ജനകീയൻ
ജനകീയൻ
Saturday, December 3, 2016 5:33 AM IST
തോൽപ്പിക്കാം എന്ന മോഹം കൊണ്ടു വരുകയല്ല, ജീവിക്കാൻ വേണ്ടി വരുകയാ... ബിജു മേനോൻ ചിത്രം സ്വർണക്കടുവയ്ക്ക് സോഷ്യൽ മീഡിയകളിൽ വന്ന പരസ്യ വാചകമായിരുന്നു ഇത്. എന്നാൽ, വെറുതെയങ്ങു ജീവിച്ചുപോകാതെ തിയറ്ററുകൾ കീഴടക്കിയ ഈ കടുവ ഇപ്പോൾ മലയാളികളുടെ മനസിലും സ്‌ഥാനം പിടിച്ചുകഴിഞ്ഞു. പല പുലികൾ അരങ്ങു വാഴുന്ന മലയാള സിനിമയിൽ തലയെടുപ്പു കൊണ്ടും അഭിനയ പാടവം കൊണ്ടും തന്റേതായ സ്‌ഥാനം നേടിയ സ്വർണക്കടുവയാണു ബിജു മേനോൻ. തിയറ്ററുകളിൽ വിജയം തീർക്കുന്ന സ്വർണക്കടുവയുടെ ഈ നേട്ടം താരപദവിയുടെ പിൻബലമില്ലാതെ ബിജു മേനോൻ നേടിയെടുത്തതാണ്. രണ്ടു പതിറ്റാണ്ടായി മലയാളികൾക്കു പരിചിതമായ ഈ മുഖം സ്‌ഥിരമായൊരു ചട്ടക്കൂടിനു പുറത്തു കടന്നു ആസ്വാദകരെ എന്നും വിസ്മയിപ്പിക്കുന്നു.

നായകനായും സഹനടനായും വില്ലനായും തുടങ്ങി ഏതു കഥാപാത്രവും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ ബിജു മേനോന് ഒരു പ്രത്യേക മിടുക്കുണ്ട്. ഒരു സമയത്ത് ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായിരുന്നിടത്തു നിന്നും ഇന്നു കുടുംബ നായകനായി മാറിക്കഴിഞ്ഞു ഈ താരം. തമാശയുടെ പുത്തൻ വകഭേദങ്ങളെ ശൈലീകൃതമാകാത്ത നടന ഭാവത്താൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ബിജു മേനോന്റെ പുത്തൻ കഥാപാത്രങ്ങളോരോന്നും. ഇവിടെ പ്രസക്‌തമായ മറ്റൊരു കാര്യം ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം ആരാധകരുടെ മാത്രം ഇഷ്ട തോഴനല്ല ഇദ്ദേഹം എന്നതാണ്. ഫാൻസ് അസോസിയേഷനില്ലാതെ എല്ലാ പ്രേക്ഷകരുടേയും ഇഷ്ടം നേടിയാണ് തന്റെ ചിത്രങ്ങളോരോന്നും ഇദ്ദേഹം വിജയിപ്പിക്കുന്നത്. കാരണം ബിജു മേനോൻ ഇന്നു ജനകീയ താരമാണ്.
ബി.കോം കഴിഞ്ഞു എം.എസ്.ഡബ്ല്യു കോഴ്സു ചെയ്യുന്ന സമയത്താണ് ബിജു മേനോനു ദൂരദർശനിൽ സീരിയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ദസ്തയേവിസ്കിയുടെ കർമസോവ് സഹോദരൻമാരെ അനുസ്മരിപ്പിച്ച മിഖായേലിന്റെ സന്തതികൾ എന്ന പരമ്പരയ്ക്കു പിന്നാലെ നിങ്ങളുടെ സ്വന്തം ചന്തു, പറുദീസായിലേക്കുള്ള പാത എന്നിവയിലൂടെ അഭിനയത്തിൽ സജീവമായി. അവിടെ നിന്നും സിനിമയുടെ അഭ്രപാളിയിലേക്ക് ഇദ്ദേഹത്തിനു അവസരങ്ങൾ ഓരോന്നും തുറന്നു കിട്ടുകയായിരുന്നു.

