അമിതവണ്ണം കുറയ്ക്കാം
അമിതവണ്ണക്കാരിൽ ജീവിതാവസാനം വരെ അതൊരു ശാപമായി തുടരുന്നു. ജീവിത സാഹചര്യങ്ങളടക്കം പല ഘടകങ്ങളും ഒരു വ്യക്‌തിയെ പൊണ്ണത്തടിയുടെയും കുടവയറിന്റെയും ഉടമയാക്കും.

നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ആവശ്യമായതിലും അധികം ഊർജം ശരീരത്തിൽ എത്തിച്ചേരുമ്പോൾ അവ കൊഴുപ്പുകളായി ശരീരത്തിൽ അടിഞ്ഞുകൂടുന്നു.

ഒരു വ്യക്‌തിയുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ, പ്രായം, ലിംഗഭേദം, ശരീരഘടന, കുടുംബപാരമ്പര്യം, മാനസികാവസ്‌ഥ, പരിസ്‌ഥിതിഘടകങ്ങൾ എന്നിവയെല്ലാം തന്നെ ശരീരത്തിൽ എത്തുന്ന ഊർജത്തിന്റെയും ശരീരത്തിൽ നിന്നും ചെലവാകുന്ന ഊർജത്തിന്റെയും സന്തുലനാവസ്‌ഥയിൽ വ്യതിയാനം വരുത്തുന്ന പ്രധാന ഘടകങ്ങളാണ്.

കൊഴുപ്പ് കുറയ്ക്കാം

അമിതമായി കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് പൊണ്ണത്തടിയും കുടവയറും ഉണ്ടാകുന്നത്. കലോറി മൂല്യം കൂടുതലുള്ള ആഹാരങ്ങളുടെ ഉപയോഗവും വ്യായാമക്കുറവും അമിത വണ്ണക്കാരുടെയും കുടവയറുള്ളവരുടെയും തോത് ക്രമാതീതമായി വർധിക്കുന്നതിന് കാരണമായി.

പ്രായം കൂടുന്നതിനനുസരിച്ച് പേശികൾ ദുർബലമാകുകയോ, ക്ഷയിക്കുകയോ ചെയ്യുന്നു. അത് ശരീരത്തിനുള്ള ഊർജത്തിന്റെ ആവശ്യകതയെ കുറയ്ക്കുന്നു. എന്നാൽ മിക്കപ്പോഴും ഇത്തരക്കാർ ഊർജം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരാണ്.

പുരുഷന്മാർക്കാണ് സ്ത്രീകളെക്കാൾ കൂടുതൽ പേശികൾ ഉള്ളത്. മറ്റു ശരീരകോശങ്ങളെക്കാൾ പേശികളാണ് അധികം ഊർജത്തെ ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവൃത്തികൾ ഒന്നും ചെയ്യാതെയിരിക്കുന്ന അവസ്‌ഥയിൽപ്പോലും പുരുഷന്മാരുടെ ശരീരത്തിൽ നിന്നും കൂടുതൽ ഊർജം നഷ്‌ടപ്പെടുന്നു. ഒരേ അളവിലുള്ള ഊർജം അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാരേക്കാളും സ്ത്രീകളിൽ അമിത വണ്ണവും കുടവയറും കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളിൽ ഓരോ ഗർഭധാരണത്തോടും പ്രസവത്തോടുമനുബന്ധിച്ച് ശരാശരി മൂന്നു മുതൽ ആറു കിലോ വരെ ശരീരഭാരം വർധിക്കാറുണ്ട്.

അമിതവണ്ണത്തിനുള്ള കാരണങ്ങൾ

പല രോഗാവസ്‌ഥകളും പല ഔഷധങ്ങളുടെയും ഉപയോഗവും അമിതവണ്ണത്തിനു കാരണമാകാറുണ്ട്. വിഷാദരോഗം, തൈറോയിഡ് ഗ്രസ്‌ഥിയുടെ പ്രവർത്തന വൈകല്യങ്ങൾ, സ്ത്രീകളിൽ കാണപ്പെടുന്ന പോളിസിസ്റ്റിക് ഓവറി രോഗം (പിസിഒഡി), സ്റ്റിറോയിഡുകൾ കലർന്ന ഔഷധങ്ങൾ, ഗർഭനിരോധനത്തിനുപയോഗിക്കുന്ന ഗുളികകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.

ശരീരത്തിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന കോശങ്ങളുടെ വിന്യാസം അമിതവണ്ണത്തിനു കാരണമാകുന്നു. തുടയിലും ഇടുപ്പ് എല്ലിന്റെ ഭാഗത്തും അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് കോശങ്ങളേക്കാൾ വയറിലും അരക്കെട്ടിനു ചുറ്റു ഭാഗത്തുമായി കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന കോശങ്ങൾ അപകടകാരികളാണ് എന്നു കരുതപ്പെടുന്നു.

