ഒരേ മുഖം
ഒരേ മുഖം
Saturday, November 26, 2016 5:59 AM IST
എൺപതുകളുടെ കാമ്പസ് പശ്ചാത്തലത്തിൽ നർമത്തിനും എന്റർടെയ്ൻമെന്റിനും പ്രാധാന്യം നൽകി കലാലയ ജീവിതവും അതിനുശേഷമുള്ള യാഥാർഥ്യവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരേ മുഖം.

എ.സി.പി അശോക് ചന്ദ്ര എന്ന പോലീസ് ഓഫീസർ ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കാമ്പസിലെത്തുമ്പോഴാണ് മുപ്പതുവർഷം മുമ്പുള്ള മറ്റു ചില സംഭവങ്ങളുടെ ചുരുൾ അഴിയുന്നത്. ഈ സംഭവം അമല എന്ന പത്രപ്രവർത്തക കവർസ്റ്റോറിയാക്കാൻ ശ്രമിക്കുന്നതോടെ ആ കഥ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. രണ്ടു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ ത്രില്ലർ ചിത്രത്തിൽ ചിറ്റൂർ സെന്റ് തോമസ് കോളജിൽ പഠിച്ചിരുന്ന സഖറിയാ പോത്തന്റെയും കൂട്ടരുടെയും കഥയും പറയുന്നു.

സഖറിയാ പോത്തൻ കാമ്പസിന്റെ സ്പന്ദനമാണ്. ഹീറോയാണ്. ആരാധനാ കഥാപാത്രമാണ്. കാമ്പസിൽ എന്തു നടക്കുന്നതും സഖറിയ അറിഞ്ഞിട്ടായിരിക്കും. ഗൗരവപ്രകൃതക്കാരനാണെങ്കിലും പെരുമാറ്റം ആരെയും ആകർഷിക്കുന്നതാണ്. അഞ്ചു പേരടങ്ങുന്ന സംഘമാണ് സഖറിയയുടേത്. ദാസ്, അരവിന്ദൻ, പ്രകാശൻ, ദേവൻ എന്നിവരാണു മറ്റുള്ളവർ. ഇപ്രകാരം ഈ അഞ്ചംഗ സംഘം കാമ്പസ് ഭരിക്കുമ്പോൾ ജൂനിയറായി എത്തിയ രണ്ടു പെൺകുട്ടികൾ സഖറിയ പോത്തനോട് എതിർ അഭിപ്രായം പറഞ്ഞ് എല്ലാവരെയും ഞെട്ടിക്കുന്നു. അതു വളരെ നാണക്കേടായി തോന്നിയ സഖറിയ, ആ പെൺകുട്ടിയുമായി തുടർന്നു മത്സരത്തിലായി. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ കാമ്പസിൽനിന്നും പുറത്തേക്ക് അവരുടെ ജീവിതത്തിലേക്കും കടക്കുന്നു.




സജിത് ജഗത്നന്ദൻ സംവിധാനംചെയ്യുന്നഒരേ മുഖം എന്ന ചിത്രത്തിലാണ് കാമ്പസിന്റെ പ്രസരിപ്പാർന്ന ജീവിതവും തുടർന്നുള്ള യഥാർഥ ജീവിതാനുഭവങ്ങളും ദൃശ്യവത്കരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സഖറിയാ പോത്തനാകുമ്പോൾ ദാസായി അജു വർഗീസ്, പ്രകാശനായി ദീപക്, അരവിന്ദനായി അർജുൻ നന്ദകുമാർ, ദേവനായി യാസർ സലിം എന്നിവർ സുഹൃത്തുക്കാളായി എത്തുന്നു. പ്രയാഗ മാർട്ടിനാണ് ഭാമയായി എത്തുന്നത്.

മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത് രവി, ബാലാജി, പ്രദീപ് കോട്ടയം, നോബി, ജിത്ത് പിരപ്പൻകോട്, സോഹൻ സീനുലാൽ, എം.എ. നിഷാദ്, ജ്യൂവൽ മേരി, ഗായത്രി സുരേഷ്, കാവ്യാ സുരേഷ്, രമ്യ പണിക്കർ, അമൃത, റോഷ്നി എന്നിവർക്കൊപ്പം അഭിരാമി, സ്നേഹ എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ, അനിൽ ബിശ്വാസ് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നു തിരക്കഥ, സംഭാഷണം എഴുതുന്നു. ലാൽ ജി. കാട്ടിപ്പറമ്പൻ എഴുതിയ വരികൾക്ക് ബിജിബാൽ ഈണം പകരുന്നു.

എ.എസ്. ദിനേശ്