1995ൽ പുറത്തിറങ്ങിയ പുത്രനിലൂടെയാണ് ബിജു മേനോൻ സിനിമ മേഖലയിൽ സജീവമാകുന്നത്. അതേ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റു ചിത്രം മാന്നാർ മത്തായി സ്പീക്കിംഗിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. പിന്നീട് മലയാളത്തിലെ എണ്ണപ്പെട്ട മികച്ച ഉപനായകൻ, സഹനടൻ പട്ടികയിലേക്കു ബിജു മേനോൻ വളരുകയായിരുന്നു. ആദ്യത്തെ കൺമണി, ഈ പുഴയും കടന്ന്, കുടമാറ്റം, കൃഷ്ണഗുഡിയിലൊരു പ്രണയകാലത്ത്, കളിയാട്ടം, സ്നേഹം, പ്രണയ വർണങ്ങൾ, കണ്ണെഴുതി പൊട്ടും തൊട്ട്, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ താൻ അവിഭാജ്യ ഘടകമാണെന്നു ബിജു മേനോൻ കാണിച്ചു തന്നു.

രണ്ടായിരം കാലഘട്ടം മുതൽ ശക്‌തമായ വേഷം പകർന്നാടുന്ന നായക നിരയിലേക്ക് ഈ താരം എത്തിച്ചേർന്നിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, രണ്ടാം ഭാവം, മേഘമൽഹാർ, ശിവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്‌തമായ നായകരൂപമായി ബിജു മേനോൻ മാറി. എങ്കിലും നായക രൂപങ്ങളെ മാത്രം തേടിപ്പോകാതെ നല്ല സിനിമകളിലെ കാമ്പുള്ള കഥാപാത്രങ്ങളെ സ്വീകരിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. അവിടെ നിന്നും വലുതും ചെറുതുമായ നാട്യഭാവത്താൽ എന്നും മലയാളികളുടെ സിനിമാ സങ്കൽപത്തിനൊപ്പം സഞ്ചരിച്ചിരുന്നു. ആ യാത്രയിൽ ഒരു പ്ര്യത്യേക ചട്ടക്കൂട്ടിലെ പാത്രാവിഷ്കാരമായി മാത്രം ഒതുങ്ങാതെ വൈവിധ്യവും വിശാലവുമായ നടനത്തെ തന്നിലേക്കടുപ്പിക്കാൻ ബിജു മേനോനു കഴിഞ്ഞു. രണ്ടായിരത്തിന്റെ ആദ്യദശകം ശ്രദ്ധിച്ചാൽ മലയാളത്തിൽ സജീവമായി നിൽക്കുന്നതിനൊപ്പം അന്യ ഭാഷയിലും തന്റെ മേൽവിലാസം സൃഷ്ടിക്കാൻ ബിജു മേനോനു കഴിഞ്ഞിരുന്നു.

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം തൊമ്മനും മക്കളും മജാ എന്ന പേരിൽ തമിഴിലേക്കു റീമേക്കു ചെയ്തപ്പോൾ അതിലെ വില്ലൻ വേഷം ചെയ്യാൻ സംവിധായകൻ ഷാഫി തെരഞ്ഞെടുത്തത് ബിജു മേനോനെയാണ്. ആവറേജ് വിജയം നേടിയ ചിത്രം വിക്രമിനൊപ്പം തുല്യ ശക്‌തിയായി വില്ലൻ വേഷം ചെയ്ത ബിജു മേനോനു തമിഴിൽ ശ്രദ്ധ നേടിക്കൊടുത്തു. പിന്നാലെ തമ്പി, പഴനി, അറസംഗം, പോർക്കളം തുടങ്ങിയ എട്ടോളം തമിഴ് ചിത്രങ്ങളുടെ ഭാഗമാകാൻ ഈ താരത്തിനു സാധിച്ചു. ഒപ്പം രണം, ഖടർണക് എന്നീ തെലുങ്കു ചിത്രങ്ങളിലെ ശക്‌തമായ വില്ലൻ വേഷത്തിലും തിളങ്ങി. അപ്പോഴേക്കും ചെറുതും വലുതുമായ ഇടവേളകൾ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.2010ന്റെ തുടക്കം മുതൽ മലയാളത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു ഈ താരത്തിന്.

