തൈറോയ്ഡ് കാൻസറിനെ അറിയാം
തൈറോയ്ഡ് കാൻസറിനെ അറിയാം
Tuesday, December 6, 2016 6:20 AM IST
തൈറോയ്ഡിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് തൈറോയ്ഡ് എന്ന വാക്ക് ഉണ്ടായത്. കവചരൂപത്തിലുള്ള ഗ്രന്ഥി എന്നാണ് ഇതിനർഥം. മുൻകഴുത്തിൽ മധ്യഭാഗത്തിനു താഴെയാണ് ഇതു സ്‌ഥിതി ചെയ്യുന്നത്. കഴുത്തിന്റെ മുൻഭാഗത്ത് ഒരു ചിത്രശലഭം പോലെ ചേർന്നിരിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3–4 സെന്റീ മീറ്റർ നീളവും 25 ഗ്രാം തൂക്കവും ഇതിനുണ്ടാകും. കാഴ്ചയിൽ ചെറുതാണെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. വളർച്ചയെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും വലിയ മാറ്റങ്ങൾ ശരീരത്തിലുണ്ടാക്കും. ശ്വാസ അന്നനാളങ്ങളുടെ ഇടയിൽക്കൂടി തൈറോയ്ഡ് ഗ്രന്ഥിയോടു വളരെ ചേർന്നു പോകുന്ന ഞരമ്പാണ്(റെക്കറന്റ് ലാരിൻച്യൽ നെർവ്) ശബ്ദവീചികൾക്കുറവിടമായ വോയ്സ് ബോക്സിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. സാധാരണ സ്വരമുള്ള ഒരാളിന്റെ ശബ്ദം പെട്ടന്നു വ്യത്യാസപ്പെട്ടാൽ, കാതുകൾക്ക് അരോചകമായവിധം പരുപരുത്താൽ ഈ ഞരമ്പിൽ എവിടെയെങ്കിലും കാൻസർ ഉണ്ടാകാം. അതിലൊന്നാണ് തൈറോയ്ഡ് കാൻസർ.

പ്രവർത്തനങ്ങൾ

* ഭക്ഷണപദാർഥത്തിൽ കൂടി കുടലിലെത്തുന്ന കാൽസ്യത്തിനെ ശരീരത്തിലേക്കു വലിച്ചെടുക്കുക
* വൃക്കയിൽകൂടി കാത്സ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക
* എല്ലുകളിലേക്ക് കാത്സ്യം ആഗിരണം ചെയ്യിക്കുക
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് തൈറോക്സിൻ.

തൈറോക്സിന്റെ അഭാവം (ഹൈപ്പോ തൈറോയ്ഡിസം) തിരിച്ചറിയാം

* അമിതമായി വണ്ണം വയ്ക്കുക
* ആർത്തവ വ്യതിയാനങ്ങൾ– പ്രധാനമായി മാസമുറ നീണ്ടു പോകുക, അമിതമായ രക്‌തസ്രാവം മുതലായവ
* തണുപ്പു സഹിക്കാൻ പറ്റാതെ വരുക
* പെട്ടന്നു ക്ഷീണം തോന്നുക
* അലസത
* ഉണങ്ങി പരുക്കനായ തൊലിയും തലമുടിയും
* തൊലിയിൽ കറുത്ത വർണ പടലങ്ങളുണ്ടാകുക
* മലർന്ന ചുണ്ടുകളും വീർത്തുകെട്ടി ഘനീഭവിച്ച മുഖഭാവവും താരതമ്യേന പുരുഷസ്വരവും കൂടുതൽ നാൾ നിലനിൽക്കുന്ന തൈറോയ്ഡ് ഹോർമോൺ അഭാവത്തിന്റെ ലക്ഷണമാണ്.

