന്ന പുലിയൂർ എന്ന ഗ്രാമത്തിന്റെ കഥയാണ് സിനിമ. അവിടെ രക്ഷകനായി എത്തുന്നതാണ് മുരുകൻ. സിനിമയ്ക്കു ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരു പേരായിരുന്നു. മോഹൻലാലാണ് പുലിമുരുകൻ എന്ന പേര് സിനിമയ്ക്കു മികച്ചതെന്നു പറയുന്നത്. അപ്പോൾ തന്നെ ആ പേരു തീരുമാനിച്ചു.

സത്യത്തിൽ ഒരു വെല്ലുവിളിയായിരുന്നില്ലെ ഈ ചിത്രം?

വലിയ പ്രോജക്ട്, ബിഗ് ബജറ്റ്, വലിയ താരനിര. നമുക്കു മുന്നിൽ വെല്ലുവിളി വലിയതായിരുന്നു. പിന്നെ ഏതു സിനിമയും ഉണ്ടാകുന്നത് ഒരു ചെറിയ കഥയിൽ നിന്നുമാണ്. അപ്പോൾ നമ്മൾ ബാക്കി സീൻ മുഴുവൻ നിർമിച്ചെടുക്കണം. ഇവിടെ ദൃശ്യത്തിനും പ്രാധാന്യം കൂടുതലാണ്. അതിനനുസരിച്ചു തിരക്കഥ പൂർത്തിയാക്കണം. പിന്നെ എല്ലാം ശുഭമായി സംഭവിച്ചു.

പുലിമുരുകന്റെ മഹാ വിജയത്തെ എങ്ങനെ കാണുന്നു?

പരാജയം എന്നും നമുക്കും ചുറ്റുമുള്ളവർക്കും ദുഃഖമാണ് നൽകുന്നത്. അതിൽ നിന്നും മോചിതനാവാൻ കുറച്ചേറെ സമയമെടുക്കും. കാരണം അടുത്ത സിനിമ സെറ്റപ്പ് ചെയ്തെടുത്ത് അതു തിയറ്ററിലെത്തി പ്രേക്ഷകർ സ്വീകരിക്കണം. എന്നാൽ ഒരു ചിത്രം വിജയമാകുമ്പോൾ അതു ഭയമാണ് നൽകുന്നത്. കാരണം ഓരോ വിജയവും നമ്മളിലേക്കുള്ള പ്രതീക്ഷ വർധിക്കും. ഇപ്പോൾ പുലിമുരുകന്റെ വിജയം സന്തോഷം പകരുന്നെങ്കിലും അടുത്ത ചിത്രത്തിലേക്ക് അതു ടെൻഷനും നൽകുന്നു.

സൂപ്പർതാര ചിത്രങ്ങളുടെ മാത്രം ഭാഗമായി നിൽക്കുന്നു എന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

പുതുമുഖങ്ങളോടൊപ്പം സിനിമ ചെയ്യാനുള്ള ഒരു അവസരം ഇതുവരെ സാധ്യമായില്ല എന്നതാണ് വാസ്തവം. അങ്ങനെ നമ്മളോട് ഇതുവരെ ആരും ആവശ്യപ്പെട്ടതുമില്ല. പിന്നെ യുവതലമുറ എന്നും നമ്മുടേയും സ്വപ്നമാണ്. കാരണം അവിടെ നമുക്ക് കിട്ടുന്നത് യുവത്വമാണ്. അങ്ങനൊരു പ്രൊജക്ടിനു വേണ്ടി കാത്തിരിക്കുകയാണ് ഞാനും. എന്റെ ഒപ്പമുള്ള എല്ലാവരുടേയും ആഗ്രഹം അതാണ്.

വലിയൊരു പ്രോ ജക്ടായിരുന്ന അരക്കള്ളൻ മുക്കാക്കള്ളന് എന്തു സംഭവിച്ചു?

