ശീതകാല പച്ചക്കറികൾ നടാൻ സമയമായി
കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാലപച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ സമതലപ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകളായ വയനാട്, പാലക്കാടുള്ള നെല്ലിയാമ്പതി, ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട എന്നിയാണ് പരമ്പരാഗതമായി കേരളത്തിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്‌ഥലങ്ങൾ. എന്നാൽ പങ്കാളിത്ത ഗവേഷണത്തിലൂടെ ഇവ മഞ്ഞുകാലം തുടങ്ങുന്ന സമയം മുതൽ കേരളത്തിലെ സമതലപ്രദേശങ്ങളിലും സമൃദ്ധമായി വളർത്തിയെടുക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. ഈ ശീതകാല പച്ചക്കറികൾ വളർത്തുന്നത് ഒരു പുതിയ കാർഷിക അനുഭവമായും പല കർഷകരും കരുതുന്നു. ശക്‌തമായ കീടനാശിനികൾ ഉപയോഗിക്കപ്പെടുന്ന മറുനാടൻ കാബേജിനേയും കോളിഫ്ളവറിനേയും മാറ്റിനിർത്താൻ നമുക്കു കിട്ടുന്ന സുവർണാവസരമാണ് ഈ സമയം.

കാബേജ്, കോളിഫ്ളവർ

വിത്തുകൾ പാകി, പാകമായ തൈകൾ പറിച്ചുനടേണ്ട വിളകളാണ് കാബേജും കോളിഫ്ളവറും. വിത്തുകൾ കടുകു മണികൾക്ക് സദൃശമാണ്. ഇവ കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല എന്ന പ്രശ്നമുണ്ട.് മറ്റു സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന വിത്തുകളാണ് നാം നടാനായി ഉപയോഗിക്കുന്നത്.

ഇനങ്ങൾ

കാബേജ് എൻഎസ്– 183, എൻഎസ്– 43
കോളിഫ്ളവർ; ഹിമാനി, സ്വാതി, എൻഎസ് 60, ബസന്ത് (എൻഎസ്–245)

കൃഷിരീതി

ആദ്യം നഴ്സറി തയാറാക്കി അവയിലാണ് കാബേജിന്റേയും കോളിഫ്ളവറിന്റെയും വിത്തുകൾ പാകേണ്ടത്. വിത്തുകൾ ഭാരം കുറഞ്ഞതായതുകൊണ്ട് ശക്‌തമായ മഴയിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. തുറസായ സ്‌ഥല ത്തോ ചട്ടികളിലോ പ്ലാസ്റ്റി ക് ട്രേ (പ്രോട്രേയ്സ്) കളിലോ തൈ പാകി നിർത്താവുന്നതാണ്. ട്രേകളിൽ തൈകൾ ഉണ്ടാക്കുകയാ ണെങ്കിൽ ആദ്യം അവ അണുവിമുക്‌തമാക്കണം. പിന്നീട് അണുവിമുക്‌തമായ പിറ്റ്– വെർമിക്കുലേറ്റ്– മണൽ മിശ്രിതമോ അല്ലെങ്കിൽ പെർലൈറ്റ് ചകരിച്ചോർ എന്നിവയോ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന തൈകൾ കൂടുതൽ കരുത്തുള്ളവയും മാറ്റിനട്ടാൽ വളരെവേഗം വളർന്നുവരുന്നവയും ആയിരിക്കും.



മണ്ണിലാണ് വിത്തുകൾ പാകുന്നതെങ്കിൽ മണൽ, മേൽമണ്ണ്, ഉണക്കിപ്പൊടിച്ച കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിലെടുത്തുവേണം നടേണ്ടത്. നടുന്നതിനുമുമ്പായി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്നതോതിലോ അല്ലെങ്കിൽ ഫൈറ്റോലാൻ അഥവാ കോപ്പർ ഓക്സിക്ലോറൈഡ് എന്ന കുമിൾ നാശിനി നാലു ഗ്രാം ഒരു ലിറ്റർ എന്ന കണക്കിലോ എടുത്ത് തടം കുതിർക്കണം. കുമിൾനാശിനി ഒഴിച്ച് ഒരാഴ്ചയ്ക്കകം വിത്തുകൾ പാകാവുന്നതാണ്. ഒരു സെന്റീമീറ്റർ ആഴത്തിൽ മാത്രമേ വിത്തുകൾ നടാവൂ. ആഴം കൂടിയാൽ വിത്തുകൾ മുളച്ചു വരാൻ താമസിക്കും. 25 മുതൽ 30 ദിവസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്.

നല്ല നീർവാർച്ചയും, ധാരാളം സൂര്യപ്രകാശവുമുള്ള സ്‌ഥലങ്ങളാണ് നടാൻ അനുയോജ്യം. തണൽ ഉള്ള സ്‌ഥലങ്ങളിൽ നട്ടാൽ വളർന്നുവരുന്നതിന് കാലതാമസം നേരിടുകയും വളർച്ച കുറയുകയും ചെയ്യും. ഒരടി വീതിയിലും ആവശ്യമായ നീളത്തിലും രണ്ടടി അകലത്തിൽ ചാലുകൾ കീറി അവയിൽ ഉണക്കിപ്പൊടിച്ച ചാണകപ്പൊടി സെന്റിന് 100 കിലോ ചേർത്ത് മൂടണം. 25–30 ദിവസം പ്രായമായ തൈകൾ ഇതിലേക്ക് മാറ്റി നടാവുന്നതാണ്. ഇങ്ങനെ മാറ്റിനട്ടതിനുശേഷം ഒരാഴ്ചത്തേക്ക് തണൽ കുത്തിക്കൊടുക്കുന്നത് തൈകൾ എളു പ്പം പിടിച്ചുകിട്ടുന്നതിന് സഹായിക്കും. തനിവിളയായി ചെയ്യുമ്പോൾ ഒരു സെന്റിൽ 150 ഓളം ചെടികൾ നടാം.

വളപ്രയോഗം

കാബേജിന്റേയും കോളിഫ്ളവറിന്റേയും വളപ്രയോഗരീതികൾ ഒരുപോലെയാണ്.

രാസവളപ്രയോഗം സെന്റ് ഒന്നിന് എന്ന കണക്കിൽ ഓരോ തവണ വളപ്രയോഗം നടത്തുന്നതിനൊപ്പം മണ്ണുകയറ്റി കൊടുക്കേണ്ടതാണ്. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. മഴ തീരെയില്ലെങ്കിൽ ദിവസവും നനക്കേണ്ടിവരും.


രോഗങ്ങൾ

മുളച്ചുവരുന്ന തൈകൾക്ക് സാധാരണയായി കടചീയൽ എന്ന കുമിൾ രോഗം വരാറുണ്ട്. വിത്തു പാകുന്നതിനു മുമ്പ് സ്യൂഡോമോണാസ് അല്ലെങ്കിൽ ഫൈറ്റോലാൻ എന്നിവയുടെ ഉപയോഗം ഇതിനെ ചെറുക്കാൻ പര്യാപ്തമാണ്. രോഗലക്ഷണം കണ്ടാൽ നന കുറയ്ക്കണം. തൈകൾ മാറ്റി നട്ടശേഷവും ഈ രോഗം പ്രത്യക്ഷപ്പെടാവുന്നതാണ്. അതിനാൽ മാറ്റി നടുന്നസ്‌ഥലങ്ങളിലും സ്യൂഡോമോണസിന്റെ ഉപയോഗം ഇതിനെ ചെറുക്കുന്നതിന് ഫലപ്രദമായിരിക്കും.

കീടങ്ങൾ

സാധാരണയായി ഇലതീനിപ്പുഴുക്കൾ ധാരാളം കണ്ടുവരാറുണ്ട്. ഇവ രാത്രിയിലാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഇവയ്ക്കെതിരേ ഗോമൂത്രം– കാന്താരിമുളക് ലായനിയോ, വേപ്പധിഷ്ഠിത കീടനാശിനികളോ തളിക്കാം. ആക്രമണം ശക്‌തമായാൽ നുവാൻ ഒരുമില്ലി ഒരു ലിറ്റർ എന്നതോതിലെടുത്തും ഉപയോഗിക്കാവുന്നതാണ്.

വിളവെടുപ്പ്

തൈകൾ മാറ്റി നട്ട് 60–70 ദിവസത്തിനുള്ളിൽ കാബേജ് ഹെഡുകൾ ഉണ്ടായി തുടങ്ങും കോളിഫ്ളവർ കർഡിന് പാകമാകാൻ 55–60 ദിവസം മതി. ഉണ്ടായിതുടങ്ങി 10–15 ദിവസത്തിനകം ഇവ വിളവെടുക്കാൻ തയാറാകുന്നതാണ്. വിളവെടുപ്പ് വൈകിയാൽ ഇവ വിടർന്നുംപോകും കോളിഫ്ളവർ കർഡുകൾക്ക് നല്ല നിറം കിട്ടുന്നതിന് അവ ഉണ്ടായിതുടങ്ങിയാൽ ചുറ്റുമുള്ള ഇലകൾകൊണ്ട് പൊതിഞ്ഞു കൊടുക്കാവുന്നതാണ്.