കാരണങ്ങൾ

* മുഴുവൻ ഗ്രന്ഥിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക
* പ്രവർത്തനം കുറയുക– അയോഡിന്റെ അഭാവം, തൊണ്ട ഭാഗത്ത് റേഡിയേഷൻ നടത്തുക, പ്രവർത്തനത്തെ കുറയ്ക്കുന്ന ഭക്ഷണപദാർഥങ്ങൾ, തൈറോയ്ഡ് പ്രവർത്തനത്തെ കുറയ്ക്കുന്ന മരുന്നുകൾ
* പ്രവർത്തനം നശിപ്പിക്കപ്പെടുക

ചികിത്സ

ടിഎസ്എച്ച് സാധാരണ നിലയിലെത്താനുള്ള അളവിൽ തൈറോയ്ഡ് ഗുളിക ഉപയോഗിക്കുകയാണ് ഇതിന്റെ ചികിത്സ. സാധാരണ നിലയിലെത്തിയാൽ ആ അളവ് തുടർന്നും കഴിക്കണം. ആറു മാസത്തിലൊരിക്കൽ ടി4, ടിഎസ്എച്ച് തുടർ പരിശോധനകൾ നടത്തണം.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനശേഷി കുറയുമ്പോൾ ഗ്രന്ഥി വലുതാകും. ഇത് പ്രകടമാകുന്നത് ചിലപ്പോൾ പ്രായപൂർത്തിയാകുമ്പോഴോ ഗർഭധാരണ സമയത്തോ ആകാം. ഈ വലുപ്പം ഗ്രന്ഥിയുടെ മുഴുവൻ ഭാഗത്തെയും ബാധിക്കും. എന്നാൽ കാൻസർ മുഴകൾ ഗ്രന്ഥിയുടെ ഏതെങ്കിലും ഒരു ഭാഗത്തെയായിരിക്കും ആദ്യഘട്ടങ്ങളിൽ ബാധിക്കുന്നത്.

തൈറോയ്ഡ് മുഴകളിലെ അർബുദ സാധ്യത

കല്ലിച്ച മുഴയാണെങ്കിൽ 24 ശതമാനവും നീരു കെട്ടി നിൽക്കുന്നതാണെങ്കിൽ ഏകദേശം 12 ശതമാനവുമാണ് കാൻസർ സാധ്യതയുള്ളത്.
താഴെ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ കാൻസറില്ല എന്നു പരിശോധനകൾ വഴി ഉറപ്പാക്കണം.

* നോർമലായ തൈറോയ്ഡ് ഗ്രന്ഥിയിൽ ഒരു മുഴ മാത്രമാണെങ്കിൽ
* കല്ലിൽ തൊടുന്നപോലെ തോന്നിക്കുന്ന മുഴകൾ
* സ്വരം പരുപരുത്തു പരുഷമാകുക
* 50 വയസിനു മുകളിലും 20 വയസിൽ താഴെയുമുള്ളവരിൽ കാണുന്ന മുഴകൾ(കൗമാരക്കാരിലെ തൈറോയ്ഡ് മുഴകൾ കാൻസറല്ല എന്നു ഉറപ്പു വരുത്തേണ്ടതാണ്.)
* പുരുഷന്മാരിലെ തൈറോയ്ഡ് മുഴ(ഇത് ഏറെ അപകടകാരിയാണ്)
* കഴുത്തിൽ കഴലകൾ പ്രത്യക്ഷപ്പെടുക
* തൊടുമ്പോൾ പാറപ്പോലെ ഉറച്ചതായി തോന്നുക
* ശ്വാസം മുട്ടൽ അനുഭവപ്പെടുക
വളർച്ചാനിരക്ക് കുറഞ്ഞ മുഴകൾ, 40 വയസിനു താഴെയുള്ള സ്ത്രീകളിൽ കാണുന്ന രണ്ടു സെന്റീമറ്ററിൽ കുറവ് വലുപ്പമുള്ള ഇത്തരം മുഴകൾ തൈറോയ്ഡ് ഗ്രന്ഥിയിൽ ഒതുങ്ങി നിൽക്കുന്ന അവസ്‌ഥയിൽ പൂർണ സുഖമാകും. കഴുത്തിലെ കഴലകളിലേക്കു വ്യാപിച്ചിട്ടുണ്ടെങ്കിൽപോലും അയോഡിൻ ചികിത്സ കൊണ്ട് ഭേദമാകാവുന്നതേ ഉള്ളൂ ഈ വിഭാഗത്തിൽപ്പെട്ട കാൻസറുകൾ.

പരിശോധനകൾ

* ചരിത്രവും പരിശോധനയും രോഗിയുടെയും കുടുംബത്തിന്റെയും വിശദാംശങ്ങൾ എടുത്തശേഷം ദേഹപരിശോധന ആവശ്യമാണ്. തൈറോയ്ഡ് ഗ്രന്ഥിയും കഴുത്തും വിശദമായി പരിശോധിക്കണം.

* രക്‌തപരിശോധന
ടി3, ടി4, ടിഎസ്എച്ച്, തൈറോയ്ഡ് ആന്റിബോഡീസ്, പ്രൊലാക്ടീൻ എന്നിവയാണ് പ്രധാനമായിട്ടുള്ള രക്‌തപരിശോധനകൾ. 98 ശതമാനം തൈറോയ്ഡ് കാൻസറുകളിലും ഇവയെല്ലാം സാധാരണ അളവിലായിരിക്കും.
* സാധാരണ ആരോഗ്യം ഉറപ്പുവരുത്താനുള്ള രക്‌തപരിശോധനകൾ
* അൾട്രാസൗണ്ട് പരിശോധന
തൈറോയ്ഡ് ഗ്രന്ഥിയെയും അനുബന്ധ കഴലകളെയും കുറിച്ചറിയാനുള്ള സുഗമവും ഏറ്റവും ചെലവു കുറഞ്ഞതുമായ പരിശോധനയാണിത്. വെള്ളം കെട്ടി നിൽക്കുന്ന മുഴയാണോ എന്നറിയാൻ സാധിക്കും. സ്കാനിങ് വഴി നോക്കിക്കൊണ്ടുള്ള സൂചി പരിശോധന തൈറോയ്ഡ് മുഴകളുടെ രോഗനിർണയത്തിന് അത്യന്താപേക്ഷിതമാണ്.
* തൊണ്ട പരിശോധന
സ്വന്ത പേടകത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന പരിശോധന ശസ്ത്രക്രിയയ്ക്കു മുമ്പ് ആവശ്യമാണ്. സൂചി കൊണ്ടുള്ള ബയോപ്സി പരിശോധന (ട്രൂ കട്ട് നീഡിൽ ബയോപ്സി) പാർശ്വഫലങ്ങളേറെയുള്ളതിനാൽ ശസ്ത്രക്രിയ ചെയ്യാൻ പറ്റാത്ത അല്ലെങ്കിൽ ചെയ്താൽ പ്രയോജമില്ല എന്ന സാഹചര്യങ്ങളിൽ മാത്രം തുടർ ചികിത്സയ്ക്കായുള്ള രോഗനിർണയത്തിന് ഉപയോഗിക്കുന്നതാണ്.
* സിടി – എംആർഐ സ്കാനുകൾ
രോഗലക്ഷണങ്ങളോ ദേഹപരിശോധനകൾകൊണ്ടോ തൈറോയ്ഡ്ഗ്രന്ഥി വീക്കമോ മുഴകളോ നെഞ്ചിനകത്തേക്ക് ഇറങ്ങിയിരിക്കുന്നതായി തോന്നുകയാണെങ്കിൽ ഈ സ്കാനിങ്ങുകൾ വേണം. വലിയ മുഴകൾ, പുനരാവർത്തിക്കുന്ന മുഴകൾ എന്നിവയ്ക്കും ഈ സ്കാനിങ്ങുകൾ ഉചിതമാണ്.

