മറുപടി
മറുപടി
Monday, November 28, 2016 2:19 AM IST
റഹ്മാനും ഭാമയും പങ്കെടുക്കുന്ന ഒരു ഗാനരംഗം ഇക്കഴിഞ്ഞ ദിവസം വയനാട്ടിലെ മേപ്പാട്ടിയിലെ ഒരു പള്ളിയിലും ഒരു ബംഗ്ലാവിലും തേയിലത്തോട്ടങ്ങളിലുമായി ചിത്രീകരിച്ചു.

വി.എം. വിനു സംവിധാനംചെയ്യുന്ന മറുപടി എന്ന ചിത്രത്തിനുവേണ്ടിയുള്ളതായിരുന്നു ഈ ഗാനരംഗം.

കണ്ണൂർ, കോൽക്കത്ത എന്നിവിടങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിനുശേഷമാണ് വയനാട്ടിൽ ഈ ചലച്ചിത്രസംഘം എത്തുന്നത്. ബാങ്കുദ്യോഗസ്‌ഥനായ എബി സാറയെ കാണുന്നത് തന്റെ ബാങ്കിൽ ഒരു ഇന്റർവ്യൂവിനുവേണ്ടി അവൾ എത്തുമ്പോഴാണ്. ആദ്യസമാഗമത്തിൽത്തന്നെ സാറയെ എബിക്ക് ഇഷ്ടമായി. അതോടെ അവളെ ജീവിതപങ്കാളിയാക്കാനും തീരുമാനിച്ചു. അവളെക്കുറിച്ച് അന്വേഷിച്ചപ്പോൾ മറ്റൊരു കാര്യം കൂടി ബോധ്യപ്പെട്ടു. ഒരു അനാഥയാണവൾ. ഓർഫനേജിൽ കന്യാസ്ത്രീകൾക്കൊപ്പം വളർന്ന അവളെ എബി സ്വന്തമാക്കി. അവരുടെ വിവാഹമാണ് ഇവിടെ ഒരു ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.




ഇവരുടെ സന്തോഷകരമായ ജീവിതം. അതിലൊരു മകൾ പിറന്നു. റിയ. ഏവരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അവൾ വളർന്നു. ഇതിനിടയിലാണ് എബിക്ക് കോൽക്കത്തയിലേക്ക് സ്‌ഥലംമാറ്റമുണ്ടാകുന്നത്. ഇവിടെവച്ച് ഇവരുടെ കുടുംബം ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നു. ഈ ദുരന്തത്തിന്റെ പിന്നാമ്പുറമാണ് ഈചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഉത്തരേന്ത്യയിൽ നടന്ന ഒരു യഥാർഥ സംഭവമാണ് ഈ ചിത്രത്തിന്റെ കഥയാകുന്നത്.

ബേബി നയൻതാര, ദേവൻ, ജനാർദ്ദനൻ, സന്തോഷ് കീഴാറ്റൂർ, ശ്രിന്റ, വത്സലാ മേനോൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ബേദി മോഷൻ പിക്ചറിന്റെ ബാനറിൽ അഷ്റഫ് ബേദി നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്