ഞാൻ കമാലിനി
ഞാൻ കമാലിനി
Thursday, November 24, 2016 6:16 AM IST
പുലിമുരുകൻ തരംഗമായി തുടരുമ്പോൾ ചിത്രത്തിലെ നായിക കമാലിനി മുഖർജിയേയും മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാലിനൊപ്പം മൈന എന്ന കഥാപാത്രമായി ആടിത്തകർത്ത കമാലിനി തെലുങ്കിലാണ് കൂടുതൽ ചിത്രങ്ങളിലഭിനയിച്ചിട്ടുള്ളത്. കുട്ടിസ്രാങ്ക്, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുമ്പേ പരിചിതയായ കമാലിനിയുടെ വിശേഷങ്ങളിലേയ്ക്ക്....

ഫ്ളാഷ് ബാക്ക്

കോൽക്കത്തയിലാണ് ഞാൻ ജനിച്ചത്. അച്ഛൻ മറൈൻ എൻജിനിയറായിരുന്നു. അമ്മ ജൂവലറി ഡിസൈനറും. അഭിനയം ചെറുപ്പത്തിൽ തന്നെ എനിക്കു ഹരമായിരുന്നു. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ തന്നെ അമച്വർ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഒപ്പം പെയിന്റിംഗ്, കവിത എഴുത്ത് എന്നിവയും ഉണ്ടായിരുന്നു. വളരെക്കാലം ഭരതനാട്യം ശാസ്ത്രീയമായി അഭ്യസിച്ചു.

സിനിമയിൽ ആദ്യമായി

എന്റെ പരസ്യ ചിത്രങ്ങൾ കണ്ടാണ് ഫിർ മിലേംഗേ എന്ന ഹിന്ദിചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. അതായിരുന്നു എന്റെ ആദ്യ സിനിമ. 2004ൽ ആയിരുന്നു അത്. പിന്നീട് തെലുങ്കിൽ നിന്നും അവസരങ്ങൾ വന്നു തുടങ്ങി. ആനന്ദ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയായിരുന്നു തെലുങ്കിലെ തുടക്കം. ഒട്ടേറെ അവാർഡുകൾ നേടിയ ചിത്രമായിരുന്നു അത്. എന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തെ ഏറെ സ്നേഹിക്കുന്നു

ഷാജി. എൻ കരുൺ ആണ് എന്നെ മലയാളത്തിലേക്ക് ക്ഷണിക്കുന്നത്. മലയാളസിനിമയെക്കുറിച്ച് നല്ല ധാരണ എനിക്കുണ്ടായിരുന്നു. കുട്ടിസ്രാങ്കിലെ പമേണ എന്ന ഫോർട്ടുകൊച്ചിക്കാരി കഥാപാത്രത്തിന്റെ സാധ്യതകളെല്ലാം ഷാജിസാർ പറഞ്ഞു മനസിലാക്കി തന്നു. വ്യത്യസ്തമായ കഥയും പശ്ചാത്തലവും വേഷവുമെല്ലാം ആദ്യം എന്നെ ഒന്നമ്പരിപ്പിച്ചെങ്കിലും പിന്നീട് വളരെ ആസ്വദിച്ചാണ് ആ ചിത്രത്തിൽ അഭിനയിച്ചത്.

അഭിനയമോഹം കലശലായപ്പോൾ

കോൽക്കത്തിയിലെ ലെറന്റോ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ന്യൂഡൽഹിയിലെത്തി. പക്ഷേ പകുതി വച്ച് നിറുത്തി. എന്റെ അഭിനയമോഹം തന്നെ കാരണം. എങ്ങനേയും ഈ രംഗത്തേക്കു വരണമെന്ന ആഗ്രഹത്താൽ മുംബൈയിൽ തിയറ്റർ ആർട്സ് കോഴ്സിനു ചേർന്നു. അത് എനിക്ക് തിയറ്റർ പെർഫോമൻസിനു വഴി തുറന്നു. നിരവധി തിയററർ നാടകങ്ങളിൽ പങ്കെടുത്തു. ഒപ്പം മോഡലിംഗും തുടങ്ങി.


പുലിമുരുകൻ എന്റേയും ഭാഗ്യം

പുലിമുരുകൻ കേരളത്തിൽ ഉയർത്തുന്ന തരംഗം ഞാനും അറിയുന്നുണ്ട്. മുംബൈയിലും കോൽക്കത്തിലുമൊക്കെ പലരും ഈ സിനിമയെക്കുറിച്ച് പറയുന്നു. അത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ അഭിനയ ജീവിത്തത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. ലാലേട്ടനോടൊപ്പമുള്ള അഭിനയം അത് വലിയൊരു എക്സ്പീരിയൻസായിരുന്നു. കൂടെയുള്ള ആർട്ടിസ്റ്റുകളെ കെയറു ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന കലാകാരനാണ് അദ്ദേഹം. എത്ര നാച്വറലായ ഒരു ആക്ടറാണ് അദ്ദേഹം. അത്ഭുതത്തോടെയാണ് അദ്ദേഹത്തിന്റെ അഭിനയത്തെ ഞാൻ നോക്കിയിരുന്നത്.

കാട്ടിലെ ചിത്രീകരണം അവിസ്മരണീയം

പുലിമുരുകന്റെ കാട്ടിലെ ചിത്രീകരണ ദിവസങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. കോൽക്കത്ത നഗരത്തിൽ ജനിച്ചു വളർന്ന എനിക്ക് കാടിന്റെ ഭംഗിയും വന്യതയും ഇത്രത്തോളം ആസ്വദിക്കാൻ മറ്റൊരു അവസരം ഉണ്ടായിട്ടില്ല. ഓരോ ദിവസവും ലൊക്കേഷനിലേക്ക് കാട്ടിൽ കൂടി നടന്നാണ് ഞങ്ങൾ പോയത്. പലപ്പോഴും ജീപ്പിനുപോലും പോകാൻ സാധിക്കാത്ത ഉൾക്കാടുകളിലായിരുന്നു ചിത്രീകരണം. പുലിയുടെ ശബ്ദം പലപ്പോഴും കേട്ടിട്ടുണ്ട്. ആനയുടെ കാൽപ്പാടുകളും കണ്ടു. പക്ഷേ യൂണിറ്റിലെല്ലാവരും ഒറ്റക്കെട്ടായി നിന്ന് വലിയൊരു സംരംഭത്തിനുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. അതുകൊണ്ട് ഭയമൊന്നും ഞങ്ങളെ പിടികൂടിയില്ല.

പ്രിയപ്പെട്ട തെലുങ്ക്

തെലുങ്ക് സിനിമയാണ് എനിക്ക് ഏറ്റവും അവസരങ്ങൾ നൽകിയത്. ഗ്ലാമർ ലോകമാണെങ്കിലും എനിക്ക് ഒട്ടേറെ മികച്ച അവസരങ്ങൾ അവർ തന്നു. കന്നടയിലും തമിഴിലും മലയാളത്തിലുമൊക്കെ അഭിനയിച്ചെങ്കിലും തെലുങ്ക് സിനിമയാണ് എന്നിലെ അഭിനേത്രിയെ ഏറ്റവും പ്രോൽസാഹിപ്പിച്ചത്. തമിഴിൽ വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ കമലാഹാസനൊപ്പം ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാനായി.