കൊഞ്ചിക്കാം, കുഞ്ഞുവാവയെ
കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കുഞ്ഞുമായി കളിക്കുകയും കുഞ്ഞുങ്ങളെ ലാളിക്കുകയും പാട്ടുപാടുകയും കഥ പറയുകയുമൊക്കെ ചെയ്യുമ്പോൾ അവരുടെ തലച്ചോറിന്റെ വികാസമാണ് സംഭവിക്കുന്നത്. ഇതു സംഭവിക്കുന്നത് കുഞ്ഞ് ജനിച്ച് 1000 ദിവസങ്ങളിലാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ ലാളിക്കുന്നതിൽ ഒരിക്കലും പിശുക്കു കാണിക്കേണ്ട...

കൺമണി പൊന്മണി...

ഫേസ്ബുക്ക് സ്‌ഥാപകൻ മാർക്ക് സുക്കർബർഗ് ഒരാഴ്ച പ്രായമുള്ള തന്റെ കുഞ്ഞിനെ ക്വാണ്ടം ഫിസിക്സിനെക്കുറിച്ചുള്ള പുസ്തകം വായിച്ചു കേൾപ്പിക്കുന്നതിന്റെ ചിത്രം അദ്ദേഹം 2015 ഡിസംബറിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് നമ്മളിൽ പലരും കണ്ടു കാണും. നവജാത ശിശുവിന് പുസ്തകം വായിച്ചു കേൾപ്പിച്ചിട്ട് എന്തു മനസിലാകാനാണെന്ന പുച്ഛഭാവം ഒരുപക്ഷേ ചിലർക്കെങ്കിലും തോന്നിയിരിക്കാം. എന്നാൽ ഒന്നും മനസിലാകുന്നില്ലെങ്കിലും കുഞ്ഞിന് വാക്കുകൾ പഠിക്കാനും വായിക്കാനുള്ള കഴിവ് വർധിക്കാനും വായിച്ചു കേൾപ്പിക്കുന്നത് സഹായകമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

കുഞ്ഞിന്റെ തിരിച്ചറിയാനുള്ള കഴിവ്, ഭാഷ, പഞ്ചേന്ദ്രിയങ്ങളിലൂടെ കാര്യങ്ങൾ മനസിലാക്കുന്നത്, വൈകാരിക – സാമൂഹിക വികാസം എന്നിവ രൂപപ്പെടുന്നത് ആദ്യ 1000 ദിവസങ്ങളിലാണ്. മനസിലാക്കാനും പഠിക്കാനും ഉള്ള കഴിവിനും മുതിരുമ്പോഴത്തെ മനോഭാവം, പെരുമാറ്റം എന്നിവയ്ക്കും ജീവിതവിജയത്തിനും ആരോഗ്യത്തിനും എന്തിനേറെ ജീവിതത്തിലെ സന്തോഷത്തിനും ഈ ദിവസങ്ങൾ അടിത്തറപാകുന്നു.

ആദ്യ 1000 ദിവസങ്ങളിൽ കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങൾ അതിവേഗമാണ് വളരുന്നത്. ഈ കാലയളവിൽ കുഞ്ഞിന്റെ തലച്ചോറിന് ഒരു സെക്കൻഡിൽ 700 മുതൽ ആയിരം സിഗ്നലുകൾ വരെ തിരിച്ചറിയാൻ കഴിയും. ഇത്തരം തിരിച്ചറിയലുകൾ കുഞ്ഞിന്റെ തലച്ചോറിന്റെ ഘടനയെ രൂപപ്പെടുത്തുകയും മനസിലാക്കൽ, പെരുമാറ്റം, ആരോഗ്യം എന്നിവയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു.

കുട്ടിയുടെ ജീവിതം പടുത്തുയർത്തുന്നതാണ് ഈ സിഗ്നൽ തിരിച്ചറിയലുകൾ. ഈ ‘കുഞ്ഞു–വലിയ ’ തലച്ചോറിലേക്ക് റോക്കറ്റ് സയൻസ് വരെ കടന്നുചെല്ലും. കുട്ടിയോട് കളിക്കുകയും ചിരിക്കുകയും പാട്ടുപാടുകയും വായിച്ചു കേൾപ്പിക്കുകയുമൊക്കെ ചെയ്യുമ്പോൾ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെയാണ് നാം സഹായിക്കുന്നത്.

കുഞ്ഞിന്റെ ശരീരത്തിന് പോഷകാഹാരം പോലെ ബുദ്ധിക്ക് ഇതെല്ലാം ഏറെ ആവശ്യവുമാണ്. ആദ്യ വർഷങ്ങളിലെ ലാളനവും കാര്യങ്ങൾ മനസിലാക്കലുകളും കുട്ടിയുടെ പഠനത്തിലും ജീവിത വിജയത്തിലും സ്വാധീനം ചെലുത്തും.