ഞങ്ങളുടെ ഉള്ളിലെ സംവിധാനമോഹം വീണ്ടും ഉദിച്ച കാലത്താണ് അങ്ങനൊരു സിനിമ ചെയ്യാമെന്നു വിചാരിച്ചത്. ഒരു വലിയ പ്രോജക്ടായിരുന്നു മനസിൽ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് എന്നിവരടങ്ങുന്ന ഒരു വലിയ പ്രോജക്ട്. എല്ലാവരും ഒന്നിച്ചെത്തുക എന്നത് വലിയ ബുദ്ധിമുട്ടാണ്. കാരണം പലരും പല സിനിമയിലാണ്. പിന്നെ ഒരു ട്വന്റി 20 ഇനി സാധ്യമല്ല എന്നു മനസിലാക്കിയതാണ്. അതോടെ ആ ചിത്രം ഉപേഷിച്ചു.

സിബി കെ തോമസ് – ഉദയകൃഷ്ണ ബ്രാൻഡ് നെയിമാണ്. ആ കൂട്ടുകെട്ട് ഇനിയും സാധ്യമാകുമോ?

തീർച്ചയായും. കാരണം ഞങ്ങൾ പ്രശ്നങ്ങളുണ്ടായി തല്ലിപിരിഞ്ഞവരല്ല. സൗഹൃദപരമായി പിരിഞ്ഞു സ്വതന്ത്രമായി സിനിമകൾ ചെയ്യാമെന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തു. അതു ഇപ്പോൾ സാധ്യമായി. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്താവശ്യമുണ്ടെങ്കിലും പരസ്പരം വിളിച്ചു സംസാരിക്കാൻ ഞങ്ങൾ കൈ എത്തും ദൂരത്തുണ്ട്. പിന്നെ സിനിമകൾ സംഭവിക്കുന്നതാണ്. നമുക്ക് പ്രവചിക്കാൻ പറ്റില്ല പലപ്പോഴും.

സിനിമയുടെ ഇതരമേഖലകളിലും താൽപര്യമുണ്ടോ?

സിനിമയിൽ നിർമാണത്തിൽ വളരെ താല്പര്യമുണ്ട്. അതുകൊണ്ടാണ് അവതാരം നിർമിച്ചതു തന്നെ. പിന്നെ ഡിസ്ട്രിബൂഷൻ ഇഷ്ടമാണ്. സിനിമ വ്യവസായമാണല്ലൊ. സൗഹൃദക്കൂട്ടായ്മയുടെ ഒരു ചിത്രമായിരുന്നു അവതാരം. ആ ചിത്രം ഒരു പരാജയമല്ലായിരുന്നു എന്നതാണ് വാസ്തവം.

വാണിജ്യ ഘടകങ്ങളെ ഉൾക്കൊള്ളിച്ചു മാസ് ചിത്രങ്ങളുടെ മാത്രം ഭാഗമായി നിൽക്കുന്നത്?

നമ്മുടെ ചിത്രങ്ങളിൽ കൂടുതലും സ്റ്റാറുകളാണ് എത്തുന്നത്. അപ്പോൾ മുതൽമുടക്കു കൂടുതലായിരിക്കും. അവിടെ പരീക്ഷണ ചിത്രമായി നമുക്ക് സമീപിക്കാൻ പറ്റില്ല. അതു കൊമേഴ്സ്യലായിപ്പോകുന്നു. എല്ലാ നല്ല ചിത്രങ്ങളും തിയറ്ററിൽ പോയി ഞാൻ കാണാറുണ്ട്, ഇഷ്ടപ്പെടാറുണ്ട്. അതിന്റെ ആൾക്കാരെ വിളിച്ച് ഞാൻ അഭിനന്ദിക്കാറുമുണ്ട്. പക്ഷെ ആ ചിത്രങ്ങൾക്ക് മുതൽമുടക്ക് കുറവായിരിക്കും. നമ്മുടെ കൂടെയുള്ളവരുടെ ചിത്രങ്ങളുടെ വിജയത്തിന്റെ ബാധ്യത എന്നതു തന്നെ അതിനെ ആശ്രയിച്ചിരിക്കുന്നു. അമ്പതു ലക്ഷം മുതൽ അമ്പതു കോടിവരെ ബജറ്റിലുള്ള സിനിമകൾ ബിസിനസ് ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. അതിനു ഒരു നല്ല ഉദ്ദേശ്യശുദ്ധി ഉണ്ടാകണം, ആ ഉദ്ദേശ്യശുദ്ധി പ്രേക്ഷകരിലേക്കെത്തുകയും വേണം. ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനു ബജറ്റല്ല, അവനെ രസിപ്പിക്കുക എന്നതാണ് കാര്യം. അതു സിനിമയിൽകൂടി ഒരുക്കുക എന്നതാണ് വേണ്ടത്.