ദിലീപിനൊപ്പമെത്തിയ മേരിക്കുണ്ടൊരു കുഞ്ഞാട് എല്ലാ തരത്തിലും ബിജു മേനോനു മലയാള സിനിമയിൽ വലിയൊരു വാതിലാണ് തുറന്നു തന്നത്. ഗൗരവം നിറഞ്ഞ വേഷങ്ങളിൽ നിന്നും ഈ നടന്റെ പറിച്ചു നടലായിരുന്നു ഇതിലെ ജോസ് എന്ന കഥാപാത്രം. നെഗറ്റീവ് നിഴൽ വീഴുന്ന കഥാപാത്രമായിരുന്നിട്ടും മെയ്വഴക്കവും സംഭാഷണത്തിൽ അലിഞ്ഞു ചേർന്നു കൊണ്ടുള്ള നാട്യ മികവും കൂടിച്ചേർന്നപ്പോൾ അതു സിനിമാ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി. പിന്നാലെ ഓർഡിനറി, സീനിയേഴ്സ്, മായാമോഹിനി, റോമൻസ് എന്നിങ്ങനെ ഹാസ്യരസത്തിന്റെ പുത്തൻ രൂപമായിരുന്നു പ്രേക്ഷകർ കണ്ടത്. വില്ലൻ, പോലീസ് കഥാപാത്രങ്ങളിലൂടെ ഗൗരവവും ഘനഗംഭീര ശബ്ദവും കേട്ടു ശീലിച്ച മലയാളികൾക്കു ബിജു മേനോൻ പകർന്ന നൽകിയ തമാശയുടെ പുത്തൻ പരിവേഷം ആവോളം രസം പകരുന്നതായിരുന്നു. ഓർഡിനറിയിലെ പാലക്കാടൻ ഭാഷയും സ്വർണക്കടുവയിലെ തൃശൂർ ഭാഷയും അനായാസമായാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്. ശരീരം കൊണ്ടും ശാരീരം കൊണ്ടും ഈ പകർന്നാട്ടം സാധ്യമായപ്പോൾ പക്ഷം ചേരാതെ മാറി നിന്ന കുട്ടികളും കുടുംബ പ്രേക്ഷകരും അടങ്ങുന്ന വലിയൊര ആരാധക വൃന്ദം ഈ കലാകാരനൊപ്പം കൂി. ഇന്നു മലയാളത്തിലെ ഗ്യാരണ്ടിയുള്ള നായകനിരയിലാണ് ബിജു മേനോനും സ്‌ഥാനം നേടിയിരിക്കുന്നത്.


കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായി നിൽക്കാൻ എന്നും ബിജു മേനോൻ ശ്രദ്ധിച്ചിരുന്നു. ചെറുതെങ്കിലും അതിൽ സൗന്ദര്യം പകരാൻ സാധിക്കുന്ന വിധത്തിൽ ഓരോ സിനിമയിലേയും തന്റെ കഥാപാത്രങ്ങളെ മാറ്റിയെടുത്തിരുന്നു. സിനിമയിൽ രണ്ടാമൻ വിസ്മയങ്ങളിൽ വിരലിലെണ്ണാവുന്ന പ്രതിഭകൾ മാത്രമാണ് നമുക്കുള്ളത്. അവരിൽ മുൻപന്തിയിലാണ് ഈ താരത്തിന്റെ സ്‌ഥാനം. കഥാപാത്രമായി പ്രേക്ഷകരിലേക്ക് അനായാസം ഇഴുകിച്ചേരാൻ കഴിയുമ്പോൾ ഒന്നാമനേക്കാൾ പലപ്പോഴും ഈ രണ്ടാമൻ കൈയ്യടിനേട്ടം സ്വന്തമാക്കി. അതു തന്നെയാണ് യുവ നായകന്മാരുടെ അച്ഛൻ വേഷം ചെയ്താലും പ്രേക്ഷകരുടെ ഇഷ്ടം അവരേക്കാൾ നേടിയെടുക്കാൻ ഇദ്ദേഹത്തിനു സാധിക്കുന്നത്.