തൈറോയ്ഡ് കാൻസർ പലതരം

കുറഞ്ഞ വളർച്ചാനിരക്കുള്ള തൈറോയ്ഡ് കാൻസറുകൾ രണ്ടു തരത്തിലാണുള്ളത്–പാപ്പില്ലറി, ഫോളിക്കുലർ കാൻസറുകൾ. ഇതിൽ പാപ്പില്ലറി കാൻസർ മുഴകളുടെ രോഗനിർണയത്തിന് സൂചി പരിശോധനയ്ക്ക് ഉയർന്ന വിജയസാധ്യതയാണുള്ളത്. എന്നാൽ ഫോളിക്കുലർ മുഴകൾ കാൻസറാണോ അല്ലയോ എന്ന് ഇതുകൊണ്ടു മനസിലാക്കാൻ പറ്റില്ല. രോഗനിർണയത്തിനായി മുഴ മാത്രമോ കൂടുതൽ ഫലപ്രദമായി ഒരു ലോബ് മാത്രമോ എടുത്തു പരിശോധിക്കണം. രോഗനിർണയത്തിനു ശസ്ത്രക്രിയാ സമയത്തുതന്നെ ചെയ്യുന്ന പെട്ടെന്നുള്ള പതോളജി പരിശോധനയായ ഫ്രോസൻ സെക്ഷൻ പ്രയജനപ്രദമാണ്. വീണ്ടുമൊരു ശസ്ത്രക്രിയ കൂടാതെ ഒരേ സമയത്തുതന്നെ ശസ്ത്രക്രിയ ചികിത്സ പൂർണമാക്കാൻ ഈ പരിശോധന സഹായിക്കും. നോർമലായ മറ്റേ ലോബ് ചികിത്സയുടെ ഭാഗമായി മാത്രം എടുത്തു മാറ്റാനുള്ള അവസരം ഫ്രോസൻ പരിശോധനയിലൂടെ ലഭിക്കും. തൈറോയ്ഡ് അനുബന്ധ ലസികാഗ്രന്ഥികൾ നീക്കം ചെയ്യണോ എന്ന് ഒരു പരിധി വരെ അറിയാനും സാധിക്കും.


രോഗഘട്ടങ്ങൾ

45 വയസിനു താഴെ രോഗകാഠിന്യം കുറവായതിനാൽ രണ്ടു ഘട്ടങ്ങളായിട്ടു മാത്രമേ തരം തിരിച്ചിട്ടുളളൂ.
ആദ്യഘട്ടം– കഴുത്തിൽ ഒതുങ്ങി നിൽക്കുന്നത്
രണ്ടാംഘട്ടം– മറ്റു ഭാഗങ്ങളിലേക്കു പടർന്നത്

45 വയസിനുശേഷമുള്ള തൈറോയ്ഡ് കാൻസറുകളെ നാലു ഘട്ടങ്ങളായിട്ടു വിഭജിച്ചിട്ടുണ്ട്.
1. രണ്ടു സെന്റീമീറ്ററിനു താഴെയുള്ള മുഴകൾ
2. 1–4 സെന്റീ മീറ്റർ വരെയുള്ള മുഴകൾ
3. വശങ്ങളിലേക്കു ബാധിച്ചവ
4. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചവ
എല്ലുകളിലേക്കും ശ്വാസകോശങ്ങളിലേക്കുമാണ് പ്രധാനമായും വ്യാപിക്കുന്നത്.

റേഡിയോ അയൊഡിൻ സ്കാനിങ്

ടിഎസ്എച്ച് ഉയർന്നു നിൽക്കുമ്പോഴാണ് ഇതിന്റെ വിജയസാധ്യത കൂടുന്നത്. അതിനുവേണ്ടി തൈറോക്സിൻ ഗുളികകൾ താൽകാലികമായി നിർത്തുകയും അയൊഡിനുള്ള ഭക്ഷണപദാർഥങ്ങൾ ഉപേക്ഷിക്കുകയും വേണം. പെട്ടെന്നു ചെയ്യേണ്ടതാണെങ്കിൽ കൃത്രിമമായി ടിഎസ്എച്ച് നൽകുവാനും ഇപ്പോൾ സംവിധാനമുണ്ട്.

റേഡിയോ അയൊഡിൻ ചികിത്സ

വളർച്ചാനിരക്കു കുറഞ്ഞ തൈറോയ്ഡ് കാൻസറുകൾ പൂർണമായും ഭേദപ്പെടുന്നതാണ്. റേഡിയോ അയൊഡിൻ സ്കാനിങ്ങിനുശേഷം തൈറോയ്ഡ് ഗ്രന്ഥി തലത്തിലോ മറ്റെവിടെയെങ്കിലുമോ രോഗമുണ്ടെന്നു കണ്ടാൽ റേഡിയോ അയൊഡിൻ ചികിത്സ വളരെ ഫലപ്രദമാണ്.