പറഞ്ഞു പഴകിയ കഥകളെപോലും പുതിയ രൂപത്തിലെത്തിച്ചു വിജയിപ്പിക്കുന്നതിലെ മികവ്?

കഥയുടെ പുതുമയേക്കാൾ തിരക്കഥയ്ക്കാണ് സിനിമയിൽ പ്രാധാന്യം. ആദ്യ കാലത്തു സിനിമയുടെ ടൈറ്റിൽ കാണിക്കുന്നിടത്തു കഥ എന്നു മാത്രമാണ് കാണിച്ചിരുന്നത്. എന്നാൽ പിന്നീടത് കഥ, തിരക്കഥ എന്നു കാണിക്കാൻ തുടങ്ങി. അന്നു മുതൽ തിരക്കഥയുടെ പ്രാധാന്യം മനസിലാക്കിത്തുടങ്ങി. സിനിമയിൽ നിന്നും തിരക്കഥയെ വ്യത്യാസമാക്കുന്നതും അതാണ്. നമ്മുടെ ഐതിഹ്യമായ പറഞ്ഞു പഴകിയ വടക്കൻ പാട്ടിലെ ചന്തു, വടക്കൻ വീരഗാഥയിൽ പുതുമയായത് തിരക്കഥാരചനയിലെ വൈവിധ്യം കൊണ്ടാണ്. വൈശാലിയിലും അതു ശ്രദ്ധേയമാണ്. സിനിമ വിസ്മയമാണ്. അവിടെ വിസ്മയിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ ഒരു ദൃശ്യകലയാണ്. അവിടെ തിരക്കഥ മാത്രം മതി. സംഭാഷണം പോലും വേണ്ട. അതു നമ്മുടെ മുന്നേയുള്ളവർ തെളിയിച്ചതുമാണ്. കഥയെ പറഞ്ഞു ഫലിപ്പിക്കുന്നതിലെ വ്യത്യസ്തതയാണ് പ്രധാനം. കാരണം ഒട്ടുമിക്ക മനുഷ്യരുടേയും ജീവിത സങ്കൽപങ്ങൾ എല്ലാം ഒന്നു തന്നെയാണ്. അവിടെ വ്യക്‌തികൾ മാത്രമാണ് മാറുന്നത്. അതു എത്ര തലമുറകൾ കഴിഞ്ഞാലും അങ്ങനെയാണ്. അതിനെ കാലത്തിനനുസരിച്ച് എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം.

ഇന്നു മലയാള സിനിമയിൽ കാണുന്ന ചില വൃത്തങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

അതു ഇന്നു മാത്രമല്ല. എന്നും സിനിമയിലുള്ളതാണ്. ഓരോ കാലഘട്ടത്തിനും അനുസരിച്ച് ഉണ്ടായിരുന്നു. ഭരതൻ– പത്മരാജൻ കാലഘട്ടവും ഒപ്പം ബക്കർ പോലുള്ളവരുടെ സിനിമകൾ അന്നത്തെ കാലത്ത് സമാന്തരമായി സഞ്ചരിച്ചതാണ്. അപ്പോഴും മാറ്റമില്ലാതെ സംഭവിക്കുന്നത് സൂപ്പർസ്റ്റാറുകൾക്കാണ്. അവർ ഇക്കാലയളവിൽ എത്രമാത്രം സിനിമകൾ ചെയ്തിരിക്കുന്നു. ഇപ്പോഴും പുതുമ തേടിയുള്ള അന്വേഷണമാണ് അവരെ ഇന്നും മുന്നോട്ടു നയിക്കുന്നത്.