2014–ൽ ജിബു ജേക്കബിന്റെ സംവിധാനത്തിലെത്തിയ വെള്ളിമൂങ്ങ ബിജു മേനോന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്. മാമച്ചൻ എന്ന രാഷ്ട്രീയക്കാരനായി ഈ പ്രതിഭ എത്തിയപ്പോൾ പ്രേക്ഷകർക്കു നായക സങ്കൽപത്തിന്റെ പുത്തൻ ഭാവാന്തരമാണ് ലഭ്യമായത്. പിന്നാലെ വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. അവിടെയും സുരക്ഷിതമെന്നു തോന്നുന്ന, പതിവു രീതിയിലേക്കു മാറി പ്രേക്ഷകരെ മുഷിപ്പിക്കാതെ മുന്നോട്ടു പോകാൻ ബിജു മേനോൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വൻ മുതൽ മുടക്കിലുള്ള പരീക്ഷണ സിനിമകളുടെ ഭാഗമായി വലിയ ഭാരം തന്റെ തോളിലേക്കു ചാർത്താതെ സുരക്ഷിതമായി മുന്നോട്ടു പോകുന്നു. നിർമാതാവിനു ഭീമമായ നഷ്ടം ഉണ്ടാക്കാതെ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്തു നിലനിൽക്കാനുള്ള ബാധ്യത അദ്ദേഹം മനസിലാക്കിയിരുന്നു. പാത്രാവിഷ്കരണത്തിലെ വൈഭവം അതിനു മുതൽക്കൂട്ടാവുകയായിരുന്നു.

ഇന്നു ഗ്യരണ്ടിയുള്ള നായകനായി നിൽക്കുമ്പോഴും പുതിയ– പഴയ തലമുറ വ്യത്യാസമില്ലാതെ എല്ലാത്തരം സിനിമയുടേയും ഭാഗമായി ബിജു മേനോൻ നിൽക്കുന്നു. അവിടെയും പുതിയ പ്രതിഭകൾക്കൊപ്പം വർക്കു ചെയ്യുന്നതിൽ ആനന്ദം കണ്ടെത്താനും ശ്രമിക്കാറുണ്ട്. ഉണ്ണി ആറിന്റെ ലീല എന്ന സാഹിത്യ സൃഷ്ടിയെ രഞ്ജിത് സിനിമാ രൂപത്തിലേക്കു മാറ്റിയപ്പോൾ പലരെ പരിഗണിച്ചിടത്തു നിന്നുമാണ് ഈ കഥാപാത്രത്തിലേക്കു ബിജു മേനോൻ എത്തിയത്. കഥ വായിച്ച ഓരോ മലയാളിയുടേയും മനസിൽ കണ്ട കുട്ടിയപ്പനെ അഭ്രപാളിയിലേക്കു പകർന്നാട്ടം ചെയ്തു എന്നതു തന്നെ ഇദ്ദേഹത്തിന്റെ നാട്യ മികവിന്റെ നേട്ടമാണ്. സംവിധായകനും തിരക്കഥാകൃത്തും തന്റെ നടനത്തിൽ സന്തുഷ്ടരായതു തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായാണ് ബിജു മേനോൻ കാണുന്നത്.

സമീപ കാല സിനിമയിൽ ബിജു മേനോന്റെ വേറിട്ട മുഖം വെള്ളിത്തിരയിൽ തീർത്ത ലാവണ്യം മലയാളികൾ തിരിച്ചറിഞ്ഞതാണ്. അപ്പോഴും നായകനാവാനുള്ള പരക്കം പാച്ചിലിൽ നിന്നും അകന്നു നിൽക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. വാണിജ്യ ഘടകം അനുകൂലമായിട്ടും പൃഥ്വിരാജിനൊപ്പം അനാർക്കലിയിലും ചാക്കോച്ചനൊപ്പം മധുര നാരങ്ങയിലും യുവതാരങ്ങൽക്കൊപ്പം കവി ഉദ്ദേശിച്ചതിലുമൊക്കെ എത്തിയത് സിനിമയെന്ന കലയോടുള്ള വേറിട്ട സമീപനമാണ്. അതാണ് ഇന്നു ഒരു ശക്‌തി ദുർഗമായി മലയാള സിനിമയിൽ ഇദ്ദേഹത്തിനു വിരാചിക്കാനാവുന്നതിന്റെ കാരണവും. രണ്ടു പതിറ്റാണ്ടിന്റെ സിനിമ ജീവിതത്തിൽ കൃഷ്ണഗുഡിയിലെ പ്രണയ കാലത്തും ടി.ഡി ദാസൻ സ്റ്റാൻഡേർഡ് 5 ബി യും മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന പുരസ്കാര നേട്ടം ഈ പ്രതിഭയ്ക്കു നേടിക്കൊടുത്തു. പുരസ്കാര നേട്ടത്തിനേക്കാൾ ഒരു നടന്റെ സാധ്യതകൾ എന്തെന്നു കാട്ടിത്തരുന്നതായിരുന്നു ഓരോ കഥാപാത്രങ്ങളും.