രക്‌തത്തിലെ തൈറോഗ്ലോബിൻ പരിശോധന

ശസ്ത്രക്രിയയ്ക്കുശേഷം അസുഖം പൂർണമായും ഭേദപ്പെട്ടെന്ന് ഉറപ്പുവരുത്താൻ നടത്തുന്ന പരിശോധനയാണ് തൈറോഗ്ലോബിൻ. ഈ ടെസ്റ്റ് നടത്തണമെങ്കിൽ ടിഎസ്എച്ച് അളവ് സാധാരണ നിലയിലാവണം. റേഡിയോ അയോഡിൻ തുടർ സ്കാനിങ്ങും ചികിത്സയും ആവശ്യമുണ്ടോയെന്ന് അറിയാൻ ഇത് സഹായിക്കും. തൈറോഗ്ലോബിൻ സാധാരണനിലയിലാണെങ്കിൽ അസുഖമില്ലെന്ന് ഉറപ്പുവരുത്താം.

മെഡുലറി തൈറോയ്ഡ് കാൻസർ

വളരെ വിരളമായി കണ്ടുവരുന്ന തൈറോയ്ഡ് കാൻസറാണിത് (മൂന്നു ശതമാനം). ഇത്തരത്തിലുള്ള മുഴകൾ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള ഒരു വിഭിന്ന കോശങ്ങളിലാണ് കാണുന്നത്. ഈ കാൻസറുകളുടെ പ്രത്യേക പരിണാമപ്രവർത്തനം കാരണം 30 ശതമാനം രോഗികൾ വയറിളക്കവുമായി ഡോക്ടറെ സമീപിക്കാം.

മെഡുലറി കാൻസർ കോശങ്ങളുണ്ടാക്കുന്ന സ്രവങ്ങൾ

1. കാൽസിറ്റോണിൻ
2. കാർസിനോ എബ്രിയോണിക് ആന്റിജൻ
ഇവ രണ്ടുമോ ഏതെങ്കിലും ഒന്നോ ആയിരിക്കും കോശങ്ങൾ ഉത്പാദിപ്പിക്കുക. ഇത് പരിശോധനയിൽ മനസിലാക്കാൻ സാധിക്കും. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ രക്‌തത്തിലെ അളവ് നോക്കിയാൽ തുടർപരിശോധനകളിൽ രോഗം വീണ്ടും വരുന്നുണ്ടോയെന്നും കാലതാമസം കൂടാതെ ചികിത്സിക്കാനും സാധിക്കും.

മെഡുല്ലറി കാൻസർ റേഡിയോ അയൊഡിന് പ്രതികരിക്കുകയോ ഫലപ്രാപ്തി ഉണ്ടാക്കുകയോ സാധാരണ ചെയ്യാറില്ല. 10–20 ശതമാനം ആളുകളിൽ മെഡുല്ലറി കാൻസർ പാരമ്പര്യമായി കാണാറുണ്ട്. ഇവരിൽ അഡ്രിനൽ, പാരാതൈറോയ്ഡ് എന്നീ അന്തർസ്രവഗ്രന്ഥികളുടെ വളർച്ചകളോ വീക്കമോ അനുബന്ധമായി കാണാം. പല അന്തർസ്രവ ഗ്രന്ഥികളിൽ ഒരേ സമയത്തു വളർച്ചയുണ്ടാക്കുന്ന മൾട്ടിപ്പിൾ എൻഡോക്രയിൻ നിയോപ്ലേഷസ്യ ആണിത്.

കുടുംബാംഗങ്ങളുടെ ജീൻ വ്യത്യാസം പരിശോധിച്ചു മനസിലാക്കി വളരെ ചെറുപ്പത്തിലേതന്നെ തൈറോയ്ഡ് നീക്കം ചെയ്താൽ മെഡുല്ലറി കാൻസറിൽ നിന്ന് മുക്‌തി നേടാൻ സാധിക്കും.

വേഗത്തിൽ വളരുന്ന തൈറോയ്ഡ് കാൻസർ

പ്രായമായവരിൽ പ്രത്യേകിച്ചു സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. മുഴകൾ വേഗത്തിൽ വലുതാകുന്നതുകൊണ്ട് ശബ്ദവ്യത്യാസം, ശ്വാസംമുട്ടൽ ഇവ ക്രമാതീതമായി പെട്ടന്നു വർധിക്കാം. മാസങ്ങൾക്കുള്ളിൽ ലസികാഗ്രന്ഥികളിലേക്കും രക്‌തത്തിൽക്കൂടി ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും ബാധിക്കുകയും രോഗിയുടെ സ്‌ഥിതി വഷളാവുകയും ചെയ്യും. റേഡിയോ തെറാപ്പിയാണ് പ്രധാന ചികിത്സ. കീമോതെറാപ്പിയുടെ പ്രയോജനവും കുറവാണ്.