മലയാള സിനിമയിലെ പുതിയ തലമുറയെ ശ്രദ്ധിക്കാറുണ്ടോ?

പുതിയ തലമുറയിലെ പലരും നല്ല ഇരുത്തം വന്നവരാണ്. വിനീത് ശ്രീനിവാസൻ, മാർട്ടിൻ പ്രക്കാട്ട്, എബ്രിഡ് ഷൈൻ, ജൂഡ് ആന്റണി പോലെയുള്ള പുത്തൻ തലമുറ എടുക്കുന്ന സിനിമകൾ എത്രമാത്രം പുതുമയുള്ളതാണ്. അവരുടെ ഓരോ ചിത്രവും അതു കാണിച്ചു തരുന്നു. ചെറിയ വിഷയമായിരിക്കും, പക്ഷെ എത്ര മനോഹരമായി അവർ സിനിമയാക്കുന്നു. ബന്ധങ്ങളുടെ ആഴം, അതിന്റെ തീവ്രതയാണ് അവരുടെ സിനിമയിലും എത്തുന്നത്. നമ്മുടെ കലാകാരന്മാർക്കുള്ള വിശാലത ഇന്നു സിനിമയിൽ കിട്ടുന്നു. കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ജയസൂര്യയും അടക്കമുള്ളവർ സിനിമയിൽ ഇന്നും നിൽക്കുന്നു. ആരെയും തള്ളിക്കളയാനൊക്കില്ല. കാരണം താരങ്ങൾക്കായി പല സിനിമകളും കാത്തിരിക്കുകയാണ്. ഇനിയും എത്രയോ നല്ല താരങ്ങൾ മലയാള സിനിമയിൽ എത്താനിരിക്കുന്നു.



അത്രത്തോളം വലിയ വാണിജ്യ മേഖലയാണോ മലയാള സിനിമ?

ഇന്ത്യയുടെ മറ്റു സംസ്‌ഥാനങ്ങളെ അപേഷിച്ച് വലുപ്പത്തിൽ നമ്മൾ പിറകിലാണ്. എന്നാൽ സിനിമ പ്രേക്ഷകരുടെ കാര്യത്തിൽ നമ്മൾ മുന്നിലാണ്. കേരളത്തിലെ സിനിമ സാറ്റ്ലൈറ്റ് റേറ്റും തമിഴ് സിനിമകളുടെ സാറ്റ്ലൈറ്റ് റേറ്റും തമ്മിൽ വലിയ വ്യത്യാസമില്ല എന്നതു തന്നെ നോക്കു. സൂപ്പർതാര ചിത്രങ്ങൾക്കുള്ള സാറ്റ് ലൈറ്റ് റേറ്റ് പോലും ഒരുപോലെയാണ്. ഇവിടെയാണ് പ്രേക്ഷകരുടെ എണ്ണത്തിലുള്ള വ്യത്യാസം. ടിവി കാണുന്നവരുടെ എണ്ണം കേരളത്തിലാണ് കൂടുതൽ. അവിടെ ജനസംഖ്യയിലും വിസ്തൃതിയിലുമുള്ള ഏറ്റക്കുറച്ചിലാണ് തിയറ്റർ കളക്ഷൻ അത്രയും കൂടുവാൻ കാരണം. ഈ ചെറിയ പ്രദേശത്തു നിന്നുമാണ് നമ്മൾ ഒരു വർഷം നൂറ്റമ്പതോളം സിനിമ ഇറക്കുന്നത്. ഹിന്ദി, തമിഴ്, തലുങ്ക് സിനിമ മേഖല കഴിഞ്ഞാൽ ഏറ്റവും ശക്‌തമായ മേഖല നമ്മുടെ മലയാളമാണ്. ഓരോ വർഷവും ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ നമ്മുടെ കലാകാരന്മാർ എത്രയോ പേർ അതു കരസ്‌ഥമാക്കുന്നു. നമ്മുടെ സ്വഭാവ നടന്മാരും നായകന്മാരും അടക്കം എല്ലാവരും സംസ്‌ഥാന– ദേശീയ പുരസ്കാരം സ്വന്തമാക്കിയവരാണ്. നമ്മുടെ സിനിമ മേഖല എത്രമാത്രം ശക്‌തമാണെന്ന് അതുതന്നെ തെളിയിക്കുന്നു.

