ഹദിയ
ഹദിയ
Friday, November 25, 2016 7:13 AM IST
നിഷാൻ, അമീർ നിയാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനംചെയ്യുന്ന ഹദിയ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. എത്തിക്കൽ എന്റർടെയ്ൻമെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ബാനറിൽ അയൂബ് കേച്ചേരി നിർമിക്കുന്ന ഈ ചിത്രത്തിൽ പെരുച്ചാഴി ഫെയിം രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവർ നായികമാരാകുന്നു.

എസ്.പി. ശ്രീകുമാർ, സുധീർ കരമന, അലൻസിയർ, പി. ബാലചന്ദ്രൻ, സുജിത്, പ്രദീപ് കോട്ടയം, ജയകുമാർ, ധർമജൻ ബോൾഗാട്ടി, അനീഷ് രവി, വിനോദ് കോവൂർ, സജിത മഠത്തിൽ, കെ.പി.എ.സി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു.

ബ്രഹ്മ അറിയപ്പെടുന്ന ആർക്കിടെക്ട് ആണ്. യുവതലമുറയിലെ ജീവിതശൈലിയിൽ ആർഭാടപൂർവം കഴിയുന്ന ബ്രഹ്മ വളരെ യാദൃച്ഛികമായി സാറ എന്ന പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. ഇവർ വിവാഹിതരായെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ആയതിനാൽ വീട്ടുകാർ സഹകരിച്ചില്ല. ബ്രഹ്മയ്ക്ക് അമ്മ മാത്രമേയുള്ളു. കാലം ഏറെ കഴിഞ്ഞിട്ടും ബ്രഹ്മ– സാറ ദമ്പതികൾക്ക് കുട്ടികൾ പിറക്കാത്തതിനാൽ വലിയ വിഷമത്തിലായി. ഇതിനിടയിൽ കുട്ടികളെ ദത്തെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.




ആ ശ്രമങ്ങൾക്കിടയിലാണ് ഖദീജയെ പരിചയപ്പെടുന്നത്. പണ്ട് ഇർഷാദിനെ വിവാഹം കഴിച്ച് യു.പിയിൽ പോയതാണ്. മൈസൂർ വിവാഹമായിരുന്നു. വിവാഹത്തിനുശേഷം ദുരിത ജീവിതമായിരുന്നു ഖദീജയുടേത്. യു.പിയിലെ കലാപത്തെത്തുടർന്ന് കേരളത്തിലെത്തിയ ഖദീജയെ ഒരു പ്രത്യേക സാഹചര്യത്തിൽ ബ്രഹ്മ വിവാഹം കഴിക്കുന്നു. തുടർന്നു മൂന്നുപേരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഹദിയയിൽ ഉണ്ണി പ്രണവം ദൃശ്യവത്കരിക്കുന്നത്.

ബ്രഹ്മയായി നിഷാനും സാറയായി രാഗിണി നന്ദ്വാനിയും ഖദീജയായി ലിയോണ ലിഷോയും വേഷമിടുന്നു. അബ്ദുൾ റസാഖ് പി.വി. തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സി. ലാൽ നിർവഹിക്കുന്നു.

എ.എസ്. ദിനേശ്