കാരറ്റ്

ഒക്ടോബർ മാസത്തിലാണ് കാരറ്റ് കൃഷി ആരംഭിക്കേണ്ടത്. ഇളക്കമുള്ള മണ്ണിലാണ് കാരറ്റ് നന്നായി വളരുന്നത്. വേരിന്റെ വളർച്ച വർധിപ്പിക്കുന്നതിനായി തടങ്ങൾ എടുക്കണം. കട്ടിയേറിയ കല്ലിന്റെ ഭാഗങ്ങൾ ഉള്ളിടത്ത് കാരറ്റിന്റെ വേരുകൾ ആഴ്ന്നിറങ്ങില്ല. വളർച്ചയും കുറവായിരിക്കും. 20 സെന്റീമീറ്റർ ഉയരവും 35 സെന്റീമീറ്റർ വീതിയുമുള്ള തടങ്ങൾ എടുത്ത് രണ്ടു വരികളിലായി വിത്തുപാകാം. വിത്തുകൾ മണലുമായി കുട്ടികലർത്തി പാകിയശേഷം മണ്ണു കൊണ്ട് മൂടുക. വിത്തിട്ടശേഷം പുതകൊടുക്കുന്നതു നല്ലതാണ്. ആദ്യഘട്ടത്തിൽ കാരറ്റ് ചെടികൾ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ആ സമയത്ത് കളകൾ നീക്കം ചെയ്യേണ്ടതാണ്. ഒരു സെന്റ് കൃഷിചെയ്യാൻ 40 ഗ്രാം വിത്ത് വേണം.

ഇനങ്ങൾ

സൂപ്പർ കുരോവ, ഷിൻ കുരോവ

തനിവിളയായി കാരറ്റ് കൃഷിചെയ്യുമ്പോൾ ഒരു സെന്റിൽ 850 ഓളം ചെടികൾ കാണും. വേരിന്റെ വളർച്ച ത്വരിതപ്പെടുത്താനായി മണ്ണ് നന്നായി ഇളക്കികൊടുക്കണം. നട്ട് മൂന്നു മൂന്നര മാസത്തിനുള്ളിൽ കാരറ്റ് വിളവെടുക്കാം. വിളവെടുക്കാറാകുമ്പോൾ തടങ്ങളിൽ ചെറിയ വിള്ളലുകൾ കാണാം.

ബീറ്റ്റൂട്ട്

ഒക്ടോബർ–നവംബർ മാസങ്ങൾ ബീറ്റ്റൂട്ട് കൃഷി തുടങ്ങേണ്ട കാലമാണ്. ഒരു സെന്റ് തനിവിളയായി ബീറ്റ്റൂട്ട് കൃഷിചെയ്യാൻ 35 ഗ്രാം വിത്തു വേണം. തടങ്ങളിൽ തന്നെയാണ് ബീറ്റ്റൂട്ടും കൃഷി ചെയ്യേണ്ടത്. 30 സെന്റീമീറ്റർ വീതിയും ആവശ്യത്തിന് നീളവുമുള്ള തടങ്ങൾ എടുത്ത് വിത്തു നടണം വിത്തിട്ട ശേഷം മുളയ്ക്കുന്നതുവരെ പുതകൊടുക്കണം ബീറ്റ് റൂട്ട് തൈകൾ ഒരിക്കലും പറിച്ചുടാൻ പാടില്ല.

വളപ്രയോഗം

ഒരുസെന്റ് തനിവിളയായി ബിറ്റ് റൂട്ട് കൃഷിചെയ്യുമ്പോൾ 440 ചെടികൾ ഉണ്ടാകും. വേരിന്റെ വളർച്ച വർധിപ്പിക്കുന്നതിനായി കാരറ്റിനേപ്പോലെ നന്നായി മണ്ണിളക്കി കൊടുക്കണം. നട്ട് രണ്ടര–മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. ശീതകാല പച്ചക്കറികളുടെ (കാബേജ്, കോളിഫ്ളവർ) തൈകൾ വിഎഫ്പിസികെ, കേരള കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഒക്ടോബർ അവസാനത്തോടെ തൈകൾ വില്പനയ്ക്ക് തയാറാകും.

അഡ്രസ്
കേരള കാർഷിക സർവകലാശാല
മണ്ണുത്തി: 04872371340
വിഎഫ്പിസികെ– കാക്കനാട്: 0484 2427560.

ജോസഫ് ജോൺ തേറാട്ടിൽ
കൃഷി ഓഫീസർ
പഴയന്നൂർ, തൃശൂർ
ഫോൺ: 9447529904