അലസൻ, മടിയൻ എന്ന ഇമേജിൽ നിന്നും താരമൂല്യമുള്ള നായകനടനായി മാറിയിരിക്കുന്നു ഈ താരത്തിന്റെ കരിയർ ഗ്രാഫ്. നായകൻ, പ്രതിനായകൻ, സഹനടൻ, ഭാഗ്യജോഡികളിലൊരാൾ, വാണിജ്യ മൂല്യമുള്ള താരം എന്നീ നിലകളിലേക്കും അതു വളർന്നിരിക്കുന്നു. ഇതിനിടയിൽ ചേട്ടായിസ് എന്ന ചിത്രത്തിൽ നായകനൊപ്പം നിർമാണത്തിൽ പങ്കാളിയായി തക്കാളി ഫിലിംസ് എന്ന ബാനറുമായി ഇദ്ദേഹം എത്തിയതും നമ്മൾ കണ്ടതാണ്. ഇതേ ചിത്രത്തിൽ പാട്ടു പാടിയും പ്രേക്ഷകരെ രസിപ്പിക്കാൻ ബിജു മേനോനു സാധിച്ചു. ഇതിലൂടെയൊക്കെ മലയാളി പ്രേക്ഷകന്റെ ഇഷ്ടം നേടാനാവുന്നു എന്നതാണ് പ്ലസ്സ് പോയിന്റ്.

2002 ലാണ് തന്റെ മൂന്നു ചിത്രങ്ങളിലെ നായികയായിരുന്ന സംയുക്‌തയെ ബിജു മേനോൻ വിവാഹം ചെയ്യുന്നത്. മകൻ ദക്ഷ് ധാർമ്മികും ഒപ്പം ചേർന്നതോടെ മലയാളികൾക്ക് അഭിമാനിക്കാനാവുന്ന ഒരു സിനിമാ കുടുംബമായി ഇവർ മാറി. സിനിമയും കുടുംബവുമായി ജീവിക്കുന്ന ഇദ്ദേഹം സിനിമയ്ക്കകത്തും പുറത്തുമായി എന്നും സൗഹൃദങ്ങളെ സൂക്ഷിച്ചിരുന്നു. സിനിമ കഴിഞ്ഞാൽ യാത്രയാണ് ഈ താരത്തിന്റെ മറ്റൊരു ഇഷ്ട സംഗതിയും.

ബിജു മേനോന്റെ ശ്രദ്ധേയ കഥാപാത്രങ്ങൾ

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് –അഖിലചന്ദ്രൻ
പ്രണയവർണങ്ങൾ –വിക്ടർ
കണ്ണെഴുതി പൊട്ടും തൊട്ട് – ഉത്തമൻ
ഒരു മറവത്തൂർ കനവ്–മൈക്കിൾ
മഴ– ശാസ്ത്രികൾ
മധുരനൊമ്പരക്കാറ്റ്– വിഷ്ണു
മേഘമൽഹാർ–രാജീവ് മേനോൻ
ഇവർ –പാമ്പ് ജോസ്
ടി.ഡി ദാസൻ, സ്റ്റാൻഡേർഡ് 5 ബി – നന്ദകുമാർ പൊതുവാൾ
മേരിക്കുണ്ടൊരു കുഞ്ഞാട് –ജോസ്
ഓർഡിനറി –സുകു
ഇത്രമാത്രം –വാസുദേവൻ
വെള്ളിമൂങ്ങ– മാമച്ചൻ
ലീല – കുട്ടിയപ്പൻ
സ്വർണക്കടുവ– റിനി ഈപ്പൻ മാട്ടുമ്മേൽ.

സ്റ്റാഫ് പ്രതിനിധി