കുഞ്ഞിനെ കൊഞ്ചിക്കുകയും ലാളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നത് അമ്മമാരുടെ മാത്രമല്ല വീട്ടിലെ എല്ലാവരുടെയും കടമയാണ്. പ്രത്യേകിച്ച് കുട്ടിയുടെ പിതാവ് ഇക്കാര്യത്തിൽ പങ്കാളിയാകണം.


കോളജ് വിദ്യാഭ്യാസം നേടിയ മാതാപിതാക്കളുടെ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത മാതാപിതാക്കളുടെ കുട്ടികളേക്കാൾ രണ്ടുമുതൽ മൂന്നിരട്ടി വരെ വാക്കുകൾ കൂടുതലറിയാം. കൊഞ്ചിക്കലും ലാളിക്കലുമൊന്നും ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് വലുതാകുമ്പോൾ ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്.നൽകാം കുരുന്നിനായി

* കുഞ്ഞിനെ പാടിക്കേൾപ്പിക്കുക, ശാസ്ത്രീയ സംഗീതം കേൾപ്പിക്കുക, പാട്ടിന്റെ താളം മനസിലാക്കുന്നതും കണക്കു പഠിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
* ശാന്തതയോടെ നിർത്തിനിർത്തി, കുഞ്ഞിനോട് സംസാരിക്കുക. കേൾക്കുന്ന വാക്കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുഞ്ഞിന്റെ തലച്ചോറിന് അവ തമ്മിൽ ബന്ധിപ്പിക്കാനാകും. രണ്ടു മൂന്നു തവണ വായിച്ചു കൊടുത്താൽ എട്ടുമാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് കഥ മനസിലാക്കാനാകും.
* കുഞ്ഞിനെ കളിവാക്കുകൾ പറഞ്ഞ് കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുക. ഇവയോട് കുട്ടി സ്വാഭാവികമായി പ്രതികരിക്കും. ഇത്തരം കൊടുക്കൽ വാങ്ങലുകൾ കുഞ്ഞിന്റെ ബുദ്ധിവികാസത്തിൽ സുപ്രധാനമാണ്.
* കുഞ്ഞുമായി മുഖത്തോട് മുഖം നോക്കിയിരിക്കുക. ഓരോ തവണ നിങ്ങളുടെ മുഖം കണ്ട് തിരിച്ചറിയുന്നത് കുഞ്ഞിന്റെ ഓർമശക്‌തി വർധിപ്പിക്കും.
* ചിരി, തമാശകൾ, മൃഗങ്ങളുടെ ശബ്ദം അനുകരിക്കൽ, മുഖം കൊണ്ടുള്ള ചേഷ്‌ടകൾ എന്നിവ കുഞ്ഞിന് നർമബോധം ഉണ്ടാക്കാൻ സഹായിക്കും. കാൽവെള്ളയിൽ ഇക്കിളിയിട്ട് കുഞ്ഞിനെ ചിരിപ്പിക്കുക.
* നാക്കു നീട്ടി കാണിക്കുക. ജനിച്ച് രണ്ടുദിവസമായ കുഞ്ഞിനും മുഖത്ത് ചലനങ്ങൾ ഉണ്ടാക്കാൻ പറ്റും. കുഞ്ഞിന് പ്രശ്നങ്ങളില്ലെന്നതിന്റെ സൂചന കൂടിയാണിത്.
* കുഞ്ഞിനെ കെട്ടിപ്പിടിക്കുക, ചേർത്തു പിടിക്കുക, ഉമ്മ വയ്ക്കുക, ഓമനിച്ച് ചെറുതായി കുലുക്കുക, കൈയിലും വിരലിലും പിടിക്കുക, മൃദുവായി തലോടുക.
* കുഞ്ഞുമായി ഒളിച്ചേ കണ്ടേ പോലുള്ള കളികൾ കളിക്കുക.
* കിലുക്കി പോലുള്ള ചെറിയ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിപ്പിക്കുക. വസ്തുക്കളെയും മൃഗങ്ങളെയും പേരു പറഞ്ഞ് ചൂണ്ടിക്കാട്ടുക.
* ചെറിയ ചതുരക്കട്ടകൾ ഉപയോഗിച്ച് കെട്ടിടങ്ങളും രൂപങ്ങളും ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുക. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് വർധിപ്പിക്കാൻ ഇത് സഹായകമാണ്.
* ചിത്രങ്ങളെ പല കഷണളാക്കിയശേഷം കൂട്ടിയോജിപ്പിക്കാൻ നൽകുക. ഇതു കുഞ്ഞിന്റെ ആലോചിക്കാനും ചിന്തിക്കാനുമുള്ള കഴിവ് വർധിപ്പിക്കും.

സീമ
വിവരങ്ങൾക്ക് കടപ്പാട്: ജോബ് സഖറിയ
യൂനിസെഫ് കേരള–തമിഴ്നാട് വിഭാഗം മേധാവി