ഇപ്പോൾ സിനിമയ്ക്കു സുവർണ കാലഘട്ടമാണോ?

ഇനിയുള്ള കുറച്ചു നാൾ മലയാള സിനിമയ്ക്കു മികച്ച നാളുകളാണ്. സിനിമയുടെ വളർച്ചയ്ക്കും വ്യവസായത്തിനും എല്ലാം മികച്ച നേട്ടമായിരിക്കും സംഭവിക്കാൻ പോകുന്നത്. എന്നാൽ കുറച്ചു നാളു കഴിയുമ്പോൾ സിനിമയ്ക്കുള്ള മുടക്കു മുതൽ വർധിക്കും. അപ്പോൾ പ്രതിസന്ധി ഉണ്ടായേക്കാം. എങ്കിലും തിയറ്ററുകളുടെ എണ്ണം കൂടുകയാണ്. മൾട്ടി പ്ലക്സ് അടക്കം ടിക്കറ്റ് ചാർജ് നോക്കാതെ പ്രേക്ഷകർ തിയറ്ററിലെത്തുന്നു. അതു സിനിമയക്കു നല്ലതാണ്.

രണ്ടു പതിറ്റാണ്ടിന്റെ അനുഭവത്തിൽ നിന്നു പുത്തൻ സിനിമ പ്രവർത്തകരോട് പറയാനുള്ളത് എന്താണ്?

റിലീസിംഗ് തീയതി തീരുമാനിച്ചതിനു ശേഷമുള്ള ഷൂട്ടിംഗും ആ ഡെയ്റ്റ് മുന്നിൽ വെച്ചുകൊണ്ടുള്ള എഴുത്തും പിന്നീടുള്ള പാച്ചിലും സിനിമയുടെ ഗുണത്തെ ബാധിക്കും. അപ്പോൾ പൂർണ സംതൃപ്തി വന്നതിനു ശേഷം മാത്രം ഷൂട്ടു തുടങ്ങുക. ഒപ്പം മികച്ച രീതിയിൽ മാർക്കറ്റു ചെയ്തതിനു ശേഷം മാത്രം തിയറ്ററിലെത്തിക്കുക. പുലിമുരുകന്റെ വിജയ ഘടകങ്ങളിലൊന്ന് ഇതായിരുന്നു. ഇവിടെ നല്ല സിനിമകൾ പലതും തിയറ്ററിൽ വിജയമാകാത്തതിന്റെ കാരണം പ്രീ പബ്ലിസിറ്റിയിലും മാർക്കറ്റിംഗിലും സംഭവിക്കുന്ന പാളിച്ചയാണ്. കാരണം സിനിമ തിയറ്ററിലെത്തുന്ന കാര്യം പ്രേക്ഷകർ അറിയുന്നില്ല. പിന്നീട് ടീവിയിലെത്തുമ്പോഴാണ് ഇതു നല്ല സിനിമയാണല്ലൊ എന്നു പ്രേക്ഷകർ പറയുന്നത്.

പുലിമുരുകൻ മലയാള സിനിമയുടെ വാണിജ്യമേഖലയെ വളർത്താൻ കാരണമാകുമോ?

രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു മലയാള സിനിമ 60 കോടി രൂപ ഗ്രോസ് നേടുക എന്നതു എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ്. അപ്പോൾ പരീക്ഷണമായും, ബിഗ് ബജറ്റായും സിനിമയുമായി വന്നാൽ ഇവിടെ അതിനു പറ്റിയ വാണിജ്യ മേഖലയുണ്ടെന്നു ഈ ചിത്രം കാണിച്ചു തരുന്നു. പ്രേക്ഷകരെ സിനിമ വിസ്മയിപ്പിച്ചാൽ അവർ അതിനെ പിന്തുണയക്കുമെന്നത് ഇപ്പോൾ എല്ലാവർക്കും ഉറപ്പായിരിക്കുന്നു.

–ലിജിൻ കെ. ഈപ്പൻ