ലിംഫോമ

നീഡിൽ പരിശോധനയിൽ രോഗസംശയം ഉണ്ടായാൽ രോഗം സ്‌ഥിരീകരിക്കാൻ ബയോപ്സി പരിശോധന വേണം. കീമോതെറാപ്പി ഫലപ്രദമായ ചികിത്സയാണ്. രോഗമുക്‌തി നേടാനുള്ള സാധ്യതയുമുണ്ട്.

ഹൈപ്പർ തൈറോയ്ഡിസം

ശരീരത്തിൽ തൈറോയ്ഡ് സ്രവം കൂടുതലുള്ള അവസ്‌ഥയാണിത്.

കാരണങ്ങൾ

ഗ്രേവ്സ് ഡിസീസ് എന്നു പറയുന്ന ഈ രോഗാവസ്‌ഥ ചെറുപ്പക്കാരായ സ്ത്രീകളിലാണു കൂടുതലും കാണുന്നത്. 50 ശതമാനം പാരമ്പര്യമാണ്. ഇതിന്റെ കാരണം ടിഎസ്എച്ചിന്റെ തൈറോയ്ഡിലുളള പ്രവർത്തനം കൂടുന്നതാണ്.

ഏറെ നാളായിട്ട് തൈറോയ്ഡ് ഗ്രന്ഥി വീക്കമുള്ളവരിൽ പെട്ടെന്ന് തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കൂടാം. പല വലിപ്പത്തിലുമുള്ള മുഴകൾ ഒരേസമയം കാണും. രണ്ടു മുഴകൾക്കിടയിലുള്ള നോർമൽ തൈറോയ്ഡ് കോശങ്ങളാണ് സ്രവഉത്പാദനം കൂട്ടുന്നത്.

തൈറോറ്റോക്സിക്കോസിസ്

ശരീരപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷമയമായ അളവിലുള്ള തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ നിലനിൽക്കുന്ന അവസ്‌ഥയാണ് തൈറോടോക്സിക്കോസിസ്. കണ്ണു വീർത്ത് പുറത്തേക്കു തള്ളുക, കാൽ വണ്ണയ്ക്കു നീരുവച്ച് പരുപരുത്തിരിക്കുക എന്നിവ ഉണ്ടാകാം.

ലക്ഷണങ്ങൾ

തളർച്ച അനുഭവപ്പെടുക, ചൂട് അസഹ്യമായി തോന്നുക, നെഞ്ചിടിപ്പ്, വയറിളക്കം, കൂടുതൽ ഭക്ഷണം കഴിച്ചാലും മെലിയുക, മനസിന് ആധിയും പരവേശവും തോന്നുക, ഉന്തിയ കണ്ണും തുറിച്ച നോട്ടവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

കണ്ണിലെ പ്രധാന വ്യതിയാനങ്ങൾ

മുകളിലെ കൺപോള പിറകോട്ടു വലിയുന്നതുമൂലം വെള്ളഭാഗം കൃഷ്ണമണിക്കു മുകളിലായി തെളിഞ്ഞു കാണാം. ഇതുകൊണ്ടാണ് കണ്ണു തുറിച്ചു നിൽക്കുന്നതുപോലെ തോന്നുന്നത്. കൂടിയ ഘട്ടത്തിൽ കണ്ണു ചുവന്നു കലങ്ങി പോളകൾ നീരുവന്നു ചുവന്നു വീർത്തിരിക്കും. കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഡോ. കെ.ചിത്രതാര
സീനിയർ കൺസൾട്ടന്റ്, സർജിക്കൽ ആൻഡ് ഗൈനക് ഓങ്കോളജി
ലേക്ഷോർ ഹോസ്പിറ്റൽ, എറണാകുളം

തയാറാക്കിയത്– സീമ മോഹൻലാൽ