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളും ജീവിത സാഹചര്യങ്ങളും അമിതവണ്ണത്തിന് ഇടയാക്കുന്നു. എന്നാൽ കരളിനും അടിവയറിനും ചുറ്റുമായി അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെക്കുറിച്ചു നാം ബോധവാന്മാരല്ല എന്നത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

പരിഹാര മാർഗങ്ങൾ

ആഹാരത്തിലെ കലോറി മൂല്യം കുറയ്ക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയുമാണ് അമിതവണ്ണവും കുടവയറും കുറയുന്നതിനായി ചെയ്യാവുന്ന പ്രായോഗികവും സുരക്ഷിതവുമായ മാർഗങ്ങൾ.


ആഹാരത്തിൽ ശ്രദ്ധിക്കാം

ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങളെ (മെറ്റബോളിസം) മെച്ചപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതരം ഭക്ഷണ പദാർഥങ്ങളാണ് കഴിക്കേണ്ടത്. നെഗറ്റീവ് കലോറി ആഹാരസാധനങ്ങൾ എന്നാണ് ഇവയെ അറിയപ്പെടുന്നത്. ഇവയുടെ കൃത്യമായ ഉപയോഗം കൊഴുപ്പിനെ ദഹിപ്പിച്ചുകളയാൻ ശരീരത്തിനുള്ള കഴിവിനെ വർധിപ്പിക്കുന്നു എന്നതാണ് ഇവയുടെ പ്രധാന ഗുണം.

ഇത്തരം ആഹാര സാധനങ്ങളിൽ പ്രഥമസ്‌ഥാനം വെളുത്തുള്ളിക്കാണ്. ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം, ശരീരത്തിൽ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നതിനും അടിഞ്ഞു കൂടുന്നതിനുമുള്ള ശേഷിയേ കുറയ്ക്കുന്നതിനും ദൈനംദിന പ്രവൃത്തികളിലൂടെ ശരീരത്തിൽ നിന്നും നഷ്‌ടമാകുന്ന ഊർജത്തെ ക്രമീകരിക്കുന്നതിനും വെളുത്തുള്ളിക്ക് കഴിവുണ്ട്.

ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുള്ള നാരങ്ങാ, ഓറഞ്ച്, മുന്തിരി എന്നിവയും അമിത വണ്ണത്തെ തടയുന്നതിൽ ഒരു പരിധി വരെ സഹായകമാണ്.

നാരിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളായ ബ്ലൂബെറി, ബ്ലാക് ബെറി, സ്ട്രോബറി എന്നിവയുടെയും ധാന്യങ്ങളുടെയും ഉപയോഗം ശരീരത്തിലെ കൊഴുപ്പിനെ ആഗിരണം ചെയ്ത് പുറംതള്ളുന്നതിനോടൊപ്പം തന്നെ, ശാരീരിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുന്നതിനും ആവശ്യമായ ഊർജ്‌ജം നിലനിർത്തുന്നതിനും ഇൻസുലിന്റെ അളവിനെ നിയന്ത്രിച്ച് ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ തടയുന്നതിനും സഹായിക്കുന്നു.

നോൺവെജിറ്റേറിയൻ ആഹാരങ്ങൾ ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവരിൽ പ്രായേണ കൊഴുപ്പിന്റെ അളവ് കുറഞ്ഞ മത്സ്യങ്ങൾ, കോഴിയിറച്ചി എന്നിവ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. ബ്രോയിലർ കോഴി ഇറച്ചിക്കുപകരം നാടൻ കോഴി ഉപയോഗിച്ചാൽ ശരീരത്തിലേക്ക് ആവശ്യമില്ലാത്ത ഹോർമോണുകൾ എത്തിച്ചേരുന്നതിനെ തടയാനാകും.

വ്യായാമത്തിന്റെ ആവശ്യകത

നീന്തൽ, സൈക്കിൾ സവാരി, സ്കിംപ്പിംഗ,് പ്രഭാതസവാരി, മറ്റു വിവിധയിനം കായിക വിനോദങ്ങൾ എന്നിവയിൽ ഏർപ്പെടുന്നത് അമിത വണ്ണത്തെയും കൊഴുപ്പിനെയും നിയന്ത്രിച്ച് ശരീരത്തിന് ആരോഗ്യത്തെ പ്രധാനം ചെയ്യാൻ വളരെയധികം സഹായകമാണ്.

പ്രതിവിധികൾ

കഷായങ്ങൾ, സിറപ്പുകൾ, ലേഹ്യങ്ങൾ, തൈലങ്ങൾ എന്നീ രൂപത്തിൽ വിപണിയിൽ സുലഭമായ പല ആയുർവേദ ഔഷധകൂട്ടുകൾക്കും ശരീരത്തിലെ അമിതമായ കൊഴുപ്പിനെയും അമിതവണ്ണത്തെയും കുറയ്ക്കാൻ കഴിയും. പരസ്യത്തെ മാത്രം ആശ്രയിച്ച് ഇത്തരം ഔഷധങ്ങൾ വാങ്ങി ഉപയോഗിക്കാതെ, ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

ഔഷധ ചൂർണങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ മേൽപ്പോട്ട് അമർത്തി തിരുമുന്ന ചികിത്സ (ഉദ്വർത്തനം) പൊടിക്കിഴി എന്നിവ കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിന് ആയുർവേദ ചികിത്സയിൽ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണ്.

ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം.